Wednesday, 20 September 2017 8.00 PM IST
വ്യക്തിവിരോധം സർക്കാരിന് ഭൂഷണമല്ല
August 22, 2017, 2:00 am
സംസ്ഥാനത്തിന്റെ പൊലീസ് മേധാവിയായി സ്തുത്യർഹസേവനം നടത്തി വിരമിച്ച ടി.പി. സെൻകുമാറിനെതിരെ നാലുപേർ കേട്ടാൽ നിരക്കാത്ത വകുപ്പുകൾ ചുമത്തി കേസെടുത്ത് പീഡിപ്പിക്കാൻ സർക്കാർതലത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങൾ അങ്ങേയറ്റം അപഹാസ്യമായ നിലയിലെത്തിയിരിക്കുകയാണ്. ഇപ്പോഴത്തെ സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിറ്റേന്നു മുതൽ തുടങ്ങിയതാണ് ജനങ്ങൾക്കിടയിലും സേനയ്ക്കുള്ളിലും പരക്കെ ബഹുമാനിക്കപ്പെടുന്ന സെൻകുമാറിന്റെ ശനിദശ. ഒരു ഉദ്യോഗസ്ഥ മേധാവി സർക്കാരിന് അനഭിമതനാകുന്നതിൽ അപൂർവ്വതയൊന്നുമില്ല. പുതുതായി ഒരു സർക്കാർ വരുമ്പോൾ താക്കോൽ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകുന്നത് സാധാരണവുമാണ്. എന്നാൽ നിയമവിരുദ്ധ രീതിയിൽ പദവി മാറ്റപ്പെട്ട സെൻകുമാർ പരമോന്നത കോടതിയിൽപ്പോയി അനുകൂലവിധി സമ്പാദിച്ച് നഷ്ടപ്പെട്ട തന്റെ കസേര വീണ്ടെടുത്തു. വിധി നടത്തിപ്പ് പരമാവധി വൈകിപ്പിക്കാനായി സർക്കാരിന്റെ അടുത്ത ശ്രമം. വീണ്ടും കോടതിയെ സമീപിച്ചശേഷമാണ് അദ്ദേഹത്തിന് പൊലീസ് മേധാവിയുടെ സ്ഥാനം തിരികെ നൽകിയത്. അടുത്തകാലത്ത് ഭരണസിരാകേന്ദ്രത്തിൽ നടന്ന ഏറ്റവും മ്ളേച്ഛമായ ഉപജാപങ്ങളിലൊന്നായി മാറി ഇതുമായി ബന്ധപ്പെട്ട അന്തർ നാടകങ്ങൾ. സെൻകുമാറിന്റെ കസേര തെറിപ്പിക്കാൻ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി പ്രയോഗിച്ച നിയമവിരുദ്ധവും അധാർമ്മികവുമായ തന്ത്രങ്ങൾക്കെതിരെ പരക്കെ വിമർശനം ഉയർന്നതാണ്. സർക്കാരിന്റെ രണ്ട് വിഭാഗങ്ങളുടെ മേധാവികൾ തമ്മിലുണ്ടായ കാലുഷ്യവും പകയും സർക്കാരിന്റെ തന്നെ സൽപ്പേര് കളങ്കപ്പെടുത്തുംവിധം വളരാൻ അനുവദിക്കരുതായിരുന്നു.
സർവീസിൽനിന്ന് വിരമിച്ച ശേഷവും സെൻകുമാറിനെ വെറുതെ വിടാൻ ഉദ്ദേശിച്ചിട്ടില്ലെന്നാണ് ഇപ്പോൾ അദ്ദേഹത്തിനെതിരെ നടക്കുന്ന പടനീക്കം വ്യക്തമാക്കുന്നത്. കുത്സിതമായ ഈ നീക്കത്തിന് പിന്നിലും ചീഫ് സെക്രട്ടറിയുടെ വ്യക്തിപരമായ പക നിഴലിക്കുന്നുണ്ടെന്നുള്ളത് വ്യക്തമാണ്. വ്യാജ രേഖ ചമച്ച് സർക്കാരിനെ പറ്റിക്കാൻ നോക്കിയതിന് ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് പൊലീസിന് നൽകിയ നിർദ്ദേശം. ഇതനുസരിച്ച് പൊലീസ് കേസ് എടുക്കുകയും ചെയ്തു. പൊലീസ് മേധാവിസ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ട കാലയളവിൽ എടുത്ത അവധിക്കാലത്ത് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി സർക്കാരിനെ പറ്റിക്കാൻ ശ്രമിച്ചു എന്നാണ് കേസിന്റെ ചുരുക്കം. എന്നാൽ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടറിൽ നിന്നുപോലും മൊഴി എടുക്കാതെ തട്ടിക്കൂട്ടിയ പൊലീസ് റിപ്പോർട്ടിന്റെ നിയമസാധ്യത എത്രയാണെന്ന് പള്ളിക്കൂടത്തിൽ പോകാത്തവർക്ക് പോലും മനസിലാകും. ഒറ്റനോട്ടത്തിൽത്തന്നെ യാതൊരു കഴമ്പുമില്ലാത്ത കുറ്റം ആരോപിച്ച് സെൻകുമാറിനെ സമൂഹമദ്ധ്യത്തിൽ താറടിച്ചുകാണിക്കാൻ വേണ്ടി ചീഫ് സെക്രട്ടറി അറിഞ്ഞുകൊണ്ടു നടത്തുന്ന ഒരു കള്ളക്കളിയായേ ഋജുബുദ്ധികൾ ഇതിനെ കാണുകയുള്ളൂ. വ്യക്തിപരമായ വൈരാഗ്യത്തിനും സ്വാഭാവിക നീതി നിഷേധത്തിനും ഇവിടെ സർക്കാരും കൂട്ടുനിൽക്കുന്നു എന്നതാണ് അതിശയകരമായ കാര്യം. അനർഹമായി ഒരു പൈസ പോലും താൻ സർക്കാരിൽനിന്നു കൈപ്പറ്റിയിട്ടില്ലെന്ന് മുൻ പൊലീസ് മേധാവി പറയുമ്പോൾ അതല്ല, ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ വ്യാജമായിരുന്നുവെന്നും അദ്ദേഹത്തെ വിചാരണ നടത്തി കൽത്തുറങ്കലിൽ ഇടണമെന്നുമാണ് ഭരണത്തിൽ മേൽക്കെയുള്ള വരേണ്യവർഗ മുഷ്‌ക്. സെൻകുമാറിനെതിരെ ഇത്തരത്തിലൊരു നാണംകെട്ട കേസ് പടച്ചുണ്ടാക്കിയതിലൂടെ സർക്കാർ ജനങ്ങൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? കേസിന് പിന്നിലെ അടിയൊഴുക്കുകൾ ഇഴപിരിച്ച് പരിശോധിക്കാത്തതെന്താണ്? പൊലീസ് മേധാവി സ്ഥാനത്തുനിന്നു വിരമിക്കുമ്പോൾ സെൻകുമാറിനെ കാത്തിരുന്ന അഡ്മിനിസ്ട്രേറ്റീവ് ടൈബ്യൂണൽ പദവി തട്ടിത്തെറിപ്പിക്കാൻ ആദ്യം തൊട്ടേ നടന്ന ശ്രമങ്ങളെ കുറിച്ചും എല്ലാവർക്കും അറിയാം. ഈ വിഷയത്തിലും ചീഫ് സെക്രട്ടറി നടത്തിയ ഇടപെടലുകൾ അങ്ങാടിപ്പാട്ടാണെന്ന കാര്യം മറക്കരുത്. നാട്ടിൽ നിയമവും കോടതികളുമൊക്കെയുള്ളതുകൊണ്ട് സെൻകുമാറിന് തന്റെ നിരപരാധിത്വം തെളിയിക്കാൻ അനായാസം കഴിഞ്ഞേക്കും. എന്നാൽ നീതിതേടിയുള്ള നിലയ്ക്കാത്ത ഇത്തരം യാത്രകൾ ഏതൊരാളിന്റെയും സ്വാസ്ഥ്യം കെടുത്തുന്നതും പുതിയ ശത്രുക്കളെ സൃഷ്ടിക്കുന്നതുമാണെന്ന കാര്യം മറന്നുകൂടാ. സെൻകുമാർ ഇടതുമുന്നണി സർക്കാരിന് ഇപ്പോഴും അനഭിമതനായിത്തന്നെ തുടരുന്നതിന് മുന്നണി നേതാക്കൾക്ക് അവരുടേതായ കാരണങ്ങൾ ഉണ്ടായിരിക്കാം. എന്നാൽ സർവീസിൽനിന്ന് വിരമിച്ച ഒരു പൊലീസ് മേധാവിയോട് ഒരു സർക്കാർ ഒരിക്കലും കാണിക്കാൻ പാടില്ലാത്ത പ്രതികാര നടപടിയായേ ഇപ്പോഴത്തെ നീക്കങ്ങൾ ചിത്രീകരിക്കപ്പെടുകയുള്ളു. വ്യക്തികൾക്ക് പകയും വിദ്വേഷവുമൊക്കെ തരാതരംപോലെ ആകാം. എന്നാൽ സർക്കാർ ഒരിക്കലും അങ്ങനെയാകരുത്. പൊലീസ് സേനയിൽത്തന്നെ അവ മതിപ്പുളവാക്കുന്ന ഒരു നീചകൃത്യത്തിനാണ് സർക്കാർ കൂട്ടുനിൽക്കുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ