Wednesday, 20 September 2017 7.58 PM IST
വീട്ടിടങ്ങളിൽ കൂടുതൽ സ്നേഹം നിറയട്ടെ
August 18, 2017, 2:00 am
ഇന്റർനെറ്റിലെ മരണക്കളിയായ ബ്ളൂ വെയിൽ ലിങ്കുകൾ ഉടനടി നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ സാമൂഹ്യ മാദ്ധ്യമങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്. നൽകിയിരിക്കുകയാണ്. മൊബൈലുകളിലും കമ്പ്യൂട്ടറുകളിലും ഇവ സൂക്ഷിച്ചിട്ടുള്ളവരും അത് നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തലതിരിഞ്ഞുപോയ ഒരു റഷ്യൻ യുവാവ് മൂന്നുവർഷംമുൻപ് കണ്ടുപിടിച്ച ഈ മരണക്കളി ലോകവ്യാപകമായി ഇതിനകം അനേകം കൗമാരക്കാരുടെയും യുവാക്കളുടെയും ജീവൻ കവർന്നെടുത്തുകഴിഞ്ഞു. നമ്മുടെ രാജ്യത്തും കൗമാരക്കാർ ഈ അപകടകരമായ കളിയുടെ ആകർഷണ വലയിൽ പെടാൻ തുടങ്ങിയെന്നു കണ്ടപ്പോഴാണ് കേന്ദ്രം പ്രശ്നത്തിൽ ഇടപെട്ടിരിക്കുന്നത്. മൊബൈൽ ഉപയോഗത്തിലും അതിന്റെ അതിരുകളില്ലാത്ത സ്വാധീനത്തിലും അത്യധികം ഭ്രമിച്ചുപോയ മലയാളികളിലും ബ്ളൂവെയിലിന് അടിമകളായി മാറിയവർ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. കണ്ണൂരിലെ കൊളശേരിയിൽ ഇക്കഴിഞ്ഞ മേയ് 16 നും തിരുവനന്തപുരത്ത് വിളപ്പിൽശാലയിൽ ഇക്കഴിഞ്ഞ മാസം 16 നും ആത്മഹത്യ ചെയ്ത കൗമാരക്കാർ ഈ കൊലയാളി ഗെയിമിന്റെ ഇരകളാണെന്ന് സാക്ഷ്യപ്പെടുത്തുന്നത് രക്ഷാകർത്താക്കൾതന്നെയാണ്. ആത്മഹത്യയ്ക്ക് മുമ്പുള്ള ഇരുവരുടെയും പെരുമാറ്റവും സ്വഭാവത്തിൽ വന്ന മാറ്റങ്ങളും സമാനമായിരുന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ചും കൗമാരക്കാർക്കിടയിൽ ബ്ളൂ വെയിൽ ഗണ്യമായ രീതിയിൽ പ്രചരിച്ചിട്ടുണ്ടെന്നാണ് അനുമാനം. അതിന്റെ നിരോധനവും ഗെയിമിനെതിരെ മാദ്ധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന ബോധവൽക്കരണവും കുട്ടികളെ നേരായ വഴിക്കുകൊണ്ടുവരാൻ ഉപകാരപ്പെടട്ടെ എന്ന് പ്രാർത്ഥിക്കാം.
ഗൂഗിൾ, ഫേസ് ബുക്ക്, വാട്ട്സ് ആപ്പ്, ഇൻസ്റ്റഗ്രാം, മൈക്രോ സോഫ്ട്, യാഹു തുടങ്ങിയ സാമൂഹ്യമാദ്ധ്യമങ്ങൾക്കാണ് ബ്ളൂവെയിൽസ് ഉടനടി അവരുടെ സൈറ്റുകളിൽ നിന്ന് നീക്കണമെന്ന് കേന്ദ്രം നിർദ്ദേശം നൽകിയിരിക്കുന്നത്. മുംബയിൽ കഴിഞ്ഞമാസം ഒരു കൗമാരക്കാരൻ കെട്ടിടത്തിന് മുകളിൽനിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ചുള്ള അന്വേഷണമാണ് മരണക്കളിയെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന യാഥാർത്ഥ്യങ്ങളിലേക്ക് പൊലീസിനെ നയിച്ചത്. അൻപതുദിവസം നീളുന്ന കളിയുടെ അവസാന ഘട്ടത്തിലാണ് കളിക്കുന്നയാളോട് ആത്മഹത്യ ചെയ്തു കാണിക്കാൻ ആവശ്യപ്പെടുന്നത്. അതിനകം കളിയുടെ അടിമയായിക്കഴിഞ്ഞ കളിക്കാരൻ അതിന് തയ്യാറാകുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യയിൽ ആറ് കുട്ടികളെങ്കിലും ഇതേമട്ടിൽ ജീവനൊടുക്കിയതായാണ് വിവരം. അനേകം വിദേശരാജ്യങ്ങളിലും ഒട്ടേറെപ്പേരെ ബ്ളൂ വെയിൽസ് ഗെയിം ആത്മഹത്യയിലേക്ക് കൈപിടിച്ചുകൊണ്ടുപോയിട്ടുണ്ട്.
ബ്ളൂ വെയിൽസിന്റെ നീരാളിപ്പിടിത്തത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കുന്നതിന് സാമൂഹ്യശാസ്ത്രജ്ഞന്മാരും മാനസിക രോഗ വിദഗ്ദ്ധന്മാരും അനേകം വഴികൾ നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഇവയെക്കാളധികം ചെയ്യാനാകുന്നത് മാതാപിതാക്കൾക്കും ബന്ധുക്കൾക്കും തന്നെയാണ്. സ്വന്തം വീട്ടിലെ ഒറ്റപ്പെടലാണ് പലപ്പോഴും കൗമാരക്കാരെ അപകടകരമായ കാര്യങ്ങളിലേക്ക് നയിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. ഒറ്റപ്പെടലിനുള്ള സാഹചര്യം പരമാവധി ഇല്ലാതാക്കാനുള്ള ശ്രമമാണ് വേണ്ടത്. മുറി അടച്ചിരുന്ന് മണിക്കൂറുകളോളം മൊബൈലോ കമ്പ്യൂട്ടറോ ഉപയോഗിക്കുന്ന കുട്ടികളെ നിരീക്ഷിക്കാൻ മാതാപിതാക്കൾക്ക് കഴിയണം. പതിനാറാം വയസിൽത്തന്നെ അത്യാധുനിക സൗകര്യങ്ങളുള്ള മൊബൈലും ലാപ്ടോപുമൊക്കെ വാങ്ങി നൽകുമ്പോൾ അത് ദുരുപയോഗപ്പെടുത്താതെ നോക്കാനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്ക് തന്നെയാണ്. നന്നായി പഠിച്ചിരുന്ന കുട്ടികൾ ക്ളാസിൽ പെട്ടെന്ന് മോശമാകുന്നുവെങ്കിൽ പിന്നിൽ നിശ്ചയമായും ഒരു കാരണമുണ്ടാകും. അന്വേഷിച്ചെത്തുമ്പോൾ വില്ലന്റെ സ്ഥാനത്ത് പലപ്പോഴും കാണാനാവുക മൊബൈലായിരിക്കും. മയക്കുമരുന്നുപോലെയോ ലഹരി വസ്തുക്കൾ പോലെയോ ഇളം മനസുകളെ വഴിതെറ്റിക്കുന്ന വസ്തുവായി പലപ്പോഴും അത് മാറുന്നു. മൊബൈലുകൾക്ക് സമ്പൂർണ നിരോധനമുള്ള സ്കൂളുകളിൽ പോലും മൊബൈൽ വിളയാട്ടം സർവ്വസാധാരണമാണ്. ബ്ളൂ വെയിൽസ് മാത്രമല്ല, യുവതയെ ഒന്നടങ്കം വരുതിയിലാക്കുന്ന എണ്ണിയാലൊടുങ്ങാത്ത ഗെയിമുകളുണ്ട്. അവയിൽ ആമഗ്‌നരായി ചുറ്റുമുള്ള ലോകംതന്നെ മറക്കുന്ന മക്കൾ ലോകത്തെവിടെയും ഇന്ന് വലിയാെരു സാമൂഹ്യ പ്രശ്നമായി മാറിയിട്ടുണ്ട്. കുടുംബ സങ്കല്പങ്ങളിൽവന്ന മാറ്റം ഇതിന് ആക്കം കൂട്ടുന്നുമുണ്ട്. തിരക്കിന്റെ ലോകത്താണ് എല്ലാവരും ഈ തിരക്കിനിടയിൽ കുട്ടികളെ ഉൾച്ചേർക്കാനോ അവരോടൊപ്പം കുറച്ച് സമയം മനസ് തുറന്ന് ഇടപെടാനോ വീട്ടിലുള്ളവർക്ക് കഴിയാതെ വരുമ്പോഴാണ് ഏകാന്തത അകറ്റാൻ അനഭലഷണീയ വഴികൾ തേടി അവർ പോകുന്നത്. വീട്ടിടങ്ങളിൽ കൂടുതൽ ആഹ്‌ളാദന്തരീക്ഷത്തിൽ നിലനിറുത്തുക എന്നതാണ് കുട്ടികൾ വഴിതെറ്റാതിരിക്കാൻ രക്ഷാകർത്താക്കൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല സമ്മാനം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ