Wednesday, 20 September 2017 7.43 AM IST
ഉദ്യോഗസ്ഥ ഗർവിനുള്ള മാതൃകാ ശിക്ഷ
August 31, 2017, 2:00 am
എം.ജി സർവകലാശാലയ്ക്കു കീഴിലുള്ള സ്വാശ്രയ കോളേജുകളിലെ കരാർ അദ്ധ്യാപകർക്ക് സ്ഥിരം അദ്ധ്യാപകർക്കു തുല്യമായ വേതനവും ആനുകൂല്യങ്ങളും നൽകണമെന്ന കോടതി വിധി നടപ്പാക്കാതിരുന്നതിന്റെ പേരിൽ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും ഫിനാൻസ് ഓഫീസർക്കും ഹൈക്കോടതി കഴിഞ്ഞ ദിവസം നൽകിയ 'ശിക്ഷ' നീതിപീഠങ്ങളോട് നിരുത്തരവാദപരമായ സമീപനം പുലർത്തുന്ന സകല ഉദ്യോഗസ്ഥ പ്രമാണിമാർക്കുമുള്ള മുന്നറിയിപ്പായി കരുതാവുന്നതാണ്. എം.ജി സർവകലാശാലയിൽ മാത്രമല്ല സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും കാണാം ഈ പ്രവണത. സർക്കാരിന്റെ ഭരണസിരാകേന്ദ്രത്തിലും വകുപ്പു മേധാവികളുടെ ആസ്ഥാനത്തും പൊലീസ് തലപ്പത്തുമൊക്കെ നിവൃത്തിയുണ്ടെങ്കിൽ കോടതി ഉത്തരവുകൾ എങ്ങനെ നടപ്പാക്കാതിരിക്കാം എന്നു വഴി തേടുന്നവരാണ് ഏറെയുള്ളത്. കേസ് നടത്തിപ്പ് സർക്കാർ ചെലവിലായതിനാൽ വ്യക്തിപരമായ നഷ്ടമൊന്നും അവർക്ക് ഉണ്ടാകുന്നുമില്ല. ഉത്തരവുകൾ ധിക്കരിച്ചതിന്റെ പേരിൽ കോടതി കയറേണ്ടിവരുമ്പോൾ അവതാ പറഞ്ഞ് തലയൂരാനുള്ള മിടുക്കും അവർ സ്വായത്തമാക്കിയിട്ടുണ്ട്.
കോടതി ഉത്തരവുകൾ ധിക്കരിച്ചതിന്റെ പേരിൽ എം.ജി സർവകലാശാലാ വി.സിയും കൂട്ടരും ചൊവ്വാഴ്ച രാവിലെ പത്തേകാൽ മണിക്ക് ഹാജരായി വിശദീകരണം നൽകണമെന്നായിരുന്നു കല്പന. ഹൈക്കോടതിയുടെ കല്പനയെക്കാൾ വി.സി പ്രാധാന്യം കല്പിച്ചത് സർവകലാശാലയിൽ സംഘടിപ്പിച്ച ഒരു ചടങ്ങിനാണ്. ചടങ്ങിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതിനാൽ അതുപേക്ഷിച്ച് ഹൈക്കോടതിയിൽ ഹാജരാകാൻ കഴിഞ്ഞതുമില്ല. വി.സിയുടെയും മറ്റും നടപടിയിൽ കോടതി ക്ഷുഭിതമായതിൽ അത്ഭുതമില്ല. ഇങ്ങനെയായാൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പു നൽകിയ വിവരം അറിഞ്ഞാണ് ഓടിപ്പിടിച്ച് ഉച്ചയ്ക്ക് വി.സിയും കൂട്ടരും കോടതിയിൽ എത്തിയത്. മൂന്നുപേരെയും ചീഫ് ജസ്റ്റിസിന്റെ കോടതി മുറിയിൽത്തന്നെ നിറുത്തി കോടതി മറ്റു കേസുകളിലേക്കു കടന്നു. കോടതി പിരിയുന്ന സമയം വരെ അതേ നിലയിൽ അവർക്ക് നിൽക്കേണ്ടിവന്നു. പിന്നീട് ഇവർക്കെതിരെയുള്ള കോടതിയലക്ഷ്യ ഹർജി പരിഗണിച്ച കോടതി ഉത്തരവ് മൂന്നാഴ്ചയ്ക്കകം പൂർണമായും നടപ്പാക്കി ആ വിവരം നേരിൽ ഹാജരായി അറിയിക്കാനുള്ള ഉത്തരവും പുറപ്പെടുവിച്ചു.
എം.ജി സർവകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളിലെ കരാർ ജീവനക്കാർക്ക് സ്ഥിരം അദ്ധ്യാപകരുടെ വേതനത്തിനും ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് സിംഗിൾ ബെഞ്ച് വിധി വന്നത് ഏഴുവർഷം മുൻപാണ്. ഇതിനെതിരെ സർവകലാശാല ഡിവിഷൻ ബെഞ്ചിൽ അപ്പീൽ പോയെങ്കിലും ഇക്കഴിഞ്ഞ ഡിസംബറിൽ അതു തള്ളി. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോഴും വിധി സർവകലാശാലക്കെതിരായിരുന്നു. എല്ലാ കരാർ അദ്ധ്യാപകർക്കും ഉടൻ മുൻകാല പ്രാബല്യത്തോടെ സ്ഥിരം അദ്ധ്യാപകരുടേതിനു തുല്യമായ ശമ്പളം നൽകണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. ഉത്തരവു നടപ്പാക്കാൻ പിന്നെയും കൂട്ടാക്കാതിരുന്നപ്പോഴാണ് ഒരു അദ്ധ്യാപകൻ കോടതിയലക്ഷ്യ ഹർജിയുമായി എത്തിയതും വി.സിയും കൂട്ടരും 'നില്പുശിക്ഷ' ഏറ്റുവാങ്ങിയതും. 54 അദ്ധ്യാപകർക്ക് കുടിശിക ഉൾപ്പെടെയുള്ള ആനുകൂല്യം നൽകാൻ 16 കോടിയിൽപ്പരം രൂപ സർവകലാശാല ഇനി കണ്ടെത്തണം. ഏഴുകൊല്ലം മുൻപേ കോടതി ഉത്തരവ് അനുസരിച്ചിരുന്നെങ്കിൽ പലിശ ഇനത്തിലെങ്കിലും കോടികൾ ലാഭിക്കാമായിരുന്നു. അതിനു പുറമെ മൂന്നുവട്ടം കേസ് നടത്തിയതിനു വന്ന ഭീമമായ ചെലവും സർവകലാശാല തന്നെ വഹിക്കണം. പൊതുമുതൽ കൊണ്ടുള്ള ഇത്തരം ധൂർത്ത് ഇവിടെ നിർബാധം നടന്നുവരികയാണ്. ഇത്തരം പാഴ് ‌ചെലവിന്റെ ഒരു ഭാഗമെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കാൻ വ്യവസ്ഥ ഉണ്ടാകുമ്പോഴേ പൊതുമുതൽ ഉപയോഗിച്ചുള്ള ഇത്തരം നിയമയുദ്ധങ്ങൾക്കു തെല്ലെങ്കിലും ശമനമുണ്ടാവുകയുള്ളൂ. വി.സിയും കൂട്ടരും കോടതി മുറിയിൽ തലകുമ്പിട്ടു നിൽക്കേണ്ടിവന്നതിലെ നാണക്കേട് അവർക്കു മാത്രമല്ല. സർവകലാശാല തന്നെ ഈ അസാധാരണ സംഭവത്തിൽ നാണം കെട്ടു എന്നതാണു സത്യം. നീതി നിഷേധിക്കപ്പെടുമ്പോഴാണല്ലോ അവസാന അത്താണിയായി ആളുകൾ കോടതിയെ ശരണം പ്രാപിക്കുക. അവിടെ വിധി അനുകൂലമായാൽപ്പോലും അതു നടത്തിക്കിട്ടാൻ വീണ്ടും കോടതിയെത്തന്നെ സമീപിക്കേണ്ടി വരുന്ന ദുരനുഭവം സർവസാധാരണമായിട്ടുണ്ട്. ഉദ്യോഗസ്ഥ മേധാവികളുടെ ഗർവും നിക്ഷിപ്ത താത്‌പര്യവും പലപ്പോഴും ഇതിനു കാരണമാകാറുണ്ട്. ഇത്തരക്കാർക്കുള്ള ഗൗരവമായ മുന്നറിയിപ്പായി കാണണം ഹൈക്കോടതി കഴിഞ്ഞ ദിവസം കൈക്കൊണ്ട നടപടി. നീതിപീഠങ്ങളെ നിസാരമായി കാണാനുള്ള ഉദ്യോഗസ്ഥ ഗർവ് പരിഷ്‌‌കൃത സമൂഹത്തിന് അംഗീകരിക്കാനേ കഴിയില്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ