മണ്ണിനെ പൊന്നാക്കാൻ ജലസംരക്ഷണ പദ്ധതി
September 9, 2017, 12:31 am
എസ്. പ്രേംലാൽ
തിരുവനന്തപുരം: മണ്ണിനെ പൊന്നാക്കി മാറ്റുന്ന കർഷകർക്ക് കൈത്താങ്ങാകാൻ മണ്ണ് ജലസംരക്ഷണ പദ്ധതി വരുന്നു. കാർഷികോത്പാദനം വർദ്ധിപ്പിച്ച് വരൾച്ച മൂലമുണ്ടാകുന്ന കാർഷികക്കെടുതി കുറയ്ക്കുകയാണ് ലക്ഷ്യം. നീർത്തട അടിസ്ഥാനത്തിൽ സംസ്ഥാനത്തുടനീളം അടുത്തവർഷം പദ്ധതി നിലവിൽ വരും.
നബാർഡ് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ നീർച്ചാലുകളെ സംരക്ഷിക്കുന്നതിനൊപ്പം ജലസംഭരണികൾ, പാർശ്വഭിത്തികൾ, തടയണ എന്നിവയുടെ നിർമ്മാണവും ഉൾപ്പെടുന്നു.
അരുവിക്കര ഡാമിന്റെയും ശാസ്താംകോട്ട കായലിന്റെയും വൃഷ്ടിപ്രദേശത്ത് മണ്ണുജല സംരക്ഷണ പ്രവർത്തനം നടത്തിയായിരിക്കും പദ്ധതി തുടങ്ങുക.
സംസ്ഥാനത്തെ ഉരുൾപൊട്ടൽ ബാധിത പ്രദേശങ്ങളും ഉരുൾപൊട്ടൽ സാദ്ധ്യതയുളള സ്ഥലങ്ങളും കണ്ടെത്തി എങ്ങനെ സംരക്ഷിക്കാമെന്ന് പഠിക്കും.

 പഞ്ചായത്തുകളിൽ നീർത്തട പദ്ധതി

വരൾച്ച നേരിടുന്ന ഗ്രാമപഞ്ചായത്തുകളിൽ സമഗ്രനീർത്തടാധിഷ്ഠിത പദ്ധതി നടപ്പിലാക്കും. പാലക്കാട് ജില്ലയിലെ പല്ലശന ഗ്രാമപഞ്ചായത്ത് പോലുള്ള പ്രദേശങ്ങളിൽ കനത്ത വരച്ച കൃഷിയെ സാരമായി ബാധിച്ചു. മുളളൻകൊല്ലി, പുൽപ്പളളി ഗ്രാമ പഞ്ചായത്തുകളും കടുത്ത വരൾച്ചയിലാണ്. ഇതുപോലുളള പഞ്ചായത്തുകൾ കണ്ടെത്തി പദ്ധതി വിപുലീകരിക്കും.

 ഒരു ലക്ഷം ഹെക്ടറിൽ മണ്ണ് പര്യവേഷണം
പഞ്ചായത്തുകളിലെ ഒരു ലക്ഷം ഹെക്ടർ സ്ഥലത്ത് മണ്ണ് പര്യവേഷണം നടത്തി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കും.
മണ്ണിന്റെ രാസ പരിശോധനയുടെ വിവരങ്ങൾ ഈ റിപ്പോർട്ടുകളിലൂടെ കർഷകർക്ക് നൽകും. 20,000 സ്ഥലത്തെ മണ്ണിന്റെ രാസപരിശോധന നടത്തും. കൊടിയ മണ്ണിൽ എന്തൊക്കെ മാറ്റം വരുത്തിയെന്ന് വിലയിരുത്തും.
കേന്ദ്ര സോയിൽ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി 2. 90 ലക്ഷം കർഷകർക്ക് സോയിൽ ഹെൽത്ത് കാർഡുകൾ നൽകും.

 കർഷകർക്ക് പുത്തൻ അറിവ്
ഇഗ്നോയും കേന്ദ്ര സർക്കാരിന്റെ ഭൂവിഭവ വകുപ്പുമായി സഹകരിച്ച് ഒരു വർഷത്തെ വാട്ടർഷെഡ് മാനേജ്മെന്റ് ഡിപ്ളോമ കോഴ്സും ആറ് മാസത്തെ വാട്ടർ ഹാർവെസ്റ്റിംഗ് മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സും നടത്തും.
ജില്ലകളിലെ മണ്ണുവിഭവങ്ങൾ, നീർത്തടങ്ങൾ എന്നിവയെപ്പറ്റിയുളള വിവരങ്ങൾ നൽകുന്നതിനൊപ്പം ഗവേഷണ സ്ഥാപനങ്ങൾ, മറ്റ് ഏജൻസികൾ, വിദ്യാർത്ഥികൾ എന്നിവർക്ക് മണ്ണ് പരിശോധിക്കുന്നതിനുളള സൗകര്യവും ഒരുക്കും.
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ