സുലിലിന്റെ കൊലപാതകം: ബിനി ഒന്നും വിട്ട് പറയുന്നില്ല
August 11, 2017, 11:28 am
പ്രദീപ് മാനന്തവാടി
മാനന്തവാടി: തിരുവനന്തപുരം ആറ്റിങ്ങൽ അവനവഞ്ചേരി തച്ചർകുന്ന് എസ്.എൽ മന്ദിരം സുലിലിന്റെ (33)കൊലപാതകത്തെക്കുറിച്ച് മുഖ്യപ്രതി ബിനി മധു ഒന്നും വിട്ട് പറയുന്നില്ല. നേരത്തെ തയാറാക്കിയ തിരക്കഥ പോലെയാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ബിനിയുടെ പ്രകടനം. കൊലപാതകം നടക്കുമ്പോൾ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ പിന്തുണ ബിനി മധുവിന് ഇപ്പോഴും ലഭിക്കുന്നുണ്ടോ എന്നാണ് സംശയം. ഇന്നലെയാണ് സുലിൽ വധക്കേസിലെ മുഴുവൻ പ്രതികളുടെയും ചോദ്യം ചെയ്യൽ പൂർത്തിയാക്കിയത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒന്നാം പ്രതി ബിനിയെ കണ്ണൂർ സെൻട്രൽ ജയിലിലും രണ്ടാം പ്രതി അമ്മുവിനെ വൈത്തിരി ജയിലിലും മൂന്നും നാലും പ്രതികളായ ജയനെയും കാവലനെയും മാനന്തവാടി ജില്ലാ ജയിലിലുമാണ് പാർപ്പിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാല് ദിവസത്തേക്ക് പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കൊയിലേരി റിച്ചാർഡ് ഗാർഡനിൽ ബിനി മധു, വേലക്കാരി അമ്മു, അവരുടെ സുഹൃത്തുക്കളായ ജയൻ, കാവലൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്ത് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുത്തത്.
ഒന്നാം പ്രതി ബിനിയുടെ ബാങ്ക് ഇടപാടുകൾ പരിശോധിച്ച പൊലീസ് 35 ലക്ഷം രൂപയുടെ ഇടപാടുകൾ കണ്ടെത്തി. അതുകൊണ്ട് ഇവരെ ബാങ്കുകളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട യുവാവിൽ നിന്നും യുവതി 39 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം ഉയർന്നിരുന്നത്. ഇത് സാധൂകരിക്കുന്ന തെളിവുകളാണ് ബാങ്കുകളിൽ നിന്ന് ലഭിച്ചിരിക്കുന്നത്. അതേസമയം പണമിടപാട് സംബന്ധിച്ച തെളിവുകൾക്ക് പുറമെ കൊലപാതകത്തിൽ ഇവർക്കുള്ള പങ്ക് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നാണ് സൂചന. സഹോദരൻ എന്ന വ്യാജേനെ സുലിലിനെ കൂടെ താമസിപ്പിച്ചിരുന്ന ബിനി ഈ യുവാവിൽ നിന്നും ലക്ഷങ്ങൾ കൈവശപ്പെടുത്തുകയും പിന്നീട് ആ പണം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്കെത്തിച്ചതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. 2016 സെപ്തംബർ 22 ന് കാണാതായ സുലിലിന്റെ മൃതദേഹം മൂന്ന് ദിവസം കഴിഞ്ഞ് 25 ന് ഊർപ്പള്ളി പുഴയിൽ പൊങ്ങുകയായിരുന്നു. സുലിലിനെ കൊലപ്പെടുത്തിയതാണെന്ന് ബിനിയൊഴികെയുള്ള പ്രതികൾ സമ്മതിച്ചിരുന്നു. ബിനി രണ്ട് ലക്ഷം രൂപക്ക് ക്വട്ടേഷൻ നൽകിയതാണെന്നും ഇവർ മൊഴി നൽകിയിരുന്നു. അതേസമയം ബിനിയും ജയനും കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും അപേക്ഷ കോടതി തള്ളി. വീട്ടു ജോലിക്കാരിയായ അമ്മുവിന് അറുപതിനായിരം രൂപയും, ജയന് മുപ്പതിനായിരം രൂപയും, കാവലന് പതിനായിരം രൂപയും ബിനി ക്വട്ടേഷൻ തുകയായി നൽകിയെന്നാണ് കൂട്ട് പ്രതികൾ പൊലീസിന് നൽകിയ മൊഴി. എന്നാൽ ബിനിയാകട്ടെ ഇതെല്ലാം നിഷേധിക്കുന്നു. എല്ലാം കൂടി രണ്ട് ലക്ഷം രൂപയുടെ ക്വട്ടേഷനാണ് ഒരു യുവാവിനെ കൊലപ്പെടുത്താനായി ബിനി നൽകിയത്. ബിനിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നേരത്തെ തന്നെ ബന്ധം ഉളളതായി ആക്ഷേപം ഉയർന്നിരുന്നു. അന്ന് ബിനിയെ സഹായിച്ചുവെന്ന് പറയുന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇപ്പോൾ അയൽ ജില്ലയിലാണ് ജോലി ചെയ്യുന്നത്. അന്വേഷണത്തിൽ ഇൗ പൊലീസ് ഉദ്യോഗസ്ഥൻ ബിനിയെ വഴിവിട്ട് സഹായിച്ചുവെന്നാണ് ആരോപണം. ബിനിയോട് ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥർ ആവുന്ന തരത്തിലൊക്കെ ചോദിച്ചിട്ടും തനിക്ക് സുലിലിന്റെ മരണവുമായി യാതൊരു ബന്ധവുമില്ലെന്ന് തന്നെയാണ് പറയുന്നത്. എന്നാൽ പണമിടപാടുകൾ സംബന്ധിച്ച് പൊലീസിന് വ്യക്തമായ തെളിവ് ലഭിക്കുകയും ചെയ്തു. ഇതെന്തിന് എന്നാണ് ബിനിയുടെ നാവിൽ നിന്ന് പൊലീസിന് കേൾക്കേണ്ടത്. ബിനിയാകട്ടെ യാതൊരു കൂസലും ഇല്ലാതെ അന്വേഷണത്തെയും ചോദ്യം ചെയ്യലിനെയും നേരിടുകയും ചെയ്യുന്നുവെന്നാണ് അറിയുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ