എം.ജി.ആറിനെക്കുറിച്ച് ഓർക്കുമ്പോൾ
September 11, 2017, 12:25 am
കെ. കുഞ്ഞിക്കൃഷ്ണൻ
ശ്രീലങ്കയിലെ കാൻഡിയിൽ 1917 ജനുവരി 17ന് ജനിച്ച്, തമിഴ്നാട്ടിൽ ജനഹൃദയങ്ങളെ അടക്കിവാണ മരുതൂർ ഗോപാലമേനോൻ എന്ന എം.ജി.ആർ യുഗപ്രഭാവനായിരുന്നു - സർവ്വ അർത്ഥത്തിലും. അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്നപ്പോൾ അടുത്തിടപഴകാനായത് ജീവിതത്തിലെ സൗഭാഗ്യങ്ങളിലൊന്നായി കാത്തുസൂക്ഷിക്കുന്നു.
1978 മാർച്ചിലാണ് കൽക്കട്ട ദൂരദർശൻ കേന്ദ്രത്തിൽ നിന്ന് മദ്രാസിലേക്ക് സ്ഥലംമാറ്റമായി എത്തുന്നത്. അഭ്രപാളിയിലും ചിത്രങ്ങളിലും കണ്ടിട്ടുള്ള എം.ജി.ആർ എന്ന മുഖ്യമന്ത്രി ദൂരദർശൻ സ്റ്റുഡിയോയിൽ സ്വാതന്ത്ര്യദിന സന്ദേശം റെക്കാഡ് ചെയ്യാൻ വന്നപ്പോഴാണ് അദ്ദേഹത്തെ നേരിൽ കാണുന്നത്. അദ്ദേഹം ചെപ്പാക്കിലെ ദൂരദർശൻ കേന്ദ്രത്തിൽ എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്
റോഡിൽ തടിച്ചുകൂടിയിരുന്ന ജനക്കൂട്ടം വലിയ അത്ഭുതമായിരുന്നു. നിശ്ചിതസമയം കഴിഞ്ഞ് വളരെ വൈകിയാണ് അദ്ദേഹം എത്തുന്നത്. പോർട്ടിക്കോവിൽ നിന്ന് സ്റ്റുഡിയോയിലേക്ക് ആനയിക്കുമ്പോൾ കേന്ദ്രം ഡയറക്ടർ എന്നെ പരിചയപ്പെടുത്തി. പേര് പറഞ്ഞപ്പോൾ വീണ്ടും ചോദിച്ചു. കേരളത്തിൽ നിന്നാണോ എന്ന് തമിഴിൽ, പുതുതായി വന്നതാണോ എന്നും ചോദിച്ചു. പിന്നീട് ഇടയ്ക്ക് ഫോർട്ട് സെന്റ് ജോർജിൽ മുഖ്യമന്ത്രിവിളിക്കുന്ന യോഗങ്ങളിൽ ദൂരദർശനെ പ്രതിനിധീകരിച്ച് പോകുമ്പോൾ കോൺഫറൻസ് ഹാളിൽ കാണാറുണ്ടായിരുന്നു, ഔപചാരികമായി.
1980ൽ എ.ഐ.എ.ഡി.എം.കെ മന്ത്രിസഭയെ പിരിച്ചുവിട്ട് തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് തിരക്കുകളില്ലാതെ അദ്ദേഹത്തെ അടുത്ത് കാണുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അനുവദിക്കുന്ന സമയം ഉപയോഗപ്പെടുത്താൻ ദൂരദർശൻ സ്റ്റുഡിയോയിൽ എം.ജി.ആർ എത്തി. അന്നത്തെ ദൂരദർശൻ ഡയറക്ടർ സതീഷ്ചന്ദ്ര ഗാർഗിന്റെ മുറിയിൽ സ്ക്രിപ്റ്റ് പരിശോധിക്കുന്നതിനും സ്റ്റുഡിയോ റെക്കാഡിംഗിന് സജ്ജമാക്കാനും കാത്തിരിക്കേണ്ടിവന്നു. കുറെനേരം മുറിയിൽ ഇരുന്ന് ഞങ്ങളോടദ്ദേഹം വർത്തമാനം പറഞ്ഞു. കുടുംബ കാര്യങ്ങളന്വേഷിച്ചു. തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. വളരെ സന്തുഷ്ടനായിരുന്നു അദ്ദേഹം. ഗേറ്റിന് പുറത്ത് ജനക്കൂട്ടം എം.ജി.ആർ വാഴ്ക എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് ജയിച്ചുകഴിഞ്ഞതിനുശേഷം മൂകാംബിക ക്ഷേത്രത്തിൽ ഒരു സ്വർണവാൾ സമർപ്പിച്ച കാര്യം പ്രസിദ്ധമാണ്. അദ്ദേഹം കൊല്ലൂരിൽ നിന്ന് മടങ്ങിയത് മംഗലാപുരം മദ്രാസ് മെയിലിൽ ആയിരുന്നു. അതേ വണ്ടിയിൽ കണ്ണൂരിൽ നിന്ന് എന്റെ ഭാര്യ രാഗിണിയുടെ അമ്മയും വരുന്നുണ്ടായിരുന്നതിനാൽ സ്റ്റേഷനിൽ നിന്ന് അവരെ വിളിച്ചുകൊണ്ടുപോകാൻ ഞാനും പോയിരുന്നു. എം.ജി.ആർ യാത്രകഴിഞ്ഞെത്തുന്ന വിവരം അറിഞ്ഞിരുന്നില്ല. പ്ളാറ്റ്ഫാേം നിറയെ പൊലീസുകാർ. പ്ളാറ്റ്ഫോമിൽ നിൽക്കുന്നവരെ വണ്ടിയിറങ്ങുമ്പോൾ അടുത്തുചെന്ന് കാണാൻ പറ്റാത്തവിധത്തിൽ പൊലീസുകാർ മാറ്റിനിറുത്തി. ഞാനും പ്ളാറ്റ്ഫോമിന്റെ ഒരുമൂലയിലായി. വണ്ടി നിന്നപ്പോൾ എം.ജി.ആർ ഇറങ്ങിയത് ഞാൻ നിന്ന സ്ഥലത്താണ്. അദ്ദേഹം എന്നെ കണ്ട ഉടനെ അടുത്തേക്കുവന്ന് എന്താണിവിടെ? എന്ന് ചോദിച്ചു. ഞാൻ അമ്മായിഅമ്മയെ കാത്തുനിൽക്കുകയാണെന്ന് പറഞ്ഞപ്പോൾ പോകാൻ വണ്ടിയുണ്ടോ എന്ന് ചോദിച്ചു. പൊലീസുകാരോട് സഹായിക്കണമെന്നും പറഞ്ഞു. അതു കഴിഞ്ഞ്, അതുവരെ എന്നെ സംശയദൃഷ്ട്യാ മാത്രം നോക്കിയിരുന്ന പൊലീസുകാർ, ഞങ്ങൾ സെൻട്രൽ സ്റ്റേഷനിൽ നിന്നിറങ്ങുമ്പോൾ മാന്യനായ ടാക്സിക്കാരനെ കണ്ടെത്താൻ വരെ സഹായിച്ചു. എനിക്ക് എം.ജി.ആറിനോട് ആരാധന തോന്നിയത് അപ്പോഴാണ്. ആഴ്ചകൾക്ക് മുൻപ് രണ്ട് മണിക്കൂറുകളോളം അടുത്തുണ്ടായിരുന്ന എന്നെ അദ്ദേഹം ഓർമ്മിച്ചുവെന്നത് വലിയ കാര്യമായി. 1980 മേയിൽ കഷ്ടിച്ച് മൂന്ന് മാസത്തെ ഇടവേളയ്ക്കുശേഷം എം.ജി.ആർ വീണ്ടും തമിഴ്നാട് മുഖ്യമന്ത്രിയായി.
1980 ഡിസംബറിൽ സൗത്ത് ഇന്ത്യൻ ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ ആഭിമുഖ്യത്തിൽ തമിഴ് സിനിമയുടെ സുവർണ ജൂബിലിയാഘോഷിച്ചു. ഇന്ത്യൻ പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത പ്രൗഢഗംഭീരമായ ചടങ്ങായിരുന്നു അത്. തമിഴ് സിനിമാ രംഗത്തും സാംസ്കാരിക മേഖലയിലുമുള്ള പ്രമാണിമാരും പ്രഗത്ഭരും പങ്കെടുത്ത ചടങ്ങ് ദൂരദർശൻ വളരെ വിശദമായിത്തന്നെ കവർ ചെയ്തു. അന്ന് കളർ ടെലിവിഷൻ ഇല്ല. സ്റ്റുഡിയോയ്ക്ക് പുറത്തുള്ള കവറേജ് നടത്തുന്നത് 16 മില്ലിമീറ്റർ റിവേഴ്സൽ ഫിലിമും ശബ്ദലേഖനത്തിന് സെപ്മാഗ് എന്നു വിളിക്കുന്ന ടെയ്പും ഉപയോഗിച്ചാണ്.
ചടങ്ങിന്റെ ദീർഘമായ റിപ്പോർട്ട് സംപ്രേഷണം ചെയ്ത് ഞങ്ങളെല്ലാം ആഹ്ലാദിച്ചിരിക്കുകയായിരുന്നു. സംപ്രേഷണം കഴിഞ്ഞ ഉടനെ പലരും ദൂരദർശനെ അഭിനന്ദിച്ചു. പക്ഷേ ഞങ്ങളുടെ ആഹ്ളാദം നീണ്ടുനിന്നില്ല. അടുത്തദിവസം ഒരു പൊതുചടങ്ങിൽ എം.ജി.ആർ ദൂരദർശനെ നിശിതമായി വിമർശിച്ചു. കവറേജ് മോശമായിരുന്നുവെന്നും ദൂരദർശനെ ബഹിഷ്കരിക്കണമെന്നും അദ്ദേഹം പ്രസംഗിച്ചു. ഞങ്ങളുടെ കഷ്ടകാലം അതോടെ ആരംഭിച്ചു.
ദൂരദർശൻ (തൊലൈക്കാച്ചി) കാമറ ടീം ഉണ്ടെങ്കിൽ അവരെ ഒഴിവാക്കിയാലേ തമിഴക മന്ത്രിമാർ പൊതുചടങ്ങുകളിൽ എത്തൂ എന്ന നിലയിലായി. പൊലീസുകാർ ഞങ്ങളുടെ കാമറാ ടീമുകളെ ചടങ്ങുകളിൽ നിന്ന് ഓടിച്ചു തുടങ്ങി. ഒരു പൊലീസുകാരൻ ഞങ്ങളുടെ ഒരു കാമറാമാനെ ശാരീരികമായി ഉപദ്രവിച്ചതോടെ പ്രശ്നം ഗുരുതരമായി.
അന്നത്തെ ചെന്നൈ ദൂരദർശൻ ഡയറക്ടർ ശശികാന്ത് കപൂർ ലീവിലായിരുന്നു. ഡെപ്യൂട്ടി ഡയറക്ടറായ എനിക്കായിരുന്നു പരിപാടികളുടെ ചുമതല. ഔദ്യോഗികതലത്തിൽ പ്രശ്നം പരിഹരിക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. എം.ജി.ആറിന്റെ മനസിലെന്താണെന്ന് അദ്ദേഹത്തെ നേരിൽക്കണ്ടാലേ അറിയാനാകൂ. ഒരു കൂടിക്കാഴ്ച ഏർപ്പാടാക്കാമെന്ന് ചീഫ് സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥർ പറഞ്ഞുവെങ്കിലും ഒന്നും നടന്നില്ല. തമിഴ് പത്രങ്ങൾ പ്രശ്നം വഷളാക്കിക്കൊണ്ടിരുന്നു. എന്ത് ചെയ്യണമെന്നും എങ്ങനെ പുരശ്ചിതലൈവരെ കാണാമെന്നും ഒരെത്തും പിടിയും കിട്ടാതെ ഞാൻ ഉഴലുകയായിരുന്നു. പ്രശ്നം പരിധി വിടുന്നതിന് മുമ്പ് പരിഹരിച്ചില്ലെങ്കിൽ അതൊരു ഗുരുതരമായ വീഴ്ചയാവും. ഒരാഴ്ചയായി കാര്യങ്ങൾ കുഴഞ്ഞുമറിഞ്ഞസ്ഥിതിയിലായിട്ട്.
ഈസമയം എന്റെ ഇളയമകൻ വിശ്വനാഥിന് അസുഖമായി ആശുപത്രിയിൽ കൊണ്ടുപോകേണ്ടിവന്നു. പുരസ്‌വാക്കത്തെ കെ.ജെ ഹോസ്പിറ്റലിലാണ് സാധാരണ പോകാറുള്ളത്. ഡോക്ടർ ജഗദീശൻ ഒരുത്തമ സുഹൃത്തും അഭ്യുദയകാംക്ഷിയും ഉദാരമനസ്കനുമായിരുന്നു. മറ്റ് ഡോക്ടർമാർ മകനെ പരിശോധിക്കുന്നതിനിടയിൽ എന്റെ മുഖത്ത് പ്രകടമായ ദയനീയത കണ്ട് ഡോക്ടർ ജഗദീശൻ കാര്യമന്വേഷിച്ചു. മലയാള സിനിമക്കാർ ഡോക്ടറുടെ സുഹൃത്തുക്കളാണ്. സത്യന്റെ ഫോട്ടോ ഡോക്ടറുടെ മുറയിൽ തൂക്കിയിട്ടുണ്ട്. ഞാൻ കാര്യങ്ങൾ വിശദീകരിച്ചു. തനിക്കെന്തു ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെയെന്നും എം.ജി.ആറിനെ കഴയുന്നത്ര വേഗത്തിൽ കാണാനേർപ്പാട് ചെയ്യാമെന്നും ഡോക്ടർ പറഞ്ഞു. പക്ഷേ കർശനമായ ഒരു വ്യവസ്ഥ. ഒരു കാരണവശാലും അദ്ദേഹത്തിന്റെ പേര് പുറത്ത് വരരുത്.
പിറ്റേദിവസം അർദ്ധരാത്രിയിൽ ഇന്ദിരാ നഗറിൽ ഞങ്ങളുടെ ഫ്ളാറ്റിൽ യുണിഫോമിൽ മുതിർന്ന രണ്ട് പൊലീസുദ്യാേഗസ്ഥൻമാർ നിറുത്താതെ ബെല്ലടിച്ച് ഉണർത്തുന്നു. കുടുംബം ഭയന്നുപോയി. തലൈവർ രാവിലെ അഞ്ചരയ്ക്ക് രാമാവരം തോട്ടത്തിൽ എന്നെ കാണാൻ സമ്മതിച്ചിട്ടുണ്ടെന്നും നാലരയ്ക്കക്ക് പൊലീസ് വണ്ടി എത്തുമെന്നും അവർ അറിയിച്ചു.
അഞ്ചരയ്ക്ക്ക്ക് തോട്ടത്തിൽ എത്തുമ്പോൾ തന്നെ അവിടം ജനനിബിഡമായരുന്നു. ഏറ്റവും ഉള്ളിലെ സ്വീകരണമുറിയിൽ എന്നെ ഇരുത്തി. ആറ് മണിയോടെ എം.ജി.ആർ മുറിയിലെത്തി. വേറെ ആരും ഇല്ല. പുറത്തെ സ്വീകരണമുറിയിൽ അന്നത്തെ ആരോഗ്യമന്ത്രി ഡോ. ഹണ്ടെയും മറ്റുള്ളവരും ഇരിക്കുന്നത് ഞാൻ കണ്ടു. തൊഴുതുകൊണ്ട് എനിക്ക് തമിഴ് സംസാരിക്കാൻ കഴിയുകയില്ലെന്ന് പറഞ്ഞപ്പോൾ പ്രതിവചിച്ചത്, നമുക്ക് മലയാളത്തിൽ സംസാരിക്കാമല്ലോ എന്നായിരുന്നു. ഏകദേശം നാല്പത്തഞ്ച് മിനിട്ടോളം ആ സംസാരം നീണ്ടു. തൊലൈക്കച്ചി കേന്ദ്രത്തിലെ മുതിർന്ന ഉദ്യോഗസ്ഥന്മാരെക്കുറിച്ചും എന്തിന് വാർത്തകൾ വായക്കുന്നവരെക്കുറിച്ചും അദ്ദേഹത്തിന് എനിക്കറിയാതിരുന്ന കാര്യങ്ങൾപോലും അറിയാമായിരുന്നു. അവരിലൊരാൾ രാഷ്ട്രീയം കളിച്ച് തമിഴ്സിനിമയുടെ സുവർണ ജൂബിലിയാഘോഷങ്ങളുടെ സംപ്രേഷണത്തിന്റെ നിറം കെടുത്തിയെന്ന് അദ്ദേഹം അറിയിച്ചു. എന്തുകൊണ്ട് ആരാണ് അമ്മുവിന്റെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് കളഞ്ഞത്. ജയലളിതയെ ഉദ്ദേശിച്ചാണ് അമ്മുവെന്ന് പറഞ്ഞതെന്ന് വ്യക്തമാക്കി. അവർ തമിഴ് സിനിമയിൽ നേതൃനിരയിൽ പ്രമുഖ സ്ഥാനത്തുള്ള സ്ത്രീയാണ്. പ്രസിഡന്റിന്റെ കൈയിൽ കൊളുത്താൻ കുത്തുവിളക്കെടുത്തു കൊടുത്തത് ജയലളിതയാണ്. അത് മനഃപൂർവം ഒഴിവാക്കിയതാണ്. അന്വേഷിച്ച് വേണ്ട നടപടിയെടുക്കണമെന്നദ്ദേഹം നിർദ്ദേശിച്ചു. ഫിലിമിന്റെ എൻജി ഷോട്ടുകൾകളഞ്ഞിട്ടുണ്ടാവുകയില്ലെന്ന് പോലും ഉറപ്പില്ലെങ്കിലും ഞാൻ കഴിയുന്നത് ചെയ്യാമെന്നേറ്റു. പക്ഷേ, തമിഴ്നാട് ഗവൺമെന്റിന്റെ ദൂരദർശൻ ബഹിഷ്കരണത്തിനറുതിവേണമെന്നും ഉലക തമിഴ് മാനാട് മധുരയിൽ നടക്കാനിരിക്കുന്നതിന്റെ കവറേജിന് സഹായിക്കണമെന്നും അപേക്ഷിച്ചു. ഉടൻ തന്നെ പുറത്ത് കാത്തിരുന്ന ഇൻഫർമേഷൻ വകുപ്പ് മന്ത്രി ആർ.എം. വീരപ്പനെ ഉള്ളിൽ വിളിപ്പിച്ചു. ദൂരദർശന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കണമെന്ന് മന്ത്രിയോടദ്ദേഹം നിർദ്ദേശിച്ചു. മന്ത്രിയെ നേരിട്ട് ഫോണിൽ വിളിക്കാനും ആവശ്യമാണെങ്കിൽ തന്നെ ബന്ധപ്പെടാൻ വിളിക്കേണ്ട നമ്പറും പറഞ്ഞുതന്നു. ഞാൻയാത്ര പറഞ്ഞപ്പോൾ പുറത്ത് കാത്തിരിക്കാനാണ് നിർദ്ദേശിച്ചത് എന്റെ വീട്ടിൽ ആദ്യം വരുന്നതല്ലേ? ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ടേ പോകാവൂ.
കുറെസമയം കഴിഞ്ഞപ്പോൾ അദ്ദേഹം കൂടെയിരുത്തി പ്രാതൽ കഴിപ്പിച്ചു. ഇഡ്ഡലിയും വടയും ആയിരുന്നു പ്രാതൽ. പലതരം ചമ്മന്തികളും രുചിച്ചു നോക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആതിഥ്യമര്യാദ അതിശയകരമായവിധം അവിശ്വസനീയമായിരുന്നു.
ഏതാനും മാസങ്ങൾ കഴിഞ്ഞ് വെല്ലൂരിൽ ലോ പവർ ട്രാൻസ്മിറ്ററിന്റെ ഉദ്ഘാടനത്തിന് അന്നത്തെ കേന്ദ്രമന്തി ശങ്കരാനന്ദിനോടൊപ്പം എം.ജി.ആറിന്റെ കൂടെ ഹെലികോപ്ടറിൽ യാത്ര ചെയ്യാൻ ഞാൻ നിയുക്തനായിരുന്നു. എം.ജി.ആറിനെ കാത്തിരുന്ന് മുഷിഞ്ഞ കേന്ദ്രമന്ത്രിയുടെ രോഷമെല്ലാം അദ്ദേഹത്തെ കണ്ടപ്പോൾ പമ്പ കടന്നു. വെല്ലൂരിൽ ഹെലികോപ്ടറിൽ നിന്നറങ്ങിയ ഉടനെ എന്റെ ചുമലിൽ തട്ടി അവിടെ എനിക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്നാരാഞ്ഞശേഷം പൊലീസുദ്യോഗസ്ഥന്മാരോട് എനിക്ക് വേണ്ട സഹായങ്ങൾ ചെയ്തുതരാൻ പറഞ്ഞിട്ടാണദ്ദേഹം പോയത്. പറഞ്ഞാൽ വിശ്വസിക്കുകയില്ല. ആൾക്കൂട്ടത്തിൽ നിന്ന് മൂന്നുപേർ എന്റെ കാലിൽ വീഴുകയും ദേഹം തൊട്ട് മുത്തം വയ്ക്കുകയും ചെയ്തു. എം.ജി.ആറിന്റെ ആൾ എന്ന ഭൂഷണത്തിന്റെ സൂചനയായി.
പിന്നീട് സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ രണ്ടുതവണ പോയപ്പോഴും അദ്ദേഹം എന്നെ പ്രത്യേകമായി അഭിവാദ്യം ചെയ്തിരുന്നു. പക്ഷേ, തിരുവനന്തപുരത്തേക്ക് മാറ്റമായപ്പോൾ കാണാനൊത്തില്ല. അദ്ദേഹം ആശുപത്രിയിലായിരുന്നു. സന്ദർശകർക്ക് വിലക്കുണ്ടായിരുന്നു. ഇപ്പോഴും അദ്ദേഹത്തോട് അടുത്ത് ഇടപഴകാൻ കഴിഞ്ഞത് ഒരുവലിയ ഭാഗ്യമായി ഞാൻ കരുതുന്നു. മദിരാശി ദൂരദർശനിൽ എനിക്ക് മാത്രമാണ് ആ സൗഭാഗ്യമുണ്ടായത്.(ദൂരദർശൻ മുൻ ഡയറക്ടർ ജനറലായിരുന്നു ലേഖകൻ:ഫോൺ-9447794455)
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ