Wednesday, 20 September 2017 7.44 AM IST
കൂടുതൽ കരുത്തോടെ മുന്നോട്ടു പോകണം
August 25, 2017, 2:00 am
വിചാരണയ്ക്കു പോലും യോഗ്യതയില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി മുഖ്യമന്ത്രി പിണറായി വിജയനെതിരെ സി.ബി.ഐ സമർപ്പിച്ചിരുന്ന റിവിഷൻ ഹർജി തള്ളിയത്. ഒന്നര പതിറ്റാണ്ടിലേറെ സംസ്ഥാന രാഷ്ട്രീയത്തിൽ കത്തിജ്ജ്വലിച്ചുനിന്ന ലാവ്‌ലിൻ കേസിൽ പിണറായിയെ മനഃപൂർവം വലിച്ചിടുകയായിരുന്നുവെന്നാണ് കോടതി കണ്ടെത്തിയത്. ലാവ്‌‌ലിൻ ഇടപാടുമായി ബന്ധപ്പെട്ട് കനേഡിയൻ കമ്പനിയുമായി ധാരണാപത്രം ഉണ്ടാക്കിയപ്പോൾ പിണറായി അതിന്റെ ഭാഗമായിരുന്നില്ല. ലാവ്‌‌ലിൻ കമ്പനിയെ പദ്ധതി നവീകരണത്തിനുള്ള കൺസൾട്ടന്റായി നിയമിച്ചപ്പോഴും അദ്ദേഹം സർക്കാരിന്റെ ഭാഗമല്ലായിരുന്നു. അന്തരിച്ച ജി. കാർത്തികേയനായിരുന്നു അന്ന് വൈദ്യുതി മന്ത്രി. മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് വിവാദമായി പിന്നീടു മാറിയ ലാവ്‌‌ലിൻ കരാർ അംഗീകരിച്ചതും പള്ളിവാസൽ, ചെങ്കുളം, പെരിങ്ങൽകുത്ത് എന്നീ പഴയ വൈദ്യുതി പദ്ധതികളുടെ നവീകരണ ജോലികൾ നടന്നതും. വകുപ്പു മന്ത്രിയെന്ന നിലയിൽ അദ്ദേഹം പിന്നീട് കരാറുമായി ബന്ധപ്പെട്ട് കാനഡ സന്ദർശിക്കുകയും കനേഡിയൻ കമ്പനിയുമായി ചർച്ചകൾ നടത്തുകയും ചെയ്തിട്ടുണ്ടെന്നുള്ളത് ശരിയാണ്. എന്നാൽ ഇതൊന്നും സ്വകാര്യ നേട്ടത്തിനു വേണ്ടിയായിരുന്നില്ല. കരാർ നൽകുമ്പോൾ മലബാറിൽ നല്ല നിലയിലുള്ള ഒരു കാൻസർ സെന്റർ അന്നത്തെ ഇടതു സർക്കാരിന്റെ ഒരു സ്വപ്നമായിരുന്നു. സെന്ററിന് നൂറു കോടി രൂപയുടെ സഹായം നൽകാമെന്ന് ലാവ്‌‌ലിൻ കമ്പനി വാഗ്ദാനവും നൽകിയിരുന്നു. എന്നാൽ ആദ്യഘട്ടമായി എട്ടുകോടിയിൽപ്പരം രൂപ മാത്രമാണ് ലഭിച്ചത്. തുടർന്നു വന്ന മന്ത്രിമാരാരും തന്നെ സഹായ വാഗ്ദാനം ഫലപ്രാപ്തമാക്കാൻ ഒരു ശ്രമവും നടത്തിയില്ല.
നാലുവർഷം മുൻപ് സി.ബി.ഐ കോടതി തന്നെ പിണറായി വിജയനെ ലാവ്‌‌ലിൻ കേസിൽ കുറ്റവുമുക്തനാക്കിയതാണ്. അതിനു മതിയായ കാരണങ്ങളും വിശദമാക്കുകയുണ്ടായി. എന്നാൽ കണക്കിലേറെ വാശിയോടെ സി.ബി.ഐ പിണറായിയെ കുടുക്കിയേ തീരൂ എന്ന നിലപാടെടുക്കുകയായിരുന്നു. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസി നടത്തിയ ഈ കുത്സിത നീക്കത്തെ ഹൈക്കോടതിയും പരുഷ ഭാഷയിൽ നിരീക്ഷിച്ചിട്ടുണ്ട്. സി.ബി.ഐ കോടതി നേരത്തേ തന്നെ കുറ്റവിമുക്തരാക്കിയ പിണറായി ഉൾപ്പെടെ മൂന്നുപേരും സാമ്പത്തിക നേട്ടം ഉണ്ടാക്കുകയോ മറ്റ് ആനുകൂല്യങ്ങൾ പറ്റുകയോ ചെയ്തതായി സി.ബി.ഐയുടെ അന്തിമ റിപ്പോർട്ടിലും പരാമർശമൊന്നുമില്ല. എന്നിട്ടും എങ്ങനെയാണ് സംസ്ഥാനത്തെ ഉന്നതനായ ഒരു രാഷ്ട്രീയ നേതാവ് ഒരു പതിറ്റാണ്ടിലേറെ സംശയത്തിന്റെ നിഴലിൽ നിൽക്കേണ്ടിവന്നതെന്ന് അന്വേഷിക്കുമ്പോഴാണ് അതിനു പിന്നിൽ നടന്നിട്ടുള്ള കുതന്ത്രങ്ങളും കള്ളക്കളികളും ബോദ്ധ്യമാവുക. ഒപ്പം തന്നെ നിയമ - നീതി സംവിധാനങ്ങളുടെ പഴകിത്തുരുമ്പിച്ച ചക്രങ്ങൾ എത്ര മന്ദഗതിയിലാണ് നീങ്ങുന്നതെന്നും മനസിലാകും. ലാവ്‌‌‌‌ലിൻ കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് സി.പി.എം നേതൃത്വം ആദ്യം മുതലേ എടുത്ത ഉറച്ച നിലപാടിനുള്ള അംഗീകാരം കൂടിയാണ് ഹൈക്കോടതി വിധി.
ലാവ്‌‌ലിൻ വിവാദത്തിൽ കുരുക്കി പിണറായിയുടെ രാഷ്ട്രീയ ഭാവി തമസ്കരിക്കാൻ ശ്രമം നടത്തിയവരിൽ സ്വന്തം പാർട്ടിയിൽ നിന്നുള്ളവരും ഉണ്ടായി എന്നതാണ് ഓർത്തിരിക്കേണ്ട മറ്റൊരു കാര്യം. അവർക്കു കൂടിയുള്ള കനത്ത തിരിച്ചടിയാണ് ഹൈക്കോടതി വിധിയിലൂടെ പുറത്തുവന്നത്.
അധികാര കേന്ദ്രങ്ങളിൽ നിന്ന് ഏറെക്കാലം മാറിനിൽക്കാൻ പിണറായി നിർബന്ധിതനായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തിരിച്ചുവന്നപ്പോൾ സ്വാഭാവികമായും മന്ത്രിസഭയെ നയിക്കാനുള്ള ദൗത്യം അദ്ദേഹത്തിൽത്തന്നെ എത്തി. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പിണറായി ഉൾപ്പെടെ എൽ.ഡി.എഫ് നേതാക്കൾ ഒന്നടങ്കം ഉയർത്തിപ്പിടിച്ചത് അഴിമതിക്കെതിരായ നിലപാടായിരുന്നു. മുഖ്യമന്ത്രിയായി സ്ഥാനമേറ്റ ശേഷം നടന്ന ആദ്യ പൊതുസമ്മേളനത്തിലും തന്റെ ഭരണം അഴിമതിക്കാരോട് ഒരുവിധ വിട്ടുവീഴ്ചയുമില്ലാത്തതായിരിക്കുമെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്. ലാവ്‌‌ലിന്റെ കറുത്ത നിഴലിനു കീഴിൽ നിന്നാണ് മുഖ്യമന്ത്രി ഇതൊക്കെ പറയുന്നതെന്നു പരിഹസിച്ചവരുണ്ട്. അവരുൾപ്പെടെ മുഴുവൻ പേർക്കും ശക്തമായ നടപടികളിലൂടെ മറുപടി നൽകാനുള്ള അവസരമാണ് സംശയങ്ങളുടെ കാർമേഘ പടലങ്ങളിൽ നിന്ന് പൂർണമായും പുറത്തുവന്ന അദ്ദേഹത്തിനു കൈവന്നിരിക്കുന്നത്. തലയ്ക്കു മുകളിൽ ഡെമോക്ളിസിന്റെ വാൾ പോലെ തൂങ്ങിനിന്ന ബാധ ഒഴിഞ്ഞുപോയ നിലയ്ക്ക് ഭരണ നടപടികളിൽ വർദ്ധിച്ച ഏകാഗ്രതയും ലക്ഷ്യബോധവും കാണിക്കാൻ മുഖ്യമന്ത്രിക്കു കഴിയും. നാലുവർഷത്തോളം ശേഷിക്കുന്ന ഭരണകാലത്ത് സംസ്ഥാനവും ജനങ്ങളും പ്രതീക്ഷിക്കുന്ന തരത്തിൽ എല്ലാ രംഗത്തും മുന്നേറാൻ സംസ്ഥാനത്തിനു കഴിയണം. തുടങ്ങിവച്ച അനവധി ജനക്ഷേമ പദ്ധതികളുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ വൻകിട പദ്ധതികൾ നിർമ്മാണത്തിന്റെ വിവിധ ദിശകളിലാണ്. വൻകിട പദ്ധതികൾക്കു പണം കണ്ടെത്താൻ സഹായിക്കുന്ന നവീനമായ നിക്ഷേപ ബോർഡ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ശക്തനും പ്രഗത്ഭനുമായ മുഖ്യമന്ത്രിക്കു കീഴിൽ ലക്ഷ്യം നേടിയെടുക്കുക അത്ര പ്രയാസമുള്ള കാര്യമല്ല.
ലാവ്‌‌ലിൻ കേസിൽ നിന്നുള്ള മോചനം കർമ്മമണ്ഡലങ്ങളിൽ വർദ്ധിച്ച കരുത്തോടെ മുഴുകാൻ പിണറായിക്കു അവസരം നൽകും. വലിയ പ്രതീക്ഷകളാണ് ജനങ്ങളുടെ മനസിലുള്ളത്. നിയമ യുദ്ധത്തിൽ നേടിയ തിളക്കമാർന്ന വിജയം ജനാഭിലാഷങ്ങൾ സാക്ഷാത്‌കരിക്കാനുള്ള അവസരമായിത്തീരട്ടെ എന്നു പ്രാർത്ഥിക്കാം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ