സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്: ബസ് ചാർജ് കൂടും
August 14, 2017, 1:02 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് വർദ്ധനയ്ക്ക് കളമൊരുങ്ങുന്നു. ചാർജ് വർദ്ധനയെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷനോട് ഗതാഗത വകുപ്പ് ആവശ്യപ്പെടുമെന്നാണറിയുന്നത്. കമ്മിഷൻ അനുകൂല റിപ്പോർട്ട് നൽകിയാൽ അധികം വൈകാതെ നിരക്ക് വർദ്ധന ഉണ്ടാകും.

ചാർജ് വർദ്ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകളുടെ സംഘടനകളുടെ സംയുക്ത സമിതി ആഗസ്റ്റ് 18ന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബർ 14 മുതൽ അനിശ്ചിതകാല സമരവും തുടങ്ങും.

സ്വകാര്യ ബസ് സമരത്തിൽ നിന്നാണ് എല്ലാ തവണയും ബസ് ചാർജ് വർദ്ധന ആലോചിച്ച് തുടങ്ങുന്നത് . സംസ്ഥാനത്തെ ബസ് സർവീസുകളിൽ 70 ശതമാനത്തിലധികവും സ്വകാര്യ ബസുകളാണ്. അതുകൊണ്ടു തന്നെ സമരം ജനജീവിതത്തെ ബാധിക്കും. അനുരഞ്ജന ചർച്ചകൾക്കൊടുവിൽ രാമചന്ദ്രൻ കമ്മിഷനെ റിപ്പോർട്ട് നൽകാൻ ഏല്പിക്കുന്നതോടെ സ്വകാര്യ ബസുടമകളുടെ ആവശ്യം പകുതി അംഗീകരിക്കപ്പെടും.

കെ.എസ്.ആർ.ടി.സിയുടെയും അഭിപ്രായം ആരാഞ്ഞ ശേഷമേ കമ്മിഷൻ ചാർജ് വർദ്ധിപ്പിക്കാനുള്ള ശുപാർശ സർക്കാരിന് നൽകുകയുള്ളൂ. ചാർജ് വർദ്ധനയെ കെ.എസ്.ആർ.ടി.സി എപ്പോഴും പിന്താങ്ങുകയേ ഉള്ളൂ. 2014 മേയ് 20നാണ് ഒടുവിൽ ചാർജ് വർദ്ധിപ്പിച്ചത്.

ഇപ്പോഴത്തെ മിനിമം ചാർജ് (രൂപയിൽ) കിലോമീറ്റർ നിരക്കുകൾ (പൈസയിൽ)
ഓ‌ർഡിനറി 7 രൂപ 64
ഫാസ്റ്റ് പാസഞ്ചർ 10 68
സൂപ്പർഫാസ്റ്റ് 13 72
എക്സ്‌പ്രസ് 20 77
ഡീലക്സ്, സെമിസ്ലീപ്പർ 28 90
ഹൈടെക്, എ.സി 40 110
വോൾവോ 40 130
മൾട്ടിആക്സിൽ 70 191

കെ.എസ്.ആർ.ടി.സിക്ക് നേട്ടമില്ല
കഴിഞ്ഞ തവണ ചാർജ് വർദ്ധിപ്പിക്കും മുമ്പ് ഒരു ദിവസത്തെ കളക്‌ഷൻ 5.5 കോടിയായിരുന്നു. ഇപ്പോഴും ഇതിൽ വലിയ മാറ്റമൊന്നും ഇല്ല. വർദ്ധിപ്പിച്ചപ്പോൾ പറഞ്ഞത് കളക്‌ഷൻ ആറര കോടിയാകുമെന്നായിരുന്നു. വർദ്ധനയ്ക്ക് മുമ്പ് പെൻഷനുള്ള തുക മാത്രം കടം വാങ്ങിയിരുന്നു. ഇപ്പോൾ ശമ്പളത്തിനു പോലും പണമില്ലാതായി. ചാർജ് വർദ്ധന ഒരു പോംവഴിയല്ലെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മാത്രമല്ല സൂപ്പർക്ളാസ് സർവീസ് നടത്തുന്നത് കെ.എസ്.ആർ.ടി.സി മാത്രമാണ്.

സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങൾ
വിദ്യാർത്ഥികളുടേതുൾപ്പെടെ എല്ലാ യാത്രാനിരക്കുകളും വർദ്ധിപ്പിക്കുക
140 കിലോമീറ്ററിൽ കൂടുതൽ സർവീസ് നടത്തുന്ന സ്വകാര്യബസുകളുടെ പെർമിറ്റ് റദ്ദാക്കിയത് പുനഃസ്ഥാപിക്കുക
ഇൻഷ്വറൻസ് പ്രീമിയവും വാഹനനികുതിയും വർദ്ധിപ്പിച്ചത് പിൻവലിക്കുക

'' ബസുടമകളെ സമരത്തിൽ നിന്ന് പിന്മാറ്റാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനായി അവരുടെ സംഘടനാ പ്രതിനിധികളുമായി 16ന് നിയമസഭാമന്ദിരത്തിൽ വച്ച് ചർച്ച നടത്തും''
--തോമസ് ചാണ്ടി, ഗതാഗതമന്ത്രി

'' ഡീസൽവില വർദ്ധിച്ചു. ജീവനക്കാരുടെ ശമ്പളം കൂടി. ചെലവേറി. ചാർജ് വർദ്ധിപ്പിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ല''.
- ജോൺസൺ പയ്യിപ്പിള്ളി, സംയുക്ത സമിതി കൺവീനർ
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ