കുരങ്ങന്റെ അദ്വൈതം
September 10, 2017, 12:25 am
മുനി നാരായണപ്രസാദ്
വർക്കല ഗുരുകുലത്തിൽ താമസിച്ചുകൊണ്ട് കോളേജിൽ എം.എസ്‌സി പഠിക്കുന്ന ഒരു വിദ്യാർത്ഥി. വളരെ പാവപ്പെട്ട കുടുംബത്തിലുള്ളവൻ. കൂലിപ്പണി ചെയ്തു ചെലവിനുണ്ടാക്കുന്നവൻ. വീട് മലയോരപ്രദേശത്താണ്.
ഒരുദിവസം വീട്ടിൽ പോയിവന്നിട്ട് പറയുന്നു, ''വീട്ടിലൊരു മാവുണ്ട്. അതിൽ നിറയെ മാങ്ങ പിടിക്കും. കഴിഞ്ഞവർഷം നാല് ചാക്കു മാങ്ങ കിട്ടി. ഇത്തവണ മുഴുവൻ മാങ്ങയും കുരങ്ങൻ തിന്നുതീർത്തു. തറയിൽ എന്തെങ്കിലും നട്ടാൽ അത് പന്നി തിന്നുതീർക്കും. ഒന്നും ചെയ്യാനാവുന്നില്ല.''
''എടോ, കുരങ്ങന്മാരുടെയും പന്നികളുടെയും ആവാസകേന്ദ്രം നിങ്ങൾ വെട്ടിപ്പിടിച്ചു കൃഷി ചെയ്ത്, അവരെ പുറത്താക്കി. അവർക്കാകട്ടെ, അകവും പുറവുമില്ല. അവർക്ക് വേണ്ടത് കണ്ടെത്തി അവർ തിന്നും. അത്ര തന്നെ!''
''തിന്നുകൊള്ളട്ടെ, ഞങ്ങൾക്കും കൂടി തന്നാൽ മതിയായിരുന്നു.''
''എടോ, ഞങ്ങളെന്നും നിങ്ങളെന്നുമുള്ള ഭേദവിചാരമൊന്നും അവർക്കില്ല. നിങ്ങളെന്നും ഞങ്ങളെന്നുമൊക്കെ വേർതിരിക്കുന്ന ഏർപ്പാട് മനുഷ്യർക്കേ അറിയാവൂ. ആ വേർതിരിവുള്ളപ്പോഴാണ്, 'നിങ്ങൾ'ക്കു തരേണ്ടത് 'ഞാൻ' തിന്നാൽ അത് സദാചാര വിരുദ്ധമായിപ്പോകുന്നത്. മനുഷ്യർ സദാചാരം ഉണ്ടാക്കിയിരിക്കുന്നതുപോലും 'ഞങ്ങൾ,' നിങ്ങൾ എന്ന വേർതിരിവ് ഉണ്ടാക്കിയിട്ട്, അതിന്റെ അടിസ്ഥാനത്തിലാണ്.
''കുരങ്ങന്മാരും മറ്റു കുരങ്ങന്മാർക്കു കൊടുക്കാതെ തട്ടിപ്പറിച്ചു തിന്നുന്നതു കാണാറുണ്ടല്ലോ?''
''ഉണ്ട്. അത് 'ഞാൻ' 'നീ ' എന്ന വ്യത്യാസം മനസിൽ സങ്കല്പിച്ചിട്ടാണെന്ന് കരുതാൻ നിവൃത്തിയില്ല. കുരങ്ങന്റെ കണ്ണിൽ 'നീ' ഇല്ല. 'ഞാൻ' മാത്രമേയുള്ളൂ. 'ഞാൻ തന്നെ സകലതും' എന്നതാണല്ലോ അദ്വൈതബോധത്തിന്റെ അവസാന നില. മനുഷ്യർ ചിന്തിച്ചും ധ്യാനിച്ചുമൊക്കെ വളരെ സാധന ചെയ്ത് അത് കണ്ടെത്തും. കുരങ്ങന്മാർ സഹജമായിത്തന്നെ 'ആത്മൈവേദം സർവ്വം' എന്ന മട്ടിൽ ജീവിക്കും. അതിനാൽ തന്റെ നിറവിനെ സകലതിന്റെയും നിറവായി അവർ അനുഭവിക്കും. സ്വന്തം വയറു നിറയുന്നതുതന്നെ അവന്റെ കണ്ണിൽ സകലരുടെയും വയറു നിറയുന്നത്.''
സ്വന്തമായുണ്ടാക്കിയ സദാചാര ബോധത്തിൽ സ്വയം തളച്ചിട്ട് ജീവിക്കുന്ന മനുഷ്യനാകട്ടെ, തന്റെ വയറു നിറയുമ്പോൾ, അയൽക്കാരന്റെ വയറ് നിറയുന്നുണ്ടോ എന്നുകൂടി ചിന്തിക്കും. സഹജമായ അദ്വൈതതയിൽ ജീവിക്കുന്നവരാണ് കുരങ്ങന്മാർ. അതുകൊണ്ട്, മാങ്ങയടത്തു തിന്നുമ്പോൾ , അതിന്റെ പങ്ക് നിങ്ങൾക്കുകൂടി കിട്ടിയോ എന്നൊന്നും അവർ ചിന്തിക്കാറില്ല. സഹജമായ അദ്വൈതബോധമാണോ, കണ്ടെത്തിയ അദ്വൈതബോധമാണോ മനുഷ്യന് വേണ്ടപ്പ്? ഇതും അവന് ചിന്താവിഷയമാണ്. കുരുങ്ങനാകട്ടെ, ഒരു ചിന്താവിഷയവുമില്ല.''
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.