ഉത്രാട കച്ചവടത്തിന് തമിഴ് പാൽ തേടി മിൽമ
August 29, 2017, 12:10 am
രാജൻ പുരക്കോട്
തിരുവനന്തപുരം: ഓണക്കാല പാൽക്ഷാമം നേരിടാൻ മിൽമ തമിഴ്നാട്ടിലേക്കോടുന്നു. ഉത്രാ‌‌ടത്തിന് സ്റ്റോക്കു ചെയ്യേണ്ട 28 ലക്ഷം ലിറ്ററിൽ 18 ലക്ഷം ലിറ്റർ പാലിനും ആശ്രയം തമിഴ്നാട് സഹകരണ ഡെയറികളാണ്.

13.5 ലക്ഷം ലിറ്റർ പാലാണ് സാധാരണ ദിവസം മിൽമയ്ക്കാവശ്യം. വിശേഷ ദിവസം ഇത് 15 ലക്ഷം ലിറ്റർ വരെയാണ്. എന്നാൽ ഉത്രാടത്തിന് കഥ മാറും. 27.5 ലക്ഷം ലിറ്ററാണ് കഴിഞ്ഞ ഉത്രാടത്തിന് വിറ്റത്. ഇത്തവണ ഒരു ലക്ഷം ലിറ്ററെങ്കിലും അധികം കരുതിയേ പറ്റൂ. സംസ്ഥാനത്ത് മിൽമയുടെ സംഭരണം പ്രതിദിനം 12.2 ലക്ഷം ലിറ്റർ മാത്രമാണ്. 3600 ക്ഷീര സംഘങ്ങളിലൂടെയാണ് സംഭരണം. ഇത്രയും പാൽ പക്ഷേ ഉത്രാടത്തിന് സംഘങ്ങൾക്ക് കിട്ടില്ല. അയൽപക്കക്കാർക്ക് കൊടുക്കാനും സ്വന്തം ആവശ്യത്തിനുമായി ക്ഷീരകർഷകർ അന്ന് പാൽ മാറ്റിവയ്ക്കും. അതിനാൽ ഏഴോ എട്ടോ ലക്ഷം ലിറ്ററേ മിൽമയ്ക്ക് ലഭിക്കൂ.

കഴിഞ്ഞ ഓണക്കാലത്ത് കർണാടകത്തിൽ നിന്നാണ് കൂടുതൽ പാലെടുത്തത്. കർണാടക പാൽ തമിഴ്നാടുവഴിയേ കൊണ്ടുവരാനാകൂ. ട്രാൻസ്പോർട്ടേഷൻചാർജ് അതിനാൽ കൂടും. സേലം, കൃഷ്ണഗിരി, ഈറോഡ്, കോയമ്പത്തൂർ, മധുര, ട്രിച്ചി, തിരുനെൽവേലി, ദിണ്ടിഗൽ എന്നിവിടങ്ങളിലെ സഹകരണ ഡെയറികളിൽ നിന്ന് പരമവധി പാൽ എത്തിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.

ഉത്രാട വില്പന റെക്കാഡാവും
 കഴിഞ്ഞ ഉത്രാടത്തിന് 27.5 ലക്ഷം ലിറ്റർ. ഇക്കുറി ഈ റെക്കാഡ് മറികടക്കും
 തിരുവനന്തപുരം മേഖലാ യൂണിയൻ കഴിഞ്ഞ ഉത്രാടത്തിന് 7, 85,000 ലിറ്റർ വിറ്റു

പാൽ ഉത്പന്നങ്ങൾ കുറയില്ല
നെയ്യ്, പേട, പായസ കിറ്റ് തുടങ്ങി മിൽമയുടെ ഉത്പന്നങ്ങളെ പാൽക്ഷാമം
ബാധിക്കില്ല. സംസ്ഥാനത്ത് നിന്നുള്ള പാലിൽ നിന്ന് ഇതിനുള്ള വിഹിതം മാറ്റിയിട്ടുണ്ട്.
- കല്ലട രമേശ്
( മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ)
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ