സ്വകാര്യതാ വിധി: ആധാർ - പാൻ സംയോജനം തുടരും
August 26, 2017, 12:08 am
പി.എച്ച്. സനൽകുമാർ
തിരുവനന്തപുരം: സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീംകോടതി വിധി ആധാർ - പാൻ സംയോജനത്തെ ബാധിക്കില്ല. സംയോജനം തുടരുമെന്നും ആഗസ്റ്റ് 31ന് മുമ്പ് ആധാറുമായി ലിങ്ക് ചെയ്യാത്ത പാൻ കാർഡുകൾ റദ്ദാക്കുമെന്നുമാണ് ആദായനികുതി വകുപ്പ് നൽകുന്ന സൂചന.ആദായനികുതി നിയമത്തിലെ 133 - എ ഭേദഗതി അനുസരിച്ചാണ് ആധാറും പാൻ കാർഡും ലിങ്ക് ചെയ്യുന്നത്. സുപ്രീംകോടതി വിധിയിൽ ഈ നിയമ ഭേദഗതിയെ കുറിച്ചോ, ആധാർ നിയമത്തെ കുറിച്ചോ പരാമർശിക്കുന്നില്ല. നിയമം അസാധുവാക്കുകയോ, വ്യവസ്ഥകൾ നിർദ്ദേശിക്കുകയോ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ പാൻ ലിങ്ക് ചെയ്യുന്നതുൾപ്പെടെ ആധാറുമായി ബന്ധപ്പെട്ട എല്ലാ നടപടികളും തുടരുമെന്നാണ് ആദായ നികുതി വകുപ്പ് അറിയിക്കുന്നത്.

നോട്ട് റദ്ദാക്കലിൽ തുടക്കമിട്ട, രാജ്യത്തെ ഏറ്റവും ബൃഹത്തായ സാമ്പത്തിക ശുദ്ധീകരണ പ്രക്രിയയുടെ ഭാഗമായാണ് ആധാറുമായി പാൻകാർഡ് ബന്ധിപ്പിക്കുന്നത്. ഒന്നിലധികം പാൻ കാർഡുണ്ടെങ്കിൽ ഉടനടി റദ്ദാക്കും. ആധാറുമായി ബന്ധിപ്പിക്കാത്ത പാൻകാർഡുകളും സെപ്തംബർ ഒന്നോടെ റദ്ദാക്കും. ഇവർക്ക് ആധാറുമായി ബന്ധപ്പെടുത്തി പുതിയ പാൻകാർഡ് എടുക്കാം.

ഇതിനകം ആധാറുമായി ബന്ധപ്പെടുത്തിയ പാൻകാർഡുകളുടെ പരിശോധന മുംബയ് കേന്ദ്രമാക്കി പ്രത്യേക ഏജൻസി നടത്തിവരികയാണ്. പരിശോധനയിലൂടെ സാമ്പത്തിക തട്ടിപ്പുകളും വായ്പാ തട്ടിപ്പുകളും കള്ളപ്പണവും നികുതിവെട്ടിപ്പും തടയാമെന്നാണ് പ്രതീക്ഷ.

രാജ്യത്ത് പാൻകാർഡുകൾ എത്രയെന്ന കണക്കില്ല
112 കോടി ആധാർ കാർഡ് നൽകിയിട്ടുണ്ട്
81 ലക്ഷം ആധാർ കാർഡുകളും 11 ലക്ഷം പാൻ കാർഡുകളും റദ്ദാക്കിയിട്ടുണ്ട്

ആധാർ - പാൻ ബന്ധിപ്പിച്ചില്ലെങ്കിൽ
പാൻ കാർഡ് റദ്ദാക്കും
ബാങ്ക് ഇടപാടുകളും വിദേശ പണമിടപാടുകളും നടത്താനാവില്ല
വസ്തു രജിസ്ട്രേഷൻ പറ്റില്ല
ഭവനവായ്‌പ ഉൾപ്പെടെ ഒരു വായ്പയും കിട്ടില്ല
ആദായനികുതി റിട്ടേൺ സമർപ്പിക്കാനാവില്ല
പരിധി കഴിഞ്ഞുള്ള മുഴുവൻ വരുമാനത്തിനും നികുതിയും പിഴയും നൽകേണ്ടിവരും. അതിന് ഇളവ് കിട്ടില്ല

ആധാർ റദ്ദാക്കിയാൽ
ആധാർ എൻറോൾമെന്റ് കേന്ദ്രത്തിൽ പോയി ഇത് ശരിയാക്കണം
റദ്ദാക്കിയ ആധാർ കാർഡും വിലാസം തെളിയിക്കുന്ന രേഖയും കരുതണം
പ്രത്യേക ഫാറം പൂരിപ്പിച്ച് നൽകണം.
25 രൂപയാണ് ഫീസ്

പാൻകാർഡ് റദ്ദാക്കിയാൽ
ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റിൽ പാൻകാർഡിന്റെ സാധുത അറിയാം
ആദായനികുതി വകുപ്പ് അംഗീകരിച്ച ഏജൻസികളിൽ നിന്ന് ആധാർ കാർഡിന്റെ പകർപ്പ് നൽകി പുതിയ പാൻകാർഡ് വാങ്ങാം

''സ്വകാര്യത മൗലികാവകാശമാക്കിയ സുപ്രീംകോടതി വിധി ആധാർ നിയമം റദ്ദാക്കിയിട്ടില്ല. വിധിയുടെ അടിസ്ഥാനത്തിൽ ഡാറ്റാ സംരക്ഷണത്തിനും വ്യക്തികളുടെ വിവരങ്ങൾ സൂക്ഷിക്കാനും ശക്തമായ നടപടികൾ സ്വീകരിക്കേണ്ടിവരും''.

അജയ്ഭൂഷൺ പാണ്ഡെ,
ആധാർ അതോറിട്ടി (യു.ഐ.ഡി.എ.ഐ) സി.ഇ.ഒ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ