വിപണിയിൽ ഓണക്കൊള്ള;വിലക്കയറ്റം ആസൂത്രിതം
August 13, 2017, 12:20 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: ഓണസദ്യയ്‌ക്ക് ഇത്തവണ ചെലവേറും. ഓണം മുന്നിൽ കണ്ട് സകല സാധനങ്ങൾക്കും വിപണി നിയന്ത്രിക്കുന്ന ശക്തികൾ വില കയറ്റിത്തുടങ്ങി. അരിക്കും പച്ചക്കറിക്കും പഴത്തിനും പലവ്യഞ്ജനത്തിനുമെല്ലാം വില കുതിക്കുകയാണ്. ദക്ഷിണേന്ത്യയിൽ മിതമായ മഴ ലഭിച്ചതിനാൽ ഉദ്പാദനം വർദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ പച്ചക്കറിക്കും പലവ്യഞ്ജനത്തിനും വില കുറയേണ്ടതാണ്. എന്നാൽ സംസ്ഥാനത്തേക്ക് കയറ്റി അയയ്‌ക്കുന്ന എല്ലാറ്റിനും വില വർദ്ധിപ്പിക്കുകയാണ് വ്യാപാരികൾ. സർക്കാരാകട്ടെ, വിലക്കയറ്റം നിയന്ത്രിക്കാൻ ഒന്നും ചെയ്യുന്നുമില്ല.

കഴിഞ്ഞ മാസം കിലോഗ്രാമിന് 15 മുതൽ 17 രൂപ വരെയായിരുന്ന സവാളയുടെ വില ഒറ്റക്കുതിപ്പിന് 42 രൂപയിലെത്തി. ചെറിയ ഉള്ളിയുടെ വില നൂറിൽ നിന്ന് കുറഞ്ഞിട്ടില്ല. അരിക്ക് 35% വരെ വില കൂടി. ഓണം വാഴക്കൃഷി മോശമായതിനെ തുടർന്ന് തമിഴ്നാട്ടിൽ നിന്ന് വരുന്ന വാഴപ്പഴങ്ങൾക്കെല്ലാം വില കൂട്ടി. 50 മുതൽ 55 രൂപ വരെയായിരുന്ന ഏത്തന് ഇപ്പോൾ 65-70 രൂപയാണ്. ഓണം ആകുമ്പോഴേക്കും 75 കടക്കുമെന്നാണ് സൂചന. രസകദളിയുടെ വില 65ൽ നിന്ന് 85ലെത്തി. പാളയംതോടൻ 40ൽ നിന്ന് 50 ആയി.

കഴിഞ്ഞ ഒാണത്തിനും ഏത്തന് 70 രൂപയായിരുന്നു. അന്ന് ഉപ്പേരിക്കും, ചിപ്സിനും വില 300 മുതൽ 340 വരെയായിരുന്നു. ഉപ്പേരിക്കും ചിപ്സിനും ഇപ്പോൾ തന്നെ വില 350- 380 ആയി. ഓണമാകുമ്പോൾ 400 വരെ ഉയരും. എത്ര വില കൂട്ടിയാലും ഓണത്തിന് വിറ്റുപോകുമെന്ന ധാരണയാണ് ആസൂത്രിതമായ വിലക്കയറ്റത്തിനു പിന്നിൽ. ജി.എസ്.ടി വന്നപ്പോൾ നികുതിയിൽ നിന്നൊഴിവാക്കിയ പയർ വർഗങ്ങൾക്കുപോലും വില കുറഞ്ഞില്ല. പഞ്ചസാരയുടെ വില്പന നികുതി 10% ആയിരുന്നത് ജി.എസ്.ടിയിൽ 5% ആയി. എന്നിട്ടും വില കുറഞ്ഞില്ല. -- 41 രൂപ 44 ആയി. ഓണത്തിന് ഡിമാൻഡ് കൂടുന്ന ശർക്കരയ്‌ക്ക് 10 രൂപ കൂടി. കഴിഞ്ഞ ഓണത്തിന് 50 രൂപയായിരുന്നത് 60 ആയി.

അരി വില വർദ്ധന
അരി .....കഴിഞ്ഞവർഷം.... ഇപ്പോൾ
മട്ട--35.32-- 43.61
റോസരി-- 35.21-- 42.81
ചമ്പാവ്-- 34.00-- 41.50
ആന്ധ്രവെള്ള-- 31.92-- 38.32
ചമ്പാലവെള്ള-- 31.00--- 42.00
പാലക്കാടൻ ജയ--- 32.60-- 40.25

നാട്ടിൽ ഉത്പാദനം കുറഞ്ഞു
സംസ്ഥാനത്ത് പച്ചക്കറി ഉദ്പാദനം കുറ‌ഞ്ഞതാണ് വരവ് പച്ചക്കറിയുടെ വില കൂടാൻ കാരണം. കഴിഞ്ഞ ഓണത്തിന് മുമ്പ് പച്ചക്കറി ഉത്പാദനം കൂടിയതിനാൽ വില കാര്യമായി കൂടിയില്ല. പച്ചക്കറി കഴിഞ്ഞ വർഷം ഇപ്പോൾ
വഴുതന 30.36 രൂപ 39.14രൂപ
വെണ്ട 24.93 '' 44.16 ''
ബീൻസ് 36.64 '' 56.36 ''
അമരയ്ക്ക 30.85 '' 43.69''
വള്ളിപ്പയർ 44.29 '' 57.43 ''
അച്ചിങ്ങപ്പയർ 31.78 '' 46.89 ''
പാവയ്ക്ക 43.21 '' 52.29 ''
പടവലം 28.50 '' 42.43 ''
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ