Wednesday, 20 September 2017 7.42 AM IST
ആവർത്തിക്കപ്പെടുന്ന ദുരന്തം
August 20, 2017, 2:00 am
വർക്കല ചാവർകോട് സി.എച്ച്.എം.എം. കോളേജിനുമുന്നിൽ മലയാള പുതുവർഷപ്പിറവി ദിനത്തിൽ മീരാമോഹൻ എന്ന പി.ജി. വിദ്യാർത്ഥിനിക്കുണ്ടായ ദാരുണമരണം ഒരിക്കൽകൂടി യുവത്വത്തിന്റെ സഹജമായ ചോരത്തിളപ്പും കൂസലില്ലായ്മയും പുറത്തുകൊണ്ടുവരുന്നതാണ്. സ്വന്തം സ്കൂട്ടറിൽ പതിവുപോലെ കോളേജിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ഇതേ കോളേജിൽ ബി.കോം ബിരുദ കോഴ്സിന്റെ ആദ്യദിനമായിരുന്നു വ്യാഴാഴ്ച. ആദ്യദിന ക്ളാസ് രാവിലെ തന്നെ അവസാനിപ്പിച്ച് ആഹ്‌ളാദത്തോടെ സഹപാഠിയുടെ കാറുമെടുത്ത് കറങ്ങാനിറങ്ങിയ പത്തൊൻപതുകാരന് കാറിന്റെ നിയന്ത്രണം നഷ്ടമായതിൽ അത്‌ഭുതമൊന്നുമില്ല. പ്രായത്തിന്റെ തിളപ്പും കാറിലുണ്ടായിരുന്ന നാല് സഹപാഠികളുടെ സാമീപ്യവും കണക്കിലേറെ ആത്മവിശ്വാസം പകർന്നിരിക്കാം. അതല്ലെങ്കിൽ കുടുസുറോഡിൽ ആർത്തലയ്ക്കുന്ന വേഗത്തിൽ കാർ പായിക്കാൻ ഒരുമ്പെടുമായിരുന്നില്ല. നിയന്ത്രണം തെറ്റി പാഞ്ഞുവരുന്ന കാർ കണ്ട് യുവതി തന്റെ വാഹനം പരമാവധി റോഡരികിൽ ഒതുക്കാൻ ശ്രമിച്ചിട്ടും അപകടത്തിൽ നിന്ന് രക്ഷപ്പെടാനായില്ലെന്നാണ് ദൃക്‌സാക്ഷികളുടെ വിവരണം. ഒാർക്കാപ്പുറത്തുണ്ടാകുന്ന ഇത്തരം അപകട സന്ദർഭങ്ങളെ മനസ്വാസ്ഥ്യത്തോടെ നേരിടാനുള്ള പക്വതയോ ഡ്രൈവിംഗ് പരിചയമോ ഇല്ലാത്ത യുവാക്കൾക്ക് സാധാരണ സംഭവിക്കുന്ന വീഴ്ചതന്നെയാണിത്. ബിരുദ പഠനത്തിന്റെ ആദ്യദിനംതന്നെ ഇത്തരത്തിലൊരു ദുരന്തം സൃഷ്ടിച്ചതിന്റെ കുറ്റബോധത്തിൽ നിന്ന് കാറിലുണ്ടായിരുന്ന അഞ്ചുപേർക്കും അത്രയെളുപ്പം മോചനം ലഭിക്കുമെന്ന് തോന്നുന്നില്ല. നീതിപീഠം വിധിക്കുന്ന ശിക്ഷയെക്കാൾ കഠിനവുമായിരിക്കും അത്.
സമ്പന്ന കുടുംബങ്ങളിലുള്ള വളരെയധികം കുട്ടികൾ പഠിക്കുന്ന സി.എച്ച്.എം.എം കോളേജിൽ വാഹനങ്ങളിൽ എത്തുന്നവർ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങൾ ഒട്ടും ചെറുതല്ലെന്ന് സാക്ഷ്യപ്പെടുത്തുന്നത് നാട്ടുകാർ തന്നെയാണ്. കാമ്പസുകളിൽ അശ്രദ്ധയോടെ വാഹനങ്ങൾ ഒാടിക്കുന്നതുമൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന് ഹൈക്കോടതി കുറച്ചുകാലംമുമ്പ് കർക്കശമായ ചില മാനദണ്ഡങ്ങൾ മുന്നോട്ടുവച്ചിരുന്നു. ഒരു കാരണവശാലും വിദ്യാർത്ഥികൾ കാമ്പസിൽ വാഹനവുമായി കറങ്ങരുതെന്നും കലാലയ ഗേറ്റിനടുത്തുതന്നെ പാർക്ക് ചെയ്തശേഷമേ ക്ളാസിലേക്ക് പോകാവൂ എന്നും പ്രത്യേകം നിഷ്‌കർഷിച്ചിരുന്നു. എല്ലാ കോളേജുകളും ഇതിനാവശ്യമായ ക്രമീകരണങ്ങൾ ഏപ്പെടുത്തണമെന്നും നിർദ്ദേശിച്ചിരുന്നു. ഒരുവർഷം മുൻപ് തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിംഗ് കോളേജ് വളപ്പിൽ ആഘോഷപരിപാടിക്കിടെ വിദ്യാർത്ഥി ഒാടിച്ച ജീപ്പിടിച്ച് തെസ്‌നി ബഷീർ എന്ന വിദ്യാർത്ഥിനി മരണമടഞ്ഞ സംഭവം സംസ്ഥാനത്താകെ വലിയ ഒച്ചപ്പാട് സൃഷ്ടിച്ചിരുന്നു. സമാനമായ വേറെയും സംഭവങ്ങൾ കാമ്പസ് ആഘോഷങ്ങൾക്കിടെ മറ്റു പലേടത്തും ഉണ്ടായി. സഭ്യതയുടെയും മര്യാദയുടെയും എല്ലാ അതിർവരമ്പുകളും ലംഘിച്ച് ആഘോഷ പരിപാടികൾ കൈയൂക്കുള്ളവരുടെ അഴിഞ്ഞാട്ടമായി മാറിയപ്പോഴാണ് നീതി പീഠത്തിന്റെ ഇടപെടലുണ്ടായത്. എന്നാൽ അതിന്റെ ചൂടാറിയതോടെ കാമ്പസുകളെല്ലാം പഴയപടി കുത്തഴിഞ്ഞ നിലയിലേക്ക് മടങ്ങുകയാണുണ്ടായത്. ചാവർകോട് കോളേജിന് മുമ്പിൽ എം.സി.ജെ. വിദ്യാർത്ഥിനി മീരാമോഹനുണ്ടായ ദാരുണാന്ത്യവും ഇതേ ഗണത്തിൽപെടുത്താവുന്നതാണ്.
സംസ്ഥാനത്ത് ജനസംഖ്യയ്ക്കൊപ്പമെത്താൻ കുതിക്കുന്ന വാഹനപ്പെരുപ്പം നഗര-നാട്ടിൻപുറ വ്യത്യാസമില്ലാതെ ഒാരോ റോഡും കുരുതിക്കളമാക്കുകയാണ്. ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് കർക്കശ വ്യവസ്ഥകൾ ഏർപ്പെടുത്തിയതിന് ശേഷവും അനധികൃത മാർഗങ്ങളിലൂടെ ലൈസൻസ് നേടി വാഹനങ്ങളുമായി റോഡിലിറങ്ങുന്നവരുടെ സംഖ്യയ്ക്ക് ഒരു കുറവുമില്ല. ഇത്തരക്കാർ സ്വയം ആപത്തിൽ ചാടുക മാത്രമല്ല, റോഡ് ഉപയോഗിക്കുന്ന മറ്റാളുകൾക്കും വലിയ ഭീഷണിയായി മാറിക്കഴിഞ്ഞു. 2017 തുടങ്ങിയശേഷം ഇതുവരെ സംസ്ഥാനത്ത് റോഡപകടങ്ങളിൽ പെട്ട് രണ്ടായിരത്തിലേറെ പേരാണ് മരിച്ചത്. പരിക്കേറ്റ് ജീവിതം വഴിമുട്ടിയവരുടെ സംഖ്യ ഇതിന്റെ അഞ്ചോ പത്തോ ഇരട്ടിയാണ്. ഒാടിക്കുന്ന വാഹനത്തിന്റെ പെരുമയും ഒാടിക്കുന്നവന്റെ ധാർഷ്ട്യവുമാണ് നിരത്തുകളിലുടനീളം കാണാനാവുന്നത്. ഗതാഗത നിയമങ്ങൾ നഗ്‌നമായി ലംഘിച്ച് കുതിച്ചുപായുന്ന ഒരു ശതമാനംപേർപോലും പിടികൂടപ്പെടുന്നില്ല. ഹെൽമറ്റിലും സീറ്റി ബെൽറ്റിലും കുടുങ്ങിക്കിടക്കുന്നതാണ് ഇപ്പോഴും ഇവിടെ നിയമ നടത്തിപ്പ്.
ചാവർകോട് ദുരന്തം കാമ്പസുകളിൽ വാഹന നിയന്ത്രണം കൂടുതൽ കർക്കശമാക്കേണ്ടതിന്റെ ആവശ്യം വിളിച്ചറിയിക്കുന്നതാണ്. കലാലയ വളപ്പുകൾ അപകടമുക്തമാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കേണ്ടത് പ്രിൻസിപ്പലും കോളേജ് മാനേജ്മെന്റുമാണ്. കുട്ടികളെ പേടിച്ച് ഉത്തരവാദിത്വത്തിൽ നിന്നൊഴിയുന്ന അധികാരികളും ഫലത്തിൽ മനുഷ്യക്കുരുതിക്ക് കൂട്ടുനിൽക്കുന്നവരാണ്. വാഹനാപകടം സൃഷ്ടിച്ചവർ പിടികൂടപ്പെട്ടാലും കോടതിയിൽ എളുപ്പം തടിയൂരാം. എന്നാൽ അപകടത്തിൽ ജീവൻ നഷ്ടപ്പെടുന്ന ഹതഭാഗ്യരുടെ കുടുംബത്തിനുണ്ടാകുന്ന നഷ്ടവും തീരാവ്യഥയും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്നതാണ്. കാമ്പസുകളിൽ കുട്ടികളുടെ വാഹനാഭ്യാസങ്ങൾക്ക് മൂക്കുകയറിടാൻ സർക്കാർ മുന്നോട്ടുവരേണ്ടതുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ