Wednesday, 20 September 2017 7.43 AM IST
കണ്ണന്താനം പകരുന്ന പുതുപ്രതീക്ഷകൾ
September 6, 2017, 2:00 am
നരേന്ദ്രമോദി സർക്കാരിൽ മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിനു പ്രാതിനിദ്ധ്യം ലഭിച്ചിരിക്കുന്നു. മൂന്നാമത്തെ മന്ത്രിസഭാ പുനഃസംഘടനയിൽ മന്ത്രിപദവി ലഭിച്ച ഒൻപതുപേരിൽ ഒരാൾ പാർലമെന്റിന്റെ ഇരുസഭകളിലും അംഗമല്ലാത്ത അൽഫോൺസ് കണ്ണന്താനമായതിൽ ഒട്ടൊരു യാദൃച്ഛികതയുണ്ട്. ആദ്യം തൊട്ടേ മന്ത്രിയാകുമെന്നു പ്രതീക്ഷ പുല‌ർത്തിയിരുന്നവരെയെല്ലാം മാറ്റി നിറുത്തി കണ്ണന്താനത്തെ തന്നെ മന്ത്രിയായി തിരഞ്ഞെടുത്തതിനു പിന്നിൽ ബി.ജെ.പി നേതൃത്വത്തിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ടാകാമെങ്കിലും ഈ തിരഞ്ഞെടുപ്പ് കേരളത്തെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ഗുണകരമായി ഭവിക്കുമെന്നകാര്യത്തിൽ സന്ദേഹമുണ്ടാകേണ്ടതില്ല. കഴിവും സാമർത്ഥ്യവും ഭരണനിപുണതയും സംശയാതീതമായി തെളിയിച്ചിട്ടുള്ള കണ്ണന്താനം ഐ.എ.എസ് ഔദ്യോഗിക ജീവിതത്തിൽ ഏറെ തിളക്കമേറിയ റിക്കാർഡിന് ഉടമയാണ്. സർവീസ് തീരാൻ ആറുവർഷം ശേഷിക്കേ സ്വയം വിടുതൽ വാങ്ങി രാഷ്ട്രീയത്തിലിറങ്ങിയ പ്രതിഭാശാലി കൂടിയാണദ്ദേഹം.
ഇടതുപക്ഷ സ്വതന്ത്രനായി കാഞ്ഞിരപ്പള്ളിയിൽ നിന്ന് സംസ്ഥാന നിയമസഭയിലെത്തിയ കണ്ണന്താനം കാലാവധി തീർന്നപ്പോൾ ബി.ജെ.പിയിലേക്ക് നടത്തിയ ചുവടുമാറ്റം അമ്പരപ്പിക്കുന്നതായിരുന്നുവെങ്കിലും ദേശീയ രാഷ്ട്രീയത്തിലേക്കുള്ള സുഗമമായ പ്രവേശന മാർഗ്ഗം ഇതുതന്നെയാണെന്ന് അദ്ദേഹത്തിന് ദൃഢവിശ്വാസമുണ്ടായിരുന്നു. താൻ തിരഞ്ഞെടുത്തവഴി ശരിയായതു തന്നെയായിരുന്നുവെന്നു തെളിയിക്കുന്നതാണ് ഇപ്പോൾ ലഭിച്ച അംഗീകാരം.
പുതിയ കാലഘട്ടത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ടൂറിസം, ഇലക്ട്രോണിക്സ്, ഐ.ടി വകുപ്പുകളുടെ സ്വതന്ത്ര ചുമതലയാണ് കണ്ണന്താനത്തിനു ലഭിച്ചിരിക്കുന്നത്. പ്രവർത്തിക്കാനും വ്യക്തിമുദ്ര പതിപ്പിക്കാനും അപാരസാദ്ധ്യതകൾ തുറന്നിടുന്ന വകുപ്പുകളാണിവ. കേരളത്തെ സംബന്ധിച്ചിടത്തോളം കണ്ണന്താനത്തിന്റെ മന്ത്രിപദവി ഏറെ പ്രതീക്ഷാനിർഭരമാകുന്നത് ഇതുകൊണ്ടുകൂടിയാണ്. അഭ്യസ്തവിദ്യർക്കിടയിലുള്ള തൊഴിലില്ലായ്മയിൽ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളത്തിന്റെ നില. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ടൂറിസം, ഇലക്ട്രോണിക്സ്, ഐ.ടി മേഖലകൾ അക്ഷയഖനികളാണ്. ഐ.ടി മേഖല വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ ഈ രംഗത്ത് വമ്പൻ സംരംഭങ്ങളുമായി മുന്നേറാൻ ഒരുങ്ങുന്ന സംസ്ഥാനത്തിന് ഐ.ടി മന്ത്രിയെന്ന നിലയിൽ കണ്ണന്താനത്തിന് ഒട്ടധികം സഹായങ്ങൾ ചെയ്യാനാകും.അതുപോലെ തന്നെയാണ് വിനോദസഞ്ചാരമേഖലയും. സംസ്ഥാനത്തിന്റെ വരുമാനത്തിൽ ടൂറിസം മേഖലയ്ക്കുള്ള പങ്ക് നിർണ്ണായകമാണ്. സംസ്ഥാന സർക്കാരിന്റെ നാലുപ്രധാന വികസന പരിപാടികളിലൊന്ന് ടൂറിസം രംഗവുമായി ബന്ധപ്പെട്ടുള്ളതാണ്. ഉൾക്കാഴ്ചയോടെ ആവിഷ്ക്കരിക്കുന്ന വിനോദസഞ്ചാരവികസന പദ്ധതികൾ വഴി അസംഖ്യം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകും. സംസ്ഥാനത്തെ തൊഴിലില്ലായ്മ പ്രശ്നം നല്ലതോതിൽ പരിഹരിക്കാനും ഇതുവഴി സാദ്ധ്യമാകും. പ്രകൃതിയുടെ അനുഗ്രഹം വേണ്ടുവോളമുണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തുന്ന ശാസ്ത്രീയ വിനോദസഞ്ചാരപദ്ധതികൾ ആവിഷ്ക്കരിക്കാൻ കഴിയുന്നില്ലെന്നതാണ് വലിയ പോരായ്മ. കേരളത്തെ നന്നായി അറിയുന്ന ഒരാൾ കേന്ദ്രത്തിൽ ടൂറിസം മന്ത്രിയായി എത്തുമ്പോൾ അത് പൂർണ്ണമായും പ്രയോജനപ്പെടുത്താനുള്ള സാഹചര്യം സൃഷ്ടിക്കണം. കേന്ദ്രാവഗണന എന്ന സ്ഥിരം പല്ലവി വിനോദസഞ്ചാരം, ഐ.ടി, ഇലക്ട്രോണിക്സ് എന്നീ 'മൂന്നു' സുപ്രധാന വകുപ്പുകളുടെയെങ്കിലും കാര്യത്തിൽ കുറച്ചുകാലത്തേക്ക് എങ്കിലും ഉപേക്ഷിക്കാനുള്ള കനകാവസരമാണ് വന്നുചേർന്നിരിക്കുന്നത്. സാഹചര്യം പൂർണമയും പ്രയോജനപ്പെടുത്തേണ്ടത് സംസ്ഥാന സർക്കാരാണ്. കണ്ണന്താനവുമായി മുഖ്യമന്ത്രിയ്ക്കുള്ള നല്ല ബന്ധം സംസ്ഥാനത്തിന് മുതൽക്കൂട്ടാകുമെന്നു കരുതാം.
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു വരുമ്പോൾ പിന്തുണയ്ക്കാൻ ഇതുവരെ ആരുമില്ലാതിരുന്ന സ്ഥിതിയാണ് കണ്ണന്താനത്തിന്റെ വരവോടെ മാറുന്നത്. രാഷ്ട്രീയത്തിനതീതമായി കേരളത്തിനു വേണ്ടി ശബ്ദമുയർത്താൻ കഴിയുമ്പോഴാണ് ഏതു നേതാവും ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കുക. സംസ്ഥാനത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലി പ്രതീക്ഷിക്കാനാവില്ലെങ്കിലും കുറഞ്ഞ പക്ഷം സമീപിച്ച് കാര്യങ്ങൾ ധരിപ്പിക്കാൻ മലയാളിയായി ഒരാളെങ്കിലും കേന്ദ്രമന്ത്രിസഭയിലെത്തിയല്ലോ എന്നതിൽ കേരളീയർക്കാകമാനം സന്തോഷിക്കാം. കഷ്ടിച്ചു രണ്ടുവർഷമേയുള്ളൂവെങ്കിലും കാലാവധി അവിസ്മരണീയമാക്കാനാവുന്ന വലിയ സാദ്ധ്യതകളുള്ള വകുപ്പുകളാണ് കണ്ണന്താനത്തെ കാത്തിരിക്കുന്നത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കീഴിൽ സ്തുത്യർഹമായ സേവനം കാഴ്ചവയ്ക്കുകയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളിലൂടെ ശ്രദ്ധേയനാവുകയും ചെയ്ത കണ്ണന്താനം പുതിയ നിയോഗത്തിലും തന്റെ സ്വതസിദ്ധമായ ഭരണപാടവം പ്രകടിപ്പിക്കുമെന്നു വിശ്വസിക്കാം. പുതിയ സ്ഥാനലബ്ധിയിൽ ഞങ്ങൾ അകമഴിഞ്ഞ് അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ