Wednesday, 20 September 2017 7.44 AM IST
പ്രതിദിന വില നിർണയത്തിന് പിന്നിലെ ചതി
August 29, 2017, 2:00 am
കേന്ദ്ര സർക്കാരിന്റെ വികലമായ ഇന്ധന നയത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നിത്യേന മാറി മറിയുന്ന വില പരിഷ്കരണം. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളനുസരിച്ചാണ് ഈ മാറ്റമെന്നാണു പറയുന്നതെങ്കിലും യഥാർത്ഥത്തിൽ അവിടങ്ങളിലെ ഇന്ധന വിലയുമായി ഇവിടത്തെ വിലയ്ക്ക് യാതൊരു പൊരുത്തവുമില്ലെന്നതാണു സത്യം. സർക്കാരും എണ്ണക്കമ്പനികളും ചേർന്നു നടത്തുന്ന ആസൂത്രിതമായ ഒരു കൊള്ളയാണിത്. പ്രതികരണശേഷി നഷ്ടപ്പെട്ട പൊതുജനം നിശ്ശബ്ദമായി അതു സഹിച്ചുകൊണ്ടിരിക്കുകയാണ്. വല്ലപ്പോഴുമൊക്കെ പെട്രോളിനും ഡീസലിനും ഒന്നോ രണ്ടോ രൂപ കൂട്ടിയിരുന്ന കാലത്ത് ബന്തും പന്തവും കാളവണ്ടിയുമൊക്കെയായി പ്രതിഷേധത്തിനിറങ്ങിയവരിൽ ആരും തന്നെ ഇപ്പോൾ ഈ വിഷയത്തെക്കുറിച്ചു മിണ്ടുന്നുപോലുമില്ല. ഇന്ധന വില വർദ്ധനയ്ക്കെതിരെ ഏറ്റവും കൂടുതൽ പ്രക്ഷോഭം നടത്തിയവരാണ് ഇപ്പോൾ രാജ്യം ഭരിക്കുന്നത് എന്ന വസ്തുതയും മറന്നുകൂടാ. അധികാരത്തിൽ കയറിയാൽ മുമ്പു പറഞ്ഞ വാക്കുകളും നൽകിയ വാഗ്ദാനങ്ങളുമൊക്കെ സൗകര്യപൂർവം വിസ്മരിക്കുന്നതാണല്ലോ രാഷ്ട്രീയക്കാരുടെ ശീലം. ഇന്ധന വിലയുടെ കാര്യത്തിലും അതാണു കാണുന്നത്.
രാജ്യത്ത് രണ്ടാം ചരിത്ര വിപ്ളവമെന്നു വിശേഷിപ്പിക്കപ്പെട്ട ചരക്കു സേവന നികുതി നിയമം നടപ്പാക്കുമ്പോഴെങ്കിലും പെട്രോൾ - ഡീസൽ വിലയിലെ അധിക ഭാരം കുറയുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. അങ്ങനെ ഉണ്ടായില്ലെന്നു മാത്രമല്ല, പ്രതിദിന വില പരിഷ്കരണം വഴി ചൂഷണത്തോത് വർദ്ധിക്കുകയും ചെയ്തു. ഇന്ധനം ജി.എസ്.ടി പരിധിക്കു പുറത്തു തന്നെ നിറുത്തണമെന്നതിൽ കേന്ദ്രവും സംസ്ഥാന സർക്കാരുകളും ഒറ്റക്കെട്ടായതിനാൽ ഈ വ്യവ്യസ്ഥ ഇതേപടിയോ ഇതിനെക്കാൾ മാരകമായ നിലയിലോ തുടരാനാണിട. ജനങ്ങളുടെ സഹന ശക്തിയെ പരീക്ഷിക്കുന്ന ഭരണാധികാരികൾക്ക് ഇക്കാര്യത്തിൽ ലവലേശം ജാള്യതയുമില്ല.
യു.പി.എ ഭരണകാലത്ത് എണ്ണക്കമ്പനികൾക്കുണ്ടാകുന്ന നഷ്ടത്തിന്റെ പേരിലാണ് ഇടയ്ക്കും മുറയ്ക്കും ഇന്ധന വില കൂട്ടിയിരുന്നത്. കുറച്ചൊക്കെ നേരും നെറിയും പുലർത്തിക്കൊണ്ടായിരുന്നു ഈ നടപടി. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയ്ക്കു ഭീമമായ തോതിൽ വില കുറഞ്ഞിട്ടും പഴയ അളവുകോലുപയോഗിച്ചാണ് ഇവിടെ വില നിർണയം. സാമാന്യബുദ്ധിയുള്ളവർക്കു മനസിലാകാത്ത കാര്യവും ഇതു തന്നെ. ഇക്കഴിഞ്ഞ മേയ് മാസം വരെ മാസത്തിൽ രണ്ടുതവണ എന്ന തോതിലാണ് ഇന്ധന വില നിർണയം നടന്നുകൊണ്ടിരുന്നത്. പതിനഞ്ചുവർഷം നിലനിന്ന ഈ സമ്പ്രദായം ഉപേക്ഷിച്ചാണ് ഇപ്പോൾ പ്രതിദിന വില പരിഷ്കാരമെന്ന വിചിത്ര രീതി കൊണ്ടുവന്നത്. വർദ്ധന ഏതാനും പൈസയിലൊതുങ്ങുന്നതിനാൽ ആരും അതു ശ്രദ്ധിക്കാറുമില്ല. എന്നാൽ ഒരു മാസത്തെ വർദ്ധന മൊത്തം എടുത്തു നോക്കുമ്പോഴാണ് ചതി ശരിക്കും ബോദ്ധ്യമാവുക. ഉദാഹരണത്തിന് ആഗസ്റ്റ് ഒന്നിന് കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 68.11 രൂപയായിരുന്നുവെങ്കിൽ ആഗസ്റ്റ് 27ന് അത് 71.60 രൂപയായി ഉയർന്നതായി കാണാം. 3.49 രൂപയുടെ മൊത്തം വർദ്ധന. ഒറ്റയടിക്കാണ് ഈ വർദ്ധന വരുത്തിയിരുന്നതെങ്കിൽ സകലരും അതു ശ്രദ്ധിക്കുമായിരുന്നു. ഇവിടെയാണ് സർക്കാരിന്റെയും എണ്ണക്കമ്പനികളുടെയും കബളിപ്പിക്കൽ തന്ത്രം. ഡീസൽ വിലയിൽ 27ദിവസത്തിനിടെ ഉണ്ടായ വർദ്ധന 1.27 രൂപയാണ്. അന്താരാഷ്ട്ര വില നിരക്കുകൾ പരിശോധിച്ചാൽ ഇവിടത്തെ വിലവർദ്ധനയ്ക്കു യാതൊരു ന്യായീകരണവുമില്ലെന്നു കാണാനാവും. പൊതുമേഖലാ എണ്ണക്കമ്പനികൾക്കു വേണ്ടിയാണ് പുതിയ വില നയം ഏർപ്പെടുത്തിയതെന്നാണു പറയുന്നതെങ്കിലും അതിന്റെ ഗുണഫലം ഈ മേഖലയിലെ സ്വകാര്യ ഭീമന്മാർക്കും ലഭിക്കുന്നുണ്ട്. നയത്തിനു പിന്നിലെ ഗൂഢതാത്‌പര്യങ്ങളിൽ ഇതും ചേർത്തു വായിക്കാം. കഴിഞ്ഞ രണ്ടുമാസത്തിനിടെ പെട്രോളിന് ആറു രൂപയും ഡീസലിന് മൂന്നേമുക്കാൽ രൂപയുമാണ് വർദ്ധിച്ചത്. ക്രൂഡ് വില 140 ഡോളർ എത്തിയ കാലത്തുപോലുമുണ്ടാകാത്ത വർദ്ധനയാണിത്. ഇപ്പോഴാകട്ടെ ക്രൂഡ് വില അൻപതു ഡോളറാണെന്നോർക്കണം. എണ്ണക്കമ്പനികളുടെ നഷ്ടക്കച്ചവടത്തെക്കുറിച്ച് ഇപ്പോൾ ആരും പറയാറില്ല. ഭീമമായ ലാഭമാണ് ഇപ്പോൾ അവയുടെ വാർഷിക കണക്കുകളിൽ കാണാനാവുന്നത്. പ്രത്യക്ഷമായും പരോക്ഷമായും ജനങ്ങളെ ചൂഷണം ചെയ‌്തു കുന്നുകൂട്ടുന്ന ലാഭം എങ്ങനെ വിനിയോഗിക്കപ്പെടുന്നു എന്നതുപോലും ആർക്കുമറിയില്ല. ഇന്ധന വിലയിലെ പ്രതിദിന മാറ്റം ചൂണ്ടിക്കാട്ടി യാത്രാ നിരക്കുകൾ വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി സ്വകാര്യ ബസുടമകളും വാടക വാഹന ഉടമകളും സമരത്തിനു തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ്. വീണ്ടുമൊരു വിലക്കയറ്റത്തിലേക്കായിരിക്കും അതു ചെന്നെത്തുക. വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ജനങ്ങൾക്ക് കേന്ദ്രത്തിന്റെ ഇന്ധന നയം ഒരുവിധ ആശ്വാസവും നൽകുന്നില്ല. എന്നു മാത്രമല്ല, കടുത്ത ദ്രോഹവും ചെയ്യുന്നു. പരമാവധി നികുതി ചുമത്തി സംസ്ഥാന സർക്കാരുകളും തങ്ങളാലാകാവുന്ന തരത്തിൽ ബുദ്ധിമുട്ടിക്കുന്നു.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ