Wednesday, 20 September 2017 8.00 PM IST
കെടുകാര്യസ്ഥതയുടെ പാരമ്യം
August 17, 2017, 2:00 am
സ്വാശ്രയ മെഡിക്കൽ പ്രവേശനം നേടുന്ന കുട്ടികളിൽ നിന്ന് 11 ലക്ഷം രൂപവരെ ഫീസ് ഈടാക്കാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവോടുകൂടി ഒരു കാര്യം അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമായി. കുബേരന്മാരുടെ മക്കൾ മാത്രം മെഡിസിൻ പഠിച്ചാൽ മതിയെന്ന സത്യമാണ് പരമോന്നത കോടതിയും ഉറക്കെ വിളിച്ചു പറഞ്ഞത്. ഈ ഉത്തരവിലെ അപ്രായോഗികതയും സാമാന്യനീതി നിഷേധവുമൊന്നും കോടതിയുടെ പരിഗണനയ്ക്കു വന്നില്ലെന്നുവേണം കരുതാൻ. ദാരിദ്ര്യത്തിനും ദാരിദ്ര്യരേഖയ്ക്കും ഒരു കുടുംബത്തിന്റെ നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വേണ്ട ഏറ്റവും കുറഞ്ഞ വരുമാനത്തിനുമെല്ലാം കൃത്യമായ വരമ്പുകൾ നിശ്ചയിച്ചിട്ടുള്ള രാജ്യത്താണ് വൈദ്യശാസ്ത്രപഠനത്തിനായി അഞ്ചു തലമുറ ശ്രമിച്ചാലും തീർക്കാനാവാത്ത ഋണഭാരം വരുത്തുന്ന നിലയിലുള്ള ഈ ഫീസ് നിർണയം. പലവട്ടം ചൂണ്ടിക്കാണിച്ചതുപോലെ ജനങ്ങളെ ഒന്നടങ്കം പമ്പരവിഡ്ഢികളാക്കുന്ന കപടനാടകമാണ് മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് ഇക്കുറിയും അരങ്ങേറുന്നത്. തീർന്നിട്ടില്ല ഹൈക്കോടതിയുടെയും സുപ്രീം കോടതിയുടെയും അന്തിമ വിധി ഇനിയും വരാനിരിക്കുന്നതേയുള്ളൂ. ആഗസ്റ്റ് 31 ന് മുമ്പ് പ്രവേശന നടപടികൾ പൂർത്തീകരിക്കാനുള്ള യത്നം എന്തായാലും ഉപേക്ഷിക്കേണ്ടിവരുമെന്നും തീർച്ചയായി. കെടുകാര്യസ്ഥതയുടെ പാരമ്യമാണ് കാണാനാവുന്നത്.
സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും സാമാന്യം സമ്പത്തുള്ളവരുടെയും മക്കൾ സ്വാശ്രയമെഡിക്കൽ കോളേജുകളിൽ മേലിൽ എത്തിനോക്കുകപോലും വേണ്ടെന്ന സ്ഥിതിയാണ് സർക്കാരും കോളേജ് മാനേജ്മെന്റുകളും നീതിപീഠങ്ങളുമെല്ലാം ചേ‌ർന്ന് ഉണ്ടാക്കിവച്ചിരിക്കുന്നത്. ഇത്തരത്തിലൊരു ഗതികെട്ട സ്ഥിതിവിശേഷം സൃഷ്ടിച്ചതിൽ സർക്കാരിന്റെ പങ്ക് നിസാരമൊന്നുമല്ല.യഥാകാലം തീരുമാനങ്ങളെടുത്ത് നടപ്പാക്കുന്നതിൽ കാണിച്ച അനവധാനതയാണ് ഒരർത്ഥത്തിൽ സമർത്ഥരായ അനവധി കുട്ടികളുടെ മെഡിക്കൽ പഠന സ്വപ്നം തകർത്തത്. ഏപ്രിൽ അവസാന വാരം 'നീറ്റ്' പരീക്ഷ നടന്നതിനൊപ്പം സ്വകാര്യകോളേജുകളിലെ ഫീസ് ഘടനയും അതുപോലുള്ള മറ്റുകാര്യങ്ങളും തീരുമാനിക്കേണ്ടതായിരുന്നു. പരീക്ഷ ഫലമിറങ്ങി ദിവസങ്ങൾ കഴിഞ്ഞാണ് അതിനുള്ള ആലോചനതുടങ്ങിയത്. നിശ്ചയിക്കപ്പെട്ട കൃത്യമായ ഷെഡ്യൂൾ പ്രകാരമാണ് രാജ്യത്താകമാനം മെ‌ഡിക്കൽ പ്രവേശനം നടക്കാറുള്ളത്. ഇതൊക്കെ ഇവിടെ പ്രവേശന കമ്മീഷണർക്കും ആരോഗ്യവകുപ്പിനും ആരോഗ്യ സർവകലാശാലയ്ക്കുമൊക്കെ നന്നായി അറിയുകയും ചെയ്യാം. മുൻവർഷങ്ങളിലെ തിക്താനുഭവങ്ങൾ മുന്നിലുണ്ടുതാനും. എന്നിട്ടും കോളേജുകളുമായി കാലേക്കൂട്ടി ചർച്ചനടത്തി സ്വീകാര്യമായ കരാറിലേർപ്പെടാൻ സർക്കാരിനു സാധിച്ചില്ല. മേൽനോട്ടസമിതി നിശ്ചയിച്ച ഫീസ് ഘടന തന്നെ പലവട്ടം തിരുത്തേണ്ടിവന്നു. സർക്കാർ നിശ്ചയിച്ച അഞ്ചുലക്ഷം രൂപഫീസ് അംഗീകരിക്കാൻ നാലു ക്രിസ്ത്യൻ മെഡിക്കൽ കോളേജുകൾ തയ്യാറായപ്പോൾ മറ്റു മൂന്നു കോളേജുകളുമായി മറ്റൊരു ഫീസ് ഘടനയ്ക്ക് സർക്കാർ സമ്മതം മൂളി. ഇതിനിടെ ഫീസിനു പുറമെ 11 ലക്ഷത്തിന്റെ പലിശയില്ലാനിക്ഷേപവും 44 ലക്ഷത്തിന്റെ ബാങ്ക് ഗ്യാരണ്ടിയും വേണമെന്നായി കരാർ ഒപ്പിട്ട മൂന്നു കോളേജുകൾ. ഇത് ഹൈക്കോടതി പിന്നീട് സ്റ്റേ ചെയ്തുവെന്നത് വേറെ കാര്യം. ഇത്തരത്തിൽ ഫീസ് സംബന്ധിച്ച് സർവ്വത്ര ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടയിലാണ് 11 ലക്ഷം വരെ ഫീസ് വാങ്ങാമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. അടുത്ത ആഴ്ച ഫീസ് പ്രശ്നത്തിൽ ഹൈക്കോടതിയുടെ അന്തിമതീർപ്പ് പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ അഞ്ചു ലക്ഷം ഫീസ് മുടക്കി പഠിക്കാൻ തയ്യാറെടുത്തുനിന്നവരും നിരാശരായി പിൻവാങ്ങേണ്ടി വരുന്ന സാഹചര്യമാണ് വരാൻ പോകുന്നത്.
രാജ്യമൊട്ടാകെ ബാധകമായ ഏകീകൃത മെഡിക്കൽ പ്രവേശനം സാദ്ധ്യമായതോടെ ഈ രംഗത്ത് വർഷങ്ങളായി തുടരുന്ന അനാശാസ്യ പ്രവണതകൾക്കും ശമനമുണ്ടാകുമെന്ന പ്രതീക്ഷ തകിടം മറിഞ്ഞിരിക്കുകയാണ്. സർക്കാർ മെ‌ഡിക്കൽ കോളേജുകളിലെ നിശ്ചിതഎണ്ണം സീറ്റ് കഴിഞ്ഞാൽ സ്വകാര്യമെഡിക്കൽ കോളേജുകളാണ് ശരണം. പ്രവേശനം മെരിറ്റടിസ്ഥാനത്തിൽ മാത്രമേ ആകാവൂ എന്നു ശഠിച്ചാൽ പോലുംഉയർന്ന റാങ്കു നേടിയവരുടെ പക്കൽ കോളേജുകൾ ആവശ്യപ്പെടുന്നവിധം ഫീസ് നൽകാൻ പണമില്ലെങ്കിൽ മാറി നിൽക്കേണ്ടിവരും. റാങ്ക് പട്ടികയിൽ ഏറെ പിന്നിലാണെങ്കിലും കാശ് മുടക്കാൻകഴിവുള്ളവർ ആ അവസരം പ്രയോജനപ്പെടുത്തുകയും ചെയ്യും. സർക്കാരും നീതി പീഠങ്ങളും കോളേജ്മാനേജ്മെന്റുകളും സൗകര്യം പോലെ മറന്ന മറ്റൊരു കാര്യമുണ്ട്. ആരംഭകാലത്ത് ഈ കോളേജുകൾ എങ്ങനെയാണ് നടന്നുകൊണ്ടിരുന്നത്? സാമാന്യബുദ്ധിക്കുനിരക്കാത്ത നിലയിൽ ഫീസ് ചുമത്തിയായിരുന്നില്ല അവ പ്രവർത്തിച്ചിരുന്നത്. 11 ലക്ഷവും 15 ലക്ഷവും ഇരുപത് ലക്ഷവുമൊക്കെ ഫീസ് വാങ്ങാതെ പഠിപ്പിക്കാനാവില്ലെന്ന് ഇപ്പോൾ ശഠിക്കുന്നവർ കച്ചവടതാത്പര്യം മാത്രമാണ് പുറത്തെടുക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസം ഇത്തരത്തിൽ കച്ചവടക്കാർക്ക് തീറെഴുതിയതിലൂടെ സംസ്ഥാനത്തെ ആരോഗ്യമേഖല ഭാവിയിൽ വലിയ ഭീഷണികൾ നേരിടേണ്ടിവരുമെന്ന് തീർച്ചയാണ്. സ്കൂൾ- കലാലയ വിദ്യാഭ്യാസം നേരിടുന്ന നിലവാരത്തകർച്ചപോലെ ഒരു ദുരന്തത്തിലേക്കായിരിക്കും വൈദ്യവിദ്യാഭ്യാസവും എത്താൻ പോകുന്നത്. അരക്കോടിയുടെയും ഒരു കോടിയുടെയും ‌ഡോക്ടർമാരെ തലയിലേറ്റാനുള്ള ദുർഗ്ഗതിയാണ് ജനങ്ങൾക്കുണ്ടാകാൻ പോകുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ