അച്ചടിവകുപ്പിന് അഭ്യസ്‌തവിദ്യരെ വേണ്ട
August 21, 2017, 3:00 am
ആർ. സ്‌മിതാദേവി
 
തിരുവനന്തപുരം: പ്രിന്റിംഗ് ടെക്‌നോളജിയിലെ അഭ്യസ്‌തവിദ്യരെ തഴഞ്ഞ് ഗവൺമെന്റ് പ്രസ്സുകൾ ഉയർന്ന തസ്‌തികകളിൽ സ്വീപ്പർമാരെ തിരുകിക്കയറ്റുന്നതായി ആക്ഷേപം.
എൻജിനീയറിംഗ്, ഡിപ്ളോമ, വൊക്കേഷണൽ ഹയർ സെക്കൻഡറി എന്നീ യോഗ്യതയുള്ളവരാണ് ഗവൺമെന്റ് പ്രസ്സുകളിൽ നിയമനം മോഹിച്ച് കഴിയുന്നത്. എന്നാൽ, പി.എസ്.സി നടത്തുന്ന ലാസ്‌റ്റ് ഗ്രേഡ് പരീക്ഷയിലൂടെ സർക്കാർ പ്രസ്സിൽ പ്രവേശിക്കുന്നവരാണ് മദ്രാസ് ഗവൺമെന്റ് ടെക്‌നിക്കൽ എക്സാമിനേഷൻ സർട്ടിഫിക്കറ്റ് എന്ന തട്ടിക്കൂട്ട് സംവിധാനത്തിലൂടെ ഉയർന്ന തസ്‌തികകളിൽ നിയമനം നേടുന്നത്. എല്ലാ വകുപ്പുകളിലും ലാസ്‌റ്റ് ഗ്രേഡ് ജീവനക്കാർക്ക് ക്ളറിക്കൽ വിഭാഗത്തിലേക്കുള്ള സംവരണം 10 ശതമാനമാണ്. എന്നാൽ ഗവൺമെന്റ് പ്രസ്സിൽ ഇത് 50 ശതമാനമാണ്. അതും പ്രായോഗിക പരിജ്ഞാനത്തിന് ഏറെ പ്രാധാന്യമുള്ള സാങ്കേതിക വിഭാഗത്തിൽ!

ഒരു വിചിത്ര നിയമനം:
അച്ചടി വകുപ്പിൽ ആധുനികവത്‌കരണത്തെ തുടർന്ന് രണ്ടാംഗ്രേഡ് പ്രിന്റർ തസ്‌തിക ഒഴിവാക്കി എന്നാണ്
171902017ഇ4ഡി.പി. എന്ന ഉത്തരവിൽ പറയുന്നത് . ഇതനുസരിച്ച് തിരുവനന്തപുരത്തെ വിവിധ പ്രസ്സുകളിൽ ലാസ്‌റ്റ് ഗ്രേഡ് വിഭാഗത്തിൽ ജോലി ചെയ്യുന്ന 12 പേരെയാണ് ഒന്നാം ഗ്രേഡ് തസ്‌തികയിൽ നിയമിച്ചത്!
നിലവിൽ സർക്കാർ പ്രസ്സുകളിലെ ആധുനിക അച്ചടി യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നത് ഓഫ്‌സെറ്റ് ഓപ്പറേറ്റർ തസ്തികയിലുള്ളവരും ഓഫ്‌സെറ്റ് മെഷീനിൽ പരിശീലനം ലഭിച്ചിട്ടുള്ള പ്രിന്റർ ഗ്രേഡ് 1 തസ്‌തികയിലുള്ളവരും ആണ്. ഇവർക്കിടയിലേക്കാണ് ഓഫ്‌സെറ്റ് മെഷീൻ സാങ്കേതികത എന്തെന്നു പോലുമറിയാത്ത 12 പേർ നിയമനം നേടിയത്. ഇവരുടെ യോഗ്യതയായ എം.ജി.ടി.ഇ യിൽ ഓഫ്‌സെറ്റ് ടെക്‌നോളജി ഇല്ല. നൂറ് കണക്കിന് അഭ്യസ്‌ത വിദ്യർ പുറത്ത് നില്ക്കുമ്പോഴാണ് ഈ അഭ്യാസം എന്നോർക്കണം.

അഭ്യസ്‌ത വിദ്യർ എവിടെ നിന്ന് ?

കാലിക്കറ്റ് സർവകലാശാല ഉൾപ്പടെയുള്ള സ്‌ഥാപനങ്ങളിൽ പ്രിന്റിംഗ് ടെക്നോളജിയിൽ എൻജിനീയറിംഗ് ബിരുദ കോഴ്‌സുകളുണ്ട്. പ്രിന്റിംഗിൽ വി.എച്ച്.എസ്.സി കോഴ്‌സുകൾ, ഷൊർണൂർ ഗവൺമെന്റ് പോളിടെക്‌നിക് നടത്തുന്ന ഡിപ്ളോമ കോഴ്‌സ് എന്നിവയെല്ലാം പ്രായോഗിക പരിജ്ഞാനം ലഭിക്കുന്ന കോഴ്‌സുകളാണ്.

എം.ജി.ടി.ഇ കോഴ്‌സ്
ഒരു ഡിപ്പാർട്ട്‌മെന്റിലും അന്യസംസ്‌ഥാനത്തിന്റെ സർട്ടിഫിക്കറ്റ് കോഴ്‌സ് പരിഗണിക്കാതിരിക്കെ ഗവൺമെന്റ് പ്രസിലെ ജോലിക്ക് തമിഴ്‌ നാട് സർക്കാരിന്റെ എം.ജി.ടി.ഇ കോഴ്‌സ് നിശ്‌ചിത യോഗ്യതയാണ്. ഇതിന്റെ സിലബസാകട്ടെ കല്ലച്ച് നിരത്തുന്ന കാലത്തുള്ളതും! ലാസ്‌റ്റ് ഗ്രേഡ് പോസ്‌റ്റിംഗ് കിട്ടുന്ന ഉദ്യോഗസ്‌ഥർ ട്രേ‌ഡ് യൂണിയനുകളുടെ സഹായത്തോടെ പരീക്ഷ പാസാകുന്നുണ്ട്. പണം നൽകിയുള്ള ഇടപാടാണിതെന്നും ആക്ഷേപമുണ്ട്.

crr.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ