Saturday, 19 August 2017 7.13 AM IST
കർക്കിടകത്തിലെ വറുതി ചിന്തകൾ
August 12, 2017, 2:00 am
ധാര മുറിയാതെ മഴ പെയ്യേണ്ട കർക്കിടകമാസത്തിൽ രൂക്ഷമായ ജലക്ഷാമം നേരിടാനുള്ള മുൻകരുതലുകളെക്കുറിച്ച് ആലോചിക്കേണ്ടിവന്നിരിക്കുന്നു. പതിവിലും പലമടങ്ങ് രൂക്ഷമായി ഇക്കഴിഞ്ഞ വേനൽക്കാലത്തും ഇതുപോലുള്ള നടപടികളെക്കുറിച്ച് സർക്കാർ ചിന്തിച്ചിരിക്കുന്നു. ചുരുക്കം ചിലതെല്ലാം നടപ്പിലാവുകയും ചെയ്തു. എന്നാൽ ജൂൺ ആദ്യവാരം കാലവർഷം എത്തിയപ്പോഴേക്കും ജലസുരക്ഷയുടെയും ജലശേഖരണത്തിന്റെയും കാര്യം പാടേ മറന്നു. കാലവർഷം ഇക്കുറി ഒരുവിധത്തിലും ചതിക്കുകയില്ലെന്ന കാലാവസ്ഥാവകുപ്പിന്റെ പ്രവചനം കരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ ഉപേക്ഷ വരുത്തുകയും ചെയ്തു. അണക്കെട്ടുകളും മറ്റു ജലസ്രോതസുകളും നിറഞ്ഞുതുളുമ്പേണ്ട സമയം കഴിഞ്ഞിട്ടും അങ്കലാപ്പുളവാക്കുന്നതാണ് യഥാർത്ഥ സ്ഥിതി. മുപ്പത് ശതമാനംമുതൽ അൻപത് ശതമാനം വരെയാണ് വിവിധ ജില്ലകളിലെ മഴക്കുറവ്. തിരുവനന്തപുരം, വയനാട്, ഇടുക്കി തുടങ്ങിയ ജില്ലകളാണ് ഏറ്റവുമധികം മഴക്കുറവ് നേരിടേണ്ടിവന്നത്. സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളിലും കഴിഞ്ഞവർഷം ഇതേ കാലത്തുണ്ടായിരുന്ന വെള്ളത്തിന്റെ പകുതിപോലും ഇപ്പോഴില്ല. തുലാവർഷവും കൂടി ചതിച്ചാൽ സംസ്ഥാനം രൂക്ഷമായ വറുതിയെ നേരിടേണ്ടിവരുമെന്ന് ഇപ്പോഴേ ഉറപ്പിക്കാം.
അനാവൃഷ്ടി മുന്നിൽകണ്ട് ജലക്ഷാമം നേരിടാനുള്ള മാർഗങ്ങളെക്കുറിച്ച് സർക്കാർ ഗൗരവമായി ചിന്തിച്ചുതുടങ്ങിയത് സ്വാർഗതാർഹമാണ്. കഴിഞ്ഞദിവസം തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം മൂന്ന് കർമ്മ സേനകൾ രൂപീകരിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്. മഴവെള്ള സംഭരണം കാര്യക്ഷമമാക്കാനുള്ളതാണ് അതിലൊന്ന്. നദികളിലും അരുവികളിലും തടയണകൾ നിർമ്മിച്ച് ജലസംരക്ഷണം ഉറപ്പാക്കാൻ വേണ്ടിയുള്ളതാണ് രണ്ടാമത്തെ കർമ്മസേന. കനാലുകൾ, കുളങ്ങൾ എന്നിവ വൃത്തിയാക്കി പരമാവധി മഴവെള്ളം സംഭരിക്കുന്നതിനുവേണ്ടിയാകും മൂന്നാമത്തെ കർമ്മസേന പ്രവർത്തിക്കുക. ഒട്ടും സമയം കളയാതെ വ്യക്തമായ കർമ്മപരിപാടികൾ ആവിഷ്കരിച്ച് സമർപ്പിക്കാൻ നിർദ്ദേശവും നൽകിക്കഴിഞ്ഞു. കർമ്മസേനകളുടെ ശുഷ്‌കാന്തിയനുസരിച്ചാകും അടുത്ത വേനൽക്കാലത്ത് സംസ്ഥാനത്തെ ജലസുരക്ഷയും കുടിനീർ ലഭ്യതയും.
അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കാനുള്ള മടിയാണ് കേരളത്തെ കുറച്ചുകാലമായി വരൾച്ചയിലേക്കും കുടിവെള്ള ക്ഷാമത്തിലേക്കും തള്ളിയിടുന്നത്.
നാല്പത്തിമൂന്ന് നദികളും അനവധി ജലാശയങ്ങളും ഉണ്ടെങ്കിലും മഴക്കാലം കഴിയുന്നതോടെ ജലത്തിൽ പാതിയും ഒലിച്ചുപോവുകയാണ്. അണക്കെട്ടുകൾ സംരക്ഷിക്കാത്തതിനാൽ പൂർണ അളവിൽ ജലം സംഭരിച്ചുനിറുത്താൻ കഴിയുന്നില്ല. ഏതാനും ദിവസത്തെ മഴ കൊണ്ടുതന്നെ പല അണക്കെട്ടുകളും നിറഞ്ഞുകവിഞ്ഞ് തുറന്നുവിടേണ്ട സ്ഥിതിയിലാണ് തലസ്ഥാന നഗരിക്ക് കുടിവെള്ളം എത്തിക്കുന്ന പേപ്പാറയും അരുവിക്കരയും ആദ്യമഴകൊണ്ടുതന്നെ നിറഞ്ഞതാണ്. അടുത്ത വേനലിൽ വെള്ളത്തിന് മുട്ടുണ്ടാവുകയില്ലെന്നായിരുന്നു ഈ ജലസമൃദ്ധിയുടെ ബലത്തിൽ വാട്ടർ അതോറിട്ടിക്കാർ നൽകിയ ഉറപ്പ്. എന്നാൽ ഇപ്പോൾ കേൾക്കുന്നു രണ്ടര മാസത്തെ ആവശ്യത്തിനുപോലും ഈ വെള്ളം മതിയാവുകയില്ലെന്ന്. അണക്കെട്ടുകൾ മണ്ണും ചെളിയും അടിഞ്ഞുകൂടി സംഭരണശേഷി മുക്കാൽ പങ്കും നഷ്ടമായതാണ് കാരണം. പുതുതായി രൂപീകരിക്കപ്പെട്ട് കർമ്മസേനകളുടെ ചുമതലയിൽ അണക്കെട്ടുകളുടെ സംരക്ഷണം ഉൾപ്പെട്ടതായി കാണുന്നില്ല. തടയണകളും മഴക്കുഴികളും പോലെതന്നെ പ്രധാനപ്പെട്ട കാര്യമാണിത്. ജലവിതാനം എല്ലാ അണക്കെട്ടുകളിലും തീരെ താഴ്‌ന്നുനിൽക്കുന്നതിനാൽ സംഭരണശേഷി കൂട്ടാനുള്ള പ്രവൃത്തികൾ നടത്താൻ എളുപ്പമാണ്.
ജലസ്രോതസുകളുടെ മലിനീകരണം തടയാൻ കർക്കശമായ നടപടികൾ എടുത്തേ തീരൂ. നീർച്ചാലുകൾ മുതൽ വലിയ നദികളും കായലുമെല്ലാം ഭീതിഭമാംവിധം മലിനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജലസ്രോതസുകവ മലിനമാക്കുന്നവരെ പിടികൂടി ശിക്ഷിക്കാൻ നിയമം പാസാക്കിയതല്ലാതെ മറ്റു നടപടികളൊന്നും ഇല്ല. പത്തുപേരെയെങ്കിലും പിടികൂടി ശിക്ഷിച്ചാലല്ലേ ഇത്തരത്തിലൊരു നിയമം പ്രാബല്യത്തിലുണ്ടെന്നുപോലും ജനങ്ങൾ അറിയുകയുള്ളൂ.
നദികളെ നാശത്തിൽ നിന്ന് രക്ഷിക്കാൻ രാജ്യവ്യാപകമായി സർക്കാരിന്റെയും സന്നദ്ധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. സംസ്ഥാനത്തും അടുത്ത കാലത്തായി ഇത്തരം പ്രസ്ഥാനങ്ങൾക്ക് വലിയ പ്രചാരവും ജനപിന്തുണയും ലഭിക്കുന്നുണ്ട്. ജലസ്രോതസുകളുടെ നിലനില്പുമായി ബന്ധപ്പെട്ടാണ് മനുഷ്യകുലത്തിന്റെയും നിലനില്പ് എന്ന വലിയ സത്യം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. ഇത്തരുണത്തിൽ നദീസംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ സദ്‌ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിൽ കന്യാകുമാരിയിൽ നിന്ന് ഹിമാലയംവരെ നടത്താൻ പോകുന്നു നദികൾക്കുവേണ്ടിയുള്ള യാത്രാപരിപാടി ശ്രദ്ധേയമാണ്.നശിച്ചുകൊണ്ടിരിക്കുന്ന നദികളെ രക്ഷിച്ചുനിലനിറുത്തേണ്ടതിന്റെ സന്ദേശം രാജ്യത്തെ ഒാരോ പൗരനിലും എത്തേണ്ടതാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ