Wednesday, 20 September 2017 7.45 AM IST
കാലത്തിനു നിരക്കാത്തത് പോവുക തന്നെ വേണം
August 24, 2017, 2:00 am
ഒറ്റയടിക്കു മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്ന മുത്തലാഖ് ഭരണഘടനാ വിരുദ്ധവും അപരിഷ്‌കൃതവുമാണെന്ന ചരിത്രം കുറിക്കുന്ന സുപ്രീംകോടതി വിധിക്കെതിരെ വലിയ പ്രതിഷേധമൊന്നും ഉയർന്നു കണ്ടില്ല. ഇരുപതോളം മുസ്ളിം രാജ്യങ്ങളിൽ നിരോധിക്കുകയോ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരികയോ ചെയ്തിട്ടുള്ള ഈ സമ്പ്രദായം ശരീയത്തിന്റെ പേരിൽ ഇവിടെ അംഗീകൃത ആചാരമായി തുടരുകയായിരുന്നു. സ്ത്രീക്ക് ഭരണഘടന നൽകുന്ന തുല്യനീതിക്ക് തീർത്തും എതിരായിട്ടും മുത്തലാഖ് നിലനിന്നത് രാഷ്ട്രീയ കക്ഷികളുടെ നിക്ഷിപ്ത താത്‌പര്യം ഒന്നുകൊണ്ടു മാത്രമാണ്. 1986-ൽ ഷാബാനു കേസിലുണ്ടായ സുപ്രധാന വിധിയെ മറികടക്കാൻ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌‌‌ഗാന്ധിക്ക് പാർലമെന്റിൽ പുതിയ നിർമ്മാണവുമായി വരേണ്ടി വന്നത് ഈ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ്. മുത്തലാഖ് വഴി ജീവിതം വഴിമുട്ടിയ അഞ്ചു മുസ്ളിം വനിതകളുടെ ധീരമായ നിലപാടാണ് ഇപ്പോൾ മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ട സുപ്രീംകോടതി വിധിക്ക് ആധാരം. കത്തിലൂടെയും പത്തുരൂപയുടെ മുദ്രപ്പത്രത്തിലൂടെയും തുണ്ടുകടലാസിലൂടെയും ഫോണിലൂടെയും മുത്തലാഖ് ചൊല്ലി വിവാഹബന്ധം ഒഴിയപ്പെട്ട ഈ അഞ്ചു വീട്ടമ്മമാരും രാജ്യത്താകമാനമുള്ള മുസ്ളിം വനിതകൾക്ക് വലിയ നേട്ടം തന്നെയാണു സമ്മാനിച്ചിരിക്കുന്നത്. പ്രത്യക്ഷത്തിൽത്തന്നെ മുസ്ളിം സ്ത്രീകളുടെ താത്‌പര്യങ്ങൾക്ക് ഹാനികരമായ മുത്തലാഖ് സമ്പ്രദായത്തിനെതിരെ മുസ്ളിം സമുദായത്തിൽത്തന്നെ എതിർപ്പു നിലനിന്നിരുന്നു. മുസ്ളിം സംഘടനകളിൽ അധികവും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തതിൽ നിന്നു തന്നെ അതു വ്യക്തമാകുന്നുമുണ്ട്. മുത്തലാഖ് വഴിയുള്ള വിവാഹമോചനം തികച്ചും ഏകപക്ഷീയമായതിനാൽ അതിനിരയാകേണ്ടി വരുന്നവരുടെ ദുരിതങ്ങൾക്ക് ഒരിക്കലും പരിഹാരമുണ്ടാകുന്നില്ല. മാത്രമല്ല ദാമ്പത്യകാലം മുഴുവൻ മുത്തലാഖ് ഭീഷണി ഉയർത്തുന്ന അരക്ഷിതാവസ്ഥയുടെ നിഴൽ അവരെ സദാ പിന്തുടർന്നു കൊണ്ടിരിക്കുകയും ചെയ്യും. സാധുവായ കാരണങ്ങളാൽ വിവാഹമോചനം എല്ലാ സമുദായത്തിലും സർവസാധാരണമാണ്. എന്നാൽ മുത്തലാഖ് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങൾക്ക് എതിരാണെന്നതിനാലാണ് ചീഫ് ജസ്റ്റിസ് കേഹാറിന്റെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ബഞ്ച് ഭൂരിപക്ഷ വിധിയിലൂടെ അത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത്. ചീഫ് ജസ്റ്റിസും ജസ്റ്റിസ് അബ്ദുൾ നസീറും പക്ഷേ ഇതിനോടു വിയോജിച്ചുകൊണ്ടുള്ള
വിധിന്യായമാണു പുറപ്പെടുവിച്ചത്. മുത്തലാഖിനെതിരെ രാജ്യത്ത് നിയമമൊന്നും നിലവിലില്ലാത്തതിനാൽ ഇത് ഭരണഘടനാവിരുദ്ധമെന്നു പറയാനാകില്ലെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ആറുമാസത്തിനകം മുത്തലാഖിനെതിരെ കേന്ദ്ര സർക്കാർ പാർലമെന്റിൽ നിയമം കൊണ്ടുവന്ന് പാസാക്കണമെന്ന് വിധിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമം നിർമ്മിക്കുമ്പോൾ മുസ്ളിം വ്യക്തിനിയമം കൂടി പരിഗണിക്കണമെന്ന് പ്രത്യേകം നിർദ്ദേശിച്ചിട്ടുമുണ്ട്. പുതിയ നിയമം വരുന്നതുവരെ മുത്തലാഖിനെതിരായ നിരോധനം തുടരും.
മുത്തലാഖ് വിശുദ്ധ ഖുറാന് എതിരായതിനാൽ ശരീഅത്തിൽ എങ്ങനെ സാധുവാകുമെന്ന ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പ്രത്യേക വിധിന്യായത്തിലെ ചോദ്യം ഏറെ പ്രസക്തമാണ്. വിശുദ്ധ ഖുറാന് നിരക്കാത്ത ഒരു സമ്പ്രദായം ഇപ്പോഴും തുടരുന്നതിനെ ന്യായീകരിക്കാനുമാകില്ല. രാജ്യത്ത് മുൻപും ചില ഹൈക്കോടതികൾ മുത്തലാഖിനെതിരെ വിധി പുറപ്പെടുവിച്ചിട്ടുള്ളതാണ്. കഴിഞ്ഞ വർഷം കേരള ഹൈക്കോടതിയും അത്തരത്തിലൊരു വിധിയുമായി മുന്നോട്ടു വന്നിരുന്നു. മുസ്ളിം സമുദായത്തിലെ വിവേചനപരമായ ആചാരാനുഷ്ഠാനങ്ങൾ അവസാനിപ്പിക്കാൻ വേണ്ടിയാണ് 1937-ലെ മുസ്ളിം വ്യക്തി നിയമം കൊണ്ടുവന്നത്. എന്നാൽ ഈ നിയമത്തിൻ കീഴിലും മുത്തലാഖ് എന്ന അനാചാരം നിലനിന്നതിലെ അസാംഗത്യമാണ് സുപ്രീംകോടതി വിധി എടുത്തുകാട്ടുന്നത്.
മുസ്ളിം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സുപ്രീംകോടതി വിധി രാജ്യത്തെ പ്രധാന രാഷ്ട്രീയ കക്ഷികളെല്ലാം സ്വാഗതം ചെയ്തിട്ടുണ്ട്. ഇതേ കക്ഷികൾ ആത്മാർത്ഥത കാണിച്ചിരുന്നുവെങ്കിൽ കോടതി ഇടപെടൽ കൂടാതെ തന്നെ മുത്തലാഖ് പ്രശ്നത്തിൽ സമവായമുണ്ടാക്കാൻ കഴിയുമായിരുന്നു. വോട്ടുബാങ്കിൽ കണ്ണുവച്ചാണ് പാർട്ടികൾ മതവും വിശ്വാസവും ഇഴപിരിയാതെ കൂടിക്കലർന്ന ഈ സങ്കീർണ വിഷയത്തിൽ നിന്ന് കൃത്യമായ അകലം പാലിച്ചുപോന്നത്.
മതസ്വാതന്ത്ര്യത്തെ ഹനിക്കാത്തവിധം ആറുമാസത്തിനകം മുത്തലാഖ് പ്രശ്നത്തിൽ പുതിയ നിയമം പാസാക്കണമെന്ന് കോടതി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും തത്‌കാലം അതേപ്പറ്റി സർക്കാർ ആലോചിക്കുന്നില്ലെന്നാണ് കേന്ദ്ര മന്ത്രിമാരിൽ നിന്നുണ്ടായ പ്രതികരണങ്ങൾ. ഇത്തരത്തിലൊരു നിലപാട് കേന്ദ്രം നേരത്തെ കോടതിയിൽ സമർപ്പിച്ച സത്യവാങ്‌മൂലത്തിലെ ഉറപ്പിനു വിരുദ്ധമാണ്. മുസ്ളിങ്ങളുടെ വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട് നിയമം കൊണ്ടുവരുമെന്നായിരുന്നു അതിൽ വ്യക്തമാക്കിയിരുന്നത്. ഏതായാലും ആലോചിച്ചും വേണ്ടത്ര കരുതലോടും കൂടി മാത്രമേ ഇതുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് ഒരുങ്ങാവൂ എന്നു പ്രത്യേകം പറയേണ്ടതില്ല. മുസ്ളിം സംഘടനകളുടെയും മതപണ്ഡിതന്മാരുടെയും മുസ്ലിം ലാ ബോർഡിന്റെയും മറ്റും അഭിപ്രായങ്ങൾക്കായിരിക്കണം പ്രധാന പരിഗണന നൽകേണ്ടത്. അതേസമയം മുസ്ളിം സമുദായത്തിന്റെ നവീകരണം തന്നെയാകണം പുതിയ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ