അസഹിഷ്ണുത ഗാന്ധിയോടോ?​
August 12, 2017, 12:05 am
ടെൻസിംഗ് ജോസഫ്
ആധുനിക ഇന്ത്യൻ ചിത്ര ശില്പകലയുടെ പിതാവ് എന്നറിയപ്പെടുന്ന രാം കിങ്കർ ബേയ്ജ് 1970-ൽ നിർമ്മിച്ച മഹാത്മഗാന്ധിയുടെ ശില്പം അസാം സർക്കാർ ഗോഹട്ടിയിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. മഹാത്മാവിന്റെ മുഖവും കൈപ്പടങ്ങളും കണ്ണടയുമെല്ലാം വികലമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്ന വാദം ഉന്നയിച്ചാണ് തീരുമാനം.
1970 ഒക്ടോബർ 2ന് അന്നത്തെ അസാം മുഖ്യമന്ത്രി ബിഷ്‌ണു രാമ മേദി ശരണിയ കുന്നിനു മുകളിലുള്ള ഗാന്ധി മണ്ഡപത്തിന്റെ പൂന്തോപ്പിൽ അനാഛാദനം ചെയ്തതാണ് ഈ ശില്പം. ശില്പത്തിന് വൈകല്യം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അസാം സാംസ്കാരിക മന്ത്രി ബാബുകുമാർ ഡോളിയുടെ സാന്നിദ്ധ്യത്തിൽ ജില്ലാ ഭരണകൂടം ഈ തീരുമാനമെടുത്തതെന്ന് ബി.ജെ.പി എം.എൽ.എ സിദ്ധാർത്ഥ ഭട്ടാചാര്യ പ്രഖ്യാപിച്ചു.
പശ്ചിമബംഗാളിലെ സാന്താളി -ദളിത് - ആദിവാസി സമൂഹങ്ങളോടും ബാബുൾ സംഗീതജ്ഞരോടും പുലർത്തിയിരുന്ന മാനവീകതയുടെ അടയാളമായിരുന്നു രംകിങ്കർ ബ്രയ്‌ജിന്റെ ശില്പങ്ങൾ. വിഷ്ണുപൂരിലെ താഴ്ന്ന ജാതിയായ ബാർബർ കമ്മ്യൂണിറ്റിയിൽ നിന്നും ഉയർന്നുവന്ന് ആധുനിക ഇന്ത്യൻ ശില്പകലയുടെ പ്രചാരകനും പ്രയോക്താവായും ലോകം അംഗീകരിച്ച ഈ ശില്പിയുടെ നിർമ്മിതികൾ തുടച്ചുനീക്കുന്നത് നമ്മുടെ ചരിത്രത്തിന്റെയും, ദേശീയ സാംസ്കാരിക നിർമ്മിതികളുടെയും ഉന്മൂലനമായി മാത്രമാണ് കാണുവാൻ കഴിയുന്നത്.
ബംഗാൾ വിഭജനത്തിനു ശേഷമുണ്ടായ കൊടിയ ദാരിദ്ര്യത്തിന്റെയും ജാതീയ രൂപീകരണത്തിന്റെയും പ്രതിഫലനമായിരുന്നു രാം കിങ്കർ ബ്രയ്‌ജിന്റെ കലാപ്രവർത്തനങ്ങൾ. വിശ്വഭാരതി സർവകലാശാലയുടെ കലാഭവനിൽ മുതിർന്ന കലാകാരനായിരുന്ന നന്ദലാൽ ബോസിന്റെ ശിക്ഷണത്തിൽ വളർന്നുവന്ന രാം കിങ്കർ ബേയ്‌ജിനെ രവീന്ദ്രനാഥ ടാഗോറിന്റെ നിർദ്ദേശപ്രകാരമായിരുന്നു കലാഭവനിൽ അദ്ധ്യാപകനായി നിയമിച്ചത്.
1938ൽ കലാഭവൻ കാമ്പസിൽ ചെയ്ത സാന്താളി ഫാമിലി എന്ന ശില്പവും ഡൽഹിയിലെ റിസർവ് ബാങ്കിനു മുന്നിലുള്ള യക്ഷൻ - യക്ഷി ശില്പവും രവീന്ദ്രനാഥ ടാഗോറിന്റെ പോർട്രേറ്റും, സുചാതയെന്ന ആശ്രമ ബാലികയുടെ ശില്പവും രാം കിങ്കറിന്റെ മികച്ച സൃഷ്ടികളാണ്. ഡൽഹിയിലെ നാഷണൽ ഗാലറി ഒഫ് മോഡേൺ ആർട്ടും വിശ്വഭാരതി സർവകലാശാലയും ചേർന്ന് രാം കിങ്കറിന്റെ ശില്പങ്ങൾ വെങ്കലത്തിലേക്ക് രൂപമാറ്റം വരുത്തുകയും ടാഗോർ മ്യൂസിയത്തിൽ സ്ഥാപിക്കുകയും ചെയ്തിരുന്നു.
ബംഗാൾ സ്കൂൾ രൂപപ്പെടുത്തിയ ദേശീയബോധത്തിന്റെയും സ്വദേശിയ കലാപ്രസ്ഥാനങ്ങളുടെയും വക്കാക്കളായ നന്ദലാൽ ബോസ്, സോമനാഥ് ഗ്രാർ, കെ.ജി. സുബ്രഹ്മണ്യൻ, വിനോദ് വിഹാരി മുഖർജി തുടങ്ങിയ കലാകാരന്മാരെയും അവരുടെ സൃഷ്ടിയേയുമാണ് അസാം ഭരണസമിതി നിന്ദിച്ചിരിക്കുന്നത്.
കലാഭവനിൽ രണ്ടുവർഷം ഞാൻ താമസിച്ചു പഠിച്ചിരുന്ന കാലത്ത് ആംമ്‌തല ഹോസ്റ്റലിന്റെ കിഴക്ക് വശത്തെ ജനാല പാളികൾ തുറക്കുമ്പോൾ സാന്താജി ഫാമിലി എന്ന ശില്പമായിരുന്നു കണ്ടുകൊണ്ടിരുന്നത്. ശില്പത്തിന്റെ ആർമിച്ചറായി മുളം കമ്പുകളും അദ്ധ്വാന നിർമ്മിതങ്ങളായ പ്രാദേശീക വസ്തുക്കളും ചേർത്ത് കെട്ടി അതിൽ സിമന്റും മണലും മിശ്രിതമായി എറിഞ്ഞും, കോരിയൊഴിച്ചും, ഉണ്ടാക്കിയ ശില്പത്തിന്റെ പരുക്കൻ പ്രതലങ്ങൾ യൂറോപ്യൻ കലാപ്രസ്ഥാനങ്ങളായ പോസ്റ്റ് ഇംപ്രണിസ്റ്റ് - എക്സ്‌പ്രണിസ്റ്റ് കലാരീതികളെ സാംശീകരിക്കുന്നവയാണ്. ഇതിനടത്തുതന്നെ സ്ഥാപിച്ചിട്ടുള്ള ഗൗതമബുദ്ധന്റെയും ജാജ്വാലമായി നടന്നുപോകുന്ന ഗാന്ധിപ്രതിമയുടെയും മുന്നിലൂടെ ഇവിടത്തെ കലാനിരൂപകരും, ചിത്രകാരന്മാരും, സാംസ്ക്കാരിക പ്രവർത്തകരും ഏറെ ആദരവോടെയാണ് കടന്നുപോകുന്നത്.
ഏകീകൃതവും ഉപദോഗാധിഷ്ഠിതവുമായ പുത്തൻ മുതലാളിത്ത വ്യവസ്ഥകളോട് കലഹിച്ച് പലായനം ചെയ്യുന്ന ഗ്രാമീണ മനുഷ്യരുടെയും മറ്റു ചെറു സമൂഹങ്ങളുടെയും പ്രശ്നങ്ങൾ ആധുനിക കലയിലൂടെ രൂപപ്പെടുത്തിയ ഈ മഹാനായ കലാകാരന്റെ സൃഷ്ടി പൊളിച്ചുനീക്കി പകരം 'പുത്തൻ' ശില്പം നിർമ്മിക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനവും ക്രിമിനൽ കുറ്റവുമായി മാത്രമേ കാണുവാൻ കഴിയുകയുള്ളൂ.
സ്വാതന്ത്ര്യദിനത്തിലും, റിപ്പബ്ളിക്, ഗാന്ധിജയന്തി എന്നീ ദിവസങ്ങളിലും നവീകരണത്തിന്റെയും സൗന്ദര്യവത്കരണത്തിന്റെയും ഭാഗമായി ഗാന്ധിപ്രതിമയെ അസാമിൽ വെള്ളയടിക്കുമായിരുന്നു. അടുത്തകാലത്തായി തിരുവനന്തപുരം നഗരത്തിലെ ചില പ്രതിമകളിൽ പെയിന്റടിച്ചത് വിവാദമായിരുന്നു. അശാസ്ത്രീയമായ ഇത്തരം പ്രവർത്തനങ്ങൾ എല്ലാക്കാലത്തും എല്ലാ മഹത്തായ സൃഷ്ടികൾക്കും വെല്ലുവിളിയായിട്ടുണ്ട്. മഹാരാഷ്ട്രയിലെ അജന്ത - എല്ലോറ ഗുഹകളിലെ ചുവർ ചിത്രത്തിന് മുകളിൽ വിനോദ സഞ്ചാരികൾ അവരുടെ പേരുകളും മതപരമായ ചിഹ്നങ്ങളും അടയാളപ്പെടുത്തുന്ന 'സംസ്കാരം' അടുത്ത കാലത്തുവരെ നിലനിന്നിരുന്നു. ഇതെല്ലാം നമ്മുടെ മഹത്തായ കലാ സാംസ്കാരിക പാരമ്പര്യത്തെ നശിപ്പിക്കുകയും അമൂല്യങ്ങളായ സൃഷ്ടികളെ വികലമാക്കുകയും ചെയ്യുന്നു.
സ്വാതന്ത്ര്യലബ്ധിക്കു മുൻപ് ബ്രിട്ടീഷ് കൊളൊണിയൽ ഭരണകൂടം അവരുടെ സൈനിക പരിശീലനത്തിന്റെ ഭാഗമായി തോക്ക് ഉപയോഗിച്ച് വെടിവച്ച് പരിശീലിച്ചിരുന്നത് മഹാരാഷ്ട്രയിലെ എലഫന്റയിലുള്ള കരിങ്കൽ ശില്പങ്ങളിലായിരുന്നു. ഭാഗീകമായി തകർന്നു പോയ ചരിത്ര ശിലാരൂപങ്ങൾ ഇന്നും നമ്മുടെ വിശ്വാസത്തിനും സംസ്കാരത്തിനും മേലെ ഏറ്റ പ്രഹരമായി നിലനിൽക്കുന്നു.
രാജ്യത്തെ സവർണ ഹിന്ദുത്വ ആശയങ്ങൾ നമ്മുടെ കലാ സാംസ്കാരിക നിർമ്മിതികളെ എങ്ങനെയാണ് തകർക്കപ്പെടുന്നതെന്ന ഉത്തമ ഉദാഹരണമാണ് ഈ തീരുമാനമെന്ന് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ കലാകാരന്മാരും സാഹിത്യകാരന്മാരും, ചലച്ചിത്ര പ്രവർത്തകരും അപലപിച്ചിട്ടുണ്ട്. വിശ്വഭാരതി സർവകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫ. സ്വപ്നദത്ത് പ്രകടിപ്പിച്ച പ്രതിഷേധങ്ങൾക്കൊപ്പം കലാഭവനിൽ നിന്നും പഠിച്ചിറങ്ങിയ കേരളത്തിലെ കലാകാരന്മാരെല്ലാം ഒരുമിച്ചു നിൽക്കുകയാണ്.
സോവിയറ്റ് റഷ്യയുടെ പതനവുമായി ബന്ധപ്പെട്ട് ലെനിന്റെയും കാറൽ മാർക്സിന്റെയും പ്രതിമകൾ തകർക്കപ്പെട്ടതോടെ റഷ്യയുടെ പിതാവിന്റെ രൂപം പോലും അന്യമായ ഒരു ജനതയെപ്പോലെ സഹിഷുണതയും നന്മയും നഷ്ടപ്പെട്ട ഒരു ജനതയായി നമ്മളും മാറുകയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പ്രിൻസിപ്പൽ  കോളേജ്  ഒഫ്  ഫൈനാർട്സ് 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ