Friday, 22 September 2017 6.24 AM IST
രണ്ടുപേർ മാത്രമോ കുറ്റക്കാർ?
September 12, 2017, 2:00 am
സംസ്ഥാനത്തെ സർക്കാർ മെഡിൽ കോളേജുകൾ വലിയൊരു സമരഭീഷണിക്ക് നടുവിലാണിപ്പോൾ. ഒരുമാസം മുൻപ് ബൈക്കപകടത്തെത്തുടർന്ന ചികിത്സ ലഭിക്കാതെ മുരുകൻ എന്ന ചെറുപ്പക്കാരന്റെ ദാരുണമരണത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണമാണ് പ്രകോപനം. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചിട്ടും മുരുകന് ചികിത്സ നൽകാതെ മടക്കി അയച്ചുവെന്ന പരാതിയിലാണ് മുഖ്യമായും അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്നേദിവസം രാത്രി കാഷ്വാലിറ്റി വിഭാഗത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരെ അന്വേഷണ സംഘം ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച കൊല്ലത്തെ പൊലീസ് ക്ളബിലേക്ക് വിളിപ്പിച്ച് ഇവരെ ഒൻപത് മണിക്കൂറോളം ചോദ്യം ചെയ്തുവെന്നാണ് വിവരം. തൃപ്തിവരാതെ തിങ്കളാഴ്ചയും ചോദ്യം ചെയ്യൽ തുടർന്നു. ഡോക്ടർമാർ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന സൂചനയുള്ളതിനാൽ മെഡിക്കൽ കോളേജിലെ പി.ജി ഡോക്ടർമാർ പണിമുടക്കിനുള്ള ഒരുക്കവും തുടങ്ങിയിട്ടുണ്ട്. അറസ്റ്റുണ്ടായാൽ തിരുവനന്തപുത്തുമാത്രമല്ല സംസ്ഥാനത്തെ ഇതര സർക്കാർ മെഡിക്കൽ കോളേജുകളിലുള്ളവരും സമരത്തിൽ പങ്കുചേരുമെന്നാണ് പി.ജി. വിദ്യാർത്ഥി സംഘടനയുടെ മുന്നറിയിപ്പ്. മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ പണിമുടക്കിയാലുള്ള സ്ഥിതി പരമദയനീയമാകുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. മെഡിക്കൽ കോളേജുകളുടെ സുഗമമായ പ്രവർത്തനം ഇവരെ ആശ്രയിച്ചാണിരിക്കുന്നത്. ഇവർ ജോലിയിൽ നിന്നുവിട്ടുനിൽക്കുകയെന്നുവന്നാൽ കഷ്ടത്തിലാവുക ആയിരക്കണക്കിന് രോഗികളാണ്. അത്തരമൊരു അവസ്ഥയിലേക്ക് കാര്യങ്ങൾ വളരാതിരിക്കാൻ ഡോക്ടർമാരും സർക്കാരും സമചിത്തത കാണിക്കണം.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മുരുകനെ എത്തിക്കുന്നത് നാലോ അഞ്ചോ ആശുപത്രികളിൽ കൊണ്ടുപോയശേഷമാണെന്ന യാഥാർത്ഥ്യം നിലനിൽക്കുകയാണ്. അവയെല്ലാംതന്നെ സ്വകാര്യ ആശുപത്രികളുമാണ്. അപകടത്തിൽപ്പെട്ട് ജീവന് വേണ്ടി പോരാടുന്ന രോഗിയെ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തേണ്ടത് ആശുപത്രികളുടെ പ്രാഥമിക ചുമതലയാണ്. അക്കാര്യത്തിൽ സ്വകാര്യ-സർക്കാർ വിവേചനമൊന്നുമില്ല. എന്നാൽ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരെ മാത്രം പ്രതിസ്ഥാനത്ത് നിറുത്തി ശിക്ഷിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സാമാന്യ നീതിക്കും യുക്തിക്കും ഒറ്റനോട്ടത്തിൽത്തന്നെ നിരക്കുന്നതല്ല ഇൗ സമീപനം. മുരുകന്റെ ദാരുണമരണത്തിന്, അയാൾക്ക് ചികിത്സ നൽകാതെ മടക്കിയ എല്ലാ ആശുപത്രികളും ഒരേതോതിൽ കുറ്റവാളികളാണ്. ആ നിലയ്ക്കുതന്നെയാണ് കേസെടുക്കേണ്ടതും നടപടി കൈക്കൊള്ളേണ്ടതും.
മുരുകന് ചികിത്സ നൽകുന്നതിൽ പിഴവ് സംഭവിച്ചതായി ഉന്നത മെഡിക്കൽ സംഘത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സുസജ്ജമായ അടിയന്തര ചികിത്സാവിഭാഗം ആരംഭിക്കാൻ തീരുമാനമായിട്ടുണ്ട്. രോഗികളെ ഗുരുതരാവസ്ഥയുടെ അടിസ്ഥാനത്തിൽ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റും. ഇതിനായി കാഷ്വാലിറ്റിയിൽ മൂന്ന് അടിയന്തര യൂണിറ്റുകൾ നിലവിൽവരും. വിവിധ വിഭാഗങ്ങളുടെ സേവനം ഏകോപിപ്പിക്കാനും ഏർപ്പാടുണ്ടാകും. പ്രത്യേകം പരിശീലനം നൽകിയ നഴ്സുമാരെയും ഇൗ യൂണിറ്റുകളിൽ നിയമിക്കും. ആവശ്യമായത്ര വെന്റിലേറ്ററുകളും സ്ഥാപിക്കും. വെന്റിലേറ്റർ സൗകര്യമില്ലെന്നു പറഞ്ഞാണ് മുരുകനെ മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ ഇറക്കുക പോലും ചെയ്യാതെ മടക്കി അയച്ചത്.
ഇവിടെ വീണ്ടും ഉയരുന്ന ഒരു ചോദ്യം കാഷ്വാലിറ്റി വിഭാഗത്തിന്റെ നിലവിലെ അവസ്ഥ ഇതുവരെ ഉത്തരവാദപ്പെട്ടവരാരും മനസിലാക്കിയിരുന്നില്ലേ എന്നാണ്. ഒരിക്കലെങ്കിലും അവിടെ എത്തിപ്പെടാൻ നിർഭാഗ്യമുണ്ടായിട്ടുള്ള ആർക്കുംതന്നെ ഹൃദയഭേദകമായ അവിടത്തെ കാഴ്ചകൾ ജീവിതത്തിലൊരിക്കലും മറക്കാനാവില്ല. മുരുകന് ചികിത്സ നിഷേധിച്ചുവെന്ന് പറയുന്ന ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാരാണ് ഇപ്പോൾ ജയിലിലേക്കുള്ള വഴി കാത്തുനിൽക്കുന്നത്. അസംഖ്യം രോഗികളെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യേണ്ടിവരുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി വിഭാഗത്തിന്റെ ദൈന്യാവസ്ഥയല്ലേ യഥാർത്ഥത്തിൽ മുരുകന്റെ കേസിലും പ്രതിപ്പട്ടികയിൽ പ്രഥമ സ്ഥാനത്തുവരേണ്ടത്. അറസ്റ്റും വിചാരണയും ശിക്ഷയുമൊക്കെ ആ നിലയ്ക്ക് രണ്ടുപേരിൽ മാത്രം ഒതുങ്ങേണ്ടതാണോ? ഇവരുടെ തലയ്ക്ക് മുകളിൽ ഉത്തരവാദിത്വവും ചുമതലയുമുള്ള വേറെയും പ്രമുഖന്മാർ കാണണമല്ലോ? അവരിൽ ഒരാൾപോലും ചിത്രത്തിൽ വരാത്തത് എന്തുകൊണ്ടാണ്. ജാതകദോഷം കൊണ്ട് സംഭവദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടുപേർ മാത്രം ഒരു വ്യവസ്ഥിതിയുടെ വലിയ വീഴ്ചയ്ക്ക് ഉത്തരവാദികളാകുന്നതെങ്ങനെയെന്ന ചോദ്യത്തിന് സംസ്ഥാന ആരോഗ്യവകുപ്പാണ് മറുപടി പറയേണ്ടത്. മുരുകന്റെ മരണത്തിനെതിരെ സമൂഹത്തിലുണ്ടായ പ്രതിഷേധക്കൊടുങ്കാറ്റാണ് മെഡിക്കൽ കോളേജിൽ പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ അനിവാര്യത സർക്കാരിനെ ബോദ്ധ്യപ്പെടുത്തിയത്. ആ നിലയ്ക്ക് പൊതുവായ വീഴ്ചകൾ രണ്ട് ജൂനിയർ ഡോക്ടർമാരുടെ തലയിൽ കെട്ടിവച്ച് കൈകഴുകാനുള്ള ശ്രമം അപലപനീയമാണ്.
 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ