Wednesday, 20 September 2017 7.44 AM IST
കോപിക്കുന്നത് ദേവിയോ തല്പര കക്ഷികളോ?
August 26, 2017, 12:34 am
വ്യവസ്ഥാപിതവും നിയമാധിഷ്ഠിതവുമായി സ്ഥാപിക്കപ്പെട്ട ദേവസ്വം ബോർഡുകൾ എല്ലാ അർത്ഥത്തിലും നിയമാനുസരണം പ്രവർത്തിക്കാൻ ബാദ്ധ്യസ്ഥമാണ്. പ്രശസ്തമായ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ സഹശാന്തിക്കാരനായി നിയമിക്കപ്പെട്ട എസ്. സുധികുമാറിന് ഇതുവരെ ജോലിയിൽ പ്രവേശിക്കാൻ സാധിക്കാത്തതിന് ആരാണ് സമാധാനം പറയേണ്ടത്. ബ്രാഹ്മണകുലത്തിൽ പിറക്കാനാകാത്തതാണ് സുധികുമാറിന് ക്ഷേത്രം തന്ത്രിയും അദ്ദേഹത്തിന്റെ അനുയായികളും കണ്ടെത്തിയിരിക്കുന്ന അയോഗ്യത. എന്നാൽ നിയമാനുസൃതമായ സ്ഥലംമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയിടം ക്ഷേത്രത്തിലെ ശാന്തിക്കാരനായ സുധികുമാർ ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിന്റെ ശ്രീകോവിൽ തനിക്കായി തുറക്കുന്നതും കാത്തുനിൽക്കുന്നത്. ചെട്ടികുളങ്ങരയിൽ ഇതുവരെ അബ്രാഹ്മണർ പൂജ ചെയ്ത ചരിത്രമില്ലെന്ന് പറഞ്ഞുകൊണ്ടാണ് തന്ത്രിയും കൂട്ടരും അബ്രാഹ്മണ പുജാരിക്ക് വിലക്ക് കല്പിച്ച് ആചാരത്തിന്റെ നെടുങ്കോട്ട കെട്ടി ഉയർത്തിയിരിക്കുന്നത്. എന്നാൽ ഈ നിലപാടിന് നിയമദൃഷ്ട്യാ യാതൊരു വിലയുമില്ലെന്നതാണ് യാഥാർത്ഥ്യം. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ അബ്രാഹ്മണർ പൂജ ചെയ്യുന്നുണ്ട്. പതിറ്റാണ്ടുകൾ നീണ്ട സഹനസമരങ്ങളുടെയും കാത്തിരിപ്പിന്റെയും ഫലമായി നേടിയെടുത്ത അവകാശമാണത്. ജാതിയുടെ പേരിൽ ആ അവകാശം നിഷേധിക്കാൻ ആർക്കും അധികാരമില്ല. നീതിപീഠങ്ങൾപോലും അംഗീകരിച്ചതാണത്.
ഈഴവ സമുദായക്കാരനായ സുധികുമാർ ചെട്ടികുളങ്ങര ക്ഷേത്രത്തിൽ പൂജ ചെയ്താൽ ദേവി കോപിക്കുമെന്നും ഘോരമായ ആചാരലംഘനമാകുമെന്നുമാണ് കാലത്തിന്റെ ചുവരെഴുത്തുകാണാൻ മടിയുള്ള പഴമയുടെ ജീർണതകൾ വാരിച്ചുറ്റി നിൽക്കുന്നവരുടെ കണ്ടുപിടിത്തം. ഉറക്കത്തിൽ ദേവി ഇവരുടെയൊക്കെ കനവുകളിൽ പ്രത്യക്ഷപ്പെട്ട് ഈ അപകടഭീഷണിയെക്കുറിച്ച് മുന്നറിയിപ്പു നൽകിക്കൊണ്ടിരിക്കുകയാണോ എന്നറിയില്ല. പണ്ടുകാലത്ത് വിവരവും വിദ്യാഭ്യാസവുമില്ലാത്ത പാവങ്ങളെ പറഞ്ഞുപേടിപ്പിക്കാനും കബളിപ്പിക്കാനും പയറ്റിയിരുന്ന സ്ഥിരം ഉമ്മാക്കിയായിരുന്നല്ലോ സ്വപ്നത്തിലെ ദിവ്യദർശന കഥകൾ. പഴയ ആചാരങ്ങൾ പലതും കാലഹരണപ്പെടുകയും ക്ഷേത്ര സങ്കല്പങ്ങളിൽത്തന്നെ കാലാനുസൃതമായ മാറ്റങ്ങളുണ്ടാകുകയും ചെയ്തു. സവർണ്ണർക്ക് മാത്രമായിരുന്ന ക്ഷേത്ര പ്രവേശനം പഴങ്കഥയായിട്ടുതന്നെ എട്ടുപതിറ്റാണ്ടിലേറെയായി. താഴ്ന്നജാതിക്കാർ ക്ഷേത്ര വളപ്പിൽ പ്രവേശിച്ചാൽ എല്ലാം തകരുമെന്ന് പറഞ്ഞുനടന്നവർ ക്ഷേത്രപ്രവേശന വിളംബരം വന്നപ്പോൾ ഒാടിയൊളിക്കാനൊന്നും മുതിർന്നില്ല. യാഥാർത്ഥ്യം അംഗീകരിക്കാൻ നിർബന്ധിതരാവുകയായിരുന്നു. അതുപോലെതന്നെയാണ് അബ്രാഹ്മണർ പൂജാരിമാരായെത്തിയപ്പോഴും ഉണ്ടായ ഹാലിളക്കം. നിയമദൃഷ്ട്യാ എതിർപ്പു വിലപ്പോവില്ലെന്നു കണ്ടപ്പോഴാണ് ആചാരത്തെ കൂട്ടുപിടിച്ച് ആട്ടിയകറ്റാനുള്ള നീചശ്രമം.
സുധികുമാറിനെ ചെട്ടികുളങ്ങര ശ്രീകോവിലിൽ കയറ്റിയാൽ ക്ഷേത്രം കലാപഭൂമിയായി മാറുമെന്ന് പ്രചരണം നടത്തുന്നവരുടെ ദുഷ്ടലാക്ക് വളരെ വ്യക്തമാണ്. സവർണ്ണാധിപത്യത്തിന് ഇളക്കമുണ്ടാകുന്നതൊന്നും അവിടെ അനുവദിക്കാൻ പോകുന്നില്ലെന്ന മുഷ്ക്ക് തന്നെയാണ് എതിർപ്പിന്റെ അടിസ്ഥാനം. സ്ഥലംമാറ്റപ്പെട്ട സുധികുമാറിനെതിരെ തന്ത്രിയും ഹിന്ദു കൺവെൻഷൻകാരും അണിനിരന്നതോടെ സമാധാന ഭംഗമുണ്ടാകുമെന്ന നിഗമനത്തിൽ നിയമനം തൽക്കാലം മരവിപ്പിക്കാനുള്ള ഉത്തരവിറക്കിയ ദേവസ്വം കമ്മിഷണറുടെ നടപടി എങ്ങനെ സാധുവാകും? തൽക്കാലം പുതിയിടം ക്ഷേത്രത്തിൽത്തന്നെ തുടരാനാണ് സുധികുമാറിനു ലഭിച്ചിരിക്കുന്ന നിർദ്ദേശം. ജാതി വിവേചനത്തിന്റെ പേരിലല്ല, ക്ഷേത്രാചാര വിരുദ്ധമെന്നു ആക്ഷേപമുണ്ടായതിനാലാണ് ഇപ്രകാരം പ്രവർത്തിക്കേണ്ടിവന്നതെന്നാണ് കമ്മിഷണറുടെ വിശദീകരണം. എന്നാൽ നിയമാനുസരണം പ്രവർത്തിക്കേണ്ട ഒരു ഉദ്യോഗസ്ഥൻ ആചാരത്തിന്റെ പേരിൽ ഉത്തരവു മാറ്റിയെഴുതുന്നതിൽ അപാകതയും വൈരുദ്ധ്യവും സ്പഷ്ടമാണ്. ഇതിന് തൃപ്തികരവും വിശ്വസനീയവുമായ ഉത്തരം നൽകേണ്ടത് ദേവസ്വം വകുപ്പു മന്ത്രിതന്നെയാണ്. ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ അബ്രാഹ്മണർക്ക് പൂജ ചെയ്യാൻ വിലക്കൊന്നുമില്ലാത്ത സാഹചര്യത്തിൽ ചെട്ടികുളങ്ങരയിൽ അതിന് വിപരീതമായതു സംഭവിക്കാൻ പാടില്ലാത്തതാണ്. അബ്രാഹ്മണ ശാന്തി നിയമനത്തിനെതിരെ ഹിന്ദുമത കൺവെൻഷൻ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. കോടതി തീരുമാനം ഇതുവരെ വന്നിട്ടില്ല. പൂജാരിയായി അബ്രാഹ്മണർ വരരുതെന്നേ തല്പരകക്ഷികൾക്ക് നിർബന്ധമുള്ളൂ. വഴിപാടിനങ്ങളിലും നടവരവിലും അബ്രാഹ്മണരുടെ കൈയയച്ചുള്ള സംഭാവനകൾക്ക് ഒരു പതിത്വവുമില്ല. ആചാര ലംഘനവുമില്ല. ബഹു ഭൂരിപക്ഷം വരുന്ന അബ്രാഹ്മണരുടെ കലവറയില്ലാത്ത സംഭാവനകളും സഹായവും കൊണ്ടാണ് ക്ഷേത്രങ്ങൾ നിലനിന്നുപോരുന്നതെന്ന് എന്തേ ഇവരാരും തിരിച്ചറിയുന്നില്ല.
ചെട്ടികുളങ്ങരയിലെ കീഴ്ശാന്തി പ്രശ്നത്തിൽ സർക്കാരിന്റെ നിലപാട് അറിയാൻ ജനങ്ങൾക്ക് ഏറെ താല്പര്യമുണ്ട്. ദേവീകോപത്തിന്റെ പേരിൽ അബ്രാഹ്മണനെ മാറ്റി നിറുത്തിയത് ദേവസ്വം ബോർഡ് നിയമത്തിനും ചട്ടത്തിനും എതിരാണ്. നിയമനാധികാരി ബോർഡായ നിലയ്ക്ക് ഈ പ്രശ്നത്തിൽ ഖണ്ഡിതമായ തീരുമാനമുണ്ടായേ മതിയാകൂ. എല്ലാറ്റിനും മൂകസാക്ഷിയായ ചെട്ടികുളങ്ങര ദേവിയെ കൂട്ടുപിടിച്ച് സവർണാധിപത്യം ഊട്ടിയുറപ്പിക്കാനുള്ള സ്ഥാപിത താല്പര്യക്കാരുടെ ശ്രമത്തിന് സർക്കാരും കൂട്ടുനിൽക്കേണ്ടതുണ്ടോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ