പച്ചക്കറിയിൽ ന്യൂജെൻ കീടനാശിനികളും; കാപ്‌സിക്കത്തിൽ 52 മടങ്ങ് !
August 14, 2017, 12:29 am
രാജൻ പുരക്കോട്
തിരുവനന്തപുരം: മലയാളികൾ കഴിക്കുന്ന പച്ചക്കറികളിൽ മാരകമായ പത്തോളം പുതുതലമുറ കീടനാശിനികളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. ചുവപ്പ് കാപ്സിക്കത്തിൽ അഞ്ചുതരം കീടനാശിനി പ്രയോഗിച്ചിരിക്കുന്നു. മഞ്ഞ കാപ്സിക്കത്തിൽ നാഡീരോഗമുണ്ടാക്കുന്ന ഇമിഡാക്ളോപ്രിഡ് അനുവദനീയ അളവിന്റെ 52 മടങ്ങാണ് കണ്ടെത്തിയത് !.
പൊതുജനങ്ങൾക്ക് ശുദ്ധപച്ചക്കറി ഉറപ്പാക്കാനുള്ള 'സേഫ് ടു ഈറ്റ് ' പദ്ധതി പ്രകാരം കൃഷിവകുപ്പ് പുറത്തിറക്കിയ പരിശോധനാറിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തലുകൾ. വെള്ളായണി കാർഷിക കോളേജിലെ പെസ്റ്റിസൈഡ് റെസിഡ്യൂ ലാബിലെ പരിശോധനയിലാണ് മാരകമായ ഈ 'ന്യൂജെൻ' കീടനാശിനികൾ കണ്ടെത്തിയത്.

ഇമിഡാക്ളോപ്രിഡ്
തേനീച്ചയുടെ വംശനാശമുണ്ടാക്കുന്നതിനാൽ നിരോധിക്കണമെന്ന് അമേരിക്കൻ തേനീച്ച കർഷകർ മുറവിളി കൂട്ടുന്ന കീടനാശിനിയാണ് ഇമിഡാക്ളോപ്രിഡ്. എറണാകുളത്തെ ഒരു ഹൈപ്പർ മാർക്കറ്റിൽ നിന്നുള്ള മഞ്ഞ കാപ്സിക്കത്തിൽ ഇമിഡാക്ളോപ്രിഡ് അനുവദനീയമായതിന്റെ ( മാക്സിമം റെസിഡ്യൂ ലിമിറ്റ് - എം.ആർ.എൽ) 52 മടങ്ങ് ഉണ്ടെന്ന് കണ്ടെത്തി. 0.05 പി.പി.എം (പാർട്സ് പെർ മില്യൺ) ആണ് അനുവദനീയം. മഞ്ഞ കാപ്സിക്കത്തിൽ ഇത് 2.63 പി.പി.എം ആണ്. സാമ്പാർ മുളകടക്കം മിക്ക പച്ചക്കറികളിലും ഇത് കാണപ്പെട്ടു. സാമ്പാ‌ർ മുളകിൽ 0.05 പി.പി.എമ്മേ പാടുളളൂ. ഏഴിരട്ടിയായ 0.35 പി.പി.എം ആണ് കണ്ടത്. ചുവപ്പ് കാപ്സിക്കത്തിലും (എം.ആർ.എൽ 0.05 പി.പി.എം, കാണപ്പെട്ടത് 0.72) ജൈവ രീതിയിൽ ഉത്പാദിപ്പിച്ച് വിൽക്കുന്ന പച്ചകാപ്സിക്കത്തിലും (എം.ആർ.എൽ 0.05 പി.പി.എം, കാണപ്പെട്ടത് 0.69) 14 ഇരട്ടിയായിരുന്നു.

മറ്റ് വിഷങ്ങൾ
മഞ്ഞ കാപ്സിക്കത്തിൽ സൈഫ്ളൂത്രിൻ, സാമ്പാർ മുളകിൽ ബൈഫെൻത്രിൻ, അസഫേറ്റ്, കുമിൾ നാശിനിയായ ടെബുകൊണാസോൾ എന്നിവയും കണ്ടെത്തി. കാൻസറുണ്ടാക്കുന്ന കാർബൻഡാസിം (എം.ആർ.എൽ 0.5 പി.പി.എം, കണ്ടത് 0.07), ഗർഭസ്ഥശിശുവിനു ദോഷകരമായ ക്ളോതയാനിഡിൻ (എം.ആർ.എൽ പരിധിയില്ല, കണ്ടത് 0.13), അസോക്സിസ്ട്രോബിൻ (1 പി.പി.എം, കണ്ടത് 0.16), ജനിതക വൈകല്യങ്ങൾക്കിടയാക്കുന്ന ടെബുകൊണാസോൾ ( 0.2 പി.പി.എം, കണ്ടത് 0.31) എന്നിവയും തിരിച്ചറിഞ്ഞു .

ന്യൂജെൻ കീടനാശിനികൾ
ഇമിഡാക്ളോപ്രിഡ്
അസെറ്റാമിപ്രിഡ്
ക്ളോതയാനിഡിൻ
അസഫേറ്റ്
ബുപ്രോഫെസിൻ
മെറ്റാലാക്സിൽ
ക്ളോറാൻ ട്രാലിനിപ്രോൾ
ടെബുകൊണാസോൾ
ഇപ്രോവാലികാർബ്

100 കോടിയിൽ ഒരംശം വരെ പിടിക്കാം
ലിക്വിഡ് ക്രൊമറ്റോഗ്രാഫ് - മാസ് സ്പെക്ട്രോമീറ്റർ എന്ന അത്യാധുനിക ഉപകരണമാണ് കാർഷിക കോളേജിലെ ലാബിൽ സ്ഥാപിച്ചിട്ടുള്ളത്. ഇതുപയോഗിച്ച് പുതുതലമുറ കീടനാശിനികളുടെ 100 കോടിയിൽ ഒരംശം വരെ കണ്ടെത്താൻ കഴിയും. 2.3 കോടി രൂപയാണ് ഈ അമേരിക്കൻ ഉപകരണത്തിന്റെ വില. ഇതില്ലാതിരുന്നതിനാലാണ് പുത്തൻ തലമുറയെ തിരിച്ചറിയാൻ വൈകിയതെന്ന് പെസ്റ്റിസൈഡ് റെസിഡ്യൂ ലാബ് മേധാവി പ്രൊഫ. തോമസ് ബിജു മാത്യു പറഞ്ഞു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ