Tuesday, 22 August 2017 10.16 PM IST
യു.പി ആശുപത്രിയിലെ കൂട്ടക്കൊല
August 13, 2017, 12:40 am
ഉത്തർപ്രദേശിലെ ഗോരഖ്പൂരിലെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രാണവായു കിട്ടാതെ മുപ്പത് ശിശുക്കൾ മരണമടഞ്ഞു എന്ന ഹൃദയഭേദകമായ വാർത്ത ആരെയും ഞെട്ടിക്കുന്നതാണ്. അബദ്ധത്തിലുണ്ടായ ദുർമ്മരണമൊന്നുമല്ല ഇതെന്നറിയുമ്പോഴാണ് രാജ്യത്തെ സർക്കാർ ആശുപത്രികളിൽ അരങ്ങേറുന്ന അനാസ്ഥയുടെയും ക്രൂരതയുടെയും ഒരു ഏകദേശ ചിത്രം ലഭിക്കുന്നത്. ആശുപത്രിക്ക് ഒാക്സിജൻ നൽകിയവയിൽ 67 ലക്ഷം രൂപയുടെ കുടിശിക വന്നതോടെ സപ്ളൈയർ സിലിണ്ടറുകൾ നൽകുന്നത് പൊടുന്നനെ നിറുത്തിവച്ചതാണ് ഈ മഹാദുരന്തത്തിന് കാരണമായി പറഞ്ഞുകേൾക്കുന്നത്. കുടിശിക ഈടാക്കാൻ മനുഷ്യത്വത്തിനു നിരക്കാത്ത ഈ കിരാത നടപടിക്ക് മുതിർന്ന കമ്പനിക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാൻ ഒരു നിമിഷംപോലും വൈകരുത്. ഒരുതരത്തിലുള്ള ദയവും അർഹിക്കാത്ത ആ നരാധന്മാരെ മാതൃകാപരമായി ശിക്ഷിക്കുമ്പോൾ മാത്രമേ അകാലത്തിൽ ഭൂമിയോട് വിടപറയേണ്ടിവന്ന ആ കുഞ്ഞുങ്ങളുടെ ആത്മാവിന് ശാന്തിലഭിക്കുകയുള്ളൂ. ഒാക്സിജൻ കമ്പനിക്കാർ മാത്രമല്ല ആശുപത്രിയിൽ ഇതിന്റെയൊക്കെ, ചുമതല വഹിച്ചിരുന്ന ജീവനക്കാരും മേൽനോട്ടച്ചുമതലയുള്ള ഡോക്ടർമാരും ഒരേതരത്തിൽ ഈ ദുരന്തസംഭവത്തിന് ഉത്തരവാദികളാണ്. അവരും നിയമാനുസൃതമുള്ള ശിക്ഷ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ്.
അഴിമതിക്കാർക്കെതിരെ കുരിശുയുദ്ധം നടത്തുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലുള്ള മെഡിക്കൽ കോളേജിലാണ് കൂട്ട ശിശുഹത്യ നടന്നിരിക്കുന്നത്. പ്രഖ്യാപനം പ്രവൃത്തിയിലും കൂടി കാണേണ്ടിയിരിക്കുന്നു.പ്രാണവായു മുടങ്ങി ശിശുക്കൾ കൂട്ടത്തോടെ മരണമടഞ്ഞതിന് രണ്ടുദിവസം മുൻപാണ് മുഖ്യമന്ത്രി അവിടം സന്ദർശിച്ച് കാര്യങ്ങൾ നേരിൽ പരിശോധിച്ച് തൃപ്തിയടഞ്ഞതത്രെ. ഇത് അങ്ങേയറ്റം ലജ്ജാകരമാണ്.മസ്‌‌തിഷ്കജ്വരം പിടിപെട്ട കുട്ടികളെ പ്രവേശിപ്പിച്ചിരുന്ന മൂന്ന് വാർഡുകളിലെ ഒാക്സിജൻ വിതരണമാണ് മുടങ്ങിയത്. ഇതേ രോഗം ബാധിച്ച് അൻപതോളം കുട്ടികൾ നേരത്തെയും മരിച്ചിരുന്നു. എന്നാൽ ഒാക്സിജൻ കിട്ടാത്തതുകൊണ്ടുമാത്രം ഒറ്റയടിക്ക് മുപ്പത് കുട്ടികൾ മരണത്തിനിരയാകുന്നത് ആദ്യമാണ്. ശിശുഹത്യ ദേശീയ തലത്തിൽ വലിയ വാർത്തയായതോടെ വിശദീകരണവും ന്യായീകരണവുമൊക്കെയായി ആശുപത്രി അധികൃതരും ജില്ലാഭരണാധികാരികളും രംഗത്തുവന്നിട്ടുണ്ട്. ഒാക്സിജൻ കമ്പനിയുടെ കുടിശികയിൽ പകുതി നൽകിയിരുന്നുവെന്നും ഒാക്സിജൻ ക്ഷാമമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ വാദം. എന്നാൽ ഇക്കാര്യം നിഷേധിക്കുന്നതാണ് ഒാക്സിജൻ കമ്പനിയുടെ പ്രസ്താവന. കുട്ടികൾ കൂട്ടത്തോടെ മരിച്ചത് പ്രാണവായു ലഭിക്കാതിരുന്നതിനെത്തുടർന്നാണെന്ന യാഥാർത്ഥ്യം നിലനിൽക്കെ ഈ അവകാശ വാദങ്ങൾ അപ്രസക്തമാണെന്ന് കാണാം.
ഗോരഖ്പൂരിലായാലും രാജ്യത്ത് മറ്റെവിടെയായാലും സർക്കാർ ആശുപത്രികളിലെ പൊതുവായ സ്ഥിതി ഇതൊക്കെത്തന്നെയാണ്. ജനങ്ങളുടെ ജീവൻവച്ചുള്ള കളിയും വിലപേശലുമൊക്കെയാണ് അവിടെ നടക്കുന്നത്. പഞ്ചനക്ഷത്ര സൗകര്യത്തോടെ സമാന്തരമായി സ്വകാര്യ ആശുപത്രികളുള്ളതിനാൽ പണമുള്ളവർ സർക്കാർ ആശുപത്രികളെ ആശ്രയിക്കാൻ മടിക്കും. സമൂഹത്തിലെ ദരിദ്ര വിഭാഗങ്ങളും സാധാരണക്കാരും ഇടത്തരക്കാരുമാണ് ഇവിടങ്ങളിൽ കൂടുതലായി എത്തുന്നത്. ചികിത്സയും പരിചരണവുമൊക്കെ ഒൗദാര്യമെന്ന മട്ടിലാകാൻ പ്രധാനകാരണവും ഇതാണ്. വി.വി.ഐ.പികൾ നിസാര രോഗം പിടിപെട്ടാൽ പോലും രാജ്യത്തുതന്നെയുള്ള ഏറ്റവും മുന്തിയ സ്വകാര്യ ആശുപത്രിയിലോ അതല്ലെങ്കിൽ വിദേശത്തോ ആണുപോകാറുള്ളത്. സാധാരണക്കാരുടെ ആശ്രയമായ സർക്കാർ ആശുപത്രികളിലെ യഥാർത്ഥ അവസ്ഥ നേരിൽ അറിയാവുന്ന എത്ര ഭരണാധികാരികൾ കാണും ഇവിടെ? ഇത്തരക്കാരുടെ ചികിത്സയും നിർബന്ധമായി സർക്കാർ ആശുപത്രികളിൽത്തന്നെ വേണമെന്ന വ്യവസ്ഥ ഉണ്ടായാലേ കാര്യങ്ങൾ കുറച്ചെങ്കിലും നേരെയാവൂ.
വെന്റിലേറ്ററിന്റെ പേരിൽ ഇവിടെ ഈ അടുത്തദിവസം മുരുകൻ എന്ന ഒരു യുവാവ് ചികിത്സ ലഭിക്കാതെ ആംബുലൻസിൽ കിടന്നുതന്നെ അന്ത്യശ്വാസം വലിക്കേണ്ടയിവന്നു. ഡോക്ടർമാരുടെ അനാസ്ഥമൂലം എത്രയോ കുടുംബങ്ങൾ ഉറ്റവരെ നഷ്ടപ്പെട്ട ദുഃഖത്തിൽ കഴിയേണ്ടിവരുന്നു. പരിശോധനാ സൗകര്യങ്ങളുടെ കുറവുകാരണം ഗതിയില്ലാത്തവരും സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കാൻ നിർബന്ധിതരാകുന്നു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾ പോലും അത്യാധുനിക ഉപകരണങ്ങളിൽ പലതും ഇല്ലാതെ പ്രവർത്തിക്കേണ്ടിവരുന്നു. സമൂഹത്തെ ഞെട്ടിക്കുന്ന തരത്തിൽ സംഭവങ്ങൾ നടക്കുമ്പോൾ മാത്രമാണ് ഇതൊക്കെ പുറത്തുവരാറുള്ളത്.
ഗോരഖ്പൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ശിശുക്കളുടെ കൂട്ടമരണം രാജ്യത്തെ പൊതുജനാരോഗ്യ മേഖല മൊത്തത്തിൽ നേരിടുന്ന ആഴമേറിയ പ്രതിസന്ധിയുടെ ചെറിയൊരുവശം മാത്രമാണ് പുറത്തുകൊണ്ടുവരുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ