പെടയ്ക്കണ മീൻ! പൂച്ചയ്ക്കും വേണ്ട
September 8, 2017, 12:58 am
രാജൻ പുരക്കോട്
തിരുവനന്തപുരം: നല്ല പെടയ്ക്കുന്ന മീൻ ! ദാ ഇപ്പോൾ പിടിച്ചതുപോലെ തിളക്കം. കണ്ണ് ചുവന്നിട്ടില്ല. ചെകിളപ്പൂക്കൾ കറുത്തിട്ടേയില്ല, തൊട്ടുനോക്കിയാൽ പഞ്ഞിപോലെ പതുപതുപ്പില്ല. കെട്ടുപോകാതിരിക്കാൻ മാരകമായതെന്തോ ചേർത്തിട്ടുണ്ടെന്നുറച്ച് മാറ്റിവച്ചപ്പോൾ, കറിവയ്ക്കാമെന്നുകരുതി രൂപ മുന്നൂറ്റമ്പതു മുടക്കിയ അയലമീൻ പൂച്ചയ്ക്കുപോലും വേണ്ട.
മൃതദേഹം അഴുകാതെ സൂക്ഷിക്കുന്ന ഫോർമാലിനെയും അമോണിയയെയും കടത്തിവെട്ടി 'വെള്ളപ്പൊടി' എന്ന സോഡിയം ബെൻസോയേറ്റ് വ്യാപകമാവുകയാണ് മത്സ്യ മേഖലയിൽ. മീനിലെ കെമിക്കൽ പ്രയോഗം തടയാനുള്ള സർക്കാരിന്റെ ഓപ്പറേഷൻ സാഗർ റാണി പദ്ധതിപ്രകാരം ഫെബ്രുവരിയിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിൽ 47 സ്ഥലങ്ങളിൽനിന്ന് സോഡിയം ബെൻസോയേറ്റ് കലർന്ന മീൻ പിടികൂടിയിരുന്നു. കഴിഞ്ഞ മൂന്നുമാസത്തിനിടെ സോഡിയം ബെൻസോയേറ്റ് ചേർത്ത ആറും ഫോർമാലിൻ കലർന്ന ഇരുപതും കേസുകൾ പിടികൂടി. നീണ്ടകരയിൽ നിന്നാണ് സോഡിയം ബെൻസോയേറ്റ് പിടിച്ചത്. കൊച്ചിയിലെ സി.ഐ.എഫ്.ടിയുടെ പരിശോധനയിലും സോഡിയം ബെൻസോയേറ്റ് ദുരുപയോഗം വ്യക്തമായി. എന്നാൽ, വിഷപദാർത്ഥങ്ങൾ കലർന്ന മത്സ്യം കണ്ടെത്തുന്നതിനുള്ള ഓപ്പറേഷൻ സാഗർറാണി പദ്ധതിതന്നെയും ജലരേഖയായ നിലയിലാണ്.

സോഡിയം ബെൻസോയേറ്റ് എന്ത്

സോഡിയവും ബെൻസോയിക് ആസിഡും ചേർന്നതാണ്‌ സോഡിയം ബെൻസോയേറ്റ്. ഇത് ‌ഭക്ഷ്യവസ്തുവിൽ ചേർന്നാൽ അപകടകാരിയായ ബെൻസോയിക്ക് ആസിഡ് വിഘടിച്ചുവരും
 മീനിന് തിളക്കം കൂട്ടും, മാംസം കട്ടിയായി നിലനിറുത്താനാവും, മീൻ മൂന്നാഴ്ചവരെ പെടപെടപ്പനായി സൂക്ഷിക്കാം, ബാക്ടീരിയ, ഫംഗസ് എന്നിവയെ തടയും
 അമോണിയ, ഫോർമാലിൻ എന്നിവയെക്കാൾ ലാഭം. ഒരു കിലോയിൽ ചേർക്കാവുന്നത് 100 മില്ലിഗ്രാമിൽ താഴെ. എന്നാൽ ഇതിന്റെ പ്രയോഗം അതിന്റെ എത്രയോ മടങ്ങ് .


സൈഡ് ഇഫക്ട് മാരകം

 വായ മുതൽ വൻകുടൽ വരെയുള്ള ശ്ളേഷ്മ പടലത്തിൽ അലർജി, അൾസർ എന്നിവ ബാധിക്കും.ശ്ളേഷ്മ പടലത്തിന്റെ സെൻസിറ്റിവിറ്റിയനുസരിച്ചാണ് അലർജിയുടെ കാഠിന്യം
 ഒരളവിനപ്പുറമായി ചെന്നാൽ 'ജീനോടോക് സിറ്റി' എന്ന അവസ്ഥയാകും. സ്വഭാവരൂപീകരണം നടത്തുന്ന ജീനുകളെ ബാധിക്കുന്ന അവസ്ഥയാണിത്
 പാർക്കിൻസൺസ് രോഗത്തിനും ജനിതക രോഗങ്ങൾക്കും ഹേതുവാകും. അനുവദനീയമായതിലും കൂ‌ടിയാൽ ഓക്കാനവും ഛർദ്ദിലുമുണ്ടാകും.


എങ്ങനെ നടപടിയെടുക്കും?

''മീനിൽ ഐസല്ലാതെ മറ്റൊന്നും ചേർക്കരുതെന്നാണ് നിയമം. ഒരു സ്ഥലത്തുനിന്നല്ല മത്സ്യവില്പനക്കാർ മീനെടുക്കുക. ചിലപ്പോൾ വില്പനക്കാരായിരിക്കില്ല രാസവസ്തു ചേർത്തത്. ആരെ പിടിക്കും ?
സർക്കാരിന്റെ പിന്തുണയും പൊലീസ് സംരക്ഷണവുമുണ്ടെങ്കിൽ പിടിക്കാം. ഇതേപ്പറ്റി ആലോചിക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ അടുത്ത് യോഗം ചേരുന്നുണ്ട്.
-ഫുഡ് സേഫ്റ്രി വകുപ്പ് സീനിയർ ഉദ്യോഗസ്ഥൻ
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ