നിങ്ങളുടെ ശിവനല്ല നമ്മുടെ ശിവൻ
September 4, 2017, 12:05 am
സജീവ് കൃഷ്ണൻ
ഗുരുദേവ കൃതികൾക്ക് നൃത്താവിഷ്‌കാരം നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു പ്രശസ്ത നർത്തകി സംശയങ്ങൾ ചോദിച്ച് വിളിച്ചു. ആദ്യത്തെ ചോദ്യം ഗുരുവിനെക്കുറിച്ചറിയാൻ ശ്രമിക്കുന്ന സകലരും ചോദിക്കുന്നതു തന്നെയാണ്. ഗുരുവിന്റെ ജനനവർഷം? തീയതി?
അതിനു നൽകിയ ഉത്തരത്തിന്റെ കാമ്പിതാണ്: ഗുരു ചെമ്പഴന്തിയിൽ ജനിച്ച് ശിവഗിരിയിൽ സമാധിയായി എന്ന തലത്തിൽ പഠിക്കുമ്പോൾ വരുന്ന സംശയമാണിത്. മരണവുമില്ല പുറപ്പുമില്ല വാഴ്‌വും നരസുരരാദിയുമില്ല നാമരൂപം എന്നാണ് ഗുരുവിന്റെ ഭാഷയിൽ അതിനുള്ള ഉത്തരം. മരുവിൽ ദൂരെ കാണുന്ന ജലംപോലെയാണ് അത്ഭുതകരമായ ജീവിതം നയിച്ച് സത്യത്തെക്കുറിച്ച് മാത്രം പറയുകയും പ്രവർത്തിക്കുകയും ചെയ്ത ശ്രീനാരായണ ഗുരുവിന്റെ മനുഷ്യരൂപം. അത് മരുവിലമർന്ന മരീചിനീരുപോലെ മാഞ്ഞുപോയി. ഭൂമിയിലെ ജീവിതം ഇങ്ങനെതന്നെയാണ് എല്ലാവർക്കും. ജനനവർഷവും സമയവും ഒക്കെ മനുഷ്യരൂപത്തിൽ ഭഗവാൻ ജീവിച്ചിരുന്ന കാലത്തേ തർക്കവിഷയമായിരുന്നു. ഗുരു അതേക്കുറിച്ച് മൗനം പാലിച്ചു. അങ്ങനെയൊരു കേവലത്വത്തിൽ വരും കാലം ഗുരുവിനെ കാണരുത് എന്നുകരുതി ചെയ്തതാണ്.
രണ്ടാമത്തെ സംശയം ഗുരു വിവാഹിതനായോ? എന്നാണ്.
ഗുരു ജന്മനാ മോദസ്ഥിരനായിരുന്നു. ജനിച്ച സമയംതന്നെ ആ നിർമമത്വം ലോകത്തിന് വെളിപ്പെടുത്തിക്കൊണ്ട് ചിരിക്കാതെയും കരയാതെയുമാണ് ഭൂമിയിൽ പിറന്നത്. എന്നാൽ ഒരു മനുഷ്യജന്മം ഈ പ്രകൃതിയുടെയും ലോകത്തിന്റെയും സകലനീതികളെയും മാനിച്ചുകൊണ്ടാണ് അവിടുന്ന് മറികടന്നത്. പക്ഷേ, തന്നെ കർമ്മബന്ധങ്ങളിൽ പിടിച്ചുകെട്ടിയിടാനുള്ള ലോകത്തിന്റെ എല്ലാ ശ്രമങ്ങളെയും ദൈവികമായ നിശ്ചയദാർഢ്യംകൊണ്ട് ഭഗവാൻ അലിയിച്ചു കളഞ്ഞു. ഭഗവാൻ ആരെന്നറിയാതെ വിവാഹം തീരുമാനിച്ച് സഹോദരിയെക്കൊണ്ട് പുടവ കൊടുപ്പിച്ച വീട്ടുകാരും പിൽക്കാലത്ത് ഒപ്പംകൂടിയ ശിഷ്യവൃന്ദവും സമൂഹവും ഇക്കാര്യത്തിൽ ഇളിഭ്യരായതേയുള്ളൂ. മണ്ണിലും പെണ്ണിലും പൊന്നിലും തന്നെ തളച്ചിടാൻ ശ്രമിക്കരുതെന്ന് സൃഷ്ടിക്ക് കാരണമായ കാമസ്വരൂപിണിയായ കാളിയോട് ഭഗവാൻ നേരിട്ടു പറയുന്നുണ്ട് കാളീ നാടകത്തിൽ.
മൂന്നാമത്തെ സംശയം വിനായകാഷ്ടകത്തെക്കുറിച്ചാണ്. ശാസ്ത്രീയ നൃത്തസങ്കേതങ്ങളുടെ മുദ്രകളും അംഗുലീചലനങ്ങളും പദങ്ങളും ലയങ്ങളുമൊന്നും കൊണ്ട് വിനായകാഷ്ടകത്തിലെ ഗണപതിയെ അവതരിപ്പിക്കാൻ സാധിക്കുന്നില്ല. നൃത്തഗുരുക്കന്മാരും കൈമലർത്തുകയാണ്. എന്താണിതിനു കാരണം?
നമ്മൾ അറിയുന്ന ഗണപതിയെന്ന പുരാണരൂപമല്ല ഭഗവാന്റെ ഗണപതി. നമ്മുടെ ശിവൻ എന്ന് ഗുരു മൊഴിയുന്ന ശിവൻ ഹിന്ദുപുരാണം പറയുന്ന ശിവനല്ല. സുബ്രഹ്മണ്യനെന്നാൽ രണ്ടുകല്യാണം കഴിച്ച് മാതാപിതാക്കളോട് പിണങ്ങി മലയിൽ കയറി ഇരുന്നവനുമല്ല. ഒരേ ബോധസത്യത്തെക്കുറിച്ചാണ് ഇവരിലൂടെയെല്ലാം ഗുരു മൊഴിയുന്നത്. ഇവരെ വേർതിരിച്ച് കാണാൻ ഭഗവാന് സാധിക്കില്ല. അതുകൊണ്ട് വിനായകാഷ്ടകത്തിലെ ഗണപതിക്ക് ശിവന്റെ രൂപഭാവങ്ങൾ വരും. സുബ്രഹ്മണ്യനെക്കുറിച്ചെഴുതുമ്പോഴും ശിവഭാവങ്ങൾ നിറഞ്ഞു നിൽക്കും. ലോകസത്യത്തിലേക്ക് പ്രവേശിക്കുന്ന സാധകനിൽ അതുവരെ നിറഞ്ഞിരിക്കുന്ന മിഥ്യാവബോധങ്ങളെയും മൂഢസങ്കല്പങ്ങളെയും തച്ചുടയ്ക്കുന്ന ശക്തിപുത്രനാണ് ഗുരുവിന്റെ വിനായകൻ. ഗുരുവിന്റെ ശിവൻ ഒരുകോടി ദിവാകരപ്രഭയോടെ സത്യസാക്ഷാത്കാരത്തിൽ തെളിയുന്ന പരമബോധമാണ്. ആ സത്യത്തെ ചുറ്റി പ്രാണലത പടർന്ന് നിൽക്കുന്നബോധാനുഭവമാണ് സുബ്രഹ്മണ്യൻ. ഗുരുവിന്റെ ദേവി സൃഷ്ടിക്കുകാരണമായ ചലനാത്മകതയാണ്. ഹിന്ദുപുരാണ സങ്കല്പം വച്ച് ഭരതമുനി ചിട്ടപ്പെടുത്തിയ മുദ്രകൾകൊണ്ട് ഗുരുകൃതികളെ അവതരിപ്പിക്കാൻ സാധ്യമല്ല. അതിന് വർദ്ധിച്ച ഭക്തിയോടെ ഗുരുവിന്റെ പാദത്തിൽ വീണുകരഞ്ഞ് ആശ്രയം തേടുകമാത്രമാണ് പോംവഴി. അക്ഷരബോധംകൊണ്ടും ബുദ്ധികൊണ്ടും ഭാഷാപാണ്ഡിത്യംകൊണ്ടും ഗുരുവിനെ അറിയാൻ സാധിക്കില്ലെന്ന അറിവാണ് നാം ആദ്യം നേടേണ്ടത്. ഭഗവാനിൽ അലിവുണ്ടായാൽ, അങ്ങനെയൊരു നിയോഗം ലഭിക്കാൻ ഭാഗ്യമുണ്ടെങ്കിൽ, പുതിയമുദ്രകളും പദചലനങ്ങളും വരെ നൽകും. അത് നൃത്തലോകത്ത് പുതിയ കാൽവയ്പായി മാറും.
സാഹിത്യലോകത്തെ വിമർശിച്ച് കശക്കുന്ന നിരൂപകപ്രതിഭകൾക്കും ഭഗവാന്റെ കൃതികൾ തൊടാൻ പേടിയാണ്. തൊട്ടാൽ അവർ സമൂഹമദ്ധ്യത്തിൽ അറിവില്ലായ്മയുടെ പേരിൽ സ്വയം നഗ്‌നരായിപ്പോകും. പേടിച്ചിട്ടാണ് അടുക്കാത്തത്. നമ്മൾ പക്ഷേ, തെറ്റിദ്ധരിക്കുന്നത് അവർ ഗുരുകൃതികളെ അവഗണിക്കുന്നുവെന്നാണ്. അതല്ല സത്യം, പാവങ്ങൾ!
അനന്തരം സാധകൻ ഭഗവാന്റെ സ്വാനുഭവഗീതിയിലേക്ക് വന്നു. അവിടെ നാല്പത്തിയൊന്നും നാല്പത്തിരണ്ടും പദ്യങ്ങൾ കൂടിക്കലർന്നുനിന്ന് കുണ്ഡലിനി പ്രാണപ്രസരണത്തെക്കുറിച്ച് മൊഴിഞ്ഞാടുന്നു. നാല്പത്തിയൊന്നാമത്തെ പദ്യത്തിന്റെ ആദ്യരണ്ടുവരികളെക്കുറിച്ച് കഴിഞ്ഞലക്കം നാം സംസാരിച്ചിരുന്നു. അതിന്റെ അവസാനരണ്ടുവരിയിൽ
പൊന്നിൻകൊടിയൊരു ഭാഗം-
തന്നിൽ ചുറ്റിപ്പടർന്ന തനിമരമേ! എന്ന് പരമബോധത്തെ ഗുരു സംബോധന ചെയ്യുന്നുണ്ട്. പരമമായ ബോധാനുഭവത്തിന് മൂർത്തീരൂപം കൊടുത്താൽ സുബ്രഹ്മണ്യനാവും. പ്രപഞ്ചസൃഷ്ടിയുടെ തനിപ്പകർപ്പാണ് മനുഷ്യദേഹവും ജീവിതവും. അതുകൊണ്ടാണ് അവനവനിലേക്ക് നോക്കിയാൽ ദൈവത്തെയും ലോകത്തെയും അറിയാമെന്നുപറയുന്നത്. നട്ടെല്ല് വളയാത്തവൻ എന്നാണ് നിശ്ചയദാർഢ്യമുള്ളവനെ നമ്മൾ വിളിക്കുന്നത്. ഒന്നിനും സ്വാധീനിക്കാൻ കഴിയാത്ത ഒന്നാവണം നട്ടെല്ല് എന്നാണതിന്റെ അർത്ഥം. അതായത് മോദസ്ഥിരതയുടെ പ്രതീകമാണ് നട്ടെല്ല്. അതിനെ ചുറ്റി രണ്ടുവള്ളികൾപോലെയാണ് കുണ്ഡലിനി പ്രാണപ്രസരം സംഭവിക്കുന്നത്. ഒരു വള്ളി കറുത്തതും ഒരുവള്ളി വെളുത്തതുമാണ്. ഇളകാതെ ഇവയ്ക്കിടയിൽ നിലകൊള്ളുന്ന നട്ടെല്ല് ബോധസത്യത്തിന്റെ പ്രതീകമാണ്. ജനനം മുതൽ മരണംവരെ ആറവസ്ഥകളിലൂടെയാണ് ഈ പ്രാണവല്ലികൾ കടന്നുപോകുന്നത്. പരിണമിച്ച് ക്ഷയിച്ച് നശിക്കുന്ന മൂന്നവസ്ഥകളാണ് കറുത്ത വള്ളി. ജനിച്ച് വളർന്ന് പെരുകുന്നതാണ് വെളുത്തവള്ളി. പ്രാണപ്രസരണം ഇങ്ങനെ രണ്ട് ഭാവത്തിൽ ഉണ്ടാകുമ്പോൾ അവയെ രഞ്ജിപ്പിച്ച് ഉള്ളിൽ ചലിക്കാതെ നിൽക്കുന്ന നട്ടെല്ലിനെ ഗുരുദേവൻ ആത്‌മോപദേശ ശതകത്തിന്റെ ഒൻപതാമത്തെ പദ്യത്തിൽ ഒരു മരമായി കണ്ടു. സ്വാനുഭവഗീതിയിലെത്തുമ്പോൾ തനിമരമായും കാറ്റിനുപോലും ചലിപ്പിക്കാനാവാത്ത മാമലയായും കാണുന്നു. ഈ അചഞ്ചലമായ മലയാണ് പഴനിമലയെന്ന പ്രതീകം. അതിൽ വള്ളി, ദേവയാനി എന്നിവർക്കൊപ്പം വസിക്കുന്ന സുബ്രഹ്മണ്യൻ എന്നത് ഇരുപുറവും വരുന്ന ആറവസ്ഥകളെ സൃഷ്ടിച്ച് സത്യബോധത്തിൽ പടർന്നകയറുന്ന കുണ്ഡലിനി പ്രാണന്റെ രണ്ട് ലതകളോടുകൂടിയ ബോധസത്യംതന്നെയാണ്.
ആരോടു പറയാൻ ഇതൊക്കെ? ആരറിയുന്നു സത്യം? അജ്ഞരല്ലയോ ഭഗവാനേ ഞങ്ങൾ? ബോധസത്യമായ അവിടുത്തോട് ബോധക്കേട് കാട്ടുന്ന മൂഢമതികൾ...
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ