Tuesday, 22 August 2017 10.13 PM IST
സ്വാശ്രയ മെഡിക്കൽ പ്രവേശനം; കരാറൊപ്പിട്ട രണ്ട് കോളേജുകളിൽ ഫീസ് കൊള്ളയടി
August 13, 2017, 12:57 am
എം.എച്ച് വിഷ്‌ണു
തിരുവനന്തപുരം: കഴുത്തറുപ്പൻ വ്യവസ്ഥകളോടെ സർക്കാരുമായി കരാറൊപ്പിട്ട എം.ഇ.എസ്, കാരക്കോണം സ്വാശ്രയ കോളേജുകളിൽ സാധാരണക്കാരുടെ മക്കൾക്ക് മെഡിക്കൽ പഠനം അപ്രാപ്യമാക്കി ഫീസ് കൊള്ളയ്ക്ക് കളമൊരുങ്ങി. സർക്കാരിന്റെ അലോട്ട്മെന്റ് നേടിയാലും കോടീശ്വരന്മാർക്ക് മാത്രമേ ഈ കോളേജുകളിൽ പ്രവേശനം കിട്ടൂ. പതിനൊന്നുലക്ഷം വാർഷികഫീസുള്ള വിഭാഗത്തിൽ പ്രവേശനം കിട്ടുന്നവർ ഒരുവർഷത്തെ ട്യൂഷൻ ഫീസായ പതിനൊന്നുലക്ഷവും നാലുലക്ഷത്തിന്റെ ഡി.ഡിയും നിക്ഷേപമായി പതിനൊന്നുലക്ഷം രൂപയും നൽകണം. ശേഷിക്കുന്ന നാലുവർഷത്തെ ഫീസായ 44ലക്ഷം രൂപയ്ക്കുള്ള ബാങ്ക്ഗാരന്റിയും നൽകണം.

ബാങ്കുകൾ ഗാരന്റി നൽകണമെങ്കിൽ മൂന്നിരട്ടി മൂല്യമുള്ള വസ്തുവകൾ ഈടുനൽകുകയോ അത്രയും തുക സ്ഥിരനിക്ഷേപം നടത്തുകയോ വേണം. അതായത്, 26ലക്ഷം രൂപ പണമായി കോളേജിൽ അടയ്‌ക്കാനും 1.32കോടിയുടെ വസ്‌തുവകകളോ അത്രയും തുക സ്ഥിരനിക്ഷേപമോ ബാങ്കിൽ നൽകാനും ശേഷിയുള്ളവർക്കേ ഈ കോളേജുകളിൽ പ്രവേശനം നേടാനാവൂ.

കുട്ടികൾ പഠനം മതിയാക്കി പോവുന്നത് തടയാനാണ് നാലുവർഷത്തെ ഫീസിനുതുല്യമായ തുകയ്‌ക്കുള്ള ബാങ്ക്ഗാരന്റി നൽകുന്നതെന്നാണ് ആരോഗ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. നിക്ഷേപമായി നൽകുന്ന പതിനൊന്നുലക്ഷത്തിന് അഞ്ചരവർഷത്തേക്ക് പലിശ നൽകില്ല. എസ്.ബി.ഐയുടെ 6.25ശതമാനം നിരക്കിൽ ഒന്നരലക്ഷത്തോളം രൂപ പലിശ ലഭിക്കേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ച് മൂന്നോ നാലോ ദിവസത്തിനുള്ളിൽ പണമടച്ച് കോളേജുകളിൽ പ്രവേശനം നേടേണ്ടതുണ്ട്. ബാങ്ക്‌ഗാരന്റി സംഘടിപ്പിക്കാനാവാതെ സാധാരണക്കാർ പുറത്തായാൽ ഈ സീറ്റുകളിൽ മാനേജ്മെന്റുകൾക്ക് സ്വന്തമായി പ്രവേശനം നടത്താൻ അവസരമൊരുങ്ങും. ആഗസ്റ്റ് 31നകം മെഡിക്കൽ പ്രവേശനം പൂർത്തിയാക്കേണ്ടതിനാൽ ഒഴിവുള്ള സീറ്റുകൾ മാനേജ്മെന്റുകൾക്ക് കൈമാറുകയാണ് ചെയ്യുന്നത്.

85ശതമാനം സീറ്റുകളിൽ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി അഞ്ച് ലക്ഷം ഫീസ് നിശ്ചയിച്ചത് വകവയ്ക്കാതെയാണ് കാരക്കോണം, എം.ഇ.എസ്, പരിയാരം കോളേജുകളുമായി സർക്കാർ കരാറൊപ്പിട്ടത്. കഴുത്തറുപ്പൻ വ്യവസ്ഥകൾ പരിയാരം വേണ്ടെന്നുവച്ചു. ബി. പി.എൽ വിഭാഗത്തിന്റെ 14ശതമാനം സീറ്റുകളിൽ 25,000 രൂപ ഫീസിന് പകരമായാണ് മറ്റു സീറ്റുകളിൽ 11ലക്ഷം ഈടാക്കാൻ അനുവദിച്ചത്. പക്ഷേ, ഈ കോളേജുകളിലും ഹൈക്കോടതി അഞ്ചുലക്ഷം താത്കാലിക ഫീസ് നിശ്ചയിച്ചതോടെ 25,000രൂപ ഫീസുള്ളവരും അഞ്ച് ലക്ഷത്തിന്റെ ബാങ്ക്‌ ഗാരന്റി നൽകേണ്ട സ്ഥിതിയാണ്. ചുരുങ്ങിയത് 15 ലക്ഷത്തിന്റെ ആസ്തി കാട്ടിയില്ലെങ്കിൽ ഗാരന്റി നൽകാനാവാതെ ബി.പി.എല്ലുകാർ പുറത്താവും. സർക്കാർ കണക്കിൽ ബി.പി.എൽ കുടുംബത്തിന്റെ വാർഷികവരുമാനം 25,000രൂപ മാത്രമാണ്.

ഫീസിൽ ആശങ്ക തുടരുന്നു
കരാറൊപ്പിടാത്ത കോളേജുകളിലെ 85ശതമാനം സീറ്റിൽ 5ലക്ഷവും എൻ.ആർ.ഐയിൽ 20ലക്ഷവുമാണ് ഫീസ്. ഒപ്പിട്ടിടത്ത് 25,000മുതൽ 15ലക്ഷംവരെ നാലുതരം ഫീസാണ്. എല്ലാസീറ്റിലും നീറ്റ്മെരിറ്റ് പരിഗണിക്കുന്നതിനാൽ നാലുതരംഫീസ് നിലനിൽക്കില്ലെന്ന് ആശങ്കയുണ്ട്. ബി.പി.എല്ലുകാർക്ക് 25,000രൂപ ഫീസുറപ്പിക്കാൻ മറ്റുള്ളവരിൽനിന്ന് 11ലക്ഷംവരെ വാങ്ങുന്നത് ക്രോസ്‌‌സബ്സിഡി തടഞ്ഞ സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമാണ്. ഫീസ്ഘടനയെക്കുറിച്ചുള്ള അപ്പീൽ സുപ്രീംകോടതി തിങ്കളാഴ്‌ച പരിഗണിക്കുന്നുണ്ട്.

കെ.കെ.ശൈലജ, ആരോഗ്യമന്ത്രി
''കഴിഞ്ഞവർഷം മാനേജ്മെന്റുകൾക്ക് 6.90കോടി ഫീസിനത്തിൽ കിട്ടിയിരുന്നു. ഇക്കൊല്ലം അഞ്ചുലക്ഷം ഫീസാക്കിയപ്പോൾ ഇത് 6.40 കോടിയായി കുറയും. വരുമാനം 50ലക്ഷം കുറയും. ബി.പി.എല്ലുകാർക്ക് ഒരുകോളേജിൽ 75 ലക്ഷംവീതം സ്കോളർഷിപ്പും ഏർപ്പെടുത്തി.''
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ