ഡാറ്രാ ബാങ്ക് തിരുത്തൽ: അപേക്ഷ മൂന്നുമാസം കൂടി നീട്ടും
August 26, 2017, 12:03 am
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം : തണ്ണീർത്തടമെന്ന് ഡാറ്റാ ബാങ്കിൽ തെറ്റായി രേഖപ്പെടുത്തപ്പെട്ട സ്ഥലങ്ങൾ മാറ്രിയെഴുതിക്കിട്ടാൻ അപേക്ഷ നൽകേണ്ട തീയതി മൂന്നുമാസത്തേക്ക് കൂടി നീട്ടിയേക്കും . പലർക്കും ഇതുവരെ അപേക്ഷിക്കാൻ കഴിഞ്ഞില്ലെന്ന പരാതിയെ തുടർന്നാണിത്. ഇതിനായി 2017ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ റവന്യൂ വകുപ്പ് തീരുമാനിച്ചു.
2008 ആഗസ്ത് 12 നാണ് നെൽവയൽ തണ്ണീർത്തട നിയമം കൊണ്ടുവന്നത്. നിയമം വരുന്നതിന് മുമ്പ് നെൽവയലോ തണ്ണീർത്തടമോ അല്ലാതിരുന്നിട്ടും അങ്ങനെയാണെന്ന് ഡാറ്റാബാങ്കിൽ രേഖപ്പെടുത്തപ്പെട്ട സ്ഥലങ്ങളുടെ വിവരങ്ങളാണ് ഇതുപ്രകാരം തിരുത്തുന്നത്. 2008 ആഗസ്ത് 12 ന്റെ സാറ്റലൈറ്റ് രേഖകൾ നോക്കി പരിശോധിച്ചാണ് പരാതികളിൽ തീരുമാനമെടുത്തിരുന്നത്. കേരള സ്റ്റേറ്ര് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്ററാണ് ഇതു സംബന്ധിച്ച സാങ്കേതിക പ്രവർത്തനങ്ങൾ നടത്തുന്നത്.
സംസ്ഥാന സർക്കാർ 2017 മെയ് 30ന് പുറപ്പെടുവിച്ച അസാധാരണ ഗസറ്ര് ഉത്തരവ് പ്രകാരം ജൂൺ ഒന്നുമുതൽ 90 ദിവസത്തിനുള്ളിൽ ഡാറ്ര തിരുത്താൻ അപേക്ഷ നൽകണമായിരുന്നു. കൃഷി ഓഫീസർമാർക്കാണ് അപേക്ഷ നൽകേണ്ടിയിരുന്നത്. 90 ദിവസത്തിനുള്ളിൽ പരാതി നൽകിയില്ലെങ്കിലും വ്യക്തമായ കാരണം കാണിച്ചാൽ ഇതിന് ശേഷവും പരാതി നൽകാമെന്ന് ചട്ടങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ 90 ദിവസം എന്നത് 180 ദിവസമാക്കണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടത് പ്രകാരമാണ് റവന്യൂ വകുപ്പ് ചട്ടം ഭേദഗതി ചെയ്യുന്നത്.
ഡാറ്റാ ബാങ്ക് തിരുത്തലോടെ കേരളത്തിലെ നെൽവയലുകളുടെ കണക്കാക്കപ്പെട്ട വിസ്തൃതിയിൽ ഇനിയും കുറവ് വന്നേക്കാം. എന്നാൽ പല തണ്ണീർത്തടങ്ങളും വയലുകളും കുളങ്ങളും ഇപ്പോഴും ഡാറ്റാബാങ്കിൽ രേഖപ്പെടുത്താതെ കിടക്കുന്നുണ്ടെന്നും അതുംകൂടി പുതുക്കിയ പട്ടികയിൽ വരുമ്പോൾ തിരിച്ചും സംഭവിക്കാമെന്നും റവന്യൂ വകുപ്പ് അധികൃതർ പറഞ്ഞു.
2015 യു.ഡി. എഫ് സർക്കാർ കൊണ്ടുവന്ന മൂന്ന് എ ഭേദഗതി വിവാദമായിരുന്നു. ഇതു പ്രകാരം 2008 ന് മുമ്പ് പാടം നികത്തിയ സ്ഥലങ്ങളിൽ ,ഗ്രാമപ്രദേശങ്ങളിൽ പത്ത് സെന്റിലും നഗരങ്ങളിൽ അഞ്ചു സെന്റിലും വീട് വയ്ക്കാൻ അനുവാദമുണ്ടായിരുന്നു. ഭൂമിയുടെ ന്യായവിലയുടെ നാലിലൊന്ന് സർക്കാരിലടച്ച് ക്രമപ്പെടുത്തിയ ശേഷമാണ് ഇതു ചെയ്യേണ്ടിയിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ
ഇതെടുത്തു കളയുകയായിരുന്നു.

crrr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ