Wednesday, 20 September 2017 7.43 AM IST
ബോർഡ് മാറ്റത്തിൽ ഒതുങ്ങരുത്
August 15, 2017, 2:00 am
കൊല്ലവർഷപ്പിറവിയിൽ തിരുവനന്തപുരം ജില്ലയിലെ 16 പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുകയാണ്. ഇടതുമുന്നണി സർക്കാരിന്റെ നാല് മുഖ്യജനക്ഷേമ പദ്ധതികളിലൊന്നായ 'ആർദ്രം' പദ്ധതിയുടെ ഭാഗമായിട്ടാണ് ഇത്. ആരോഗ്യമേഖലയിൽ രാജ്യത്ത് ഏറെ പുരോഗതി നേടിയ സംസ്ഥാനമാണ് കേരളം. ഉയർന്ന സാക്ഷരതയും വിദ്യാഭ്യാസ നിലവാരവും നേടിയിട്ടുള്ള മലയാളികൾ ആരോഗ്യ കാൂ്യങ്ങളിൽ അതീവ ശ്രദ്ധാലുക്കളുമാണ്. നേട്ടങ്ങൾ ഏറെയുണ്ടെങ്കിലും സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഇപ്പോഴും പ്രശ്നസങ്കീർണമാണെന്ന് പറയാം. ആശുപത്രി സൗകര്യങ്ങൾ ഇനിയും വേണ്ടതോതിൽ വികസിച്ചിട്ടില്ല. ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും ചികിത്സ ഉപകരണങ്ങളുടെയും കുറവ് വലിയ തോതിൽത്തന്നെ ഉണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജ് വരെ ഈ കുറവുകളുമായാണ് പ്രവർത്തിക്കുന്നത്. ജലദോഷം മുതൽ മാരക രോഗം പിടിപ്പെട്ടവർവരെ ചികിത്സ തേടി കഴിവതും വലിയ ആശുപത്രികളിൽത്തന്നെ പോകാൻ താത്പര്യപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ മെഡിക്കൽ കോളേജ് ആശുപത്രികൾ പോലും ജനസമുദ്രമാണ് എപ്പോഴും. തിരക്ക് ഒഴിവാക്കാനും വിദഗ്ദ്ധ ചികിത്സ ആവശ്യമായിവരുന്നവർക്ക് ഏറ്റവും മെച്ചപ്പെട്ട നിലയിൽ അത് നൽകാനും ഉദ്ദേശിച്ചാണ് റഫറൽ സമ്പ്രദായം കൊണ്ടുവന്നത്. എന്നാൽ ഉദ്ദേശിച്ച വിധം അത് ഫലപ്രദമായെന്ന് പറയാനാവില്ല.
ആളുകൾക്ക് സ്ഥിരമായി ആശ്രയിക്കാൻ പറ്റുന്നവിധം താഴേതട്ടിലുള്ള ചികിത്സാകേന്ദ്രങ്ങൾ വികസിപ്പിക്കാൻ കഴിഞ്ഞാൽ മുകൾതട്ടിലുള്ള ആശുപത്രികളിലെ അനിയന്ത്രിതമായ തിക്കും തിരക്കും നല്ല അളവിൽ നിയന്ത്രിക്കാൻ കഴിയും. ചികിത്സാസൗകര്യങ്ങൾ വിപുലമല്ലാത്ത കാലത്തും ഇവിടെ നാട്ടിൻപുറങ്ങളിൽ കുടുംബ ഡോക്ടർ എന്ന സങ്കല്പം നിലവിലുണ്ടായിരുന്നു. ഏതു രോഗം പിടിപെട്ടാലും ആദ്യം ഒാടിയെത്തുക ഈ ഡോക്ടറുടെ അടുത്തായിരിക്കും. കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും രോഗ ചരിത്രം അറിയുന്നയാളായിരിക്കും ഈ ഡോക്ടർ. കൂടുതൽ വിദഗ്ദ്ധ ചികിത്സ വേണമെന്നു നിർദ്ദേശം നൽകുന്നതും അതിന് വഴികാട്ടിയാകുന്നതും കുടുംബ ഡോക്ടർതന്നെയാകും. ആർദ്രം പദ്ധതിക്കുകീഴിൽ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ മുഴുവൻ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയെടുക്കാനാണ് ആരോഗ്യവകുപ്പിന്റെ പരിപാടി. ഘട്ടംഘട്ടമായാണ് അത് നടപ്പാക്കുക. തിരുവനന്തപുരം ജില്ലയിലെ 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ഇത്തരത്തിൽ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമ്പോൾ ചുറ്റുവട്ടത്തുള്ള ജനങ്ങൾക്ക് ഇപ്പോഴുള്ളതിനെക്കാൾ കൂടുതൽ ചികിത്സ സൗകര്യങ്ങൾ ലഭിക്കും. കൂടുതൽ ഡോക്ടർമാരും ലാബ് സൗകര്യവും എത്തുന്നതോടെ രോഗനിർണയവും ചികിത്സയും എളുപ്പമാകും.
കേൾക്കാൻ കൊള്ളാവുന്ന പേര് നൽകി ബോർഡ് മാത്രം മാറ്റിസ്ഥാപിക്കലാകരുത് പുതിയ പദ്ധതി താലൂക്ക് ജില്ലാ ആശുപത്രികൾപോലും വേണ്ടത്ര ഡോക്ടർമാരും മറ്റു ജീവനക്കാരും ലാബ് സൗകര്യവും ഇല്ലാതെ ബുദ്ധിമുട്ടുകയാണെന്ന യാഥാർത്ഥ്യം കണക്കിലെടുക്കേണ്ടതുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം രാവിലെ 9 മുതൽ വൈകിട്ട് 6 വരെ എന്നാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. രണ്ട് ഡോക്ടർമാരുടെയെങ്കിലും സേവനം അനിവാര്യമാണ്. പല പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇപ്പോൾ ലാബ് സൗകര്യമില്ല. അതിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങളെല്ലാം പൂർണമായും ഉറപ്പാക്കിയശേഷമേ ഇറങ്ങാവൂ. കുടുംബാരോഗ്യകേന്ദ്രങ്ങളിലെത്തുന്ന രോഗികളുടെ വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്യാനും ഉദ്ദേശിക്കുന്നുണ്ട്. നല്ല കാര്യമാണത്. മറ്റു ആശുപത്രികളിൽ തുടർ ചികിത്സ ആവശ്യമായി വരുന്നവരുടെ വിവരങ്ങൾ എളുപ്പം ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കും. കൈയെത്തും ദൂരത്ത് ചികിത്സ ലഭ്യമാകുമെന്നു വന്നാൽ ആശുപത്രികൾ തേടിയു്ള പരക്കംപാച്ചിൽ ഒരുപരിധിവരെ കുറയ്ക്കാനാകും. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനമികവിനെ ആശ്രയിച്ചാണ് ഈ പദ്ധതിയുടെ വിജയം. പ്രവൃത്തിസമയം മുഴുവൻ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുകയും വേണം. പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ പലതും ഡോക്ടറുടെ വരവും നോക്കി മണിക്കൂർ മാത്രമല്ല ചിലപ്പോൾ ദിവസങ്ങൾതന്നെ കാത്തിരിക്കേണ്ട അവസ്ഥ ഉണ്ട്. പ്രവൃത്തി സമയം കൂടുന്നതിനനുസരിച്ച് മറ്റു ജീവനക്കാരും കൂടുതൽ വേണ്ടിവരും.
പൊതുജനാരോഗ്യമേഖല നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെയാണ് പുതിയ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്ന ആക്ഷേപവുമായി ഡോക്ടർമാരുടെ സംഘടന രംഗത്ത് വന്നിട്ടുണ്ട്. ആശുപത്രികളിൽ പോലും ഡോക്ടർമാരുടെ കുറവുനേരിടുമ്പോൾ കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ ഡോക്ടർമാരെ എവിടെനിന്ന് കൊണ്ടുവരുമെന്നാണ് സംഘടനയുടെ ചോദ്യം. എന്തെങ്കിലും വഴി കാണാതെ ഇത്തരത്തിലൊരു സംരംഭവുമായി സർക്കാർ ഇറങ്ങുകയില്ലല്ലോ. ഇത്തരം കാര്യങ്ങൾ സർക്കാരിന് വിട്ടുകൊടുത്ത് പദ്ധതി എങ്ങനെ വിജയിപ്പിക്കാമെന്നാണ് ഡോക്ടർമാർ നോക്കേണ്ടത്. ഏത് പുതിയ തീരുമാനത്തെയും എതിർക്കുക എന്ന മനോഭാവം ശരിയല്ല. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാനുള്ള ബാദ്ധ്യത സർക്കാരിന്റേതാണ്. അതിന്റെ പേരിൽ പ്രതിഷേധിക്കാനും നിസഹരിക്കാനും മുതിരുന്നത് നല്ല സമീപനമല്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ