ആസിയ ബീവിയുടെഎം.ബി.ബി.എസ്‌ സ്വപ്നം സഫലമാകുമോ ?
September 11, 2017, 11:33 pm
കെ .എസ് .സുജിലാൽ
നെടുമങ്ങാട്‌: ''എന്റെ മകൾക്ക്‌ ഡോക്ടറാകണം സർ . പഠനത്തിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന അവളെ നാട്ടുകാരിൽ നിന്നും കടംവാങ്ങിയ പണം കൊണ്ടാണ്‌ ഇതുവരെ എത്തിച്ചത്‌. ഫീസ്‌ വർദ്ധനയിൽ തകർന്നത്‌ മകളുടെ എം.ബി.ബി.എസ്‌ സ്വപ്നമാണ്‌ ''- ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോൾ ഓട്ടോഡ്രൈവറായ പനവൂർ വെള്ളംകുടി മുബാറക്ക്‌ മൻസിലിൽ ഷറഫുദ്ദീന്റെ കണ്ണുകൾ നിറഞ്ഞൊഴുകി . കേട്ടുനിന്ന ആസിയാബീവിയുടെ മുഖത്ത് നിർവികാരത . പനവൂർ ജങ്‌ഷനിലെ ഓട്ടോ ഡ്രൈവറായ ഷറഫുദ്ദീന്റെ വൃക്കരോഗിയായ ഭാര്യ ഷൈല ബീവിയുടെ ചികിത്സയ്ക്ക്‌ പണം കണ്ടെത്താൻ തന്നെ വിഷമിക്കുമ്പോഴും വളരെ കഷ്ടപ്പെട്ടാണ്‌ മകളെ പഠിപ്പിച്ചത്‌. വീട്ടിലെ ദുരിതത്തിനിടയിലും പഠനത്തിൽ മികവ്‌ പുലർത്തിയ ആസിയ ബീവി നെടുമങ്ങാട്‌ ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടി 95.7 ശതമാനം മാർക്കോടെ പ്ലസ്‌ടു വിജയിച്ചു. മകളുടെ എം.ബി.ബി.എസ്‌ മോഹം നിറവേറ്റാനാണ് എൻട്രൻസ്‌ പരീക്ഷയ്‌ക്കിരുത്തിയത്‌. ഫലം വന്നപ്പോൾ റാങ്ക്‌ ലിസ്‌റ്റിൽ 2267ഉം, ഒ.ബി.സി വിഭാഗത്തിൽ 589ഉം ആയിരുന്നു ആസിയ ബീവിയുടെ റാങ്ക്‌. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ആദ്യം അഡ്‌മിഷനായെങ്കിലും പിന്നീട്‌ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക്‌ മാറുകയായിരുന്നു. പ്രവേശനത്തീയതി അടുത്തതോടെ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ അഞ്ചു ലക്ഷം രൂപ സംഘടിപ്പിച്ച്‌ ഡി.ഡി എടുത്തു .ബാങ്ക്‌ ഗ്യാരന്റിയായി രണ്ട്‌ ലക്ഷം കൂടി വേണമെന്ന്‌ അറിഞ്ഞതോടെ എം.ബി.ബി.എസ്‌ പഠനം പ്രതിസന്ധിയിലായി. മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട്‌ നിവേദനം നൽകി . എന്നാൽ മറുപടിയൊന്നും ലഭിച്ചില്ലെന്ന് പിതാവ് പറയുന്നു . ഇനി മകളുടെ പഠനത്തിന് എന്തുചെയ്യുമെന്നറിയാതെ വിഷമിക്കുന്ന ബാപ്പയുടെ നെഞ്ചുരുക്കം കണ്ട് കണ്ണീരൊഴുക്കുകയാണ് മകൾ ആസിയ . ഫോൺ - 9526351387.
ഫോട്ടോ:
ആസിയ ബീവി പിതാവ്‌ ഷറഫുദീനൊപ്പം

 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ