അണക്കെട്ടുകളിൽ വെള്ളം കമ്മി; ആശങ്കയിൽ കെ.എസ്.ഇ.ബി
August 22, 2017, 1:41 am
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം: പദ്ധതി പ്രദേശങ്ങളിൽ മഴ ഗണ്യമായി കുറഞ്ഞത് സംസ്ഥാനത്തെ അണക്കെട്ടുകളിലെ സ്ഥിതി ഉത്കണ്ഠാകുലമാക്കി. തെക്കുപടിഞ്ഞാറൻ കാലവർഷം അവസാന ഘട്ടത്തിലേക്ക് കടക്കവെ, കെ.എസ്.ഇ.ബി ആശങ്കയിലാണ്. വൈദ്യുതി ഉത്പാദനത്തിനുള്ള 80 ശതമാനം വെള്ളവും കിട്ടുന്നത് ജൂൺ മുതൽ സെപ്തംബർ വരെയുള്ള തെക്കുപടിഞ്ഞാറൻ കാലവർഷത്തിലാണ്. 30 ശതമാനം മഴക്കുറവാണ് പദ്ധതി പ്രദേശങ്ങളിൽ ഇക്കൊല്ലം ഇതുവരെ രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് ഒരു വർഷം വേണ്ട വൈദ്യുതി 24,770 ദശലക്ഷം യൂണിറ്റാണ്. നിലവിൽ പ്രതിദിന ഉപഭോഗം 62 ദശലക്ഷം യൂണിറ്റ്. ഇതിൽ 27.91 ദശലക്ഷം യൂണിറ്റ് കേന്ദ്ര ഗ്രിഡിൽ നിന്നും, ബാക്കി പവർ എക്സ്‌ചേഞ്ചിൽ നിന്നുമാണ്.

ജലശേഖരം 34 ശതമാനം
 സംസ്ഥാനത്തെ അണക്കെട്ടുകളിൽ ഇപ്പോൾ 34 ശതമാനമാണ് ജലശേഖരം. മുൻ വർഷങ്ങളിൽ ഇത് 60 ശതമാനത്തിന് മേലെ.
 ആഗസ്റ്റ് പകുതി വരെയുള്ള കണക്കനുസരിച്ച് 1397 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ഒഴുകിയെത്തിയത്. കഴിഞ്ഞ വർഷം ഇതേസമയത്ത് 2080 ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു.
 ഒഡിഷയിലെ താൽച്ചറിലും ജാർഖണ്ഡിലെ മയ്‌താണിലും ആന്ധ്രയിലെ രാമഗുണ്ടത്തും ലൈനിലെ തകരാർ മൂലം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ 750 മെഗാവാട്ട് വൈദ്യുതി കൊണ്ടുവരാനായില്ല. നാല് ദിവസം സംസ്ഥാനത്ത് ലോഡ് ഷെഡിംഗ്.
 രാജ്യത്താകെ വൈദ്യുതി ഉത്പാദനം മിച്ചം. എന്നിട്ടും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യൂണിറ്റിന് ഒന്നര രൂപ അധികം കൊടുക്കേണ്ട സ്ഥിതിയിൽ വൈദ്യുതി ബോർഡ്.

പർച്ചേസ് കരാർ നഷ്ടം കൂട്ടും
 മഴക്കുറവ് മൂലം ആഭ്യന്തര വൈദ്യുതി ഉത്പാദനത്തിൽ കുറവുണ്ടായാൽ ഒക്ടോബറോടെ ദീർഘകാല വൈദ്യുതി പർച്ചേസ് കരാറിൽ ഏർപ്പെടേണ്ടിവരും. ഇപ്പോഴത്തെ സാഹചര്യത്തിൽ 865 മെഗാവാട്ടിന്റെ പുതിയ കരാർ വേണ്ടി വന്നേക്കും. ഇത് വൈദ്യുതി ബോർഡിന് വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കും. ഇപ്പോൾ തന്നെ ബോർഡ് മാസം 170 കോടിയുടെ നഷ്ടത്തിലാണ്. മഴ വീണ്ടും ചതിച്ചാൽ നഷ്ടം പ്രതിമാസം 220 മുതൽ 250 കോടി വരെ ഉയരാം.

അണക്കെട്ടുകളിൽ കുറയുന്ന വൈദ്യുതി ഉത്പാദനശേഷി
(കഴിഞ്ഞ അഞ്ച് വർഷത്തെ ആഗസ്റ്റിലെ കണക്ക് - ദശലക്ഷം യൂണിറ്റിൽ)
 2013 -- 3880
 2014 -- 2480
 2015 -- 2298
 2016 -- 2080
 2017 -- 1397
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ