Friday, 22 September 2017 6.33 AM IST
ഭക്ഷ്യസുരക്ഷാവകുപ്പ് രംഗത്തിറങ്ങണം
September 9, 2017, 2:00 am
മായം ചേർക്കാത്ത ഭക്ഷ്യവസ്തുക്കൾ മലയാളികൾക്ക് കിട്ടാക്കനിയായി മാറിക്കഴിഞ്ഞു. ആരോഗ്യത്തിന് ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഹാനികരമല്ലാത്ത ഒരു ഭക്ഷ്യവസ്തുവും വിപണിയിലില്ല. പച്ചക്കറിയാണെങ്കിൽ കീടനാശിനിയുടെ കടുത്ത മേലാവരണത്തോടുകൂടിയാണെത്തുന്നത്. പഴവർഗങ്ങളുടെ കാര്യം പറയുകയേ വേണ്ട. തൂക്കം കൂട്ടാനും എളുപ്പം കേടുവരാതിരിക്കാനും മാംസത്തിൽ പലവിധ പ്രയോഗങ്ങളും നടക്കുന്നുണ്ട്. താരതമ്യേന വലിയ ആപത്തൊന്നുമില്ലാതെ ലഭിച്ചിരുന്ന മത്സ്യത്തിലും മാരകമായ അളവിൽ രാസപദാർത്ഥങ്ങൾ ചേർത്താണ് ഇപ്പോൾ വില്പന നടക്കുന്നതത്രെ. മണിക്കൂറുകൾ കഴിഞ്ഞാലും അപ്പോൾ പിടിച്ച പോലുള്ള തിളക്കം നിലനിറുത്താൻ വേണ്ടി പ്രയോഗിക്കുന്ന രാസവസ്തു മനുഷ്യശരീരത്തിനു വരുത്തുന്ന മാരക ഫലങ്ങൾ കേട്ടാൽ ആരും ഞെട്ടും. മീൻ കേടാകാതിരിക്കാൻ ഫോർമാലിനും അമോണിയയും മറ്റും ചേർക്കുന്ന പതിവു പണ്ടേയുള്ളതാണ്. ഇതു കൂടാതെ സോഡിയം ബെൻസോയേറ്റ് ആണ് മത്സ്യവിപണിയിലെ പുതു താരം. രണ്ടോ മൂന്നോ ആഴ്ച വരെ മത്സ്യം യാതൊരു കേടുപാടും കൂടാതെ സൂക്ഷിക്കാൻ ഒരു നുള്ള് പൊടി മതി. സ്വാഭാവിക രുചി പാടേ നശിപ്പിക്കുമെങ്കിലും ദിവസങ്ങളോളം മീനിന്റെ തിളക്കം നിലനിറുത്താനും പഴക്കം അറിയാതിരിക്കാനും ഇതു സഹായിക്കും. ഇത്തരം മീൻ വാങ്ങി ഉപയോഗിക്കുന്നവരുടെ വായ മുതൽ കുടൽ വരെയുള്ള ശ്ളേഷ്മ പടലത്തിൽ അസുഖമുണ്ടാക്കാൻ പോരുന്നതാണ് ഈ രാസപദാർത്ഥം.
മീൻ കേടുകൂടാതെയിരിക്കാൻ പുതുതായെത്തിയ മാരക പദാർത്ഥം സൃഷ്ടിക്കുന്ന വിപത്ത് പ്രതിപാദിക്കുന്ന റിപ്പോർട്ട് ഞങ്ങൾ കഴിഞ്ഞ ലക്കത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടുപിടിക്കാനും തടയാനും സുശക്തമായ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രവർത്തിക്കുന്നു എന്നാണ് പൊതു ധാരണ. എന്നാൽ പച്ചക്കറി - പഴവർഗ മേഖലയിലെന്നപോലെ മത്സ്യവിപണിയിലും ഭക്ഷ്യസുരക്ഷാവകുപ്പിന്റെ കണ്ണുകൾ എത്തുന്നില്ലെന്നു വേണം കരുതാൻ. ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ തടയാൻ എല്ലാ പരിഷ്കൃത രാജ്യങ്ങളിലും ഏറ്റവും കർക്കശമായ നിയമങ്ങളും അതു നടപ്പാക്കാനുള്ള വിപുല സംവിധാനങ്ങളുമുണ്ട്. ഇവിടെയും നിയമം ശക്തവും അധികം പഴുതില്ലാത്തതുമാണ്. എന്നാൽ നടപ്പാക്കാനാവശ്യമായ സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ഭക്ഷ്യവിപണിയിലെ കൊടിയ അരാജകത്വത്തിനു കാരണം. പൊതുമാർക്കറ്റുകളുടെ ഘടന മുതൽ കാണാം അധികൃതരുടെ നിരുത്തരവാദപരമായ സമീപനം. അനാരോഗ്യകരവും ഒട്ടും ശുചിത്വമില്ലാത്തതുമാണ് ഇവിടത്തെ മത്സ്യ - മാംസ ചന്തകൾ. ഭക്ഷ്യ സുരക്ഷാ വകുപ്പ് വർഷത്തിൽ ചില ദിവസം എത്തിനോക്കിയാലായി. രാസപദാർത്ഥം ചേർത്ത മത്സ്യം പിടിക്കാൻ പൊലീസ് സംരക്ഷണവും സർക്കാർ പിന്തുണയും വേണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. പ്രാബല്യത്തിലിരിക്കുന്ന ഒരു നിയമത്തിൻ കീഴിൽ പ്രവർത്തിക്കാൻ പൊലീസും മറ്റ് അനുസാരികളും വേണമെന്നു പറയുമ്പോൾത്തന്നെ ആത്മാർത്ഥതയും പ്രതിബദ്ധതയും എത്രയുണ്ടെന്നു മനസിലാക്കാം. നിയമം നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ട സർക്കാരും ഇത്തരം ജനകീയ പ്രശ്നങ്ങളിൽ കണ്ണടച്ചിരിക്കാനാണ് നോക്കുന്നത്. പച്ചക്കറി, പഴം, മത്സ്യം തുടങ്ങിയ നിത്യോപയോഗ വസ്തുക്കളിലെ മായം ഭീഷണമാംവിധം വർദ്ധിച്ചിട്ടുണ്ടെന്ന പരാതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അസഹനീയമാം വിധം മായത്തിന്റെ തോത് കൂടിക്കൊണ്ടിരിക്കുകയാണെന്ന് സാക്ഷ്യപ്പെടുത്തുന്ന അനവധി പഠന റിപ്പോർട്ടുകൾ സർക്കാരിന്റെ മുമ്പിലുണ്ട്. ഈ വക സാധനങ്ങൾക്ക് അന്യനാടുകളെ ആശ്രയിക്കേണ്ടി വരുന്ന മലയാളികൾക്ക് അവർ വച്ചുനീട്ടുന്ന വിഷമടങ്ങിയ സാധനങ്ങൾ പരിശോധന കൂടാതെ കഴിക്കേണ്ട സ്ഥിതിയാണുള്ളത്. അതിർത്തി ചെക് പോസ്റ്റുകളിൽ പച്ചക്കറി പരിശോധനയ്ക്കായി സ്ഥിരം ലാബുകൾ സ്ഥാപിക്കുമെന്നു കേട്ടിരുന്നു. പേരിനു ഏതാനും ദിവസം ചില സംവിധാനങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. ആരോരുമറിയാതെ അവ അപ്രത്യക്ഷമാകുകയും ചെയ്തു. ജൈവ ലേബലിൽ എത്തുന്ന പച്ചക്കറികൾ പോലും മാരകമായ തോതിൽ വിഷം കലർന്നവയാണെന്ന് പരിശോധനയിൽ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷാ നടപടികൾ എടുക്കുന്നതിൽ സർക്കാരിന്റെ വീഴ്ച മുതലാക്കി നിർബാധം ഇറക്കുമതി അനസ്യൂതം തുടരുന്നു. മത്സ്യങ്ങളിലെ മായം ചേർക്കൽ സർവസാധാരണമായിക്കഴിഞ്ഞു എന്നാണ് വിവിധ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കുന്ന സൂചന. ആപൽക്കരമായ ഈ പ്രവണത തടയാനാവുന്നില്ലെങ്കിൽ ആരോഗ്യരംഗത്ത് ഭാവിയിൽ വൻ പ്രതിസന്ധിക്ക് അത് ഇടയാക്കും. മത്സ്യവിപണിയിലെ അനാശാസ്യ പ്രവണത തടയാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നിർഭയം രംഗത്തിറങ്ങേണ്ടിയിരിക്കുന്നു. വിപുലമായ പരിശോധനകൾ കൊണ്ടു മാത്രമേ വിഷമത്സ്യത്തിന്റെ വരവും കച്ചവടവും തടയാനാകൂ. ഭക്ഷ്യസുരക്ഷാ വകുപ്പ് സജീവമെന്നു കണ്ടാൽ 'പൊടി'യുമായി ഇറങ്ങുന്നവർ കുറച്ചൊന്നു മടിക്കും. ഫോർമാലിനെയും അമോണിയയെയും മാറ്റിയാണ് സോഡിയം ബെൻസോയേറ്റിനെ ഇപ്പോൾ അമിതമായി കൂട്ടുപിടിച്ചിരിക്കുന്നതത്രെ. ഇതിന് ചെലവും കുറവായതാണ് മറ്റൊരു ആകർഷണം. മത്സ്യവിപണിയെ വിഷക്കൂട്ടിനു വിട്ടുകൊടുത്ത് ജനങ്ങളുടെ ആരോഗ്യം തകർക്കാൻ സർക്കാർ കൂട്ടുനിൽക്കരുത്. അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ നടപടി എടുക്കണം.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ