Saturday, 19 August 2017 7.07 AM IST
അമിത് ഷായ്ക്ക് നൽകിയത് തിരുത്തിയ റിപ്പോർട്ട്
August 13, 2017, 12:42 am
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന നേതാക്കൾ കഴിഞ്ഞ ദിവസം ഡൽഹിയിൽ പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായ്ക്ക് നൽകിയത് തിരുത്തിയ അന്വേഷണ റിപ്പോർട്ടെന്ന് സൂ‌ചന. മാദ്ധ്യമങ്ങളിൽ വന്ന അന്വേഷണ റിപ്പോർട്ടിൽ നിന്ന് വിവാദമുളവാക്കുന്ന പരാമർശങ്ങൾ ഒഴിവാക്കിയശേഷം പുതിയ റിപ്പോർട്ടുണ്ടാക്കി വിവർത്തനം ചെയ്ത് നൽകുകയായിരുന്നുവത്രെ. അതേസമയം മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ടിന്റെ ഇംഗ്ലീഷ് വിവർത്തനം പ്രധാനമന്ത്രിക്കും പാർട്ടി അദ്ധ്യക്ഷനും നേരത്തേ എത്തിച്ചിരുന്നു. ഈ റിപ്പോർട്ട് വ്യാജമായിരുന്നുവെന്ന വാദമാണ് പാർട്ടി കേന്ദ്രങ്ങൾ ഇപ്പോൾ ഉയർത്തുന്നത്.

സംസ്ഥാനപ്രസിഡന്റ് കുമ്മനം രാജശേഖരന്റെ കൂട്ടാളികളെക്കുറിച്ചും ഹവാല ഇടപാടുകളെക്കുറിച്ചുമുള്ള പരാമർശങ്ങളും ഇതിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. ഇതോടെ പരാതിക്കാരനായ ആർ. ഷാജി ഇപ്പോൾ അവകാശപ്പെടുന്നതുപോലെയുള്ള കൺസൾട്ടൻസി തർക്കമാക്കി മാറ്റാനുള്ള ശ്രമമാണ് നടക്കുന്നത്. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വിജിലൻസ് അന്വേഷണ സംഘത്തിന് മുമ്പാകെ പാർട്ടി കമ്മിഷൻ അംഗങ്ങളായ കെ.പി. ശ്രീശനും എ.കെ. നസീറും പുതിയ റിപ്പോർട്ടായിരിക്കും നൽകുകയെന്നാണ് ബി.ജെ.പി കേന്ദ്രങ്ങൾ പറയുന്നത്. അതേസമയം മെഡിക്കൽ കോളേജ് കോഴ പൊട്ടിപ്പുറപ്പെട്ട സമയത്ത് ചാനലുകളിൽ പ്രത്യക്ഷപ്പെട്ട കമ്മിഷൻ അംഗം എ.കെ. നസീർ അത് തങ്ങളുടെ റിപ്പോർട്ട് തന്നെയാണെന്ന സൂചനയാണ് നൽകിയിരുന്നത്. ഈ റിപ്പോർട്ടിന് ആധാരമായ തെളിവുകളും തന്റെ കൈവശമുണ്ടെന്ന് നസീർ പറഞ്ഞിരുന്നു.

നേതൃയോഗം സംഘർഷ ഭരിതമാകും
കമ്മിഷൻ റിപ്പോർട്ട് ചോർച്ചയുടെ പേരിൽ സംസ്ഥാന സെക്രട്ടറി വി.വി. രാജേഷിനെയും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി പ്രഫുൽ കൃഷ്ണയെയും ചുമതലയിൽ നിന്ന് നീക്കിയ സാഹചര്യത്തിൽ നാളെ തൃശൂരിൽ ചേരുന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗം സംഘർഷ ഭരിതമാകും. സംസ്ഥാന ഭാരവാഹികൾക്ക് പുറമേ ജില്ലാ പ്രസി‌‌ഡന്റ് , ജനറൽ സെക്രട്ടറിമാർ, മോർച്ച സംസ്ഥാന പ്രസിഡന്റ് , ജനറൽ സെക്രട്ടറിമാർ എന്നിവരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. തെളിവില്ലാതെയും വിശദീകരണം ചോദിക്കാതെയും രണ്ടു നേതാക്കൾക്കെതിരെ നടപടിയെടുത്തതിനെ വി. മുരളീധരൻ അനുകൂലികൾ യോഗത്തിൽ ചോദ്യം ചെയ്യുമെന്ന സൂ‌ചനയുണ്ട്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ