ഫാമിംഗ് കോർപറേഷൻ എംപ്ലോയീസ് സഹകരണ സംഘത്തെ ശ്വാസംമുട്ടിച്ച് ഇല്ലാതാക്കുന്നു
September 10, 2017, 12:34 am
തിരുവനന്തപുരം: ജില്ലാ സഹകരണബാങ്കിന്റെ റിക്കവറിയെത്തുടർന്ന് ഫാമിംഗ് കോർപറേഷൻ എംപ്ലോയീസ് സഹകരണസംഘം പ്രതിസന്ധിയിൽ. സംഘത്തിന്‌ വായ്പയിനത്തിൽ നൽകിയ തുകയിൽ വന്ന 1.20കോടിയുടെ കുടിശിക തിരിച്ചുപിടിക്കുന്നതിനാൽ അക്കൗണ്ടുകളെല്ലാം സഹകരണ ബാങ്ക് മരവിപ്പിച്ചിരിക്കുകയാണ്. സംഘം ജീവനക്കാരുടെയും ബോർഡംഗങ്ങളുടെയും ശമ്പളം, ബോണസ്, മറ്റ്‌ ആനുകൂല്യങ്ങൾ എന്നിവയും നൽകാനാവുന്നില്ല.
തലസ്ഥാനത്ത് 77വർഷമായി പ്രവർത്തിക്കുന്ന സഹകരണ സംഘമാണിത്. 1983ൽ റബ്ബർവർക്സ് അധ:പതനത്തെ തുടർന്ന് വായ്പാതിരിച്ചടവ് മുടങ്ങിയതോടെയാണ് കുടിശിക കുമിഞ്ഞുകൂടി അടച്ചുപൂട്ടലിന്റെ വക്കിലെത്തിയത്. സഹകരണ ബാങ്കിൽ നിന്ന് നൽകുന്ന പണം തൊഴിലാളികൾക്ക് 21ശതമാനം പലിശയ്ക്ക് വായ്പയായി നൽകി പ്രവർത്തിച്ചിരുന്ന റബ്ബർ വർക്സ് സൊസൈറ്റി, 1994ൽ റബ്ബർ വർക്സ് അടച്ചുപൂട്ടി ഫാമിംഗ് കോർപറേഷനിൽ ലയിപ്പിച്ചതിനെത്തുടർന്നാണ് ഫാമിംഗ് കോർപറേഷൻ എംപ്ലോയീസ് സഹകരണസംഘം ആയത്. 1983ലെ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ആർബിട്രേഷൻ കേസ് ഫയൽ ചെയ്തിരുന്നു. കേസ് വിധിയായതോടെ സഹകരണ ബാങ്കിൽ സംഘത്തിന്‌ ലക്ഷങ്ങളുടെ ബാദ്ധ്യതയുണ്ടായി.
കഴിഞ്ഞ സാമ്പത്തികവർഷം വരെ 90ലക്ഷം രൂപയുടെ സാമ്പത്തികബാദ്ധ്യതയാണുണ്ടായിരുന്നത്. ഇപ്പോൾ ബാധ്യത 1.20കോടിയായെന്നാണ് ബാങ്ക് അറിയിച്ചിട്ടുള്ളത്. സംഘത്തിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചാണ് സഹകരണ ബാങ്ക് റിക്കവറി നടത്തുന്നത്. ഇതോടെ സംഘത്തിന്റെ പ്രവർത്തനങ്ങൾ നിലച്ചു. സംഘത്തിന്റെ പ്രവർത്തനം തുടർന്നാലേ ബാങ്കിന്റെ കുടിശിക തീർക്കാനാവൂ. അതു പരിഗണിക്കാതെ, സംഘത്തെ തകർക്കുന്ന പ്രവർത്തനമാണ് ഉദ്യോഗസ്ഥരും ഫാമിംഗ് കോർപറേഷൻ അധികൃതരും നടത്തുന്നത്.
സംഘത്തിലെ ജീവനക്കാർക്ക് ശമ്പളമോ ബോണസോ നൽകാനാവാത്ത സ്ഥിതിയാണിപ്പോൾ. പിരിഞ്ഞുപോയ ജീവനക്കാരുടെ ഓഹരി നിക്ഷേപം തിരികെനൽകാനുമാകുന്നില്ല. സംഘത്തിന്റെ പേരിലുള്ള അക്കൗണ്ടുകൾ പുന:സ്ഥാപിക്കുകയും തുടർന്നും വായ്പ നൽകുകയും വേണമെന്നാണ് ഭരണസമിതിയുടെ ആവശ്യം.

crr
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ