Wednesday, 20 September 2017 7.42 AM IST
പൊരുത്തപ്പെടാൻ ഇനിയുമുണ്ട്
September 1, 2017, 2:00 am
കഴിഞ്ഞ നവംബർ എട്ടിന് കേന്ദ്രം ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ റദ്ദാക്കിയതിനെച്ചൊല്ലിയുള്ള വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. സർക്കാരിനെ ആഞ്ഞടിക്കാനുള്ള വടിയായി പ്രതിപക്ഷം വിപ്ളവകരമെന്നു പറയാവുന്ന ഈ നടപടിയെ ഉപയോഗിച്ചത് സ്വാഭാവികമാണ്. സാമ്പത്തിക രംഗത്ത് പ്രവർത്തിക്കുന്ന ഒട്ടേറെ പണ്ഡിതന്മാരും നോട്ട് റദ്ദാക്കലിനെ കഠിന ഭാഷയിൽ വിമർശിക്കുകയുണ്ടായി. സാമ്പത്തിക രംഗത്ത് കടുത്ത അച്ചടക്കവും നിയന്ത്രണവും കൊണ്ടുവരാൻ കഴിഞ്ഞുവെന്ന വലിയ നേട്ടം ഇവരാരും കാണുന്നില്ല. കള്ളപ്പണം പുറത്തുകൊണ്ടുവരാൻ കൂടി ലക്ഷ്യമിട്ടാണ് ഉയർന്ന മൂല്യമുള്ള നോട്ടുകൾ പിൻവലിച്ചതെന്ന് അന്ന് സർക്കാർ കേന്ദ്രങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ബാങ്കുകളിൽ തിരിച്ചെത്തിയ പഴയ നോട്ടുകളുടെ മൊത്തം കണക്ക് ചൂണ്ടിക്കാട്ടി വിമർശകർ സർക്കാരിനെതിരെ വീണ്ടും തിരിഞ്ഞിരിക്കുകയാണിപ്പോൾ. റദ്ദാക്കപ്പെട്ട കറൻസിയുടെ 99 ശതമാനവും തിരിച്ചെത്തിക്കഴിഞ്ഞു എന്ന കണക്കു പുറത്തുവിട്ടത് റിസർവ് ബാങ്ക് തന്നെയാണ്. 15.44 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകളാണ് നവംബർ 8-ന് പിൻവലിക്കപ്പെട്ടത്. അതിൽ 15.28 ലക്ഷം കോടിയും തിരികെ എത്തിയെന്നു പറയുമ്പോൾ ഇനി വരാനുള്ളത് 16000 കോടി രൂപ മാത്രമാണ്. രാജ്യത്തു വൻതോതിൽ പ്രചാരത്തിലുണ്ടെന്നു കരുതപ്പെട്ടിരുന്ന കള്ളപ്പണം പിന്നെ എവിടെപ്പോയെന്നാണ് വിമർശകരുടെ ചോദ്യം. കള്ളപ്പണത്തിൽ നല്ലൊരു ഭാഗവും വളഞ്ഞ വഴികളിലൂടെ ബാങ്കുകളിൽത്തന്നെ തിരിച്ചെത്തിയിട്ടുണ്ടാകുമെന്നു വേണം കരുതാൻ. മാത്രമല്ല, ബാങ്കുകൾ ശേഖരിച്ച പഴയ നോട്ടുകളിൽ സിംഹഭാഗവും വിവിധ സംസ്ഥാനങ്ങളിലെ റിസർവ് ബാങ്ക് ചെസ്റ്റുകളിൽ ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ്. കാര്യമായ പരിശോധനകൾ കൂടാതെയാണ് പല ബാങ്കുകളും ജനങ്ങളിൽ നിന്ന് അന്നത്തെ ഭ്രാന്തമായ തിരിക്കിൽ പഴയ നോട്ടുകൾ വാങ്ങി പുതിയതു നൽകിയത്. അനധികൃത മാർഗങ്ങളിലൂടെയും കോടിക്കണക്കിനു കള്ളപ്പണം മാറ്റിയെടുത്തു എന്നതിന്റെ ഏറ്റവും നല്ല തെളിവ് ജൻധൻ അക്കൗണ്ടുകൾ തന്നെയാണ്. നൂറു രൂപ പോലും ബാലൻസില്ലാതിരുന്ന ലക്ഷക്കണക്കിനു അക്കൗണ്ടുകളിൽ നോട്ട് നിരോധനത്തിനു ശേഷം ഒഴുകി എത്തിയത് സഹസ്ര കോടികളാണ്. രാജ്യത്തു പ്രചാരത്തിലിരുന്ന കള്ളപ്പണത്തിന്റെ സിംഹഭാഗവും ഒറിജിനലിനെ വെല്ലുന്ന വ്യാജനോട്ടുകളായിരുന്നുവെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. നല്ല നോട്ടും വ്യാജ നോട്ടും തിരിച്ചറിയാൻ ബാങ്ക് ഉദ്യോഗസ്ഥന്മാർ പോലും വിഷമിച്ചിരുന്ന സാഹചര്യമാണു നിലനിന്നിരുന്നത്.
നോട്ടു നിരോധനത്തോടെ നിലവിൽ വന്ന കറൻസി നിയന്ത്രണം സൃഷ്ടിച്ച സദ്‌ഫലങ്ങളാണ് സാമ്പത്തിക മേഖലയ്ക്കുണ്ടായ ഏറ്റവും വലിയ നേട്ടം. കള്ളപ്പണ വിനിമയത്തിന്റെ മാർഗങ്ങൾ പലതും അടയ്ക്കാൻ കഴിഞ്ഞു. കറൻസി ഇടപാടുകൾക്ക് ശക്തമായ നിയന്ത്രണങ്ങൾ വന്നതോടെ അനധികൃത സമ്പാദ്യം കാര്യമായി തടയാൻ സാധിക്കുന്നുണ്ട്. വ്യവസായ - വാണിജ്യ - തൊഴിൽ മേഖലകളിലെ ദൈനംദിന ഇടപാടുകളെ പുതിയ നിയന്ത്രണങ്ങൾ കുറെയൊക്കെ പ്രതികൂലമായി ബാധിച്ചുവെന്നത് ശരിയാണ്. കൊടുക്കൽ വാങ്ങലുകൾക്കു മേൽ സർക്കാരിന്റെ രഹസ്യ മിഴികളുണ്ടെന്നു വന്നതോടെ എല്ലാറ്റിനും ഒരു ചിട്ടയും ക്രമവും കൈവന്നുവെന്നത് വസ്തുത തന്നെയാണ്. ധനകാര്യ സ്ഥാപനങ്ങളിലെ പണമിടപാടുകളെല്ലാം നിരീക്ഷിക്കപ്പെടുമെന്നായപ്പോൾ കള്ള സമ്പാദ്യത്തിന്റെ സ്രോതസുകളും അടഞ്ഞു തുടങ്ങി.
പഴയ നോട്ടുകൾ മാറി വാങ്ങാവുന്ന സമയ പരിധി ജൂൺ 30-ന് അവസാനിച്ചുവെങ്കിലും വിവിധ ഭാഗങ്ങളിൽ ഇപ്പോഴും വൻതോതിൽ പഴയ നോട്ടുകൾ പിടികൂടുന്നുണ്ട്. ആശങ്കയും ഉത്‌കണ്ഠയും ഉയർത്തുന്ന കാര്യമാണിത്. കോടിക്കണക്കിനുള്ള ഈ നോട്ടുകെട്ടുകളെല്ലാം എവിടേക്കാണു പോകുന്നതെന്ന് നിശ്ചയമില്ല. ഇതിനകം പിടികൂടപ്പെട്ട നോട്ടുകൾ സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടുമില്ല. ഇനിയും അവശേഷിക്കുന്ന പുറത്തറിയാത്ത ഏതോ രഹസ്യവഴിയിലൂടെ ഇവ നല്ല നോട്ടുകളാക്കി മാറ്റാൻ അധോലോകത്ത് വല്ല ഏർപ്പാടുമുണ്ടോ എന്നു കണ്ടെത്തേണ്ടത് അന്വേഷണ ഏജൻസികളാണ്. അവർ കൃത്യമായ ഒരു നിഗമനത്തിലെത്തുമ്പോഴേ ജനങ്ങളുടെ മനസിലുള്ള സംശയങ്ങൾക്ക് അറുതിയാവുകയുള്ളൂ. നോട്ട് നിരോധന കാലത്ത് കണക്കിൽപ്പെടാത്ത പണം വൻതോതിൽ മാറ്റിക്കൊടുക്കാൻ സഹായിച്ച അനവധി ബാങ്ക് ഉദ്യോഗസ്ഥന്മാർ പിടിയിലായിരുന്നു. പെട്രോൾ പമ്പുകൾ, പുതു തലമുറ ബാങ്കുകൾ, വൻകിട ആശുപത്രികൾ, വലിയ പണച്ചാക്കുകൾ തുടങ്ങി പലരും അവസരം വേണ്ടപോലെ മുതലാക്കിയവരാണ്. ബാങ്കുകളിൽ ഇനിയും തിരിച്ചെത്താത്ത 16000 കോടി രൂപയിൽപ്പെട്ടതാകാം വിവിധ കേന്ദ്രങ്ങളിൽ നിന്നു പിടികൂടിയ വൻ നോട്ട് ശേഖരം എന്നും കരുതാവുന്നതാണ്. റദ്ദാക്കപ്പെട്ട നോട്ടുകളിൽ 99 ശതമാനവും തിരികെ എത്തിയതിൽ ആശ്വാസം കൊള്ളുമ്പോഴും പ്രചാരത്തിലുണ്ടെന്നു കരുതപ്പെട്ടിരുന്ന അളവറ്റ കള്ളപ്പണമെല്ലാം എവിടെപ്പോയി ഒളിച്ചു എന്ന സംശയം ശേഷിക്കുകയാണ്. ധനമന്ത്രിയും റിസർവ് ബാങ്കും ഉത്തരം നൽകാൻ ബാദ്ധ്യസ്ഥവുമാണ്. കണക്കിൽ എവിടെയൊക്കെയോ ചില പൊരുത്തക്കേടുകൾ. തിരികെ ശേഖരിച്ച നോട്ടുകളുടെ പരിശോധന പൂർത്തിയായോ എന്നും മറ്റുമുള്ള വിവരങ്ങൾ പുറത്തുവരാനുണ്ട്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ