സ്വകാര്യ സംരംഭങ്ങൾക്ക് ഇളവ്, ഭൂപരിഷ്‌കരണത്തിൽ വെളളം ചേർക്കുന്ന മുൻ സർക്കാരിന്റെ ഉത്തരവ് പിൻവലിക്കും
August 27, 2017, 12:57 am
കെ.പി.കൈലാസ് നാഥ്
തിരുവനന്തപുരം: സ്വകാര്യ വ്യവസായ സംരംഭങ്ങളെ പൊതുതാത്പര്യമുള്ളതായി പ്രഖ്യാപിച്ച് ഭൂപരിഷ്കരണ നിയമങ്ങളിൽ ഇളവ് നൽകിയ മുൻ യു.ഡി.എഫ് സർക്കാരിന്റെ ഉത്തരവ് പിൻവലിച്ചേക്കും.
വ്യവസായങ്ങളെ സഹായിക്കാനെന്ന പേരിൽ കൊണ്ടുവന്ന ഉത്തരവ്
ഭൂപരിഷ്കരണ നിയമങ്ങൾ അട്ടിമറിക്കുന്നതാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ഉത്തരവിട്ട സാഹചര്യത്തെ പറ്റി റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യനോട് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ വിശദീകരണം തേടി.
2015 ആഗസ്റ്റ് 22 ന് അന്നത്തെ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി വിശ്വാസ് മേത്തയാണ് ഉത്തരവിറക്കിയത്.

 എതിർപ്പ് മറികടന്ന ഉത്തരവ്
അന്നത്തെ ആസൂത്രണ ബോർഡ് വൈസ് ചെയർമാന്റെ നേതൃത്വത്തിലുള്ള കമ്മിറ്രിയുടെ നിർദ്ദേശ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂടുതൽ സ്വകാര്യ നിക്ഷേപം സമാഹരിക്കാനും തൊഴിലസരം സൃഷ്ടിക്കാനും ഇത്തരമൊരു സമീപനം വേണമെന്നായിരുന്നു ആസൂത്രണ ബോർഡിന്റെ അഭിപ്രായം. തുടർന്ന് മന്ത്രിസഭാ ഉപസമിതിയാണ് 1963ലെ ഭൂപരിഷ്കരണ നിയമങ്ങളിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായ ഉത്തരവ് പുറപ്പെടുവിക്കാൻ നിർദ്ദേശിച്ചത്. അന്ന് പ്രതിപക്ഷമായിരുന്ന എൽ.ഡി.എഫ് ഉത്തരവിനെ വിമർശിച്ചിരുന്നു.

ഉത്തരവ് ഇങ്ങനെ
വ്യവസായം, ഐ.ടി, ടൂറിസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സംരംഭകരെ ആറ് മാസത്തേക്ക് ഭൂപരിധി ചട്ടങ്ങളിൽ നിന്ന് ഒഴിവാക്കണം. പത്ത് കോടി രൂപ മുതൽ മുടക്കും ഒരു ഏക്കറിൽ 20 തൊഴിലവസരവും ഉണ്ടാക്കണമെന്ന വ്യവസ്ഥയിലായിരുന്നു ഈ ഇളവ്.

രാജമാണിക്യം എഴുതി, മന്ത്രി തിരുത്തി

കെ.എഫ്.സി 50 കോടി വായ്പ നൽകിയ ഇടുക്കിയിലെ റിസോർട്ടുകൾക്ക് ഇളവ് അനുവദിക്കണമെന്ന്, ഉത്തരവിന്റെ ചുവട് പിടിച്ച് കെ.എഫ്.സി എം.ഡി എം.ജി രാജമാണിക്യം റവന്യൂ അഡിഷണൽ ചീഫ് സെക്രട്ടറിക്ക് ജൂലായ് 18 ന് എഴുതിയ കത്താണ് പുതിയ നീക്കത്തിന് തുടക്കമിട്ടത്. സർക്കാർ നിലപാടിന് വിരുദ്ധമാണ് കത്തെന്ന് കണ്ട് മന്ത്രി ഇ. ചന്ദ്രശേഖരൻ അതിന് തടയിട്ടു.

കെ.എഫ്.സി എം.ഡി പറയുന്നത്

വായ്‌പ എടുത്തവർ തിരിച്ചടയ്‌ക്കുന്നില്ല. കിട്ടണമെങ്കിൽ അവർ വ്യവസായം തുടങ്ങണം. അതിന് കഴിഞ്ഞ സർക്കാർ നൽകിയ ഇളവിന്റെ ഗുണം ഇവർക്ക് കിട്ടണം.
വായ്പ തിരിച്ച് കിട്ടിയില്ലെങ്കിൽ കോർപ്പറേഷന്റെ നിലനില്പിനെ ബാധിക്കും.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ