Friday, 22 September 2017 6.27 AM IST
ഭൂമിയിലെ യാത്രയും സുരക്ഷിതമാകണം
September 10, 2017, 2:00 am
വിമാനയാത്രയ്ക്കിടെ മാന്യത വെടിയുന്ന യാത്രക്കാരെ കുടുക്കാനുള്ള ചട്ടങ്ങളുമായി വ്യോമയാന വകുപ്പ് രംഗത്തിറങ്ങുകയാണ്. ഏതു തരത്തിലുള്ള അച്ചടക്ക ലംഘനത്തിനും ശിക്ഷ ഉറപ്പാണ്. ആജീവനാന്ത യാത്രാ വിലക്ക് ഉൾപ്പെടെയുള്ള കർക്കശ നടപടിയാണ് ഉദ്ദേശിക്കുന്നത്. ആകാശ യാത്രയിൽ സുരക്ഷിതത്വവും സമാധാനവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൊണ്ടുവരുന്ന പെരുമാറ്റച്ചട്ടം സാധാരണ വിമാനയാത്രക്കാർ സഹർഷം സ്വാഗതം ചെയ്യുമെന്ന് ഉറപ്പാണ്. ഒറ്റപ്പെട്ടതാണെങ്കിൽ പോലും യാത്രക്കിടയിൽ ചിലരുടെ സഭ്യത വിട്ട പെരുമാറ്റവും പലതരത്തിലുള്ള വിക്രിയകളും കണ്ട് സഹികെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. മദ്യലഹരിയിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ യാത്രയിലുടനീളം സഹിക്കേണ്ടിവരുന്ന ദുരനുഭവം വിമാനയാത്രക്കാർ പൊതുവേ നേരിടാറുണ്ട്. യാത്രക്കിടയിൽ സഭ്യതയുടെ സീമകൾ ലംഘിക്കുന്നവരുടെ എണ്ണം
അടിക്കടി വർദ്ധിക്കുന്നുവെന്നു കണ്ടതോടെയാണ്
കടുത്ത നടപടികൾക്കു മുതിരാൻ വ്യോമയാന വകുപ്പ് തയ്യാറായത്. സമീപകാലത്ത് വിമാനയാത്രയ്ക്കിടെ വി.ഐ.പികളിൽ നിന്നുണ്ടായ പെരുമാറ്റ ദൂഷ്യവും ഇത്തരത്തിലൊരു ചട്ടം കൊണ്ടുവരാൻ പ്രേരകമായിട്ടുണ്ട്. വി.ഐ.പി പരിവേഷത്തിന്റെ ബലത്തിൽ വിമാന ജീവനക്കാരുമായി ഏറ്റുമുട്ടുന്ന പ്രവണത വർദ്ധിച്ചുവരികയാണ്.
കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് മൂന്നു മാസം മുതൽ ആജീവനാന്തം വരെയുള്ള യാത്രാ വിലക്കാണ് ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. പൈലറ്റാണ് ഓരോ സംഭവത്തിലും പരാതി നൽകേണ്ടത്. പരാതി പരിശോധിക്കാൻ വിരമിച്ച ജില്ലാ ജഡ്ജിയുടെ അദ്ധ്യക്ഷതയിൽ സമിതി ഉണ്ടായിരിക്കും. സമിതിയായിരിക്കും ശിക്ഷ സംബന്ധിച്ച ശുപാർശ നൽകുക. ശിക്ഷ നടപ്പാക്കുന്നത് അതാതു വിമാനക്കമ്പനികളായിരിക്കും. അതിരുവിട്ട പെരുമാറ്റത്തിന്റെ പേരിൽ യാത്രക്കാരുമായി ഏറ്റുമുട്ടേണ്ടിവരുന്ന വിമാന ജീവനക്കാർക്ക് പുതിയ പെരുമാറ്റച്ചട്ടം അനുഗ്രഹമാകും. അതുപോലെ സമാധാന യാത്ര ആഗ്രഹിക്കുന്നവർക്കും സന്തോഷിക്കാൻ വകയുണ്ട്. അതേസമയം യാത്ര വിലക്കിൽ അടങ്ങിയിട്ടുള്ള നിയമ പ്രശ്നം കോടതി കയറാനുള്ള സാദ്ധ്യതയുമുണ്ട്. ഏതു കുറ്റകൃത്യവും നേരിടാനും അതിലുൾപ്പെട്ടവരെ ശിക്ഷിക്കാനും നിലവിൽ നിയമ സംവിധാനങ്ങളുള്ളപ്പോൾ അതിനെ മറികടന്നുള്ള നടപടികളുടെ നിയമ സാധുത ചോദ്യം ചെയ്യപ്പെട്ടേക്കാം. പൗരാവകാശം കൂടി ഉൾപ്പെടുന്ന പ്രശ്നമാണിത്.
ആകാശയാത്രക്കിടെ അതിരുവിടുന്ന യാത്രക്കാരെ ശിക്ഷിക്കാനുള്ള ഒരുക്കങ്ങൾ ഒരു ഭാഗത്തു നടക്കുമ്പോൾ താഴെ ഭൂമിയിൽ വിവിധ തരം യാത്രകൾക്കിടെ ജനകോടികൾ നേരിടുന്ന എണ്ണിയാലൊടുങ്ങാത്ത ഭീഷണികളെക്കുറിച്ചു കൂടി ഭരണകർത്താക്കൾ ഓർക്കുന്നതു നന്നായിരിക്കും. ബസുകളിലും ട്രെയിനുകളിലും ജലയാനങ്ങളിലും എന്തെല്ലാം അതിക്രമങ്ങളാണു നടക്കുന്നത്. യാത്രയ്ക്കിടെ സ്ത്രീകളും വിദ്യാർത്ഥിനികളും നിത്യേന നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങൾ അനവധിയാണ്. മോഷണവും പിടിച്ചുപറിയും ട്രെയിനുകളിൽ നിത്യസംഭവങ്ങളായി മാറിക്കഴിഞ്ഞു. രാത്രികാല ബസ് യാത്രയും അപകടമുക്തമല്ല. യാത്രാസുരക്ഷിതത്വം ആദ്യം ഉറപ്പുവരുത്തേണ്ടത് ട്രെയിനുകളിലും ബസുകളിലുമല്ലേ എന്ന ചോദ്യത്തിന് ഏറെ പ്രസക്തിയുണ്ട്. ഭൂരിപക്ഷത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിഞ്ഞു നിൽക്കാനുള്ള ഭരണകൂടത്തിന്റെ പതിവു രീതിയാണ് ഇവിടെയും പ്രകടമാകുന്നത്. മുൻഗണനാക്രമം നിശ്ചയിക്കുമ്പോൾ സാധാരണക്കാർ പലപ്പോഴും കളത്തിനു പുറത്തായിപ്പോകുന്നത് അതുകൊണ്ടാണ്.
വിമാനയാത്രയ്ക്കിടെ നിലവിട്ടു പെരുമാറുന്നവരിൽ പലപ്പോഴും മുൻപന്തിയിൽ ജനപ്രതിനിധികളും ഉന്നത പദവികളിലിരിക്കുന്നവരുമാണ്. ഇക്കോണമി ക്ളാസിൽ യാത്രചെയ്യേണ്ടി വന്നതിലെ പാരുഷ്യം തീർക്കാൻ എയർലൈൻസ് മാനേജരെ ചെരുപ്പൂരി അടിച്ച പാർലമെന്റംഗം ഉണ്ട്. ആന്ധ്രയിൽ നിന്നുള്ള മറ്റൊരു എം.പി അരിശം തീർത്തത് വിമാന ജോലിക്കാരെ വായ നിറയെ അസഭ്യം വർഷിച്ചാണ്. വൈകി എത്തിയതിന്റെ പേരിൽ വിമാനത്തിന്റെ വാതിലടച്ചതിൽ ക്ഷുഭിതനായ മറ്റൊരു ജനപ്രതിനിധി സ്റ്റേഷൻ മാനേജരെ മർദ്ദിച്ചാണ് അരിശം തീർത്തത്. ജനങ്ങൾ നൽകുന്ന നികുതിപ്പണം കൊണ്ട് ചക്കാത്തു യാത്രയാണു നടത്തുന്നതെങ്കിലും ഇതൊക്കെ തങ്ങളുടെ അവകാശമെന്ന ഹുങ്കോടെയാണ് വി.ഐ.പി വർഗം എപ്പോഴും എവിടെയും പെരുമാറുന്നത്. വി.ഐ.പികൾക്കും പുതിയ വിമാനയാത്രാ ചട്ടം ബാധകമാണെന്നാണു പറയുന്നത്. എത്രത്തോളം നടപ്പാകുമെന്ന് കണ്ടുതന്നെ അറിയണം.

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ