സ്വാശ്രയ മെഡി. ഫീസ് വർദ്ധന: സർക്കാരിന്റെ ആറ് പിഴവുകൾ
August 29, 2017, 12:22 am
എം.എച്ച്. വിഷ്‌ണു
തിരുവനന്തപുരം: സാധാരണക്കാരെയും പാവപ്പെട്ടവരെയും പടിക്ക് പുറത്താക്കി സ്വാശ്രയ മെഡിക്കൽ ഫീസ് 5 ലക്ഷത്തിൽ നിന്ന് 11 ലക്ഷമായി കുതിച്ചുയരാനിടയാക്കിയത് ആരോഗ്യവകുപ്പിന്റെ പിടിപ്പുകേട്. ബി.പി.എല്ലുകാർക്ക് കുറഞ്ഞ ഫീസ് ഉറപ്പാക്കാനെന്ന വ്യാജേന 35 ശതമാനം സീറ്റുകളിൽ 11 ലക്ഷം രൂപ ഫീസിന് കരാറൊപ്പിട്ടതാണ് സ്വാശ്രയ ലോബി ആയുധമാക്കിയത്.

വിദ്യാർത്ഥികൾക്ക് വൻ ബാദ്ധ്യതയുണ്ടാക്കിയ ബാങ്ക് ഗാരന്റിയും സർക്കാർ കൊണ്ടുവന്നതാണ്. ഇതിന് പുറമേ, ഒരു വർഷത്തെ ഫീസ് നിക്ഷേപമായും നൽകണമെന്ന കരാർ വ്യവസ്ഥ സുപ്രീംകോടതി പോലും അംഗീകരിച്ചില്ല. ഇപ്പോഴത്തെ ഫീസിൽ സ്വാശ്രയ മെഡിക്കൽ കോളേജിൽ പഠിച്ചിറങ്ങാൻ ഒരു കോടി രൂപ വേണം.

സർക്കാരിന്റെ ആറ് പിഴവുകൾ ആരോഗ്യ സെക്രട്ടറിയുടെ ധാർഷ്ട്യം
സ്വാശ്രയ കോളേജുകളുമായുള്ള ആദ്യ രണ്ട് ചർച്ചകളിലും സമവായ സാദ്ധ്യത ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ കൈവിട്ടു. 100 ശതമാനം സീറ്റും സർക്കാർ ഏറ്റെടുക്കുന്നതിനാൽ ഏകീകൃത ഫീസാവുമെന്ന് ഉറപ്പായിരുന്നിട്ടും നാല് തരം ഫീസിനായിരുന്നു തിടുക്കം. 8.50 മുതൽ 9 ലക്ഷം വരെയായിരുന്നു മാനേജ്മെന്റുകൾ ആവശ്യപ്പെട്ട ഫീസ്. ഇതനുവദിച്ചാൽ 10 ശതമാനം ബി.പി.എല്ലുകാരെ സൗജന്യമായി പഠിപ്പിക്കാമെന്ന കോളേജുകളുടെ വാഗ്ദാനം തള്ളിക്കളഞ്ഞു. 'ആറ് ലക്ഷം ഫീസാകാം. വേണമെങ്കിൽ സ്വീകരിക്കൂ, അല്ലെങ്കിൽ സർക്കാർ പ്രവേശനം നടത്തില്ല' എന്ന പുച്ഛഭാവമായിരുന്നു സെക്രട്ടറിക്ക്.

നിയമ സാധുതയില്ലാത്ത കരാർ
ബി.പി.എല്ലുകാർക്കുള്ള 14 ശതമാനം സീറ്റുകളിൽ 25,000 രൂപ ഫീസിന് പകരമായി മറ്റുള്ളവരിൽ നിന്ന് 11 ലക്ഷം രൂപ ഈടാക്കാൻ അനുവദിച്ചു. പുറമേ, 11ലക്ഷം രൂപ നിക്ഷേപവും നാല് ലക്ഷത്തിന്റെ ഡി.ഡിയും ശേഷിക്കുന്ന ഫീസിനായി 50 ലക്ഷത്തിന്റെ ബാങ്ക് ഗാരന്റിയും നൽകണമെന്ന് ഉത്തരവിറക്കി. 11 ലക്ഷം വരെ ഫീസ് സർക്കാർ അംഗീകരിച്ചതാണെന്ന് കരാർ ചൂണ്ടിക്കാട്ടി കോളേജുകൾ സുപ്രീംകോടതിയിൽ വാദിച്ചു. 85 ശതമാനം സീറ്റുകളിൽ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മിറ്റി നിശ്ചയിച്ച 5 ലക്ഷംഫീസ് വകവയ്ക്കാതെയായിരുന്നു 11 ലക്ഷത്തിന്റെ കരാർ. എല്ലാസീറ്റിലും മെരിറ്റ് പരിഗണിക്കുന്നതിനാൽ ഇക്കൊല്ലം നാല് തരം ഫീസ് പ്രായോഗികമല്ലെന്ന വസ്തുത വിസ്മരിച്ചു.

ഫീസിനായി മനക്കണക്ക്
കോളേജുകളുടെ വരവ് ചെലവ് കണക്കുകളടക്കം ഏഴ് ഘടകങ്ങൾ പരിശോധിച്ചാവണം ഫീസ് നിശ്ചയിക്കേണ്ടതെങ്കിലും രാജേന്ദ്രബാബു സമിതി ആധാരമാക്കിയത് 2014-15ൽ എം.ഇ.എസിന് 3.36 ലക്ഷം നിശ്ചയിച്ച ഉത്തരവായിരുന്നു. കോളേജ്‌ വികസനത്തിനായി മൂന്ന് വർഷത്തേക്ക് 10ശതമാനം വീതവും, നാണയപ്പെരുപ്പം കാരണം 5 ശതമാനവും വർദ്ധന അനുവദിച്ചിരുന്നു. ഇതനുസരിച്ച് ഇപ്പോൾ ഫീസ് അഞ്ച് ലക്ഷമാവുമെന്ന മനക്കണക്കാണ് വിനയായത്.

ഗൃഹപാഠം മറന്നു
10 ലക്ഷം ഫീസും അത്രയും നിക്ഷേപവും ഈടാക്കിയാണ് കെ.എം.സി.ടിയിലെ 85 ശതമാനംസീറ്റിൽ
കഴിഞ്ഞ വർഷം എൻട്രൻസ് കമ്മിഷണർ പ്രവേശനം നടത്തിയത്. സുപ്രീംകോടതിയാണ് ഫീസ് നിശ്ചയിച്ചത്. അമൃതയിൽ കേന്ദ്ര സർക്കാർ ഇക്കൊല്ലം അനുവദിച്ചത് 15 ലക്ഷമാണ്.

ചതിക്കുഴി കണ്ടില്ല
സർക്കാരുമായി ചർച്ചയ്ക്ക് മുൻകൈയെടുത്ത മാനേജ്മെന്റ് അസോസിയേഷൻ സെക്രട്ടറി അനിൽകുമാറാണ് സുപ്രീംകോടതിയിൽ കേസ് നടത്താൻ ദുഷ്യന്ത്‌ ദവെ, കപിൽ സിബൽ, ഹരീഷ്‌ സാൽവെ എന്നിവർക്കടക്കം ചെക്കൊപ്പിട്ട് നൽകിയത്. കേസിനായി ഒന്നരക്കോടിയാണ് അസോസിയേഷൻ പിരിച്ചത്. തുടക്കത്തിൽ രണ്ട് കോളേജുകളാണ് കേസ്‌ നടത്തിയതെങ്കിൽ സർക്കാരിന്റെ റിവ്യൂഹർജിക്കെതിരെ എല്ലാ കോളേജുകളും സുപ്രീംകോടതിയിലെത്തി.

അധികാരം മറന്നു
5 ലക്ഷം ഫീസിൽ അലോട്ട്മെന്റ് നടത്താൻ ജൂലായ് 16ന് ഹൈക്കോടതി ഉത്തരവിട്ടിട്ടും നടപടിക്രമങ്ങൾ ഒരു മാസം വൈകിപ്പിച്ചു. സീറ്റ് കണക്ക് നൽകിയില്ലെന്ന് പറഞ്ഞ് സ്വാശ്രയ കോളേജുകളെ ആദ്യഅലോട്ട്മെന്റിൽ നിന്നൊഴിവാക്കി. എട്ട് കോളേജുകൾ കുറഞ്ഞ ഫീസിൽ കരാറിന് സന്നദ്ധമായിട്ടും ഒപ്പിടാതെ ഒരു മാസം ആലോചിച്ചു. ആറ് കോളേജുകൾ പിന്നീട് പിൻവാങ്ങി. അഞ്ച് ലക്ഷം ഫീസ് സമ്മതിച്ച ക്രിസ്ത്യൻ കോളേജുകളിലേക്ക് ആദ്യഘട്ടത്തിൽ അലോട്ട്മെന്റ് നടത്തിയതുമില്ല.

ബാങ്ക് ഗാരന്റി വിനയാവും
അന്തിമ ഫീസ് നിർണയിച്ച് ആറ് മാസത്തിനകം ഫീസടച്ചില്ലെങ്കിൽ പ്രവേശനം റദ്ദാക്കപ്പെടുമെന്ന് 500 രൂപ മുദ്രപത്രത്തിൽ ബോണ്ട് നൽകാനാണ് ഹൈക്കോടതി വിധിച്ചത്. എന്നാൽ, ആറ് ലക്ഷത്തിന്റെ ബാങ്ക്ഗാരന്റി നൽകാനാണ് സുപ്രീംകോടതി ഉത്തരവ്. ദേശസാത്കൃത, ഷെഡ്യൂൾഡ് ബാങ്കുകൾ ഗാരന്റി നൽകണമെങ്കിൽ നാലിരട്ടി മൂല്യമുള്ള വസ്തുവകകൾ ഈട് നൽകുകയോ അത്രയും തുകയുടെ സ്ഥിരനിക്ഷേപം നടത്തുകയോ വേണം. ആറ് ലക്ഷത്തിന്റെ ഗാരന്റിക്ക് 24 ലക്ഷത്തിന്റെ വസ്തുക്കളോ സ്ഥിരനിക്ഷേപമോ നൽകേണ്ടി വരും.

ആരോഗ്യമന്ത്രിയുടെ ഓഫീസ്:
''നിയമസഭ പാസാക്കിയ സ്വാശ്രയനിയമപ്രകാരം ജസ്റ്റിസ് രാജേന്ദ്രബാബു സമിതിയെ അവഗണിക്കാനാവില്ല. കോളേജുകളുടെ വരവുചെലവ് കണക്കുകൾ പരിശോധിച്ച് ഉടൻ അന്തിമഫീസ്‌ തീരുമാനിക്കും.''
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ