Wednesday, 20 September 2017 7.43 AM IST
പൊലിയുമോ ലൈറ്റ് മെട്രോ സ്വപ്നം?
August 19, 2017, 2:00 am
വേണ്ട സമയത്ത് വേണ്ട തീരുമാനമെടുക്കുന്നതിൽ വരുത്തുന്ന കാലതാമസം എത്രമാത്രം വിനയാകുമെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായി മാറാൻ പോവുകയാണ് തിരുവനന്തപുരത്തിന്റെയും കോഴിക്കോടിന്റെയും സ്വപ്നമായ ലൈറ്റ് മെട്രോ പദ്ധതി. കേന്ദ്ര സർക്കാർ രണ്ടുദിവസം മുൻപ് പുറത്തുവിട്ട പുതിയ മെട്രോ നയം വച്ചുനോക്കിയാൽ സംസ്ഥാനത്തിന്റെ ലൈറ്റ് മെട്രോ പദ്ധതികൾക്ക് അനുവാദം ലഭിക്കാൻ ദുസ്സാദ്ധ്യ കടമ്പകൾ തന്നെ കടക്കേണ്ടി വരും. പൊതു-സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാനും ഒരു മെട്രോ പദ്ധതിക്കും അനുമതി നൽകേണ്ടതില്ലെന്നാണ് തീരുമാനം. അഥവാ അനുമതി നൽകിയാൽത്തന്നെ പദ്ധതിക്കാവശ്യമായ പണം ബന്ധപ്പെട്ട സംസ്ഥാനം സ്വയം കണ്ടെത്തേണ്ടി വരും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കാൻ 6728 കോടി രൂപയുടെ ചെലവാണ് കണക്കാക്കിയിരുന്നത്. പുതിയ നിയമമനുസരിച്ച് സ്വകാര്യ പങ്കാളികളെ കണ്ടെത്തേണ്ടത് സംസ്ഥാന സർക്കാരാണ്. ഇതിനു തയ്യാറായാൽ മാത്രമേ അനുമതിയും കേന്ദ്ര വിഹിതവും ലഭിക്കുകയുള്ളൂ. പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ ഇപ്പോഴത്തെ സർക്കാരിന്റെ നയം അനുകൂലമല്ലാത്തതിനാൽ ശുഭപ്രതീക്ഷയ്ക്ക് ഇന്നത്തെ നിലയിൽ വക കാണുന്നില്ല. വർഷങ്ങളായി പറഞ്ഞു മോഹിപ്പിച്ചു കൊണ്ടിരുന്ന ലൈറ്റശ്ശ് മെട്രോ കടലാസിൽത്തന്നെ ഒതുങ്ങുമോ എന്നാണ് ആശങ്ക.
രണ്ടു നഗരങ്ങളിലെയും ലൈറ്റ് മെട്രോയുടെ വിശദമായ പദ്ധതി രേഖ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിട്ട് രണ്ടുവർഷത്തിലധികമായി. സർക്കാരിന്റെ മെല്ലെപ്പോക്കു നയം കാരണം പദ്ധതിയുടെ കാര്യത്തിൽ ഒരിഞ്ചു മുന്നോട്ടു പോകാനായിട്ടില്ല. സുപ്രധാനമായ സ്ഥലമെടുപ്പും നടന്നില്ല. ലൈറ്റ് മെട്രോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് പള്ളിപ്പുറം മുതലുള്ള റോഡ് വികസനവും നടന്നില്ല. രണ്ടു പ്രധാന മേൽപ്പാലങ്ങൾക്ക് രൂപരേഖയായെങ്കിലും അതിന്റെ പ്രവർത്തനവും ത്രിശങ്കുവിൽ തന്നെയാണ്. കേന്ദ്രാനുമതി പ്രതീക്ഷിച്ച് ലൈറ്റ് മെട്രോക്കാവശ്യമായ കോച്ചുകൾ വാങ്ങാനുള്ള കരാറിനെക്കുറിച്ച് ഇടക്കാലത്ത് ധാരാളം കേട്ടിരുന്നു. അക്കാര്യത്തിലും പുരോഗതിയൊന്നുമുണ്ടായില്ല. ഇപ്പോൾ പുതിയ മെട്രോ നയത്തിന്റെ വെളിച്ചത്തിൽ ഇമ്മാതിരി ഒരുക്കങ്ങൾക്കും പ്രസക്തി കുറഞ്ഞിരിക്കുകയാണ്. ഒരു പതിറ്റാണ്ടോളമായി ലൈറ്റ് മെട്രോയെക്കുറിച്ച് കേൾക്കാൻ തുടങ്ങിയിട്ട്. ഇതിനിടെ രണ്ടു തവണ ഭരണംമാറിമാറി വന്നു. പദ്ധതി പ്രാവർത്തികമാക്കാനാവശ്യമായ അടിസ്ഥാന കാര്യങ്ങളൊന്നും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നു മാത്രം.
കേന്ദ്രത്തിന്റെ മെട്രോ നയം കൊച്ചി മെട്രോയുടെ മൂന്നാംഘട്ട വികസനത്തെയും പ്രതികൂലമായി ബാധിക്കുമോ എന്ന ശങ്ക ഉയർന്നിട്ടുണ്ട്. സംസ്ഥാനം നിരന്തരം സമ്മർദ്ദം ചെലുത്തിയതിന്റെ ഫലമായിട്ടാണ് പൊതുമേഖലയിൽത്തന്നെ കൊച്ചി മെട്രോ പദ്ധതി തുടങ്ങാനായത്. നയം മാറിയ സ്ഥിതിക്ക് തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും ലൈറ്റ് മെട്രോക്കാവശ്യമായ ഫണ്ട് കണ്ടെത്താൻ സ്വകാര്യ നിക്ഷേപത്തെയും ആശ്രയിക്കേണ്ടിവരും. സ്വകാര്യ നിക്ഷേപവും വർദ്ധിച്ച തോതിലുള്ള പങ്കാളിത്തവും പണ്ടേപ്പോലെ അപകടകാരിയായ ആശയമൊന്നുമല്ല. കേന്ദ്രവും നിരവധി സംസ്ഥാനങ്ങളും ഈ മാർഗത്തിലൂടെ അസൂയാവഹമായ നേട്ടങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതായി കാണാം. കേരളത്തിൽത്തന്നെ രാഷ്ട്രത്തിനു മാതൃകയായ കൊച്ചിയിലെ അന്താരാഷ്ട്ര വിമാനത്താവളം ഉദാഹരണമാണ്. രാജ്യത്തെ ഒട്ടെല്ലാ പ്രധാന വിമാനത്താവളങ്ങളും സ്വകാര്യ നിക്ഷേപത്തിന്റെ ബലത്തിലാണ് ഇന്ന് നല്ല നിലയിൽ പ്രവർത്തിക്കുന്നത്. പ്രതിരോധ രംഗത്തുപോലും വർദ്ധിച്ച തോതിലുള്ള സ്വകാര്യ നിക്ഷേപം യാഥാർത്ഥ്യമായിക്കഴിഞ്ഞു. മാറുന്ന കാലത്തിനനുസൃതമായി സാമ്പത്തിക നയങ്ങളിലും മാറ്റം വരിക സ്വാഭാവികമാണ്. കാൽനൂറ്റാണ്ടിലധികമായി കാത്തുകാത്തിരുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കാനും സ്വകാര്യ പങ്കാളിത്തമാണ് സഹായിച്ചത്.
റോഡുകളിൽ പൊലിയുന്ന മനുഷ്യ ജീവനുകളുടെയും ശ്വാസംമുട്ടിക്കുന്ന വാഹനത്തിരക്കിന്റെയും കഥയാലോചിച്ചാൽ വലിയ നഗരങ്ങളിൽ എന്തുവില കൊടുത്തും പുതിയ യാത്രാമാർഗങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമാകും. അക്കാര്യം പരിഗണിക്കുമ്പോൾ കേന്ദ്രത്തിന്റെ പുതിയ മെട്രോ നയം ജനതാത്പര്യത്തിന് എതിരാണെന്നും തോന്നാം. സുഗമവും അപകടരഹിതവുമായ യാത്രാമാർഗങ്ങൾ കൊണ്ടുവരാൻ സർക്കാർ ബാദ്ധ്യസ്ഥവുമാണ്. കേന്ദ്രത്തിന്റെ പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി ലൈറ്റ് മെട്രോ പദ്ധതികളെ പാളത്തിലാക്കാനാവുമോ എന്നാണ് സംസ്ഥാന സർക്കാർ പരിശോധിക്കേണ്ടത്. രാജ്യത്തെ പന്ത്രണ്ടു നഗരങ്ങളിലായി 537 കിലോമീറ്ററിൽ മെട്രോ നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. പതിമൂന്നു നഗരങ്ങളിൽ 600 കിലോമീറ്റർ വരുന്ന പദ്ധതികൾ കേന്ദ്രാനുമതി കാത്തുകിടപ്പുണ്ട്. മാനദണ്ഡങ്ങളിൽ വന്ന മാറ്റമനുസരിച്ച് സ്വകാര്യ പങ്കാളിത്തം കൂടി ഉറപ്പാക്കിയില്ലെങ്കിൽ അവയിൽ പലരും ഉപേക്ഷിക്കേണ്ടിവരും. തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും പദ്ധതികൾ അതിൽ ഉൾപ്പെടാതിരിക്കട്ടെ എന്നും പ്രാർത്ഥിക്കാം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ