ഭരണപരിഷ്കാര വകുപ്പിനു മുമ്പിൽ തൊഴിൽവകുപ്പ് തുല്ലിട്ടു; അസി. ലേബർ ഓഫീസറായി ആറു പേർക്ക് ജോലി കിട്ടും
August 14, 2017, 3:00 am
സജീവ് കൃഷ്ണൻ
 
തിരുവനന്തപുരം: റാങ്ക് കാലാവധി അവസാനിക്കുംമുമ്പേ ഒഴിവുകൾ റിപ്പോർട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പും ചെയ്യില്ലെന്ന വാശിയിൽ തൊഴിൽവകുപ്പും അവസാനനിമിഷംവരെ ബലാബലം നടത്തി. ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു. തൊഴിൽവകുപ്പ് കീഴടങ്ങി. ആറ് ഒഴിവുകൾ റിപ്പോർട്ട് ചെയ്തു.
ഇക്കഴിഞ്ഞ ജൂലായ് 21 മുതൽ 24 വരെയാണ് രണ്ട് സർക്കാർ വകുപ്പുകൾ തമ്മിൽ ബലാബലം നടന്നത്. രണ്ടാം ഗ്രേഡ് അസി. ലേബർ ഓഫീസർ തസ്തികയുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നത് ഇക്കഴിഞ്ഞ ജൂലായ് 24 ന് ആയിരുന്നു. ആറ് ഒഴിവുകൾ ഉണ്ടായിരുന്നിട്ടും പ്രൊമോഷൻ തസ്തികയെ ബാധിക്കുമെന്നുപറഞ്ഞ് തൊഴിൽവകുപ്പ് കമ്മിഷണർ പി.എസ്.സിക്ക് റിപ്പോർട്ട് നൽകിയില്ല. റാങ്ക് ലിസ്റ്റിലെ ഉദ്യോഗാർത്ഥികളുടെ നിരന്തര പരാതിയെത്തുടർന്ന് ഒഴിവുകൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് ജൂലായ് 21ന് പി ആൻഡ് എ. ആർ.ഡി ചുമതലയുള്ള അഡിഷണൽ സെക്രട്ടറി പി.കെ. സീതാലക്ഷ്മിഅമ്മ ലേബർ കമ്മിഷണർക്ക് കത്തുനൽകി.
ഈ തസ്തികയിൽ മൂന്നുപേരെ പ്രൊമോട്ട് ചെയ്ത് നിയമിക്കുമ്പോൾ നാലാമത്തേത് (3:1) നേരിട്ടുള്ള നിയമനം ആയിരിക്കണം എന്നാണ് ചട്ടം. അതനുസരിച്ച് നിലവിലുള്ള ഒഴിവുകളിലേക്ക് ആറ് പേരെ പി.എസ്.സി ലിസ്റ്റിൽനിന്നെടുക്കേണ്ടതാണ്. എന്നാൽ ചില സാങ്കേതിക മുട്ടാപ്പോക്കുകൾ പറഞ്ഞ് കമ്മിഷണറേറ്റ് ആവശ്യം നിരസിച്ചു. അതോടെ ഭരണപരിഷ്കാരവകുപ്പിലെ വിജിലൻസ് വിഭാഗം കമ്മിഷണറേറ്റിൽ മിന്നൽ പരിശോധന നടത്തി. ആറ് ഒഴിവുകൾ നിലവിലുണ്ടെന്ന് റിപ്പോർട്ട് നൽകി. വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തി. ഒഴിവുകൾ റിപ്പോർട്ട് ചെയ്തേ തീരൂ എന്ന അവസ്ഥയായി. ഇത് തരണം ചെയ്യാൻ പിറ്റേദിവസം ജൂലായ് 22ന് കമ്മിഷണറേറ്റിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ലീവെടുത്ത് മാറിനിന്നു. 23ന് വീണ്ടും ഭരണപരിഷ്കാരവകുപ്പ് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. നിവൃത്തികെട്ട് തൊഴിൽവകുപ്പ് പി.എസ്.സിക്ക് ഒരു തട്ടിക്കൂട്ട് റിപ്പോർട്ട് അയച്ചു. അത് അപൂർണമാണെന്നു പറഞ്ഞ് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്ന ജൂലായ് 24ന് പി.എസ്.സി തിരിച്ചയച്ചു. നടപടികൾ വീണ്ടും മുടങ്ങി. അപൂർണമായ റിപ്പോർട്ട് പിൻവലിച്ച് പൂർണമായ റിപ്പോർട്ട് നൽകാൻ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസ് ഇ‌ടപെട്ടു. അന്ന് ഉച്ചകഴിഞ്ഞ് തൊഴിൽവകുപ്പ് കമ്മിഷണർ വീണ്ടും നൽകിയ ഒഴിവുകളുടെ റിപ്പോർട്ട് പി.എസ്.സി അംഗീകരിച്ചതോടെ ബലാബലത്തിന് അറുതിയായി.

ഇനി അറിയേണ്ടത് :
ഈ ആറ് ഒഴിവുകളിൽ പി.എസ്.സി നിയമനം നടക്കരുത് എന്ന് വാശിപിടിച്ചത് എന്തിന്? ആരൊക്കെയാണ് ചരട് വലിച്ചത്? എന്തായിരുന്നു അവരുടെ താത്പര്യം? കുഴപ്പം കാണിച്ചവർക്കെതിരെ അച്ചടക്കനടപടിയെങ്കിലും ഉണ്ടാകുമോ?

crr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ