കനിവുതേടി റോഹിൻഗ്യൻ അഭയാർത്ഥികൾ
September 13, 2017, 12:15 am
പി.എസ്.ശ്രീകുമാർ
മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിൽ നിന്ന് റോഹിൻഗ്യൻ മുസ്ളിംങ്ങൾ കൂട്ടത്തോടെ പലായനം ചെയ്യുന്നത് ലോക രാഷ്ട്രങ്ങൾ ഉത്‌കണ്ഠയോടും, ആശങ്കയോടുമാണ് കാണുന്നത്. ആഗസ്റ്റ് 25ന് ശേഷമുള്ള രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ രണ്ടുലക്ഷത്തി തൊണ്ണൂറായിരത്തോളം റോഹിൻഗ്യകളാണ് ബംഗ്ളാദേശിലേക്ക് പലായനം ചെയ്തിട്ടുള്ളതെന്നാണ് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി കമ്മിഷൻ കണക്കാക്കിയിട്ടുള്ളത്. ഇവർ താമസിച്ചിരുന്ന നൂറുകണക്കിന് വീടുകൾ തീയിട്ടു ചാമ്പലാക്കി. ആയിരത്തോളം പേർ കൊലചെയ്യപ്പെട്ടു. കൊല്ലപ്പെട്ടവരിൽ എട്ടും പൊട്ടും തിരിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ വരെയുണ്ട്. റോഹിൻഗ്യകൾക്കെതിരെ നടക്കുന്നത് വെറും ആക്രമണങ്ങളെല്ലെന്നും കൂട്ട വംശഹത്യയാണെന്നും പറഞ്ഞ് തുർക്കി പ്രസിഡന്റ് റെസിപ് തായിപ് എർഡോഗൻ, നോബൽ ജേതാവ് ആർച്ച് ബിഷപ് ഡെസ്‌മണ്ട് ടുടു തുടങ്ങിയ ഒട്ടേറെ ലോക നേതാക്കൾ അപലപിക്കുകയും, ഈ കൂട്ടക്കൊലയ്ക്കും, വംശഹത്യയ്ക്കും അറുതിവരുത്തണമെന്ന് മ്യാൻമർ ഭരണാധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.

ആരാണ് റോഹിൻഗ്യകൾ

ബുദ്ധിസ്റ്റ് ഭൂരിപക്ഷ രാജ്യമായ മ്യാൻമറിലെ മുസ്ളിം ന്യൂനപക്ഷ വിഭാഗമാണ് റോഹിൻഗ്യകൾ. പന്ത്രണ്ടാം നൂറ്റാണ്ടു മുതൽ മ്യൻമറിൽ താമസിക്കുന്നവരാണിവർ. ബ്രിട്ടീഷ് ഭരണത്തിലായിരുന്ന പഴയ കിഴക്കൻ ബംഗാളിൽ (ഇന്നത്തെ ബംഗ്ളാദേശ്) നിന്നും തൊഴിൽ തേടി എത്തിയവരാണ് റോഹിൻഗ്യകളെന്നും, അവർക്ക് മ്യാൻമർ പൗരത്വം നൽകുവാൻ സാധിക്കുകയുമില്ലെന്നുമുള്ള നിലപാടാണ് മാറി മാറി വന്ന മ്യാൻമർ ഭരണകൂടങ്ങളും, ഭരണ നിയന്ത്രണം കയ്യാളിയുള്ള പട്ടാളവും സ്വീകരിച്ചത്. ബ്രിട്ടനിൽ നിന്ന് 1948ൽ സ്വാതന്ത്ര്യം ലഭിച്ച (ബർമ) മ്യാൻമർ, അതേവർഷം അംഗീകരിച്ച പൗരത്വ നിയമത്തിൽ, റോഹിൻഗ്യകൾക്ക് പൗരത്വം നൽകുന്നതിന് വ്യവസ്ഥ ചെയ്തില്ല. 1962ലെ പട്ടാള അട്ടിമറിക്കുശേഷം, റോഹിൻഗ്യകൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനും, തൊഴിൽ നേടുന്നതിനും ഉപകരിക്കത്തക്ക രീതിയിൽ രജിസ്ട്രേഷന് അനുവാദം നൽകി. അന്നു ലഭിച്ച ഈ ചെറിയ ആശ്വാസം പോലും താത്‌കാലികമായിരുന്നു. 1982ൽ പുതിയ പൗരത്വ നിയമം നടപ്പിലാക്കിയപ്പോൾ റോഹിൻഗ്യകൾക്ക് പൗരത്വം നൽകുന്നത് കർക്കശമാക്കി. 1948ന് മുമ്പ് മ്യാൻമറിൽ താമസിച്ചുവന്നവരുടെ പിൻതലമുറക്കാർക്ക്, അതു തെളിയിക്കുന്ന രേഖകളുടെയും, മറ്റ് നിബന്ധനകളുടെയും അടിസ്ഥാനത്തിൽ പൗരത്വം നൽകി. അങ്ങനെ പൗരത്വം ലഭിച്ചവർക്കു പോലും പൊതുജനാരോഗ്യ - വിദ്യാഭ്യാസ രംഗങ്ങളിലും, നിയമ വിദ്യാഭ്യാസത്തിനും അനുമതി നൽകിയില്ല. ജനപ്രതിനിധികളാകുവാനും അവർക്ക് വിലക്കേർപ്പെടുത്തി. ഈ നിബന്ധനകളുടെ പരിധിക്കു പുറത്തായ ലക്ഷക്കണക്കിന് റോഹിൻഗ്യകൾക്കു നേരെ മ്യാൻമർ ഭരണകൂടം നടപടി സ്വീകരിച്ചപ്പോൾ പതിനായിരക്കണക്കിന് റോഹിൻഗ്യകൾ ബംഗ്ളാദേശിലേക്കും, മലേഷ്യയിലേക്കും തായ്‌ലൻഡ് ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ രാജ്യങ്ങളിലേക്കും അഭയാർത്ഥികളായി പ്രവഹിച്ചു. ബംഗ്ളാദേശിൽ എത്തിയവരിൽ ചിലർ, പിന്നീട് ഇന്ത്യയിലും അഭയാർത്ഥികളായി എത്തി.

റോഹിൻഗ്യകൾ
ആയുധമെടുക്കുന്നു

ദരിദ്രരും നിരക്ഷരരുമായ റോഹിൻഗ്യകളുടെ ജീവിതം ദയനീയമായിരുന്നു. സ്വന്തമെന്നു പറയുവാൻ ഒരു രാജ്യമില്ലാത്ത റോഹിൻഗ്യകളുടെ അവകാശ സംരക്ഷണത്തിനും, സുരക്ഷയ്ക്കുമായി സംഘടിത ഗ്രൂപ്പുകൾ രൂപീകരിച്ചു തുടങ്ങുകയും, അവർ ഭരണകൂടത്തിനെതിരെ പ്രതികരിക്കുവാനും തുടങ്ങി. അരാക്കൻ റോഹിഗ്യൻ (ARAKAN ROHINGYA) സാൽവേഷൻ ആർമി (ആർസ) എന്ന രൂപീകരിച്ച സായുധ സംഘടന, റോഹിൻഗ്യകളെ അടിച്ചമർത്തുന്ന മ്യാൻമർ സുരക്ഷാ സൈന്യത്തിനു നേരെ സായുധ ആക്രമണം നടത്തിയപ്പോൾ, പട്ടാളം റോഹിൻഗ്യകൾക്കെതിരെ ക്രൂരമായ അടിച്ചമർത്തൽ ആരംഭിച്ചു. അങ്ങനെയാണ് 1970നു ശേഷം മാത്രം അഞ്ചുലക്ഷത്തോളം റോഹിൻഗ്യൻ അഭയാർത്ഥികൾ ബംഗ്ളാദേശിലെത്തിയത്.
2017 ആഗസ്റ്റ് 25ന് 'ആർസ' റാഖൈൻ പ്രവിശ്യയിലെ ചില പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുകയും, ഒട്ടേറെ പൊലീസുകാർ കൊല്ലപ്പെടുകയും ചെയ്തു. 'ആർസ' നടത്തിയ ആക്രമണത്തിന് മ്യാൻമർ സൈന്യം ശിക്ഷ നൽകിയത് നിരാലംബരും, ദരിദ്രരുമായ സാധാരണ റോഹിൻഗ്യകൾക്കാണ്. കണ്ണിൽ ചോരയില്ലാത്ത ക്രൂരമായ ആക്രമണമാണ് സാധാരണക്കാരായ റോഹിൻഗ്യകൾക്കു നേരെ സൈന്യം നടത്തിയത്. കുട്ടികളും വൃദ്ധരുമുൾപ്പെടെ ഒട്ടേറെപ്പേരെ അവർ വെടിവച്ചുകൊന്നു. നൂറുകണക്കിനു സ്ത്രീകളെ കൂട്ടബലാത്സംഗങ്ങൾക്കിരയാക്കി. റോഹിൻഗ്യരുടെ വീടുകൾ മാത്രമല്ല, ഗ്രാമങ്ങൾ പോലും സൈന്യവും ബുദ്ധമതാനുയായികളും ചേർന്ന് അഗ്നിക്കിരയാക്കി. കിടപ്പാടം പോലും നഷ്ടപ്പെട്ട, ഉടുതുണിയ്ക്കു മറുതുണിയില്ലാത്ത പട്ടിണിപ്പാവങ്ങളായ പതിനായിരക്കണക്കിനു റോഹിൻഗ്യകളാണ് സർവവും ത്യജിച്ച് ബംഗ്ളാദേശിലേക്ക് അഭയാർത്ഥികളായി എത്തിക്കൊണ്ടിരിക്കുന്നത്.

ആങ് സാൻ സ്യൂചി നിസ്സഹായയോ?

2015-ൽ മ്യാൻമർ പാർലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ആങ് സാൻ സ്യൂചിയുടെ പാർട്ടിയായ നാഷണൽ ലീഗ് ഫോർ ഡെമോക്രസി ഭൂരിപക്ഷം നേടി അധികാരത്തിലേറിയപ്പോൾ, ജനാധിപത്യത്തിന്റെ വിജയമായി ലോകരാജ്യങ്ങൾ വാഴ്‌ത്തി. സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവായ ആങ് സാൻ സ്യൂചി, രാജ്യത്തിന്റെയോ ഭരണത്തിന്റെയോ തലപ്പത്തു വരാതിരിക്കുവാനായി ഭരണഘടന തന്നെ പൊളിച്ചെഴുതിയിരുന്നു. ആഭ്യന്തരം, അതിർത്തി, പ്രതിരോധം എന്നീ വകുപ്പുകൾ പട്ടാളത്തിന്റെ പ്രതിനിധിക്കു മാത്രമേ ഭരിക്കുവാൻ സാധിക്കുകയുള്ളൂ. വിദേശകാര്യം ഉൾപ്പെടെയുള്ള സ്റ്റേറ്റ് കൗൺസലർ എന്ന സ്ഥാനമാണ് ആങ് സാൻ സ്യൂചിയ്ക്ക് ഇപ്പോഴുള്ളത്. റോഹിൻഗ്യൻ പ്രശ്നത്തിൽ പട്ടാളത്തിന്റെ നിലപാടു തന്നെയാണ് സ്യൂചിയും ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. മനുഷ്യാവകാശങ്ങൾക്കു വേണ്ടി പ്രക്ഷോഭം നടത്തിയ സ്യൂചിയുടെ ഈ നിലപാട് മനുഷ്യാവകാശ പ്രവർത്തകരിൽ നിരാശയും ആശങ്കയുമുളവാക്കിയിരിക്കുകയാണ്. ഒരുപക്ഷേ, പട്ടാളം വീണ്ടും ഭരണം പിടിച്ചെടുക്കുമോയെന്ന് സൂചി ഭയക്കുന്നുണ്ടാവാം
മ്യാൻമർ ഭരണകൂടത്തോട് ലോക സമൂഹവും, മനുഷ്യാവകാശ പ്രവർത്തകരും ആവശ്യപ്പെടുന്നത് റോഹിൻഗ്യകൾക്കു നേരെയുള്ള സുരക്ഷാസൈനികരുടെ അക്രമവും, ക്രൂരതയും അവസാനിപ്പിച്ച്, തലമുറകളായി ആ മണ്ണിൽ ജനിച്ച്, അവിടെ ജീവിതം പുലർത്തുന്ന റോഹിൻഗ്യകൾക്ക് സമാധാനത്തോടെ കുടുംബജീവിതം നയിക്കാനുള്ള സാഹചര്യമൊരുക്കണമെന്നതാണ്. ഇതിനു തയ്യാറായില്ലെങ്കിൽ, ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ മ്യാൻമറിനെതിരെ ശക്തമായ ഉപരോധ നടപടികൾ കൈക്കൊണ്ട് ആ രാജ്യത്തെ വരുതിയിലാക്കണം.


റോഹിൻഗ്യകളോടുള്ള
ഇന്ത്യൻ നിലപാട്

ബംഗ്ളാദേശ് വഴി എത്തിയ നാല്പതിനായിരത്തോളം രോഹിൻഗ്യകൾ ഇന്ത്യയിൽ ഉണ്ട്. അനധികൃതമായാണ് ഇവർ ഇന്ത്യയിൽ എത്തി താമസിക്കുന്നതെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഈ നിലപാടാണ് സുപ്രീംകോടതിയിലും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. അനധികൃതമായി ഇന്ത്യയിൽ അഭയാർത്ഥികളായി എത്തിയ റോഹിൻഗ്യകളെ മടക്കി അയയ്ക്കണം എന്ന കേന്ദ്ര സർക്കാരിന്റെ അഭിപ്രായവും സുപ്രീംകോടതിയിൽ അറിയിച്ചിട്ടുണ്ട്. അഭയാർത്ഥികളായി ഇന്ത്യയിൽ എത്തിയിട്ടുള്ള റോഹിൻഗ്യകളോട് മനുഷ്യത്വപരമായ നിലപാടാണ് സർക്കാർ സ്വീകരിക്കേണ്ടത്. തിരിച്ചയയ്ക്കപ്പെട്ടാൽ, സുരക്ഷിതത്വത്തോടെ അവർക്ക് മ്യാൻമറിയിൽ ജീവിക്കുവാൻ സാധിക്കുകയില്ല. ബംഗ്ളാദേശിന്റെ സ്വാതന്ത്ര്യ സമരകാലത്ത് ഇന്ത്യയിലെത്തിയ ലക്ഷണക്കണക്കിന് അഭയാർത്ഥികളോട് തികച്ചും മനുഷ്യത്വപരമായ സമീപനമാണ് അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സർക്കാർ കൈക്കൊണ്ടത്. അതേ സമീപനം തന്നെ റോഹിൻഗ്യൻ അഭയാർത്ഥികളോടും സ്വീകരിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. അതാണ് ഭാരത സംസ്കാരം.


 
 PRINT THIS PAGE
യു ട്യൂബിൽ അപ്‌ലോഡ്‌ ചെയ്യുന്ന വീഡിയോസ് നിങ്ങളുടെ മെയിലിൽ ലഭിക്കുവാൻ കൗമുദി ടിവി ഒഫിഷ്യൽ യു ട്യുബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
കൂടുതൽ വാർത്തകൾ