Wednesday, 20 September 2017 7.42 AM IST
തമിഴ്നാട്ടിലെ സമവായം
August 23, 2017, 2:00 am
അണ്ണാ ഡി.എം.കെ യുടെ ജീവാത്മാവും പരമാത്മാവുമായിരുന്ന ജയലളിതയുടെ ദുരൂഹമരണത്തിനുശേഷം പാർട്ടിയിൽ ഉരുണ്ടുകൂടിയ ഭിന്നത വലിയ പൊട്ടിത്തെറിയിലേക്ക് നയിക്കുമെന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. അധികാര വടംവലിയിൽ ജയലളിതയുടെ തോഴിയായ ശശികലയാണ് വിജയിച്ചതെങ്കിലും ജയലളിതയുടെ വിശ്വസ്തനായിരുന്ന പനീർ ശെൽവം ഉയർത്തിയ കലാപക്കൊടി അവഗണിക്കാനാവാത്തവിധം ഉയർന്നുതന്നെ നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് അഴിമതിക്കേസുകളിൽപെട്ട് ശശികല ജയിലിലായത്. മന്നാർഗുഡി സംഘത്തെ നയിച്ചിരുന്ന ശശികലയുടെ ഭീഷണി താത്ക്കാലികമായെങ്കിലും ഒഴിഞ്ഞത് എ.ഐ.എ.ഡി.എം.കെയിൽ പോരടിച്ചുനിന്ന എടപ്പാടി പളനി സ്വാമി ഗ്രൂപ്പുകളെ സമവായത്തിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. ബി.ജെ.പി നേതൃത്വത്തിന്റെ തന്ത്രപരമായ ഇടപെടലുകളും ഇത്തരത്തിലൊരു മാറ്റം സുസാദ്ധ്യമാക്കിയെന്നു നിസ്സംശയം പറയാം. ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ ദീർഘനാളായി പാടുപെടുന്ന ബി.ജെപിയ്ക്ക് എ.ഡി.എം.കെയുമായുള്ള ചങ്ങാത്തം ഒഴിച്ചുകൂടാനാവാത്തതാണ്. ഇപ്പോൾ ലഭിച്ച അവസരം ഭംഗിയായി ഉപയോഗിക്കാനും പാർട്ടിനേതൃത്വത്തിനു കഴിഞ്ഞു. 2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പാണ് ബി.ജെ.പി ലക്ഷ്യം വയ്ക്കുന്നത്. തമിഴ്നാട്ടിൽ ഭരണകക്ഷിയായ എ.ഡി.എം.കെയുമായുള്ള സഖ്യം ഉറപ്പിക്കാനായി കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിദ്ധ്യമുൾപ്പെടെ ആകർഷകമായ ഓഫറുകളും മുന്നോട്ട് വച്ചിട്ടുണ്ട്.
ഒത്തുതീർപ്പനുസരിച്ച് ഇപ്പോഴത്തെ മുഖ്യമന്ത്രി എടപ്പാടി പളനി സാമി തൽസ്ഥാനത്ത് തുടരും. ജയലളിത ജീവിച്ചിരുന്ന കാലത്ത് ഒന്നിലേറെ തവണ മുഖ്യമന്ത്രി പദമേറ്റ പനീർ ശെൽവം ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റിട്ടുണ്ട്. ധനകാര്യവകുപ്പിന്റെ ചുമതലയാണ് അദ്ദേഹത്തിന്. പനീർ പക്ഷത്തുള്ള കെ. പാണ്ഡ്യരാജനും മന്ത്രിപദം ലഭിച്ചു. ജയലളിതയുടെ ഭരണകാലത്ത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാണ്ഡ്യരാജന് സാംസ്ക്കാരിക വകുപ്പാണ് നൽകിയിരിക്കുന്നത്. തന്റെ പക്ഷത്ത് ഒൻപത് പേർ മാത്രമുള്ളതിനാൽ കൂടുതൽ വിഹിതമൊന്നും പനീർശെൽവം ആവശ്യപ്പെട്ടില്ലെന്നുവേണം കരുതാൻ.
ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണത്തിന് ഏതാനും ദിവസം മുമ്പ് പളനിസാമി സർക്കാർ ഉത്തരവിട്ടിരുന്നു. ജയലിൽ കഴിയുന്ന ശശികലയെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യാമെന്നും പളനിസാമി പക്ഷം ഉറപ്പു നൽകിയിരുന്നു. പാർട്ടിയുടെ ജനറൽ കൗൺസിലിനുമാത്രമേ അതിനു അധികാരമുള്ളൂ. എത്രയും വേഗം ജനറൽ കൗൺസിൽ യോഗം വിളിച്ചുകൂട്ടി തീരുമാനം എടുക്കാമെന്ന ഉറപ്പിലാണ് പനീർശെൽവം പക്ഷം ലയനത്തിന് തയ്യാറായിട്ടുള്ളത്.
ലയനം ഫലപ്രാപ്തിയിലെത്തിയതോടെ തത്ക്കാലം അസ്ഥിരത ഒഴിവായിട്ടുണ്ടെങ്കിലും മൂന്നാം ഗ്രൂപ്പായ ദിനകരൻ പക്ഷത്തിന്റെ ഭീഷണി നിലനിൽക്കുകയാണ്. 19 എം.എൽ.എമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന ദിനകരൻ ശശികലയുടെ ബന്ധു കൂടിയാണ്. ദിനകരൻ ഗ്രൂപ്പിനെ ഒന്നായി കൊണ്ടുവരാനായില്ലെങ്കിലും ഏതാനുംപേരെയെങ്കിലും കൂടെക്കൂട്ടാനാവുന്നില്ലെങ്കിൽ മന്ത്രിസഭയുടെ നിലനില്പ് അപകടത്തിലാകാനുള്ള സാദ്ധ്യതയാണുള്ളത്. സഭയിൽ ഭൂരിപക്ഷത്തിന് 117 അംഗങ്ങൾ വേണമെന്നിരിക്കെ ഇപ്പോൾ 116 പേരേ ഉള്ളൂ. എടപ്പാടിയും പനീർശെൽവവും ബന്ധമുറപ്പിച്ചുകഴിഞ്ഞ സ്ഥിതിക്ക് സന്ദിഗ്ദ്ധ ഘട്ടമുണ്ടായാൽ ഭൂരിപക്ഷത്തിനാവശ്യമായ അംഗബലം ഒപ്പിക്കാൻ പ്രയാസമൊന്നുമുണ്ടാകാനിടയില്ല. അധികാരത്തിനൊപ്പം നിൽക്കാനാകും ഏറെപ്പേരും ശ്രമിക്കുക.
ലയന പ്രഖ്യാപനത്തിനുശേഷം നേതാക്കൾ ജയലളിതയുടെ സമാധിയിൽ ചെന്നു നടത്തിയ പ്രഖ്യാപനങ്ങൾക്ക് പ്രത്യേകിച്ച് കൗതുകമോ വിലയോ ഒന്നുമില്ല. പാ‌‌ർട്ടി ചിഹ്നമായ രണ്ടില തിരികെ പിടിക്കാനും 'അമ്മ'യുടെ സ്വപ്നങ്ങൾ സാക്ഷാത്ക്കാരിക്കാനും അക്ഷീണം പ്രയത്നിക്കുമെന്നാണ് നേതാക്കളുടെ ഉറപ്പ്. അധികാരവടംവലിയിൽ പാ‌ർട്ടിനേതാക്കൾ സൗകര്യപൂർവ്വം മറന്നതും ഇതേ സ്വപ്നങ്ങൾ തന്നെയാണ്. അധികാര രാഷ്ട്രീയത്തിൽ ഇതൊക്കെ പതിവായതിനാൽ പ്രത്യേകിച്ച് കുറ്റം പറയേണ്ട കാര്യമൊന്നുമില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും മൂന്നരവർഷം ഉണ്ടെന്നതിനാൽ എടപ്പാടി സർക്കാരിന്റെ സുസ്ഥിരമായ നിലനില്പ് അനിവാര്യമാണെന്ന് കരുതുന്നവർ ഏറെയാണ്. ജയിലിലാണെങ്കിലും ശശികലയുടെ കരുനീക്കങ്ങളെ ആശ്രയിച്ചാണ് ദിനകരൻ ഗ്രൂപ്പിന്റെ ഭാവി. അവിഹിതമാർഗ്ഗങ്ങളിലൂടെ നേടിയ അളവറ്റ സമ്പാദ്യം കൈയിലുള്ളതിനാൽ കുതിരക്കച്ചവടത്തിനുള്ള വഴികൾ നാലുപാടും തുറന്നുകിടപ്പുണ്ട്. ജയലളിതയുടെ മരണശേഷം അരങ്ങേറിയ നാടകം രാജ്യം മുഴുവൻ കണ്ടതാണ്. എം.എൽ.എമാരെ ഒന്നടങ്കം റിസോർട്ടിൽ കൊണ്ടുപോയി ബന്ദികളായി വച്ചാണ് ശശികല അന്ന് എടപ്പാടി പളനി സാമിയെ മുഖ്യമന്ത്രിയായി വാഴിച്ചത്. അതേ പളനി സാമി തന്നെ ഇപ്പോൾ ശശികലയെ പാർട്ടിയിൽ നിന്നു പുറത്താക്കി അധികാരം നിലനിറുത്താനുള്ള കഠിന ശ്രമത്തിലാണ്. രാഷ്ട്രീയത്തിൽ സ്ഥിരമായി ബന്ധുക്കളും ശത്രുക്കളുമില്ലെന്നതിന്റെ ഒന്നാന്തരം തെളിവായി മാറിയിരിക്കുകയാണ് തമിഴ്നാട് രാഷ്ട്രീയത്തിലെ ഈ അധികാരക്കളി.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ