Friday, 22 September 2017 6.22 AM IST
യുദ്ധത്തെക്കാൾ ഭയാനകം
September 8, 2017, 2:00 am
പോത്തിന്റെ പുറത്തേറി എത്തുന്ന യമന്റെ പഴയകാല സങ്കല്പം തിരുത്തിക്കുറിക്കുന്നതാണ് രാജ്യത്ത് വാഹനാപകടങ്ങളിൽപ്പെട്ട് ഓരോ മണിക്കൂറും പൊലിയുന്ന മനുഷ്യരുടെ കണക്ക്. പോത്തിനെ മാറ്റി പുതു പുത്തൻ മോട്ടോർ വാഹനങ്ങളിലാണ് യമധർമ്മന്റെ ഇപ്പോഴത്തെ യാത്ര. 2016-ൽ രാജ്യത്ത് വാഹനാപകടങ്ങളിൽ 1,50,785 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടതെന്ന കണക്കു പുറത്തുവിട്ടത് കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിൽ ഗഡ്‌കരിയാണ്. തൊട്ടു തലേ വർഷത്തെ അപേക്ഷിച്ച് വാഹനാപകടങ്ങൾ നേരിയ തോതിൽ കുറഞ്ഞുവെങ്കിലും മരണസംഖ്യയിൽ വർദ്ധനയാണുണ്ടായത്. ദേശീയ തലത്തിലെന്നപോലെ കേരളത്തിലും ഇതാണു സ്ഥിതി. പോയ വർഷം സംസ്ഥാനത്ത് 39420 അപകടങ്ങളിലായി 4287 പേരാണു മരിച്ചത്. 44000 പേർക്ക് പരിക്കേറ്റു. ഏറ്റവുമധികം വാഹനാപകടങ്ങളുണ്ടാകുന്ന രാജ്യത്തെ 50 നഗരങ്ങളുടെ പട്ടികയിൽ കേരളത്തിലെ ഏഴു നഗരങ്ങളുണ്ട്. അവയിൽ മലപ്പുറമാണ് ഒന്നാം സ്ഥാനത്ത്. 2738 അപകടങ്ങളിൽ അവിടെ 402 പേർക്ക് ജീവൻ നഷ്ടമായി. രാജ്യത്ത് ഏതെങ്കിലുമൊരു ഭാഗത്ത് ഓരോ മൂന്നര മിനിട്ടിലും ഒരാൾ റോഡപകടത്തിൽ മരിക്കുന്നു എന്നാണു കണക്ക്. മഹാ യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരിലും എത്രയോ അധികമാണ് റോഡപകടങ്ങളിൽപ്പെട്ടു മരിക്കുന്നവരുടെ സംഖ്യ. അപകടങ്ങൾ കുറയ്ക്കാൻ നാനാവഴിക്കും ശ്രമം നടക്കാതിരിക്കുന്നില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകളും നീതിപീഠങ്ങളുമെല്ലാം രംഗത്തിറങ്ങിയിട്ടും നിരത്തുകളിലെ ചോരക്കളിക്കു കുറവൊന്നുമില്ല. ഗതാഗത നിയമങ്ങൾ കൂടക്കൂടെ പരിഷ്കരിക്കുകയും കർക്കശമാക്കുകയും ചെയ്യുന്നുണ്ട്. ഉദ്ദേശിച്ച ഫലമുണ്ടാകുന്നില്ലെന്നു മാത്രം. പരമോന്നത കോടതി പ്രത്യേക സമിതിയെ നിയോഗിച്ച് പ്രായോഗിക മാർഗങ്ങൾ ആവിഷ്കരിച്ചു. കേന്ദ്രം ഈ അടുത്ത നാളിലും ഗതാഗത നിയമത്തിൽ പരിഷ്കാരങ്ങൾ കൊണ്ടുവന്നു. അപകടങ്ങൾക്കോ മരണസംഖ്യയിലോ പ്രകടമായ കുറവൊന്നുമുണ്ടാകുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളുടെയോ കൊലപാതകങ്ങളുടെയോ പേരിൽ ഏറെ ദിവസത്തെ ഒച്ചപ്പാടു സൃഷ്ടിക്കുന്നവരിലാരും തന്നെ നിരത്തുകളിൽ നിത്യേന നടക്കുന്ന ഈ മനുഷ്യഹോമത്തെയോർത്ത് വേപഥു കൊള്ളാറില്ല. റോഡപകടങ്ങളുടെ സ്ഥിതിവിവരങ്ങൾ വായിച്ചു ഉത്‌കണ്ഠപ്പെടാറുമില്ല. മണിക്കൂറിൽ 17 എന്ന കണക്കിൽ നിരത്തുകളിൽ ഒടുങ്ങുന്ന ജീവിതങ്ങൾ എത്രയെത്ര കുടുംബങ്ങളെയാണ് അനാഥമാക്കുന്നതെന്നും അധികമാരും ഓർക്കാറില്ല.
വാഹനാപകടങ്ങളിൽ കഴിഞ്ഞ വർഷം മരണമടഞ്ഞ ഒന്നര ലക്ഷത്തിലധികം പേരിൽ പകുതിയോളം 23-നും 35-നുമിടയ്ക്കു പ്രായമുള്ളവരാണ്. ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്തുതന്നെ വിടപറയേണ്ടി വരുന്നവരിലധികവും ഇരുചക്ര വാഹനയാത്രക്കാരുമാണ്. കഴിഞ്ഞ വർഷം ഇരുചക്ര വാഹനാപകടങ്ങളിൽ 52500 പേരാണ് അപമൃത്യുവിനിരയായത്. ചോരത്തിളപ്പും പ്രായത്തിന്റെ സാഹസികതയും റോഡ് നിയമങ്ങൾ അനുസരിക്കുന്നതിലുള്ള അലംഭാവവുമൊക്കെയാണ് ടൂവീലർ അപകടങ്ങൾ പെരുകാൻ കാരണമെന്നാണ് പഠന റിപ്പോർട്ടുകൾ. മൊബൈൽ ഫോണാണ് മറ്റൊരു വില്ലനായി മാറിയിരിക്കുന്നത്. മൊബൈലിൽ സംസാരിച്ചുകൊണ്ടു വാഹനമോടിച്ചതിനെത്തുടർന്നുണ്ടായ അപകടങ്ങളിൽ കഴിഞ്ഞ വർഷം 2138 പേർക്കാണ് ജീവൻ നഷ്ടമായത്.
ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്കുള്ള പിഴ ശിക്ഷ ഗണ്യമായി വർദ്ധിപ്പിച്ചുകൊണ്ടുള്ള നിയമം പ്രാബല്യത്തിൽ വരികയാണ്. ശിക്ഷ കർക്കശമാക്കുന്നത് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്. നിർഭാഗ്യവശാൽ നിയമലംഘനങ്ങൾക്ക് പിഴയടച്ച് വീണ്ടും അതേ തെറ്റ് ആവർത്തിക്കുന്ന പ്രവണതയാണ് പൊതുവേ നിലനിൽക്കുന്നത്. ലൈസൻസ് റദ്ദാക്കലുൾപ്പെടെ കടുത്ത ശിക്ഷയെക്കുറിച്ചു പറയുന്നുണ്ടെങ്കിലും അവിടെയും ശുപാർശയും സ്വാധീനവുമൊക്കെ നിയമലംഘകർക്ക് പിടിവള്ളിയാകാറുണ്ട്.
ഗതാഗത നിയമങ്ങൾ അതിന്റെ തനിരൂപത്തിൽ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താൻ കഴിഞ്ഞാൽ അപകടങ്ങൾ ഗണ്യമായി കുറയുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. സംസ്ഥാനത്ത് വാഹന പരിശോധന പലപ്പോഴും ഇരുചക്ര വാഹനക്കാരെ മാത്രം ലക്ഷ്യമിട്ടാണെന്നു കാണാം. ഇതുതന്നെ അപകടങ്ങൾക്കും കാരണമാകാറുണ്ട്. ടാർഗറ്റ് തികയ്ക്കാൻ വേണ്ടി നടത്തുന്ന പരിശോധനയും പിഴചുമത്തലും സാധാരണമാണ്. ഇതുകൊണ്ടൊന്നും അപകടങ്ങൾ കുറയാൻ പോകുന്നില്ല. റോഡ് നിയമങ്ങൾ പാലിക്കപ്പെടേണ്ടവയാണെന്നും അതിനനുയോജ്യമായ ഡ്രൈവിംഗ് സംസ്കാരം സ്വായത്തമാക്കണമെന്നും വാഹനം ഓടിക്കുന്നവർക്ക് ബോദ്ധ്യം വരണം. നിരത്തുകളിൽ നിയമപാലകരുടെ സാന്നിദ്ധ്യം ഉണ്ടെന്നുവന്നാൽ നിയമലംഘനങ്ങൾ ഗണ്യമായി കുറയും. ആധുനിക ഗതാഗത നിയന്ത്രണ - നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിച്ചതു കൊണ്ടായില്ല. നിയമലംഘകരെ കണ്ടെത്തി ഉടൻ പിടികൂടുകയും വേണം. വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡുകൾ വികസിപ്പിക്കുന്നതിന് പരിമിതികളുണ്ട്. ലഭ്യമായ സൗകര്യത്തിൽ അപകടരഹിതമായി എങ്ങനെ വാഹനങ്ങൾ ഓടിക്കാനാകും എന്നാണ് ഓരോരുത്തരും ചിന്തിക്കേണ്ടത്. നിയമം തനിക്കു ബാധകമല്ലെന്ന് അഹങ്കരിക്കുമ്പോഴാണ് അറിയാതെ അപകടങ്ങളിൽ ചെന്നു ചാടുന്നത്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ