ആന്ധ്ര അരി വന്നാലും ഓണത്തിന് വില കുറയില്ല
August 21, 2017, 1:43 am
കോവളം സതീഷ്‌കുമാർ
തിരുവനന്തപുരം: ആന്ധ്രയിൽ നിന്ന് അയ്യായിരം ടൺ അരി എത്തിയാലും പൊതുവിപണിയിൽ ഓണത്തിന് അരിവില കുറയില്ല.ആന്ധ്രയിൽ നിന്ന് 'ജയ' അരി പ്രതീക്ഷിച്ചതു പോലെ വിലകുറച്ചല്ല നമുക്ക് കിട്ടിയത്. ആന്ധ്രയിലെ കർഷകരിൽ നിന്ന് അവിടത്തെ ഭക്ഷ്യവകുപ്പ് ശേഖരിച്ച അരി കിലോഗ്രാമിന് 34.70 രൂപയ്ക്കാണ് സപ്ളൈകോ വാങ്ങിയത്. കഴിഞ്ഞ മാസം മില്ലുടമകളിൽ നിന്ന് ഇ - ടെൻഡർ വഴി അരി വാങ്ങിയത് 35.52 രൂപയ്‌ക്കായിരുന്നു. അതിൽ നിന്ന് 82 പൈസ മാത്രമാണ് കുറഞ്ഞത്. ഈ കുറവ് വിപണിയിൽ പ്രതിഫലിക്കാനിടയില്ല.

കഴിഞ്ഞ ജൂണിൽ ഇ-ടെൻഡർ വഴി സപ്ളൈകോയ്‌ക്ക് 29 രൂപയ്ക്ക് 'ജയ' ലഭിച്ചിരുന്നു. കർഷകരിൽ നിന്ന് ആന്ധ്ര സർക്കാ‌ർ നേരിട്ടു സംഭരിക്കുന്നതിനാൽ മുപ്പത് രൂപയ്ക്ക് എങ്കിലും അരി ലഭിക്കുമെന്നാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിച്ചത്. അങ്ങനെ ലഭിച്ചാൽ ഇവിടെ സപ്ളൈകോ കേന്ദ്രങ്ങൾ വഴി കിലോഗ്രാമിന് 32 രൂപയ്ക്ക് അരി വിൽക്കാനും തീരുമാനിച്ചിരുന്നു.

ജൂലായിൽ മന്ത്രി പി.തിലോത്തമനും സംഘവും വിജയവാഡയിൽ പോയി ആന്ധ്ര ഉപമുഖ്യമന്ത്രി കെ. ഇ. കൃഷ്ണമൂർത്തിയുമായി ചർച്ച നടത്തിയാണ് അരി എത്തിക്കുന്നതിൽ ഉറപ്പ് നേടിയത്. സപ്ളൈകോയ്‌ക്ക് മാസം ആറായിരം ടൺ അരി വേണമെന്നാണ് മന്ത്രി അറിയിച്ചത്. ഏഴായിരം ടൺ തരാമെന്നായിരുന്നു മറുപടി. ഇപ്പോൾ കിട്ടുന്നത് അയ്യായിരം ടൺ ആണ്.വിലയിൽ വലിയ വ്യത്യാസം ഇല്ലാത്തതിനാൽ നിലവിലെ വിലയിൽ തന്നെ അരി വിൽക്കാനാണ് സപ്ളൈകോയുടെ തീരുമാനം. ഇപ്പോൾ സബ്സിഡി അരിക്ക് 25 രൂപയും അല്ലാത്തതിന് 38 രൂപയുമാണ് സപ്ളൈകോ വില. പൊതുവിപണിയിൽ 42രൂപ വരെയുണ്ട്.

വില കൂടാൻ കാരണം കൺസ്യൂമർ ഫെഡ്!
രണ്ട് വർഷം മുമ്പ് ആന്ധ്ര സർക്കാർ വഴി അരി ഇറക്കുമതി ചെയ്ത വകയിൽ നല്ലൊരു തുക കൺസ്യൂമർ ഫെഡ് നൽകാനുണ്ടായിരുന്നു. നിരവധി കത്തിടപാടുകൾക്കൊടുവിൽ 20 ശതമാനം കുറച്ചാണ് കൺസ്യൂമർ ഫെ‌ഡ് നൽകിയത് എന്ന് ആന്ധ്ര ഭക്ഷ്യവകുപ്പ് സപ്ലൈകോയെ അറിയിച്ചിരുന്നു. ഒരിക്കൽ അമളി പറ്റിയതിനാൽ കേരളസർക്കാരിനെ പൂർണമായി വിശ്വസിക്കാൻ ആന്ധ്രസർക്കാർ തയ്യാറല്ലെന്നു സാരം. ഇപ്പോൾ വാങ്ങുന്ന അരിയുടെ വില നാലു ദിവസത്തിനു ശേഷം കൊടുക്കാമെന്നാണ് ധാരണ. അവർക്ക് വിശ്വാസം വന്നാലേ കുറഞ്ഞ വിലയ്ക്ക് അരി അവിടെ നിന്ന് പ്രതീക്ഷിക്കാനാവൂ.

കഴിഞ്ഞ വർഷത്തേക്കാൾ പൊതുവിപണിയിൽ വില കൂടിത്തന്നെ ഒരു താരതമ്യം.
അരിഇനം ഇപ്പോഴത്തെ വില കഴിഞ്ഞ ആഗസ്റ്റിൽ
മട്ട 44 36
റോസരി 43 35
ചമ്പാവ് 41.50 34
മസൂരി 45 44
ആന്ധ്രവെള്ള 38.32 31.85
ചമ്പാലവെള്ള 42 31
പച്ചരി 32 28
പാലക്കാടൻ ജയ 42 39

'' കഴിഞ്ഞ മാസത്തെ വിലയുമായി താരതമ്യം ചെയ്‌തു മാത്രമേ പുതിയ വില നിശ്ചയിക്കാനാവൂ. കുറഞ്ഞ വിലയാണ് പ്രതീക്ഷിച്ചത്. അതിന് മങ്ങലേറ്റു''-
--പി.തിലോത്തമൻ, ഭക്ഷ്യമന്ത്രി
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ