ബ്ളൂ വെയിലിൽ തെന്നി ആത്മഹത്യയിൽ വീഴുമ്പോൾ
August 17, 2017, 12:48 am
എസ്.പ്രേംലാൽ
തിരുവനന്തപുരം: കുട്ടികളുടെ ബുദ്ധിയെ തകിടം മറിച്ച് സമനില തെറ്റിക്കുന്നതാണ് ബ്ളൂ വെയിൽ ഗെയിമെന്ന് മെഡിക്കൽ കോളേജ് മാനസികാരോഗ്യ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ രക്ഷിതാക്കളും അദ്ധ്യാപകരും മറ്റും ജാഗ്രത പുലർത്തണം.

എന്താണ് ബ്ളൂ വെയിൽ
2013ൽ റഷ്യയിലാണ് ഇതിന് തുടക്കം കുറിച്ചത്. മനഃശാസ്ത്രപഠനത്തിൽ നിന്നു പുറത്താക്കപ്പെട്ട ഒരു 22 കാരനാണ് ഇതിന്റെ സ്രഷ്ടാവ്. വളരെ വേഗത്തിൽ മറ്റ് രാജ്യങ്ങളിലേക്ക് ഈ ഗെയിം പടർന്ന് പിടിച്ചു. ഇതൊരു ഗെയിമോ, ആപ്പോ, വൈറസോ അല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പ്ളേ സ്റ്റോറിലോ മറ്റ് ആപ്പ് സ്റ്റോറുകളിലോ ഇത് കിട്ടില്ല. ഇന്റർനെറ്റിലും കണ്ടെത്താനാവില്ല. സോഷ്യൽ മീഡിയയിലൂടെയാണ് കുട്ടികളിലെത്തുന്നത്.

എങ്ങനെ അടിമയാകുന്നു
50 ദിവസം കൊണ്ട് ചെയ്ത് തീർക്കാവുന്ന 50 സ്റ്റേജുകളാണിതിൽ. ആദ്യ ദിവസങ്ങളിൽ അതിരാവിലെ 4.30ന് എഴുന്നേൽക്കാനും പിന്നീട് പ്രേതസിനിമകൾ കാണാനും ആവശ്യപ്പെടും. പാരപ്പറ്റിലൂടെ നടത്തിപ്പിക്കും. ഓരോന്ന് ചെയ്യുമ്പോഴും അതിന്റെ തെളിവുകൾ സമർപ്പിക്കണം. കൈയിലും രഹസ്യഭാഗങ്ങളിലും മുറുവേല്പിക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്യണം. എന്നാലേ അടുത്ത പ്രവേശനം കിട്ടുകയുള്ളൂ. ചാറ്റിനിടെ സീക്രട്ട് മിഷൻ, സീക്രട്ട് ചാറ്റിംഗ് തുടങ്ങിയ ടാസ്കുകളുമുണ്ട്. കുട്ടികളെ മരണത്തിലേക്ക് നയിക്കുന്നത് ഈ രഹസ്യ കൂടിക്കാഴ്ചകളാണ്.

കുട്ടികൾ എന്തിന് ആത്മഹത്യ ചെയ്യുന്നു?
ഒരിക്കൽ ഇതിൽ പെട്ടുപോയാൽ പിന്നെ തിരിച്ചുവരാനാവില്ല. ഭീഷണിപ്പെടുത്തി നിലനിറുത്തും. കുട്ടികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും ഉപയോഗിച്ച് ബ്ളാക്ക്മെയിൽ ചെയ്യും. ഇത് കുട്ടികളെ മാനസികമായി തളർത്തും. രഹസ്യങ്ങൾ രക്ഷിതാക്കൾ അറിയുമെന്ന ഭീതിയിലാണ് ആത്മഹത്യ ചെയ്യുന്നത്.

ഗെയിമിന്റെ മനഃശാസ്ത്രം
തലച്ചോറിൽ ഡോപ്മിൻ എന്ന രാസപദാർത്ഥമാണ് സന്തോഷമുണ്ടാക്കുന്നത്. സന്തോഷകരമാകുന്ന ഏത് കാര്യം ചെയ്താലും ഡോപ്മിന്റെ അളവ് കൂടും. ഈയൊരു സന്തോഷമാണ് ബ്ളൂ വെയിലിലൂടെ കിട്ടുന്നത്.

കുട്ടികൾ എങ്ങനെ വീഴുന്നു
ഗെയിം കളിച്ചാൽ ആത്മഹത്യയിൽ വീഴുമോ, എന്നാലൊന്ന് കാണണമല്ലോ എന്ന കുട്ടികളുടെ ചിന്തയാണ് ബ്ളൂ വെയിലിൽ കൊണ്ടെത്തിക്കുന്നത്. കുടുംബത്തിലെ സുരക്ഷിതമില്ലായ്മ, ഒറ്റപ്പെട്ട അവസ്ഥ, സാമൂഹിക ബന്ധങ്ങളുടെ കുറവ്, രക്ഷിതാക്കളുടെ സ്വരച്ചേർച്ചയില്ലായ്മ ഇതെല്ലാം കുട്ടികളെ ഇതിന് പിന്നാലെ പോകാൻ വഴിയൊരുക്കുന്നു. ഗെയിമിന്റെ 50 ദിവസത്തെ ഉറക്കമൊഴിച്ചിലിൽ കുട്ടികളുടെ മാനസിക നില തെറ്റുന്നു.

കൗൺസലിംഗ് വേണം
കുട്ടികളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത കണ്ടാൽ ഉടനേ മാനസികാരോഗ്യ വിദഗ്ദ്ധനെ കാണിക്കണമെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മാനസികാരോഗ്യ വിദഗ്ദ്ധനും ആർ.എം.ഒയുമായ ഡോ. മോഹൻറോയ് പറഞ്ഞു. മെഡിക്കൽ കോളേജിൽ ഇതിനുള്ള സൗകര്യമുണ്ട്. ആത്മഹത്യാ പ്രവണതയിലേക്ക് പോകുന്ന കുട്ടികളെ പൂർണമായും ചികിത്സിച്ച് ഭേദമാക്കാം.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ