ആറുമാസം, എല്ലാ പഞ്ചായത്തിലും വൈ.ഫൈ ഹോട്ട് സ്‌പോട്ട്, ചെലവ് 940 കോടി
August 28, 2017, 12:08 am
പി. എച്ച്. സനൽകുമാർ
തിരുവനന്തപുരം:കേരളത്തിലെ 941 പഞ്ചായത്തുകളിലും വൈ. ഫൈ. എത്തിക്കാനുള്ള ബി.എസ്.എൻ.എല്ലിന്റെ പദ്ധതി ഇൗ മാസം തുടങ്ങും. 940 കോടി രൂപയാണ് ചെലവ്.
ഓരോ പഞ്ചായത്തിലും ഒരു വൈ.ഫൈ.ഹോട്ട് സ്പോട്ട് എങ്കിലും സ്ഥാപിക്കുകയാണ് ലക്ഷ്യം. അടുത്ത ഫെബ്രുവരിയോടെ പദ്ധതി പൂർത്തിയാക്കും. ഇതിനായി എൽ. ആൻഡ് ടിയുമായി കരാർ ഒപ്പിട്ടു.

കേന്ദ്രസർക്കാരിന്റെ യൂണിവേഴ്സൽ സർവീസസ് ഒബ്ളിഗേഷൻ ഫണ്ട് ( യു. എസ്. ഒ. എഫ്. ) അനുസരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എല്ലാ ഗ്രാമങ്ങളും ഡിജിറ്റലൈസ് ചെയ്യാനുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിൽ രാജ്യത്തെ 40,000 ഗ്രാമങ്ങളിലാണ് വൈ.ഫൈ. എത്തിക്കുന്നത്. അതിലാണ് കേരളത്തെയും ഉൾപ്പെടുത്തിയത്. 4 ജി സ്‌പെക്ട്രമുള്ള അതിവേഗ വൈ. ഫൈ. ഹോട്ട് സ്പോട്ടുകളാണ് കേരളത്തിൽ സ്ഥാപിക്കുക. കേരള സർക്കിൾ ബി. എസ്.എൻ. എല്ലിനാണ് ഇതിന്റെ ചുമതല.

ബി.എസ്.എൻ.എല്ലിന് സംസ്ഥാനത്ത് 95 ലക്ഷം കണക്‌ഷനാണുള്ളത്. ഇതിൽ പകുതിയിലേറെയും പ്രവർത്തിക്കുന്നില്ലെന്നാണ് കണക്ക്. ഒരേ ആളുകൾ തന്നെ ഒന്നിലേറെ കണക്‌ഷനുകൾ എടുത്തിട്ടുണ്ട്. ഇതിന്റെ കൃത്യമായ വിവരങ്ങളില്ല. ഫോൺ കണക്‌ഷൻ ആധാറുമായി ലിങ്ക് ചെയ്യണമെന്ന നിയമം വന്നതോടെ ഇതിൽ മാറ്റം പ്രതീക്ഷിച്ചിരുന്നു. എന്നാൽ 6.20 ലക്ഷം ബി.എസ്. എൻ.എൽ ഉപഭോക്താക്കൾ മാത്രമാണ് ആധാറുമായി ലിങ്ക് ചെയ്തത്. ആധാർ നിർബന്ധമാക്കിയാൽ ബി.എസ്.എൽ. എല്ലിന്റെ പ്രവർത്തനം ദുർബലമാകുമോ എന്ന ആശങ്കയുണ്ട്.

ലക്ഷ്യം
ഗ്രാമീണർക്ക് ദിവസം മുഴുവനും മൊബൈൽ ഫോൺ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക. അതുവഴി പണമിടപാടുകളും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സേവനങ്ങളും വിരൽത്തുമ്പിൽ എത്തിക്കുക.
റേഷൻ, ഗ്യാസ് സബ്സിഡി, തൊഴിലുറപ്പ് പദ്ധതികൾ, വിവിധ ഗ്രാന്റുകൾ, ആരോഗ്യ സുരക്ഷാ പദ്ധതികൾ എന്നിവയുടെ വിവരങ്ങളും അപേക്ഷകളുടെ വിവരങ്ങളും ഗ്രാമീണർക്ക് യഥാസമയം ലഭ്യമാക്കുക.
മൊബൈൽ ഡാറ്റാ സർവീസിൽ ബി. എസ്. എൻ. എല്ലിന്റെ നഷ്ടപ്പെട്ട ആധിപത്യം വീണ്ടെടുക്കുക.

അയോഗ്യരെ ഒഴിവാക്കാം
വൈ.ഫൈ.ഹോട്ട് സ്പോട്ട് വരുന്നതോടെ മൊബൈൽ ഡാറ്റാ ഉപയോക്താക്കളെ ട്രാക്ക് ചെയ്യുന്ന സംവിധാനം തുടങ്ങും. ഇതിലൂടെ ഉപയോക്താക്കളുടെ ആധാർ നമ്പർ കണ്ടെത്താം. അങ്ങനെ അയോഗ്യരെ ഒഴിവാക്കാനും അല്ലാത്തവരെ നേരിട്ട് കണ്ട് ആധാറുമായി ലിങ്ക് ചെയ്യിക്കാനുമാണ് ആലോചിക്കുന്നത്.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ