Wednesday, 20 September 2017 7.44 AM IST
ആശയങ്ങളെ കൊല്ലാനാകില്ല
September 7, 2017, 2:00 am
പുരോഗമനാശയങ്ങളുടെ ശക്തയായ വക്താവും നിർഭയ പോരാളിയുമായ ഗൗരി ലങ്കേഷ് എന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകയുടെ കൊലപാതകം ഒരിക്കൽകൂടി അസഹിഷ്ണുതയുടെ ഭീഷണസന്ദേശമാണ് വിളിച്ചോതുന്നത്. എല്ലാവിധ ചിന്താധാരകൾക്കും വിലക്കോ മതിലുകളോ ഇല്ലാത്ത രാജ്യത്തെ സംസ്കാര സമ്പന്നമായ ഒരു മഹാനഗരത്തിൽവച്ചാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്ന ഈ അരുംകൊലയും നടന്നത്. ഹിന്ദുവർഗീയതയ്ക്കെതിരെ തീവ്രനിലപാടെടുത്തതിന്റെ പേരിൽ ഇൗ നഗരത്തിൽത്തന്നെ മുമ്പും ഇതുപോലെ രാഷ്ട്രത്തെ ഞെട്ടിച്ച കൊലപാതകം ഉണ്ടായിട്ടുണ്ട്. കൃത്യം രണ്ടുവർഷം മുൻപ് സ്വന്തം വീടിന് മുമ്പിൽ പ്രൊഫ. എം.എം. കൽബുർഗി വധിക്കപ്പെട്ട അതേ രീതിയിലാണ് മാദ്ധ്യമലോകത്തെ വനിതാ തീപ്പൊരിയായിരുന്ന ഗൗരിലങ്കേഷിന്റെ ജീവനുമെടുത്തത്. ജോലികഴിഞ്ഞ് രാത്രിയിൽ വീട്ടിലെത്തിയ അവരെ ബൈക്കിലെത്തിയ അക്രമികൾ തൊട്ടടുത്തുനിന്ന് വെടിവച്ചുകൊല്ലുകയായിരുന്നു. കന്നഡ വാരികയായ ഗൗരിലങ്കേഷ് പത്രികെയുടെ എഡിറ്ററായിരുന്നു അൻപത്തഞ്ചുകാരിയായ ഗൗരി അറിയപ്പെടുന്ന എഴുത്തുകാരനും മാദ്ധ്യ പ്രവർത്തകനുമായിരുന്ന പി. ലങ്കേഷിന്റെ പുത്രിയായ ഗൗരി പിതാവിനെപ്പോലെ ഉറച്ച നിലപാടുകളുടെയും പുരോഗമനാശയങ്ങളുടെയും പേരിൽ ഏറെ പ്രശസ്തയായിരുന്നു. വർഗീയതയ്ക്കും സമൂഹത്തിൽ നാനാരംഗത്തും നിലനിൽക്കുന്ന അനീതിക്കും അസമത്വങ്ങൾക്കുമെതിരെയും നിരന്തരം പോരാടിയിരുന്ന അവർ സ്വഭാവികമായും ഒട്ടേറെ ശത്രുക്കളെയും സമ്പാദിച്ചിരുന്നു. മതേതരത്വത്തിനും തുല്യ അവകാശങ്ങൾക്കും വേണ്ടി സന്ധിയില്ലാ പോരാട്ടത്തിലായിരുന്നു അവർ. ഇതിൽ അസഹിഷ്ണുക്കളായ ശക്തികളാകാം നിഷ്ഠൂരമായ ഇൗ കൊലപാതകത്തിന് പിന്നിലെന്ന് നിശ്ചയമായും കരുതാം. യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തേണ്ടതും നീതി പീഠത്തിന് മുന്നിലെത്തിച്ച് ശിക്ഷവാങ്ങിക്കൊടുക്കേണ്ടതും കർണാടക സർക്കാരിന്റെ ചുമതലയാണ്. എന്നാൽ ഇതുപോലുള്ള കേസുകളിലെ അന്വേഷണവും തുടർ നടപടികളും അനന്തമാി നീണ്ടുപോകുന്ന അനുഭവമാണ് പൊതുവേ ഉള്ളത്. കൽബുർഗിയുടെയും മഹാരാഷ്ട്രയിൽ പ്രമുഖ യുക്തിവാദിയായിരുന്ന നരേന്ദ്ര ധാബോൽക്കറുടെയും സി.പി.ഐ നേതാവ് ഗോവിന്ദ് പൻസാരയുടെയും കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണം രണ്ടുവർഷമായിട്ടും പൂർത്തിയായിട്ടില്ല. ഗൗരി ലങ്കേഷിന്റെ വധവും സി.ബി.ഐ അന്വേഷിക്കണമെന്ന് അവരുടെ സഹോദരൻ ഇതിനകം ആവശ്യപ്പെട്ടുകഴിഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് മറ്റെന്തിനെക്കാളും വില കല്പിക്കുന്ന രാജ്യത്ത് ഗൗരിലങ്കേഷിനെപ്പോലുള്ളവരുടെ നേരെ വെടിയുണ്ടകൾ പാഞ്ഞുചെല്ലുന്നത് അങ്ങേയറ്റം ആശങ്കയോടെയാണ് കാണേണ്ടത്. ഒരാളുടെ ജീവനെടുക്കുന്നതിലൂടെ ആ വ്യക്തി മുന്നോട്ടുവച്ചിരുന്ന ആശയങ്ങളെയും നിലപാടുകളെയും ഇല്ലാതാക്കാമെന്ന് കരുതുന്നവർ ഇപ്പോഴും സമൂഹത്തിലുണ്ടെന്നുവരുന്നത് വിചിത്രമായി തോന്നാം. എന്നാൽ പണ്ടത്തെക്കാൾ ഭീഷണി ഉയർത്തി സദാ അക്കൂട്ടർ ചുറ്റുമുണ്ടെന്നതാണ് വാസ്തവം. ആശയ പരമായ ഏറ്റുമുട്ടൽ അധികാരവർഗത്തിൽപെട്ടവരോടാകുമ്പോൾ ജീവനുനേരെയുണ്ടാകുന്ന ഭീഷണി ഏറെ ശക്തമായിരിക്കും. ഗൗരി ലങ്കേഷിന്റെ ദാരുണാന്ത്യം ഇൗ ഗണത്തിൽ അവസാനത്തേതാകും എന്നും കരുതാനാവില്ല. തീവ്ര ഹിന്ദുത്വവാദികളുടെ കടുത്ത ശത്രു തന്നെയായിരുന്നു നിർഭയയായ ഗൗരി. ലങ്കേഷ് പത്രികെയുടെ പേജുകളിലൂടെ അവർ നിരന്തരം ഏറ്റുമുട്ടലിന്റെ പാതയിലൂടെയാണ് മുന്നോട്ടുപോയത്. രാജ്യത്ത് അകളങ്കിതമായ മതസൗഹാർദ്ദം നിലനിൽക്കണമെന്ന് ആത്മാർത്ഥമായി അവർ ആഗ്രഹിച്ചിരുന്നു. മതസൗഹാർദ്ദത്തെ തകർക്കുന്ന സംഭവങ്ങളുണ്ടാകുമ്പോൾ ഏറ്റവും രൂക്ഷമായ ഭാഷയിൽ അതിനെതിരെ പ്രതികരിച്ചിരുന്നു. കേന്ദ്രത്തിന്റെ ഹിന്ദുത്വ പ്രീണന നിലപാടുകളുടെ കടുത്ത വിമർശകയായിരുന്ന ഗൗരി ലങ്കേഷ് ഇതിന്റെ പേരിൽ കോടതി കയറേണ്ടിവന്നിട്ടുണ്ട്. ചിന്തകനും ഗവേഷകനും പുരോഗമനവാദിയുമായ കൽബുർഗിയുടെ വധത്തിനെതിരെ ബംഗ്ളരുവിൽ നടന്ന പ്രതിഷേധ സമരങ്ങളിൽ മുൻനിരയിൽ ഗൗരിലങ്കേഷും ഉണ്ടായിരുന്നു. കൽബുർഗിയുടെ അന്ത്യംപോലെതന്നെയായി ഗൗരി ലങ്കേഷിന്റെയും വർഗീയതയ്ക്കെതിരായ പോരാട്ടം. ഭരണഘടന നൽകുന്ന അവകാശമായിത്തന്നെ ആഘോഷിച്ച പത്രാധിപയായിരുന്നു അവർ. ജാതി വ്യവസ്ഥയ്ക്കും ലിംഗ വിവേചനത്തിനുമെതിരെ അവർ സദാ തന്റെ തൂലിക ചലിപ്പിച്ചു. മാദ്ധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി ഉറക്കെ വാദിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഹനിക്കപ്പെടുന്നു എന്ന ആശങ്ക ഉയർന്ന ഘട്ടങ്ങളിലെല്ലാം അവയുടെ സംരക്ഷണത്തിനായി വീറോടെ രംഗത്തിറങ്ങുകയും തന്റെ പത്രത്തിലൂടെ ധീര നിലപാടെടുക്കുകയും ചെയ്തു. കന്നഡയ്ക്ക് പുറമേ ഇംഗ്ളീഷിലും പ്രശസ്തിയേറിയ കോളമിസ്റ്റായിരുന്നു അവർ. വാർത്താചാനലുകളിലും നിറസാന്നിദ്ധ്യമായിരുന്നു. വധിക്കപ്പെടുന്നതിന് ഏതാനും മണിക്കൂറുകൾക്കുമുമ്പ് കേരളത്തിൽ നിലനിൽക്കുന്ന ഉത്തമമായ മതസൗഹാർദ്ദത്തെ വാഴ്ത്തി അവർ ഫേസ്ബുക്കിൽ കുറിപ്പിട്ടിരുന്നു. വിലപ്പെട്ട ജീവൻ നൽകേണ്ടിവന്നെങ്കിലും ഗൗരി ലങ്കേഷ് നിലകൊണ്ട പുരോഗമനാശയങ്ങൾ അതേപടി തുടർന്നും നിലനിൽക്കുക തന്നെചെയ്യും. അതിനായി പോരാടാൻ ധാരാളം പേരുമുണ്ടാകും. വ്യക്തികൾ കൊല്ലപ്പെട്ടേക്കാം, ആശയങ്ങളെ കൊല്ലാനാകില്ല.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ