Wednesday, 20 September 2017 7.42 AM IST
ആൾ ദൈവത്തിന്റെ വേരുകളും അറക്കണം
August 27, 2017, 12:34 am
ഹരിയാനയിലെ എന്തിനും പോന്ന ആൾ ദൈവം ഗുർമിത് റാം റഹിംസിംഗിന്റെ അനുയായികളെന്നു പറയുന്ന തെമ്മാടിക്കൂട്ടം സൃഷ്ടിച്ച കലാപത്തിൽ ഹരിയാനയും പഞ്ചാബും ഡൽഹിയും വെള്ളിയാഴ്ച അക്ഷരാർത്ഥത്തിൽ കത്തിയെരിയുകയായിരുന്നു. സ്വന്തമായി സായുധരായ സുരക്ഷാസേനയും എത്രയെങ്കിലും തരുണികളും വിശാലമായ 'ആശ്രമ'വുമെല്ലാമുള്ള ആൾ ദൈവത്തെ ബലാത്സംഗകേസിൽ പ്രത്യേക സി.ബി.ഐ കോടതി കുറ്റക്കാരനെന്ന് വിധിച്ചതാണ് കലാപത്തിനും അക്രമങ്ങൾക്കും തിരികൊളുത്തിയത്. ആൾ ദൈവത്തിന്റെ അധോലോക സ്വാധീനം നല്ലപോലെ അറിയാവുന്നതുകൊണ്ടാകണം കോടതിവിധിയുടെ പശ്ചാത്തലത്തിൽ അതിശക്തമായ കരുതൽ നടപടികളെടുക്കണമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോ‌ടതി മുന്നറിയിപ്പ് നൽകിയിരുന്നതാണ്. വിധി പ്രതികൂലമായാൽ അനുയായികളെ ഇളക്കിവിട്ട് കലാപമുണ്ടാക്കാൻ ആൾദൈവം തുനിയുമെന്നതിലും ആർക്കും സംശയമില്ലായിയരുന്നു. പക്ഷേ നടപടിയെടുക്കേണ്ടവർ കാര്യമായ കരുതലുകളൊന്നും എടുത്തില്ല. ബലാൽസംഗകേസുമായി ബന്ധപ്പെട്ട് വർഷങ്ങൾക്കുമുൻപ് അറസ്റ്റ് ചെയ്തപ്പോഴും ഹരിയാനയിലും പഞ്ചാബിലും വൻതോതിൽ അക്രമങ്ങൾ അരങ്ങേറിയിരുന്നു. ഏത് സ്ഥിതിയും നേരിടാൻ തക്കവിധം എല്ലാകേന്ദ്രങ്ങളിലും ആവശ്യത്തിന് സുരക്ഷാഭടന്മാരെ നിയോഗിച്ചു മുന്നൊരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നായിരുന്നു അധികൃതരുടെ അവകാശവാദം. എന്നാൽ ആൾദൈവം കുറ്റക്കാരനാണെന്ന വിധി പ്രത്യേക കോടതി പുറപ്പെടുവിച്ച മാത്രയിൽ ഹരിയാനയിലും പഞ്ചാബിലും മാത്രമല്ല ഡൽഹിയിലും വ്യാപകമായ അക്രമങ്ങൾ ആരംഭിച്ചു. മുപ്പതിലധികംപേർക്ക് ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ട്രെയിൻബോഗികളും നൂറുകണക്കിന് വാഹനങ്ങളും അഗ്‌നിക്കിരയായി. അനവധിപേർക്ക് പരിക്കേറ്റു. കോടിക്കണക്കിന് രൂപയുടെ വസ്തുവകകളാണ് തകർക്കപ്പെട്ടത്. ദിവസംമുഴുവൻ ആൾദൈവത്തിന്റെ ഭ്രാന്തുപിടിച്ച അനുയായികൾ ഈ തെരുവുയുദ്ധം തുടർന്നിട്ടും ഫലപ്രദമായി ഇടപെട്ട് അക്രമികളെ അമർച്ച ചെയ്യാൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞില്ല. ശത്രുസൈന്യത്തെപ്പോലെയാണ് കപട സന്യാസിയുടെ ആൾക്കാർ ജനക്കൂട്ടത്തെ നേരിട്ടതും വസ്തുവകകൾ തല്ലിത്തകർത്തതും. രാജ്യഭരണം കൈയാളുന്നവരുടെ മൂക്കിനു താഴെ നടന്ന അക്രമപേക്കൂത്തുകൾ മുളയിൽത്തന്നെ നുള്ളാൻ എന്തുകൊണ്ടു സാധിച്ചില്ലെന്ന ചോദ്യം ഉയരുമ്പോഴാണ് ആൾ ദൈവത്തിന് ഭരണകേന്ദ്രങ്ങളിലുള്ള വർദ്ധിച്ച സ്വാധീനവും പിടിപാടും എത്രയെന്നു ബോദ്ധ്യപ്പെടുക.
പതിനെട്ടുവർഷംമുൻപ് നടന്ന ബലാൽസംഗകേസിൽ കോടതിവിധി വരാൻ ഇത്രകാലം വേണ്ടിവന്നു എന്നതിൽ നിന്നുതന്നെ ആൾദൈവം സാധാരണ ക്രിമിനലല്ലെന്ന് മനസിലാകും. ലക്ഷക്കണക്കിന് ആരാധകരും സമസ്തമേഖലകളിലും നിർണായക സ്വാധീനവുമുള്ള റാംറഹിംസിംഗിന്റെ ഹൈടെക് ആശ്രമം തന്നെ ഒരു പ്രത്യേക സാമ്രാജ്യമായിട്ടാണ് അറിയപ്പെടുന്നത്. പതിനായിരത്തിൽപ്പരം ആയുധധാരികളുള്ള പ്രത്യേക സുരക്ഷാസേനയുടെ കാവലിൽ കഴിയുന്ന ആൾ ദൈവത്തെ വണങ്ങാനും ആശീർവാദം നേടാനും എത്തിയിരുന്നവരിൽ എല്ലാ രാഷ്ട്രീയക്കാരും ഉണ്ട്. ഏറ്റവും ഒടുവിൽ ബി.ജെ.പിയാണ് ആൾ ദൈവത്തിന്റെ ചാർച്ചക്കാരായത്. കള്ളസന്യാസിമാർക്കും സ്വയം പ്രഖ്യാപിത ആൾദൈവങ്ങൾക്കും ഒരു പഞ്ഞവുമില്ലാത്ത രാജ്യത്ത് രാഷ്ട്രീയക്കാരുടെ തണലിലാണ് ഇക്കൂട്ടർ സ്വന്തം സാമ്രാജ്യങ്ങൾ പടുത്തുയർത്തുന്നത്. അജ്ഞരായ സാധാരണക്കാരെ തങ്ങളുടെ വഴിയേ തെളിച്ചുകൊണ്ടുപോകാൻ ഇവർക്ക് വളരെ എളുപ്പമാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഇതൊക്കെ വോട്ടായി മാറ്റിയെടുക്കാനാവുമെന്നതാണ് രാഷ്ട്രീയക്കാർ കാണുന്ന നേട്ടം.
ആൾദൈവം കുറ്റക്കാരനെന്നേ കോടതി കഴിഞ്ഞദിവസം വിധിച്ചിട്ടുള്ളൂ. ശിക്ഷ തിങ്കളാഴ്ചയേ പുറത്തുവരൂ. ശിക്ഷാവിധിയെത്തുടർന്നും വെള്ളിയാഴ്ചത്തെ അക്രമങ്ങൾ ആവർത്തിക്കുമോ എന്ന ആശങ്ക പരക്കെയുണ്ട്. വെള്ളിയാഴ്ചത്തെ കലാപത്തിൽ നാശനഷ്ടമുണ്ടായവർക്ക് ആൾദൈവത്തിന്റെ വസ്തുവകകൾ വിറ്റ് നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. വസ്തുവകകൾ നഷ്ടപ്പെട്ടവരെ ഇത്തരത്തിൽ സഹായിക്കാൻ കഴിഞ്ഞേക്കും. ജീവൻ നഷ്ടമായവരുടെ കാര്യത്തിൽ എന്തുചെയ്യും? നഷ്ടപ്പെട്ട ജീവൻ തിരിച്ചുകൊടുക്കാൻ ഒരു ദൈവത്തിനുമാകില്ലല്ലോ. രാജ്യദ്രോഹ പ്രവൃത്തിയാണ് ആൾദൈവത്തിന്റെ അനുയായികൾ ചെയ്തുകൂട്ടിയത്. ഒരുവിധ ദാക്ഷിണ്യവും അവർ അർഹിക്കുന്നുമില്ല. ഭരണകൂടത്തിന് ഇനി ചെയ്യാവുന്നതും ചെയ്യേണ്ടതുമായ കാര്യം രാജ്യത്തിനുതന്നെ ഭീഷണിയായി മാറിയേക്കാവുന്ന ആൾദൈവത്തിന്റെ ആശ്രമം അടച്ചുപൂട്ടി അനുയായികളെ പുറത്താക്കുകയെന്നതാണ്. ജനങ്ങളുടെ സ്വൈരജീവിതം തകർക്കാൻ ശ്രമിക്കുന്നവരെ ഒരുകാരണവശാലും വെറുതേ വിടരുത്. രാജ്യത്ത് ഭരണവും ഭരണകൂടവും ഉണ്ടെന്ന് ബോദ്ധ്യപ്പെടുന്ന വിധത്തിൽ ഉരുക്കുമുഷ്ടികൊണ്ടാണ് ഈവക രാജ്യദ്രോഹികളെ അമർച്ച ചെയ്യേണ്ടത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ