മീഞ്ചന്ത കോളേജും ചില്ലറ അതിർത്തി തർക്കങ്ങളും
August 12, 2017, 12:05 am
സി.പി. ശ്രീഹർഷൻ
 ഡോക്‌ലാംഗ് മേഖലയിലെ ഇന്ത്യാ- ചൈനാ അതിർത്തിതർക്കത്തിലും മേലേ യുദ്ധസമാനമാണ് മീഞ്ചന്തയിലെ അന്തരീക്ഷമെന്നാണ് സാമാജികസൈന്യം നൽകുന്ന മുന്നറിയിപ്പ്. നിയമസഭയിൽ അതിന്റെ അനുരണനങ്ങൾ പ്രകടമായിക്കഴിഞ്ഞു. മീഞ്ചന്ത ഗവ.ആർട്സ് കോളേജ് എം.കെ. മുനീറിന്റെ കോഴിക്കോട്- രണ്ട് മണ്ഡലത്തിലാണെങ്കിലും ബേപ്പൂരിലൂടെ അത് കടന്ന് പോകുന്നുവെന്ന തർക്കം ബേപ്പൂർ അംഗം വി.കെ.സി. മമ്മത് കോയ ഉന്നയിച്ചതോടെയാണ് യുദ്ധാന്തരീക്ഷം ഉടലെടുത്തത്. മീഞ്ചന്ത റെയിൽപാലം കടന്നാൽ ബേപ്പൂ‌ർ മണ്ഡലമായെന്നാണ് വയ്പെങ്കിലും കോളേജിനെ ബേപ്പൂരിന് വിട്ടുകൊടുക്കാൻ മുനീർ ഒരുക്കമല്ല. ബേപ്പൂർതലവനാണെങ്കിൽ കോഴിക്കോട് മേയറായിരുന്നയാളും കോളേജിന്റെ വികസനസമിതി അംഗവുമായ വി.കെ.സി.
കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി വി.കെ.സി.മമ്മത്കോയ ഉപക്ഷേപമുന്നയിച്ചതാണ് മുനീറിനെ പ്രകോപിപ്പിച്ചത്. തന്റെ മണ്ഡലത്തിലെ കോളേജിൽ വികസനപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഒന്നും നടക്കുന്നില്ലെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ബേപ്പൂർഅംഗം നടത്തുന്നതെന്ന് മുനീർ പൊട്ടിത്തെറിച്ചു. അങ്ങനെയെങ്കിൽ ബേപ്പൂരിലെ ഓട് ഫാക്ടറി ശരിയല്ലെന്ന് കാണിച്ച് താനും വരുമെന്ന മുന്നറിയിപ്പും നൽകി. വികസനകാര്യമായത് കൊണ്ട് തർക്കത്തിലേക്ക് പോകേണ്ട എന്ന് മിതവാദി മന്ത്രി സി. രവീന്ദ്രനാഥ് തക്കസമയത്ത് ഇടപെട്ടു. അങ്ങനെ തൽക്കാലത്തേക്ക് അന്തരീക്ഷത്തിന് അയവുണ്ടായിട്ടുണ്ട്.
അങ്കമാലി- ശബരി റെയിൽപാതാവികസനം എത്ര നാളായി കവിമന്ത്രി ജി. സുധാകരൻ കേട്ട് തുടങ്ങിയിട്ട്. റെയിൽവേക്ക് മേൽ സംസ്ഥാനം സമ്മർദ്ദം ചെലുത്തണമെന്ന പല്ലവി സഭയിൽ നൂറാവർത്തി മുഴങ്ങിയതാണെന്ന കാര്യം ഇനി ഇതേ വിഷയം ഉപക്ഷേപമാക്കും മുമ്പ് കുറഞ്ഞപക്ഷം എൽദോ എബ്രഹാമെങ്കിലും രണ്ട് വട്ടമൊന്നാലോചിക്കും. ചോദിച്ചത് തന്നെ വീണ്ടും ചോദിക്കുന്നത് അംഗത്തിന് ഇതേപ്പറ്റി ധാരണയില്ലാത്തത് കൊണ്ടാണെന്നാണ് സുധാകരന്റെ തീർപ്പ്. ചെയ്യാമെന്ന് പറയും, ചെയ്യില്ല എന്നതാണ് റെയിൽവേയുടെ സ്വഭാവമെന്നാണ് മന്ത്രി പറയുന്നത്. സമ്മർദ്ദം ചെലുത്താത്തതല്ല.
പാചകത്തൊഴിലാളി ക്ഷേമനിധി ബില്ല് കൊണ്ടുവരും മുമ്പേ എൻ.എ. നെല്ലിക്കുന്നിന് ജെയിംസ് മാത്യു മുന്നറിയിപ്പ് നൽകിയിരുന്നു. പാചകത്തൊഴിലാളികളുടെ ബില്ലായതിനാൽ വാചകത്തൊഴിലാളിയാകരുതെന്ന്. പാചകത്തൊഴിലാളികളുടെ കാര്യമോർത്തപ്പോൾ പക്ഷേ, നെല്ലിക്കുന്ന് കവാത്ത് മറന്നു. നമുക്ക് ആഹാരമുണ്ടാക്കിത്തരുന്നവരെല്ലാം പാചകത്തൊഴിലാളികളാണെന്നാണ് നെല്ലിക്കുന്ന് നൽകുന്ന നിർവചനം. സ്പീക്കർ സാമാജികർക്ക് ഒരുക്കുന്ന വിരുന്ന് നല്ലതോ ചീത്തയോ എന്ന് നെല്ലിക്കുന്ന് നിരൂപണം ചെയ്യാറുണ്ട്. നിരൂപണത്തിന് മാനദണ്ഡം മുനീർസായ്‌വിന്റെ പാട്ട് അല്ല. പിന്നെയോ, പരിപാടിക്ക്ശേഷം കിട്ടുന്ന ഭക്ഷണമാണ്.
അങ്ങയുടെ വീട്ടിൽ പാചകത്തിന് പ്രത്യേകം ആളുണ്ടോ അതോ ഭാര്യയാണോ പാചകം എന്ന് പ്രതിഭാഹരി സ്വാഭാവികമായും സംശയിച്ചു. പാചകം ഭാര്യയായതിനാൽ പാചകത്തൊഴിലാളിഗണത്തിൽ പെടുത്തി ഭാര്യക്കും ആനുകൂല്യം കിട്ടുന്നെങ്കിൽ നെല്ലിക്കുന്നിന് വിരോധമില്ല. ബിൽ പിൻവലിക്കുന്നോ ഇല്ലയോ എന്ന് നെല്ലിക്കുന്ന് വ്യക്തമാക്കാത്തതിനാൽ ഡെപ്യൂട്ടിസ്പീക്കർ അത് പിൻവലിച്ചതായി അറിയിച്ചു. വേറെയും നാല് സ്വകാര്യബില്ലുകൾ സഭ തുടർചർച്ചയ്ക്കായി മാറ്റിയിട്ടുണ്ട്.
അന്നമ്മയെ ജഡ്ജിയും തങ്കപ്പനെ ഡോക്ടറുമാക്കുന്ന റേഷൻകാർഡാണ് മന്ത്രി തിലോത്തമൻ ഇറക്കിയതെന്ന് അനൂപ്ജേക്കബ്. ഇവർക്ക് അതിനുള്ള യോഗ്യതയില്ലേ എന്ന് ചോദിച്ചാൽ കഥയിൽ ചോദ്യമില്ല. റേഷൻ മുൻഗണനാപട്ടികയിൽ കടന്നുകൂടിയ ധനാഠ്യരെയെല്ലാം പുറത്താക്കിയെന്ന് മന്ത്രി തിലോത്തമൻ. അനൂപിന്റെ ഭരണകാലത്ത് റേഷൻകാർഡടിക്കാനുള്ള പേപ്പർ അഡ്വാൻസായി വാങ്ങിയതല്ലാതെ ഒന്നും ചെയ്തില്ലെന്നാണ് മന്ത്രി പറയുന്നത്. 'തെങ്ങിൽ കയറുന്നവനല്ലേ വീഴൂ, താഴെ നിൽക്കുന്നവർക്ക് ഉപദേശിച്ചാൽ മതി.'
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ