Wednesday, 20 September 2017 7.45 AM IST
കർണാടകയിലേക്കുള്ള ബസ് യാത്ര സുരക്ഷിതമാക്കണം
September 2, 2017, 2:00 am
കോഴിക്കോട്ടുനിന്ന് ബുധനാഴ്ച രാത്രി ബംഗളൂരുവിലേക്കു പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരെ മുഖം മൂടിയണിഞ്ഞെത്തിയ ഏതാനും പേർ ചേർന്ന് കൊള്ളയടിച്ച സംഭവം ഈ റൂട്ടിൽ പതിവായി യാത്ര ചെയ്യുന്ന മലയാളി യാത്രക്കാരെ സംഭ്രാന്തിയിലാക്കിയിട്ടുണ്ട്. നിത്യേന ആയിരക്കണക്കിനു മലയാളികളാണ് ബംഗളൂരു ഉൾപ്പെടെയുള്ള കർണാടക നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. അന്തർ സംസ്ഥാന സർവീസുകളിലേറെയും രാത്രിയിലാണ്. ബംഗളൂരുവിലും മൈസുരുവിലും മറ്റും ഐ.ടി കമ്പനികളിൽ ധാരാളം മലയാളികൾ ജോലി ചെയ്യുന്നുണ്ട്. അവരുടെ യാത്ര അധികവും സംസ്ഥാനാന്തര ബസുകളിലാണ്. കെ.എസ്.ആർ.ടി.സിയെ കൂടാതെ നിരവധി സ്വകാര്യ ലക്‌ഷ്വറി ബസുകൾ ഈ റൂട്ടുകളിൽ രാത്രികാല സർവീസ് നടത്തുന്നുണ്ട്. നിറയെ യാത്രക്കാരുമുണ്ടാകും. ട്രാൻസ്പോർട്ട് ബസിൽ ബുധനാഴ്ച രാത്രി നടന്ന കവർച്ച പേടിപ്പെടുത്തുന്ന പുതിയ അനുഭവം തന്നെയാണ്. ട്രെയിൻ യാത്രയ്ക്കിടെ സംസ്ഥാനത്തിനു പുറത്ത് ഇത്തരം കവർച്ചകൾ പതിവാണെങ്കിലും ബസ് യാത്ര പ്രായേണ സുരക്ഷിതമായാണു കരുതപ്പെട്ടിരുന്നത്. ഇപ്പോഴിതാ ബസ് യാത്രയിലും കവർച്ചക്കാരെ പേടിക്കണമെന്ന സ്ഥിതിയായി.
യാത്രക്കാരിലൊരാളുടെ മൂത്രശങ്ക തീർക്കാൻ ബസ് നിറുത്തിയ വേളയിലാണ് കവർച്ചക്കാർ ബസിൽ കയറി സ്ത്രീയാത്രക്കാരുടെ കഴുത്തിൽ അരിവാൾ വച്ച് മൂന്നര പവനോളം തട്ടിയെടുത്തത്. ഒരു യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന രണ്ടായിരം രൂപയും കരസ്ഥമാക്കി. ബസിലുണ്ടായിരുന്നവരിലധികം നല്ല ഉറക്കത്തിലായിരുന്നതിനാൽ എന്താണു നടക്കുന്നതെന്ന് അറിഞ്ഞില്ല. കവർച്ചക്കാരായി എത്തിയവർ ഈ രംഗത്ത് വലിയ തൊഴിൽ പരിചയമുള്ളവരായിരുന്നില്ലെന്നു വേണം കരുതാൻ. കാരണം ഉറങ്ങിയിരുന്നവരെ തട്ടിയുണർത്തി ഉള്ളതെല്ലാം പിടിച്ചുവാങ്ങാൻ അവർ ഒരുമ്പെട്ടില്ല. മാത്രമല്ല, പൊലീസിനെ വിളിക്കുമെന്ന ഡ്രൈവറുടെ ഭീഷണി കേട്ട് കവർച്ചക്കാർ ഇറങ്ങിപ്പോവുകയും ചെയ്തു. സംഘത്തിലെ ഒരാളെ വ്യാഴാഴ്ച തന്നെ പിടികൂടാൻ കർണാടക പൊലീസിന് കഴിഞ്ഞു. മുഴുവൻ പേരും താമസിയാതെ കുടുങ്ങുമെന്നും പൊലീസ് പറയുന്നു. അന്വേഷണവും പ്രതികളെ കണ്ടെത്തലും അതാതിന്റെ വഴിക്കു തന്നെ നടക്കട്ടെ.
താരതമ്യേന ചെറിയ തോതിലുള്ള കവർച്ചയാണു നടന്നതെങ്കിലും കൂടുതൽ അപകട സാദ്ധ്യതയുള്ള രാത്രികാല യാത്രകൾക്ക് വർദ്ധിച്ച തോതിൽ സുരക്ഷാകവചം ഒരുക്കേണ്ടതിന്റെ അടിയന്തരാവശ്യത്തിലേക്കാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. കേരളം വിട്ടുകഴിഞ്ഞാൽ പാത പലേടത്തും വിജനപ്രദേശത്തുകൂടിയായതിനാൽ പൊലീസ് നിരീക്ഷണവും കാവലും അനിവാര്യമാണ്. ബസ് യാത്രക്കാർക്കു നേരെ ഭീഷണിയൊന്നും സാധാരണ ഗതിയിൽ ഉണ്ടാകാത്തതിനാൽ ഹൈവേ പൊലീസിന്റെ പട്രോളിംഗും സുരക്ഷാ പരിശോധനകളും കുറഞ്ഞ തോതിലേ ഇപ്പോഴുള്ളൂ. സംസ്ഥാനാന്തര ബസ് സർവീസുകൾക്ക് ആവശ്യമായ സുരക്ഷ ഉറപ്പുവരുത്തണമെന്ന് സംസ്ഥാന സർക്കാർ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. ഹൈവേ പട്രോളിംഗ് ശക്തവും കാര്യക്ഷമവുമാണെങ്കിൽ അക്രമികളും കൊള്ളക്കാരും റോഡിലിറങ്ങാൻ മടിക്കും. യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇരു ഗവൺമെന്റുകൾക്കും തുല്യ ഉത്തരവാദിത്വമാണുള്ളത്. അനിവാര്യമെന്നു തോന്നിയാൽ രാത്രികാല സർവീസുകൾക്ക് പൊലീസ് സംരക്ഷണം ഏർപ്പെടുത്താനും മടിക്കരുത്. സ്വന്തം സുരക്ഷയെക്കുറിച്ച് യാത്രക്കാരും പൂർണ ബോധവാന്മാരാകേണ്ടതുണ്ട്. കൂടിയ തോതിൽ പണവും പണ്ടങ്ങളുമായി യാത്ര ചെയ്യാതിരിക്കുന്നതാണ് ഇന്നത്തെ കാലത്ത് അഭിലഷണീയം. ഇക്കാര്യത്തിൽ കൂടുതൽ കരുതലെടുക്കേണ്ടത് സ്ത്രീകൾ തന്നെയാണ്. ദേഹത്തുള്ള ആഭരണങ്ങളുടെ ആധിക്യം കവർച്ചക്കാർക്കുള്ള പരോക്ഷ ക്ഷണം തന്നെയാണെന്നു മറക്കരുത്. ജീവനു തന്നെ ഭീഷണിയായേക്കാവുന്ന ആഭരണ ഭ്രമത്തിൽ നിന്നു മുക്തകളാകാൻ യാത്രവേളയിലെങ്കിലും മനസുണ്ടാകണം.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ